ഒരു ഭീകര ‘നൊസ്റ്റു’ !

https://rb.gy/i5gwq2

യാത്ര. ആ വാക്ക് കേൾക്കുമ്പോൾ തന്നെ ഒരു സുഖമാണ് എങ്കിലും ഇപ്പോ മനസ്സിൽ നൊസ്റ്റു അഥവാ നൊസ്റ്റാൾജിയ അടിച്ചു തുടങ്ങും. ജീവിതത്തിൽ യാത്രകൾ പോകാത്ത ആളുകൾ ചുരുക്കമായിരിക്കും. അതിപ്പോ ഹിമാലയത്തിലെ മഞ്ഞു മൂടിയ മലനിരകൾ കാണാൻ ആണെങ്കിലും, അറബി കടലിലെ തിരകൾ കാണാൻ ആണെങ്കിലും ശരി. യാത്രകൾ അങ്ങനെയാണ്.  ഈ മഹാമാരിയുടെ നാളുകളിൽ, യാത്രകൾ പോയിട്ടുള്ളവരും, അതിന്റെ സുഖം അനുഭവിച്ചവരും  ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതും അതായിരിക്കും. 

യാത്രയെ ചുറ്റി പറ്റിയുള്ള നൊസ്റ്റുവിന്റെ കെട്ടഴിക്കുകയാണെങ്കിൽ, ആദ്യം തന്നെ  പല തരത്തിലുള്ള യാത്രകളുണ്ട് എന്ന് പറയണം. തന്നനം താനന്നം പാടി സ്കൂൾ ബസിൽ പോകുന്ന സ്കൂൾ ട്രിപ്പ്, പിന്നെ കാറ്റാടി തണലും തേടി പോകുന്ന കോളേജ് ടൂറുകൾ. ഒരു ആയുഷ്കാലത്തേക്കുള്ള ഓർമ്മകൾ സമ്മാനിക്കുന്ന യാത്രകളാണവ രണ്ടും. പിന്നെ വരുന്ന യാത്രകളിൽ ചിലപ്പോൾ നമ്മൾ ഒറ്റക്കും അല്ലെങ്കിൽ നമ്മുടെ നിഴലായി മാറിയ ഒരാളുടെ കൂടെയുമാകാം. ഇതൊന്നും അല്ലെങ്കിൽ കുടുംബമായി പോകുന്ന യാത്രകളുമുണ്ട്. അങ്ങനെ  നോക്കിയാൽ ബന്ധങ്ങളെ ആഴത്തിൽ ഉറപ്പിക്കാനും ചിലപ്പോൾ മുറിവേൽപ്പിക്കാനും പാകത്തിൽ പലതരം യാത്രകൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. 

ഇനി വേറൊരു തലത്തിലുള്ള യാത്രകളുണ്ട്. ഒന്ന്,  മാസങ്ങളോളം പ്ലാൻ ചെയ്തു പോകുന്നത്, എന്നാൽ മറ്റു ചിലപ്പോൾ ഒട്ടും സമയം കളയാതെ പെട്ടന്ന് തീരുമാനിച്ചു ഇറങ്ങി തിരിക്കുന്നതുമായ ചില യാത്രകൾ. പ്രവാസികൾ പ്രത്യേകിച്ച് ഈ രണ്ടു തരം യാത്രകളും ചെയ്തിട്ടുണ്ടാവും. ആശിച്ചു മോഹിച്ചു കിട്ടുന്ന എണ്ണി ചുട്ടപ്പം പോലെയുള്ള  ദിവസങ്ങൾ ഇഷ്ടമുള്ളവരോട് കൂടെ ചിലവഴിക്കാൻ വേണ്ടി മാത്രം നടത്തുന്ന പോക്ക് വരവുകൾ. നമ്മുടെ രീതികളിലും സാഹചര്യങ്ങളിലും വന്ന മാറ്റങ്ങളും പിന്നെ ഇന്നത്തെ സോഷ്യൽ മീഡിയയുടെ സ്വാധീനം കൂടി ആയപ്പോൾ ജീവിതത്തിൽ യാത്രകൾക്ക് ഒരു വലിയ സ്ഥാനമുണ്ടായിട്ടുണ്ട്. നമ്മുടെ അച്ഛനമ്മമാരുടെ തലമുറയ്ക്ക് യാത്രകളോട് ഇഷ്ടമില്ലാതെയല്ല പക്ഷെ മിക്കവാറും അവരതു മാറ്റി വച്ചിട്ടുള്ളതായി കേൾക്കാറുണ്ട്. പലപ്പോഴും, റിട്ടയർ ചെയ്‍തിട്ട് വേണം അവിടെ പോകാൻ, ഇവിടെ പോകാൻ, അല്ലെങ്കിൽ സമയമാവട്ടെ അപ്പൊ പോകാം എന്നൊക്കെ  അവർ പറഞ്ഞു കേൾക്കാറുണ്ട്. അവർ യാത്രകളേ ചെയ്‌തിട്ടില്ല എന്നല്ല, പക്ഷെ ഇന്നത്തെ വച്ച് നോക്കുമ്പോൾ കുറവാണ്, എന്ന് മാത്രം. 

കോട മഞ്ഞിന്റെ തണുപ്പും, മണലാരണ്യത്തിന്റെ ചൂടും, മരങ്ങൾ  തിങ്ങി നിറഞ്ഞ കാട്ടിലൂടെ  നടക്കുമ്പോൾ കേൾക്കുന്ന അരുവിയും, മലമുകളിൽ കൈ എത്തും ദൂരത്തുള്ള മേഘങ്ങളും, നിറങ്ങളുടെ ഉത്സവമാകുന്ന അസ്തമനവും, കടലലകളുടെ ഇടയിൽ നിന്ന് ഒരു പുതിയ തുടക്കം വാഗ്ദാനം ചെയുന്ന ഉദയ സൂര്യനും ഒക്കെ  ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ അനുഭവിച്ചറിയണം. കാരണം വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് പോലെ “ഈ ലോകം ഒരു പുസ്തകമാണ്. യാത്രകൾ ചെയ്യാത്തവർ അതിന്റെ ഒരു പുറം മാത്രമാണ് വായിക്കുന്നത്.” നമുക്ക് ഒരു ജീവിതമേയുള്ളു, അതിനു ഒരു നീർകുമിളയുടെ ആയുസ്സും. പോകണം എന്ന് വിചാരിച്ചിടത്തൊക്കെ പോകണം, ഒരുപാട് കാലത്തേക്ക് നീട്ടി വയ്ക്കാതെ തന്നെ. അതിനു തുടക്കം ദൂര രാജ്യങ്ങളിൽ ആവണമെന്നില്ല, പോകാൻ സാധിച്ചാൽ നല്ലതു, ഇല്ലെങ്കിൽ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് മീശപ്പുലിമലയും, ഗവിയും, നിലമ്പൂർ കാടും, നെല്ലിയാംപതിയും ഒക്കെ. കാശ് ഒരു പ്രശ്‌നം ആണെന്ന് ചിന്തിക്കാനാണ് അടുത്ത സ്റ്റെപ് എങ്കിൽ മോട്ടിവേഷന് കൊച്ചിയിലെ ഒരു  കൊച്ചു ടീ കടയിലെ വിജയൻ ചേട്ടനും ശ്രീമതി  മോഹനയോടും അവർ എങ്ങനെയാണു ഇരുപത്തഞ്ചോളം രാജ്യങ്ങൾ കണ്ടത് എന്ന് ചോദിച്ചാ മതി. ഓർക്കുക, “ആയിരം മൈൽ യാത്ര തുടങ്ങുന്നത് ഒരൊറ്റ പടിയിലൂടെയാണ്!”

ഇതൊക്കെ പറഞ്ഞാലും എന്തിനാ യാത്ര ചെയ്യുന്നേ എന്ന് ചോദിക്കുന്ന ഒരു പക്ഷം ഉണ്ടാവും. അതിനുത്തരം പലതാണ്. മനുഷ്യൻ യാത്ര ചെയ്തില്ലായിരുന്നു എങ്കിൽ ചില ഭൂഖണ്ഡങ്ങൾ ഇന്നും കണ്ടുപിടിക്കപെടില്ലായിരുന്നു എന്നതാണ് ആദ്യത്തെ ഉത്തരം.! സ്ഥലങ്ങൾ കാണുക എന്ന ഉദ്ദേശത്തോടെയാണ് മിക്ക യാത്രയും തുടങ്ങുന്നത്, എന്നാൽ അതോടൊപ്പം യാത്രകൾ പലതും നമ്മളെ നാമറിയാതെ മാറ്റാറുണ്ട്. നമ്മൾ ഇടപെടുന്ന ആളുകൾ, കാണുന്ന കാഴ്ചകൾ, സംസാരിക്കുന്ന ഭാഷകൾ, ഇതെല്ലാം എങ്ങനെയോ നമ്മുടെ ഒരു  ഭാഗമായി മാറുന്നു. യാത്രകൾ ചെയ്യുമ്പോൾ പുതുമയായിട്ടുള്ള പലതും നമ്മുടെ ഇന്ദ്രിയങ്ങൾ തിരിച്ചറിയുന്നു, ഇത് നമ്മുടെ തലച്ചോറിൻറെ നവീകരണത്തിന് കൂടി കാരണമാവുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇനി ഇതൊന്നുമില്ലെങ്കിലും ചില സ്ഥലങ്ങളിൽ നമ്മൾ എത്തുമ്പോ ആ സ്ഥലവുമായി ഒരു വല്ലാത്ത അടുപ്പവും തോന്നാറുണ്ട്, അവിടം വിട്ടു പോരുമ്പോൾ പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നൊമ്പരവും. ഇനി ഒരിക്കൽ കൂടി കാണാം എന്ന് മനസ്സിൽ ഒരു കുറിപ്പും.                          

കാറ്റിൽ പാറുന്ന മുടിയും, ചാറ്റൽ മഴയും, തീവണ്ടിയുടെയോ ബസിന്റെയോ ഒരു വിന്ഡോ സീറ്റും. അതല്ലെങ്കിൽ കത്തിച്ചു വിട്ട സ്പീഡിൽ ഓടിക്കാവുന്ന ബൈക്കും മുന്നിൽ നീണ്ടു കിടക്കുന്ന വഴിയും. ഇതും പോരാ എങ്കിൽ വിമാനത്തിന്റെ കുഞ്ഞു ജനാലയിലൂടെ കാണുന്ന പഞ്ഞിക്കെട്ട് മേഘങ്ങളായാലോ? നൊസ്റ്റു ഭീകരൻ ആവുന്നതപ്പോഴാണ്!  ഒരുപക്ഷെ മനുഷ്യന് ചിറകുകൾ ഉണ്ടായിരുന്നെകിൽ! ശരി എങ്കിൽ അത് വേണ്ട, ടെലി പോർട്ടിങ്ങോ ടൈം ട്രാവലോ ചെയ്യാൻ പറ്റിയിരുന്നെകിൽ! ആ, ഫിക്ഷൻ കൂടുതൽ വായിക്കുന്നതിന്റെയാവാം ഈ ചിന്തകൾ! പക്ഷെ ഒന്നുണ്ട്. ആകാശത്തിൽ ഫ്ലൈറ്റിൽ വരെ ഇന്റർനെറ്റ് കിട്ടുന്ന കാലമായില്ലേ! അപ്പൊ പിന്നെ ഇതും വരും. നമുക്ക് കുറച്ചു കാലം കൂടി കാത്തിരിക്കാം. ഈ കോവിഡ് കാലവും കഴിഞ്ഞു പോകും. അത് വരെ ശ്രീ എൻ എൻ കക്കാട് കവിതയിൽ പറഞ്ഞ പോലെ 

” കാലമിനിയുമുരുളും വിഷു വരും 

വർഷം വരും തിരുവോണം വരും 

പിന്നെയൊരു തളിരിനും പൂ വരും കായ് വരും 

അപ്പൊളാരെന്നും എന്തെന്നും ആരറിയാം. …

പഴയൊരു മന്ത്രം സ്മരിക്കാം 

അന്യോന്യം ഊന്നുവടികളായി നിൽക്കാം .

ഹാ സഫലമീ യാത്ര , ഹാ സഫലമീ യാത്ര !!” 

റോഷ്‌നി അജീഷ് 

https://rb.gy/t6srkn

Next Post

ഭരതനാട്യം : 'അലാരിപ്പ്'

Sun Jul 12 , 2020
ഭരതനാട്യം നൃത്താവരണത്തിൽ ആദ്യത്തെ ഇനമാണ് ‘അലാരിപ്പ്’. നവമുകുളം എന്നാണ് അലാരിപ്പ് എന്ന വാക്കിനർത്ഥം. ദൈവത്തിനും,ഗുരുക്കന്മാർക്കും കാണികൾക്കുമുള്ള വന്ദനമാണ് അലാരിപ്പിലൂടെ കാഴ്ചവെയ്ക്കുന്നത്. നൃത്തത്തെ ഒരു വ്യായാമമെന്ന രീതിയിലെടുക്കുമ്പോൾ അലാരിപ്പു അതിലെ റിലാക്സേഷൻ മെതേഡ് ആണ്. റിയാദിൽ താമസിച്ചുവരുന്ന തൃശ്ശൂർ സ്വദേശിനിയായ നിരഞ്ജന ബിജു ഈ ലോക്ക്ഡൗൺ വേളയിൽ അവതരിപ്പിച്ച ഒരു ഭരതനാട്യം അലാരിപ്പ്. റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജന 8 വർഷത്തോളമായി ശ്രീ.അനിൽകുമാർ അന്തിക്കാടിന്റെ കീഴിൽ […]

You May Like

Breaking News