വിവാഹച്ചടങ്ങില്‍ വന്‍ കൊവിഡ് സംക്രമണം; വരന്‍ മരിച്ചു, കല്യാണം കൂടിയ 95 ബന്ധുക്കള്‍ക്ക് രോഗബാധ

പട്‌ന : ബിഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെയുള്ള പാലിഗഞ്ച് ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിലുണ്ടായ സാമൂഹിക കൊവിഡ് സംക്രമണത്തില്‍ ഒറ്റയടിക്ക് രോഗം പകര്‍ന്നുകിട്ടിയത് 90 പേര്‍ക്കാണ്. വളരെ ഗുരുതരമായ വീഴ്ചകളാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ ഈ കുടുംബത്തിന്റെയും പ്രാദേശിക ആരോഗ്യവിഭാഗത്തിന്റെയും ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

മെയ് 12 നാണ് ഈ യുവാവ് വിവാഹത്തിനായി ഗ്രാമത്തിലേക്ക് എത്തിയത്. വീട്ടില്‍ വന്നുകയറിയപ്പോള്‍ തന്നെ യുവാവിന് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും, അതിനെ സാധാരണ പനിയും ജലദോഷവും എന്ന് തള്ളിക്കളഞ്ഞ ഉറ്റബന്ധുക്കള്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹച്ചടങ്ങുകളുമായി മുന്നോട്ടുപോവുകയായിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ യുവാവ് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ച്‌ മരിച്ചുപോയി. ആരോഗ്യവകുപ്പിനെ അറിയിക്കാതെ തന്നെ വരന്റെ ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയതിനാല്‍ അയാളുടെ കൊവിഡ് ടെസ്റ്റ് നടത്താന്‍ സാധിച്ചില്ല. വധുവിന്റെ കൊവിഡ് പരിശോധനാഫലം പക്ഷേ നെഗറ്റീവ് ആയിട്ടുണ്ട്.

താമസിയാതെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു പോയ പലര്‍ക്കും കടുത്ത കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായി അവര്‍ ടെസ്റ്റുകള്‍ക്ക് വിധേയരായതോടെയാണ്, ഈ സംക്രമണത്തിന്റെ പ്രഭവകേന്ദ്രം ഈ കല്യാണവീടാണ് എന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്. വിവാഹച്ചടങ്ങില്‍ ഗുരുതരമായ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിരുന്നിട്ടും ആരോഗ്യവകുപ്പ് ഇടപെടുകയോ ചടങ്ങു തടയുകയോ ഒന്നുമുണ്ടായില്ല. വിവാഹച്ചടങ്ങുകളില്‍ 50 പേരിലധികം പങ്കെടുക്കാന്‍ പാടില്ല എന്ന നിയന്ത്രണം രാജ്യവ്യാപകമായി നിലനില്‍ക്കെയാണ് നൂറോളം പേര്‍ക്ക് ഈ ചടങ്ങില്‍ നിന്ന് കൊവിഡ് പകര്‍ന്നു കിട്ടിയതായി സ്ഥിരീകരിക്കപ്പെട്ടത് എന്നോര്‍ക്കണം. ഇപ്പോള്‍, കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ബന്ധുക്കളുടെ കോണ്‍ടാക്റ്റ് ട്രേസിങ്, ഐസൊലേഷന്‍, ക്വാറന്റീന്‍ നടപടികളുമായി മുന്നോട്ടുപോവുകയാണ് ജില്ലാ ഭരണകൂടം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാസ്‌ക് ധരിക്കാന്‍ ഓര്‍മിപ്പിച്ച ഭിന്നശേഷിക്കാരിയായ കീഴ്ജീവനക്കാരിക്ക് ക്രൂരമര്‍ദനം

Tue Jun 30 , 2020
ഹൈദരാബാദ് | മാസ്‌ക് ധരിക്കാന്‍ ഓര്‍മിപ്പിച്ച ഭിന്നശേഷിക്കാരിയായ കീഴ്ജീവനക്കാരിയെ ആന്ധ്രാ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദിച്ചു. നെല്ലൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഭാസ്‌കര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയം മറ്റ് ജീവനക്കാരും ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നു. ആന്ധ്രപ്രദേശ് ടൂറിസം വകുപ്പിന് കീഴിലുള്ള നെല്ലൂരിലെ ഹോട്ടലിന്റെ ഡെപ്യൂട്ടി മാനേജരാണ് ഭാസ്‌കര്‍. മാസ്‌ക് ധരിക്കാന്‍ വനിതാ ഉദ്യോഗസ്ഥ […]

You May Like

Breaking News