“മോളെ, ഇത് നിന്‍റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ്.”

https://rb.gy/i5gwq2

ജൂൺ എന്ന സിനിമയിൽ സ്കൂട്ടർ ഓടിച്ചു പോകുന്ന സീനിൽ പപ്പ ജൂണിനോട് പറയുന്ന ഡയലോഗ് ആണെങ്കിലും ഒന്നുകിൽ വീട്ടുകാർ പറഞ്ഞോ അല്ലെങ്കിൽ നാട്ടുകാർ പറഞ്ഞോ നമ്മൾ എല്ലാവരും ജീവിതത്തിൽ കേട്ടിട്ടുള്ള ഒരു വിശ്വ വിഖ്യാതമായ ഉപദേശം ആണിത്. അങ്ങനെ ഇ ആഴ്ച COVID കാലത്തെ പ്രത്യേക രീതിയിൽ എഴുതി തീർത്ത പത്താം ക്ലാസ്സിന്റെ ഫലം പുറത്തു വന്നു. ഇനി ഒരെണ്ണം അടുത്ത ആഴ്ച വരും, പ്ലസ് ടു പരീക്ഷാ ഫലം!  ബാംഗ്ലൂർ ഡേയ്സ് ൽ ഡി ക്യു പറഞ്ഞ പോലെയാണ് ഇപ്പോ കുട്യോൾടെ അവസ്ഥ, വീട്ടുകാരുടെയും, നാട്ടുകാരുടെയും പ്രതീക്ഷകളുടെ പ്രഷർ കുക്കറിന്റെ അകത്താണ് അവരിപ്പോ ജീവിക്കുന്നത്. ഒരു വിസിൽ വന്നു, ഇനി ഒന്നൂടി വരാനുണ്ട് അത്ര മാത്രം.  ഏതാണ്ട് ആറാം നൂറ്റാണ്ടു തൊട്ടു ചൈനയിൽ അവരുടെ വലിയ സൈന്യത്തിൽ അല്ലെങ്കിൽ പൊതു സേവന തസ്തികകളിൽ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കാനായിരുന്നു  പരീക്ഷ ഉപയോഗിച്ചിരുന്നത്.

അങ്ങനെ ഉത്ഭവിച്ച ആ സമ്പ്രദായം കാലക്രമേണ ലോകത്തെ മറ്റു ഭാഗങ്ങളിലേക്കും സ്വീകരിക്കപ്പെട്ടു. കിൻഡർഗാർട്ടൻ ഒഴിച്ച് നിർത്തിയാൽ നമ്മളും ഇപ്പോ നമ്മുടെ കുഞ്ഞുങ്ങളും ഒന്നാം ക്ലാസ് തൊട്ടു നാലാം ക്ലാസ് വരെ, ഉദാഹരണത്തിന് നാല് വിഷയങ്ങളാണ് കാര്യമായിട്ട് ഉള്ളതെന്നും കരുതുക, അപ്പൊ തന്നെ കാൽകൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, പിന്നെ കൊല്ല പരീക്ഷ എന്നീ ഇനങ്ങളിൽ 12 പരീക്ഷകൾ എഴുതുന്നുണ്ട് 1 വർഷം. അത് അവർ എൽ പി വിഭാഗം കഴിയുമ്പോഴേക്കും അമ്പതോ അതിനടുത്തോ  പരീക്ഷകൾ ആകും. ഇത് തന്നെ യു പി ആയാൽ  നൂറോടടുക്കും  ആകും, അപ്പൊ പിന്നെ ശരാശരി 10 വിഷയങ്ങളുള്ള ഹൈ സ്കൂളിന്റെ കാര്യം ഊഹിക്കാമല്ലോ? ഇത്രേം പരീക്ഷകൾ എഴുതിയ കുട്ടികൾക്കു അപ്പൊ അതിനെ  പറ്റി ഒരു  ധാരണ ചെറുതായിട്ടെങ്കിലും ഉണ്ടാവില്ലേ? ഇതൊക്കെ ഉണ്ടെങ്കിലും നമുക്കു അവരുടെ ഭാവിയെ കുറിച്ചോർത്താൽ വെപ്രാളമാണ്. ആ വെപ്രാളവും ആവലാതിയും ആണ് ഉപദേശ രൂപത്തിൽ പുറത്തു വരാറ്. കുറ്റം പറയാൻ ആവില്ല.

ഇനി, ഞങ്ങളുടെ ഒരു പുഷ് ഇല്ലാതെ കുട്ടികൾ പഠിക്കാതെ ഇരിക്കേണ്ട എന്ന് കരുതി ടീച്ചർമാരും ഉണ്ടാവും രംഗത്ത്. ശ്ശൊ ഇങ്ങനെ ഒരു ഒഴപ്പൻ ബാച്ചിനെ എന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല എന്ന് പറയുന്ന മിനിമം ഒരു ടീച്ചറെങ്കിലും നമുക്കു ഉണ്ടായിട്ടുണ്ടാവും!  ആദ്യം കൃത്യമായിട്ട് പരീക്ഷ എഴുതിയാലല്ലേ റിസൾട്ടിനെ പേടിക്കേണ്ടതുള്ളൂ? എന്നാൽ സ്റ്റഡി ലീവിനും ഗ്രൂപ്പ് സ്റ്റഡിക്കും  ട്യൂഷൻ മാഷിനും ഒന്നും മനസിലാക്കി തരാൻ പറ്റാതിരുന്ന സംഭവം പരീക്ഷയുടെ തലേ ദിവസം വായിക്കുമ്പോ നല്ല പുഷ്പം പോലെ മനസിലാവും! ശ്ശെടാ, ഇതെന്തു മറിമായം ന്നു തോന്നീട്ടുള്ള അങ്ങനെത്തെ എത്ര പരീക്ഷകൾ! എന്തിരൻ സിനിമയിലെ രജനി കാന്തിനെ പോലെ സർവത്ര വായിച്ചും, പഠിച്ചത് മറക്കാതിരിക്കാൻ അമ്മ കൊണ്ട് തന്ന പഞ്ചാര കലങ്ങാത്ത പാലും കുടിച്ച അപ്പുക്കുട്ടനെ പോലെയും കുട്ടി ഉഗ്രനായി തയ്യാറെടുക്കും. പിറ്റേ ദിവസം സ്കൂൾ പോയി സർവ ഈശ്വരന്മാരെയും കൂട്ട് പിടിച്ചു പരീക്ഷയും എഴുതും.  ഒടുക്കം റിസൾട്ട് വരുമ്പോ പപ്പൻ പാസ്സായെടാ എന്ന് പറഞ്ഞു ലഡ്ഡു വിതരണവും. ഈ സ്റ്റേജ് ഒക്കെ ആയി കഴിഞ്ഞാ പിന്നെ ലോകത്തെ ജയിച്ച ഒരു വിശ്വാസവും മൊത്തം ജീവിതത്തിലേക്ക് വേണ്ട പ്ലാനിങ്ങും അങ്ങോട്ട് ചെയ്തു വക്കും. ലൈഫ് ഹാപ്പി! 

ഇതൊക്കെ കേട്ടാല്‍ പത്താം ക്ലാസ് പരീക്ഷക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിയ്ക്കാൻ തോന്നും. ഇല്ല കൊമ്പൊന്നും ഇല്ല, പക്ഷെ ചില കാര്യങ്ങൾ അതിനെ ജീവിതത്തിലെ ഒരു പ്രത്യേക സംഭവമാക്കി മാറ്റുന്നു എന്ന് മാത്രം. ഒരു കുട്ടി പത്താം ക്ലാസ് പാസ് അയാൽ അവൻ/അവൾ അടിസ്ഥാന പരമായ വിദ്യാഭ്യാസം നേടി എന്നതിന് ഒരു തെളിവാകുന്നു. അത്യാവശ്യം ഒരു ജോലിക്കു അപേക്ഷിക്കാനുള്ള യോഗ്യതയും നേടുന്നു. ആ സർട്ടിഫിക്കറ്റ് എല്ലാ കാലത്തും നമ്മുടെ ജനന തീയതി, ജാതി അതൊക്കെ തെളിയിക്കുന്നു. എല്ലാറ്റിനും പുറമെ വീണ്ടും പഠിക്കാൻ, നമ്മുടെ സ്വപനങ്ങളെ സഫലീകരിക്കാൻ ഒരു പടി മുന്നോട്ടു പോകാൻ നമ്മളെ സഹായിക്കുന്നു. ഇതാണ് ആകത്തുക, പിന്നെ എന്തിനും ഏതിനും മത്സരം മാത്രമുള്ള ഈ കാലത്തു, ഏതു പരീക്ഷയിലായാലും നല്ല മാർക്ക് വാങ്ങിയാൽ അത്രയും കഷ്ടപ്പാട് കുറഞ്ഞു കിട്ടുമെന്ന് മാത്രം. 

ആരോട് ചോദിച്ചാലും അവരൊക്കെ പറയുന്ന ഒരു കാര്യമുണ്ട് ജീവിതത്തിൽ കുറെ കാലം കഴിഞ്ഞാലും നമ്മൾ ഓർക്കാൻ ശ്രമിക്കുക നമ്മുടെ സ്കൂൾ ദിനങ്ങളാണ് എന്ന്. മാർക്കിന്റെ കണക്കോ, പരീക്ഷകളോ അല്ല, നമ്മളെ പഠിപ്പിച്ച ഗുരുക്കന്മാര്, ക്ലാസ് കട്ട് അടിച്ചത്, ഹോം വർക്ക് ചെയ്യാത്തത്, തല്ലു കൊണ്ടത്, തല്ലു ഇണ്ടാക്കിയത്, ചൂരൽ വടി, സ്കൂൾ കലോത്സവങ്ങള്, ക്ലാസ്സിന്റെ ബെഞ്ചിൽ കോറി വച്ച പേരുകൾ, കൂടെ ഉണ്ടായിരുന്ന നല്ല സുഹൃത് ബന്ധങ്ങള്, ഇതൊക്കെയാണ്. ഇതൊന്നും പോരാതെ വര്ഷങ്ങള്ക്കു മുന്നേ ഓട്ടോഗ്രാഫ് പുസ്തകത്തിൽ എഴുതി തന്ന ‘റോസസ് ആർ റെഡ്, വയലെറ്റ്സ് ആർ ബ്ലൂ,’ അല്ലെങ്കിൽ ഓർക്കുക വല്ലപ്പോഴും എന്ന കുഞ്ഞു വരികളും. പ്രത്യക്ഷത്തിൽ അറിയില്ലെങ്കിലും പരീക്ഷകൾ നമ്മളെ ഓർമിപ്പിക്കുന്നതു ജീവിതത്തിൽ നമ്മൾ എപ്പോഴും പരീക്ഷിക്കപെടുന്നുണ്ട് എന്നാണ്. ഒരു കാര്യത്തിന് അല്ലെങ്കിൽ മറ്റൊന്നിനു വേണ്ടി, അങ്ങനെ നോക്കിയാൽ ജയവും തോൽവിയും പരീക്ഷയിലല്ല, ജീവിതത്തിലാണ്, അപ്പൊ ജീവിതത്തിൽ ജയിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്ന് ചുരുക്കം. ഓരോ വഴിത്തിരിവുകൾ ഇങ്ങനെ മാറി മാറി വന്നു ഇതിനു എല്ലാറ്റിനുമുപരി ജീവിതത്തിൽ നമ്മൾ എന്താവണം എന്ന് കാലത്തിനു മാത്രമേ  തെളിയിക്കാൻ കഴിയൂ. ചിലപ്പോ ഒരുപക്ഷെ അതിനു കാരണം ഉസ്താദ് ഹോട്ടലിൽ തിലകൻ പറയുന്ന പോലെ “കിസ്മത്തു് എന്ന് ഒന്ന് ഉണ്ട് മോനെ!” എന്നതുമാവാം.  

റോഷ്‌നി അജീഷ്

https://rb.gy/t6srkn

Next Post

'കോവിഡ്‌-19 ഉം ഹൃദയാരോഗ്യവും': EXL(UK)-NIARC വെബിനാര്‍ ജൂലൈ 5ന് വൈകീട്ട് 5 മണിക്ക് ; നിങ്ങള്‍ക്കും പങ്കെടുക്കാം

Sun Jul 5 , 2020
വർത്തമാനകാല സാഹചര്യത്തിൽ ഏറെ ഉപകാരപ്രദമായ ഒരു ZOOM വെബിനാര്‍ EXL UK &Niarc (Nest international academy and research center)- നെസ്റ്റ് കൊയിലാണ്ടിയും ചേര്‍ന്ന് ഒരുക്കുന്നു. ‘കോവിഡ്‌ 19ഉം ഹൃദയാരോഗ്യവും’ എന്ന വെബിനാര്‍ ജൂലൈ 5ന് ഞായറാഴ്ച യുകെ സമയം വൈകീട്ട് 5 മണിക്ക് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 09:30ന് ആണ്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ പ്രമുഖ ഡോകടർമാർ പകെടുക്കുന്ന zoom പ്രോഗ്രാമിലേക്കു ഏവർക്കും സ്വാഗതം.https://us02web.zoom.us/j/81197222346?pwd=YklNM0IxZCtYWHFIUFJGQnZWSDRkZz09

You May Like

Breaking News