പകര്‍ച്ചവ്യാധി പ്രതിരോധം കര്‍ക്കശമാക്കും; സംസ്ഥാനത്ത് പുതിയ നിയമം വരുന്നു

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരിക. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. ഇതനുസരിച്ച്‌ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് അടച്ചിടാം. പൊതു-സ്വകാര്യ ട്രാന്‍സ്പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം.

സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.

സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാനും നിയമം വഴി സാധിക്കും. ഫാക്ടറികള്‍, കടകള്‍, വര്‍ക്ഷോപ്പുകള്‍, ഗോഡൗണുകള്‍ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സര്‍വിസുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാം.

നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പൊലീസിന് നേരിട്ട് കേസെടുക്കാനും അധികാരം നല്‍കുന്നതാണ് പുതിയ നിയമം.

Next Post

ജാമ്യം കിട്ടാന്‍ ചുമ അഭിനയിച്ചു, വധശ്രമക്കേസ് പ്രതിക്ക് എട്ടിന്റെ പണി

Wed Mar 25 , 2020
കൊല്ലം: ജാമ്യം കിട്ടാന്‍ ഡോക്ടര്‍ക്ക് മുന്നില്‍ ചുമ അഭിനയിച്ച വധശ്രമക്കേസ് പ്രതിക്ക് ഡോക്ടറുടെ വക എട്ടിന്റെ പണി. ചുമ കൊറോണയുടെ ലക്ഷണമാകാമെന്ന് വിധിയെഴുതിയതോടെ, പ്രതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജാശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. ഒരാഴ്ച മുന്‍പ് കൊല്ലം ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ബാര്‍ബര്‍ ഷോപ്പിലുണ്ടായ അടപിടിയുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്കാണ് പണി കിട്ടിയത്. മുടിവെട്ടാനെത്തിയ യുവാവ് കടയിലുണ്ടായിരുന്ന മറ്റൊരു യുവാവുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത […]

Breaking News