ഇശലുകള്‍ കഥ പറയുന്നു: ‘എം.പി ഉമ്മർ കുട്ടി; അകാലത്തിൽ പൊലിഞ്ഞ ഇശൽ താരകം’ (ഭാഗം 12)

-ഫൈസല്‍ എളേറ്റില്‍-

മാപ്പിളപ്പാട്ടിൻ്റെ സൗരഭ്യം പരത്തി ഒട്ടേറെ ആസ്വാദകരെ സൃഷ്ടിച്ച് ഇശലിൻ്റെ ലോകത്ത് തൻ്റേതായ സ്ഥാനമുറപ്പിച്ച എം.പി ഉമ്മർ കുട്ടിയുടെ പാട്ടുകൾ പൂതിയ തലമുറയും ഏറ്റെടുത്തവ തന്നെയാണ്. പാട്ടുകളും ഗായക സംഘവുമായി തിളങ്ങി നിന്ന കാലത്ത് ഏവരെയും ഞെട്ടിച്ച വിയോഗമായിരുന്നു അദ്ദേഹത്തിൻ്റേത്. പാടിയ പാട്ടുകളെല്ലാം അത്രക്കു ജനകീയമാക്കുന്നതിനുള്ള മാസ്മരികത അദ്ദേഹത്തിനു വശമുണ്ടായിരുന്നു.

തലശ്ശേരിയിലെ ഒരു സാധാരണ കച്ചവടക്കാരനായിരുന്ന യു.വി.അസ്സുവിൻ്റെയും കുത്താനുവിൻ്റെ യും മകനായി ജനിച്ച ഉമ്മർ കുട്ടിക്ക് പാട്ടും സുഹൃത്തുക്കളും എന്നും കൂട്ടായി ഉണ്ടായിരുന്നു. മാഹി കൈരളി കലാകേന്ദ്രമാണ് അദ്ദേഹത്തിലെ പാട്ടുകാരനെ കണ്ടെത്തിയതെന്ന് പറയാം. കുറച്ചു കാലം വ്യാപാര സ്ഥാപനത്തിൽ എക്കൗണ്ടൻറായി ജോലി ചെയ്തിട്ടുണ്ടെങ്കിലും പ്രോഗ്രാമുകളുടെ തിരക്കുകൾ കൂടിയ അവസ്ഥയിൽ അത് ഉപേക്ഷിക്കുകയായിരുന്നു. നാടകനടനായിരുന്ന ഉമ്മർ കുട്ടിക്ക ആദ്യകലത്ത് നാടകഗാനങ്ങളും ഹിന്ദി ഗാനങ്ങളുമായിരുന്നു വേദികളിൽ പാടിയിരുന്നത്. പിന്നീട് അദ്ദേഹം മാപ്പിളപ്പാട്ടുകളിലേക്കു ചുവടു മാറ്റി. മാപ്പിളപ്പാട്ടു ട്രൂപ്പുകളുടെയും ഗ്രാമഫോൺ റെക്കോർഡുകളുടെയും സുവർണ്ണകാലത്ത് അദ്ദേഹം തിളങ്ങി നിന്നു. അദ്ദേഹത്തിൻ്റെ ഗായക സംഘത്തിലൂടെ എൻ.പി.ഫൗസിയ, ശ്രീവല്ലി, റഹ് മാൻ ഓർക്കാട്ടേരി, തൃച്ചമ്പലം മധു, ദേവദാസ് പയ്യോളി, കുട്ട്യാമു തുടങ്ങിയ കലാകാരൻമാർ ജനകീയരായി മാറി.എൻ.പി ഫൗസിയയും റഹ്മാൻ ഓർക്കാട്ടേരിയും ഈ സംഘത്തിലെ സ്ഥിരാംഗങ്ങളായിരുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നൂറുകണക്കിനു വേദികളിൽ ഈ സംഘം ശരിക്കും തരംഗമായി മാറിയിരുന്നു.

അദ്ദേഹത്തിൻ്റെ പാട്ടുകൾ :-
മാപ്പിളപ്പാട്ടിലെ എക്കാലത്തേയും സുവർണ്ണ ഗീതങ്ങളായ ‘അമ്പിയ രാജശിരോമണി ത്വാഹ തങ്ങൾ ‘, മശ്രിക്കിൽ മഗ് രിബിൽ, പെണ്ണെ നിൻ്റെ പേരെന്ത്, ഹജ്ജിന്നായി മക്കത്തെത്തും, ലാ മൗജൂദില്ലല്ലാഹു, ആദം ഹവ്വ, ആദം ഇദ്രീ സൊടു നൂഹും, മുത്തായ ബീവി നിൻ്റെ, മക്കത്തെ രാജാത്തിയായ്, ഇസ് ലാം ഇസ് ലാം ‘ചെഞ്ചല ചലചല, ഉഹദ് രണാങ്കണം, ബൽക്കീസ് റാണീ തങ്ക, അര ശിൽ പുലി അലി തുടങ്ങി അദ്ദേഹം പാടിയ പാട്ടുകളെല്ലാം മാപ്പിളപ്പാട്ട് ലോകം ഏറ്റെടുത്തവയാണ്.പ്രഗത്ഭ കവികളായ കെ.ടി മുഹമ്മദ് തിരൂരങ്ങാടി, ടി.കെ കുട്ട്യാലി ചാലാട്, ഒ.അബു, ഒ എം കരുവാരക്കുണ്ട്,ബാപ്പു വെള്ളിപറമ്പ്, ഹസൻ നെടിയനാട് തുടങ്ങിയവരുടെ രചനകളാണ് അദ്ദേഹം കൂടുതലും പാടിയിരുന്നത്. കോഴിക്കോട് ആകാശവാണിയിലും പരിപാടികൾ അവതരിപ്പിച്ചിരുന്നു. ‘ഒരു പരിപാടിയുടെ ആവശ്യാർത്ഥം കോഴിക്കോട്ട് ഒരു ടൂറിസ്റ്റ് ഹോമിൽ താമസിക്കവേ 1988 മാർച്ച് 8 -നു ഹൃദയസ്തംഭനം മൂലം എം പി ഉമ്മർ കുട്ടിക്കാ ഈ ലോകത്തോട് വിട പറഞ്ഞു.

Next Post

'സമീക്ഷ' ലണ്ടന്‍- വെംബ്ലി ബ്രാഞ്ചിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Sun Jul 26 , 2020
യുകെയിലെ ഇടതുപക്ഷ കൂട്ടായ്മയായ സമീക്ഷ-യുകെ യുടെ വെംബ്ലി ബ്രാഞ്ച് യോഗം 23/07/2020ന് സൂം മീറ്റിംഗിലൂടെ നടന്നു.  യോഗത്തിൽ പന്ത്രണ്ടോളം ഇടതുപക്ഷ പ്രവര്‍ത്തകര്‍ പങ്കെടുത്തു. യോഗത്തിൽ മലയാളം മിഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് സമീക്ഷ-യുകെ യുടെ ദേശിയ വൈസ് പ്രസിഡണ്ട്‌ സഖാവ് ബേബി പ്രസാദ് വിശദീകരിച്ചു. വെംബ്ലി ബ്രാഞ്ചിന്റെ ഭാവി പരിപാടികളെ കുറിച്ച് സഗാവ് അബ്ദുൽ മജീദ് സംസാരിച്ചു.   യോഗത്തിൽ സംഘടനയുടെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഫൈസൽ നാലകത്ത് […]

Breaking News