നിരീക്ഷണത്തിലിരിക്കെ യുഎഇ മലയാളി മലപ്പുറത്ത് ഓഫീസ് തുറന്നു, ആംബുലന്‍സുമായി പാഞ്ഞെത്തി പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് കൂടുതലായും കേരളത്തില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശത്ത് നിന്നെത്തുന്നവര്‍ കൃത്യമായി അറിയിക്കണമെന്നും ഹോം ക്വാറന്‍റൈന്‍ അടക്കമുള്ള നിരീക്ഷണങ്ങള്‍ പാലിക്കണമെന്നും ആദ്യ ഘട്ടം മുതല്‍ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പലരും ഇതിന് തയ്യാറായില്ല. കേരളത്തില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്നതില്‍ പ്രധാന കാരണമായി ഇത് മാറുകയും ചെയ്തു.

അതുകൊണ്ടുതന്നെ വിദേശത്ത് നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷണത്തിലാക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നിരീക്ഷണവലയം മറികടന്ന് പൊതു ഇടത്തില്‍ സഞ്ചരിച്ചാല്‍ ജയിലിടയ്ക്കുമെന്ന് പോലും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നിട്ടും ചിലര്‍ നിര്‍ദ്ദേശങ്ങള്‍ ലഘിക്കുന്നുണ്ട്.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ യു എ ഇയില്‍ നിന്നെത്തിയ അക്കൗണ്ടന്‍റ് സ്വന്തം ഓഫീസ് പോലും തുറന്ന് പ്രവര്‍ത്തിപ്പിച്ചു എന്നതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. ഇയാളെ ആംബുലന്‍സുമായെത്തി പൊലീസ് അറസ്റ്റ് ചെയ്ത് ഐസലോഷനിലാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക മാധ്യമമായ വള്ളുവനാട് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സംഭവം ഇങ്ങനെ

യു എ ഇയില്‍ നിന്ന് ഈ മാസം 12 ാം തിയതി മലപ്പുറത്തെത്തിയ അക്കൗണ്ടന്‍റ് പെരിന്തല്‍മണ്ണയിലുള്ള ഓഫീസാണ് തുറന്ന് പ്രവര്‍ത്തിപ്പിച്ചത്. ടാക്സേഷന്‍ സെന്‍റര്‍ എന്ന പേരിലെ സ്ഥാപനം പെരിന്തല്‍മണ്ണയിലാണ് പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്ത പഞ്ചായത്തിലാണ് ഇയാള്‍ താമസിക്കുന്നത്. വിദേശത്ത് നിന്ന് വന്നതിനാല്‍ ഹോം ക്വറന്‍റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതായി പൊലീസിന് പരാതി ലഭിച്ചു. ഇതേ തുടര്‍ന്ന് പൊലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. വിദേശത്ത് നിന്നെത്തിയ ഇയാള്‍ ഹോം ക്വറന്‍റൈന്‍ ലംഘിച്ചെന്ന് കണ്ടെത്തിയതോടെ ആംബുലന്‍സ് എത്തിച്ച്‌ അറസ്റ്റ് ചെയ്ത് ഐസൊലേഷനിലാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പകര്‍ച്ച വ്യാധി പടര്‍ത്തുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓഫീസും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്. അതേസമയം നിരവധി പേര്‍ ഇയാളെ കാണാനായി ഓഫീസിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെ ഐസൊലേഷനിലാക്കി.

Next Post

സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്

Wed Mar 25 , 2020
തിരുവനന്തപുരം: ഒന്നു മുതല്‍ എട്ട് വരെയുളള ക്ളാസിലെ വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കി കേന്ദ്രീയ വിദ്യാലയം ഉത്തരവിറക്കി. ഈ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വര്‍ഷാന്ത്യ പരീക്ഷ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇടയ്ക്ക് വച്ച്‌ നിറുത്തിയിരുന്നു. ഒന്നും രണ്ടും ക്ലാസുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് മാസംതോറും നടത്തുന്ന പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് കയറ്റം നല്‍കും. 2019-2020 അദ്ധ്യയനവര്‍ഷത്തിലെ പരീക്ഷകളാണ് ഇതിനായി പരിഗണിക്കുന്നത്. മൂന്നു മുതല്‍ എട്ടാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികളെ […]

Breaking News