ഹോ അൺസഹിക്കബിൾ ഫുഡ്!

https://rb.gy/i5gwq2

നല്ല ചൂടുള്ള കഞ്ഞിയും പയറും, അല്ലെങ്കിൽ കഞ്ഞിയും, ചുട്ട പപ്പടവും, കാന്താരി മുളകും ആയാലോ? ശരി അതും അല്ലെങ്കിൽ പഴങ്കഞ്ഞിയും, മോരും, ഒരു കഷ്ണം ഉണക്ക മീനും. എന്താ ഒരു കോമ്പിനേഷൻ അല്ലേ? വായിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും അല്ലെങ്കിൽ  കണ്ണിൽ ഇങ്ങനെ അതിന്റെ ചിത്രം എങ്കിലും കാണും. നമ്മൾക്കൊക്കെ ഇഷ്ടപെട്ട ഒരു ഭക്ഷണം ഉണ്ടാവും, അത് ചിലപ്പോ വീട്ടിലെ അമ്മയുടെ കൈകളുടെ ജാലവിദ്യയാവാം അല്ലെങ്കിൽ എവിടെയോ കഴിച്ചു നാവിൽ പിടിച്ചു പോയ രുചിയും ആവാം. മനസ്സിലേക്കോ ഹൃദയത്തിലേക്കോ കയറി പറ്റാൻ ഉള്ള എളുപ്പ വഴി വയറിലൂടെയാണ് എന്ന് ആരോ പറഞ്ഞിട്ടില്ലേ? അതെന്തായാലും ഭക്ഷണത്തോടുള്ള സ്നേഹത്തിനേക്കാൾ ആത്മാർത്ഥമായ സ്നേഹം വേറെയില്ല എന്ന് ജോർജ് ബെർണാഡ് ഷാ പറഞ്ഞിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും നല്ല ഭക്ഷണത്തിനു തീർച്ചയായും മനുഷ്യനെ സ്വാധീനിക്കാനുള്ള കഴിവുണ്ട്, അതിനു തർക്കമില്ല. 

അപ്പൊ എന്താ ഈ നല്ല ഭക്ഷണം? നല്ല ഭക്ഷണത്തിനു കുറെ വ്യാഖ്യാനങ്ങൾ നമ്മൾ കല്പിച്ചു നൽകിയിട്ടുണ്ട്; ആരോഗ്യത്തിന്‌ ഉത്തമമായവ, ഓരോ നേരത്തിനും കാലത്തിനും ചേരുന്നത്,  അസുഖം പെട്ടന്ന് മാറാൻ, അസുഖം വരാതിരിക്കാൻ, പല പ്രായത്തിൽ കഴിക്കേണ്ടത് അങ്ങനെ അങ്ങനെ ഒരുപാടുണ്ട്.  ആഗോളതലത്തിൽ മനുഷ്യരെ മുഴുവൻ ബന്ധിപ്പിക്കുന്ന ഒരു ഭാഷയും ആവശ്യമില്ലാത്ത ഒരേ ഒരു വികാരമേ ഉള്ളു – വിശപ്പ്!  ഓരോ കാലഘട്ടത്തിലും മറ്റേതിലും മാറ്റം വരുന്നത് പോലെ നമ്മൾ കഴിക്കുന്നതിലും അതിന്റെ രീതികളിലും ഒക്കെ വ്യത്യാസം വന്നിട്ടുണ്ട്. നമ്മുടെ മുതിർന്നവർ കർക്കിടകത്തിൽ ദേഹ രക്ഷയൊക്കെ കൃത്യമായി നോക്കിയിരുന്നു, പക്ഷെ അത് പോലെ ഒക്കെ ഇപ്പോ ചെയ്യാൻ നമുക്കു നേരമില്ല, സത്യം പറഞ്ഞാൽ  അറിയുകയുമില്ല. “കർക്കിടക ചേന കട്ടിട്ടെങ്കിലും തിന്നണം” എന്നാ പഴഞ്ചൊല്ല് ! കൃഷി ചെയ്‌തിരുന്നതെന്തോ അത് പാകം ചെയ്തു കഴിക്കുക എന്ന രീതിയിൽ നിന്ന് മാറി എളുപ്പത്തിനും സമയക്കുറവിനു പരിഹാരവും വേണ്ട കാലത്താണ് ഇൻസ്റ്റന്റ് ഫുഡ്, ടിൻ ഫുഡ്, സാലഡ്,  എന്നതിലൊക്കെ തുടങ്ങി ഫാസ്റ്റ്‌ ഫുഡിന്റെ വിശാലമായ ലോകത്തു നമ്മളിപ്പോള്‍ എത്തി നിൽക്കുന്നത്. 

പ്രോസെസ്സ്ഡ് ഫുഡ്, പാക്കറ്റ് ഫുഡ്, പാക്ക്ട് ഫുഡ്, ടേക്ക് എവേ, അങ്ങനെ ഇപ്പോ ഡെലിവെറിയും ആയി. ഡെലിവെറൂ, ഊബർ ഇറ്റ്സ്, സ്വിഗ്ഗി അങ്ങനെ നിരവധി ആപ്പുകളും ഇപ്പോ നമുക്ക് പരിചിതമാണ്. ഇതെല്ലം ശീലിച്ചവർ കോവിഡ് കാലത്തു ശരിക്കും കഷ്ടപെടുന്നുമുണ്ട്. ഒന്നാലോചിച്ചു നോക്കിയാൽ ഇതിന്റെ ഒക്കെ പിന്നിലെ ചിന്താഗതി ഒന്നേയുള്ളു. അത്  ഭക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ ചേർത്ത് വായിക്കുന്ന മറ്റൊരു വാക്കാണ് – വെറൈറ്റി! സാധാരണ നമ്മൾ കഴിക്കുന്ന സംഭവം തന്നെ വ്യത്യാസമുള്ള രീതിയിൽ കിട്ടാനുണ്ടോ എന്നൊരു അന്വേഷണം. നമ്മുടെ രുചിക്ക് ഇണങ്ങുന്നതു കിട്ടും വരെ അത് തുടർന്ന് കൊണ്ടേ ഇരിക്കും. അല്ലാ, ഒരു ചേഞ്ച് ആർക്കാ ഇഷ്ടമില്ലാത്തത്? പാരഗണിലെ ബിരിയാണിയും, ഇന്ത്യൻ കോഫി ഹൗസിലെ ബീറ്റ്റൂട്ട് ചേർത്ത മസാല ദോശയും ഒക്കെ നമുക്ക് പ്രിയപെട്ടതാവുന്നതു അതുകൊണ്ടൊക്കെ തന്നെയാണ്. ഭക്ഷണത്തോടുള്ള ഈ ആവേശമാണ് ട്രെൻഡുകളായി മാറുന്നത്, ചിലപ്പോഴൊക്കെ നമ്മുടെ സ്റ്റാറ്റസ് പോലും ഇതിലാണ് അളക്കപ്പെടുന്നത്. കെ എഫ് സി , മക്‌ഡൊണാൾഡ്‌സ് , ബർഗർ കിംഗ്, പിസ്സ ഹട്ട്, സ്റ്റാർ ബക്‌സ്, എന്നിവ മാത്രമാക്കാതെ അത് ഒരു ഫുൾ വട്ടം കറങ്ങി വീഗൻ, വെജിറ്റേറിയൻ, ഗ്ലുട്ടൻ ഫ്രീ, ഡയറി ഫ്രീ, ഒടുവിൽ സസ്‌റ്റൈനബിൾ, ഓർഗാനിക് ഫുഡിൽ എത്തും. എന്താ ചെയ്യാ? അന്നം മുട്ടിയാൽ എല്ലാം മുട്ടുമല്ലോ ?                

ഇനി ഇതിലൊന്നും പെടാത്ത ഒന്നുണ്ട്. തികച്ചും അൺസഹിക്കബിൾ എന്ന് തോന്നിക്കുന്ന ഭക്ഷണം കോമ്പിനേഷൻ ആയി കഴിക്കുന്നവർ. ചീസ് പിസയും ചോക്ലേറ്റും, ഐസ് ക്രീമും ഫ്രഞ്ച് ഫ്രൈയും, പീനട്ട് ബട്ടറും, പിക്ക്‌ൾ ഉം, ഓറിയോ ബിസ്‌കയ്റ്റും ഓറഞ്ച് ജ്യൂസും, കോകോ കോള ചിക്കൻ, പോപ്പ് കോൺ ഉം കെച്ചഅപ്പ് ഉം, അങ്ങനെ അങ്ങനെ ലിസ്റ്റ് നീളും … ആഹാ എന്തൊരു ചേർച്ച എന്ന് തോന്നിയോ ? എങ്കിൽ നമ്മുടെ നാട്ടിലെ ചില കോമ്പിനേഷൻ ഇങ്ങനെ. ഉപ്പുമാവും അച്ചാറും, പഴം പൊരിയും ബീഫും, ഉപ്പുമാവും മിക്സ്ചറും, പൊറോട്ടയും സാമ്പാറും, ഇഡലിയും മുട്ടയും പുഴുങ്ങിയ പഴവും, അപ്പവും ജാമും, പുട്ടും പഴവും പഞ്ചസാരയും അച്ചാറും പിന്നെ ഫേമസ് ആയ ഹലുവയും മത്തി കറിയും! ഇതൊന്നും പോരാതെ പാൽപ്പൊടിയും ബൂസ്റ്റും വെറുതെ കഴിക്കുന്നതും ഒരു സിമ്പിൾ നേരംപോക്കാണ്! ഹോ ! എഴുതി വന്നപ്പോൾ തന്നെ എന്തൊരു വെറൈറ്റി ! കേൾക്കുമ്പോൾ മോരും മുതിരയും പോലെ ചേരാത്തവയാണ്, പക്ഷെ വാസ്തവത്തിൽ  പലരും കഴിക്കുന്ന കാര്യങ്ങളാണ് മേല്പറഞ്ഞവ. വിചിത്രമെന്നു തോന്നാം, പക്ഷെ സത്യത്തിൽ ചിലതൊക്കെ ഒന്ന് ശ്രമിച്ചു നോക്കിയാൽ നമുക്കും ഇഷ്ടപ്പെട്ടേക്കാം. ഇതൊരു അസുഖമൊന്നുമല്ല, പക്ഷെ എന്ത് ഭക്ഷണവും ഇത് പോലെ കൂട്ടി കഴിക്കുന്നതിനെ ‘കൺകോക്റ്റിംഗ്’ എന്നാ പറയുക, മിക്കവാറും എന്തെങ്കിലും പോഷകക്കുറവ് നികത്താൻ ചിലപ്പോഴൊക്കെ നമ്മുടെ ശരീരം തന്നെ കണ്ടെത്തുന്ന രസകരമായ ഒരു മാർഗവുമാണിത്.   വെറുതെയല്ലല്ലോ “യൂ ആർ വാട്ട് യൂ ഈറ്റ്” (You are what you eat !!) എന്ന് പറയുന്നത്. 

വിശപ്പകറ്റാൻ ഉതകുന്ന ഒരു വസ്തു എന്നതിനേക്കാൾ ഭക്ഷണത്തിനു മനുഷ്യൻ വലിയ ഒരു സ്‌ഥാനംനൽകിയിട്ടുണ്ട്.  അന്നം രാജാവാണ് അതിനു ബഹുമാനം കൊടുക്കണം എന്നു  പഠിപ്പിച്ചാണ് നമ്മളെ വളർത്തുന്നതും.  എന്തിനേറെ ഉണ്ണി കണ്ണന് ഇഷ്ടപെട്ട അമ്പലപ്പുഴ പാൽപായസത്തിന്റെ മധുരം പോലും നമ്മുടെ വിശ്വാസത്തിൽ അലിഞ്ഞുചേർന്നതാണ്. ഭക്ഷണം ദൈവീകമാണ് എന്ന് ഇനി എടുത്തു പറയേണ്ടതില്ലല്ലോ? ഇത്രയൊക്കെ പുരോഗതിയും ഓപ്ഷനുകളും ഉള്ള ലോകത്തു ഈ 2020 ൽ ഇന്ന് വരെയുള്ള കണക്കനുസരിച്ചു 800 മില്യൺ ആളുകളാണ് വിശപ്പ് മാറ്റാൻ വഴിയില്ലാതെ കഷ്ടപ്പെടുന്നത്. ഓണം വന്നാലും ഉണ്ണി പിറന്നാലും കുമ്പിളിൽ കഞ്ഞിക്കു പോലും വക ഇല്ലാത്തവർ ഇന്നും നമുക്കിടയിലുണ്ട് എന്ന് സാരം. 

ലോക്ക് ഡൗണും ഫുഡ് ചാലഞ്ചും ഒക്കെ ആയി ഇരിക്കുന്ന ഈ ദിവസങ്ങളിൽ നമ്മുടെ നാടൻ രുചികളെ വീണ്ടും നമ്മളിൽ കുറെ പേര് തപ്പി കണ്ടുപിടിക്കുന്നുണ്ട്. യൂട്യൂബിൽ മിയ, വീണ, ഷമി ചേച്ചിമാരുടെ കിച്ചൻ രുചികൾ പൊടി പൊടിക്കുന്നുമുണ്ട്. എന്നാൽ പിന്നെ എല്ലാം പറഞ്ഞ പോലെ. ഇന്നത്തേക്ക് കുഴി എണ്ണുന്നത് നിര്‍ത്തുന്നു അപ്പം തിന്നാൻ പോകുന്നു. ബോൺ അപ്പറ്റി! (Bon Appetit!) 

റോഷ്‌നി അജീഷ്

 http://roshnipaulsoulsearches.wordpress.com/

Next Post

ദളിത് ദമ്പതികള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമം; ആറ് പോലീസുകാർക്ക് സസ്പെൻഷൻ

Sat Jul 18 , 2020
ഗുണ: മധ്യപ്രദേശിലെ ഗുണയില്‍ ദളിത് ദമ്ബതികള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. ദമ്ബതികളെ മര്‍ദ്ദിച്ച ആറ് പൊലീസുകാരെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗുണ ജില്ലാ മജിസ്ട്രേറ്റിനെയും എസ്പിയെയും സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉത്തരവിട്ടു. ഗുണ ജില്ലയിലെ ജഗത്പുര്‍ ചക് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നു എന്നാരോപിച്ച്‌ 37കാരനായ രാംകുമാര്‍ അഹിര്‍വാറിനെയും […]

Breaking News

error: Content is protected !!