വിഷാദ തീരങ്ങളിൽ തനിയെ..

-അഡ്വ.ടി.പി.എ. നസീര്‍-

ലോക് ഡൗൺ പ്രഖ്യാപിച്ചത് എസ്. എസ്.എൽ. സി.
പരീക്ഷക്കിടയിലാണ്. നടന്ന ഏഴു പരീക്ഷകളും എഴുതിയ അഭിലാഷ് പഠിക്കാൻ മിടുക്കനായിരുന്നു. പക്ഷേ രണ്ടാം ഘട്ട പരീക്ഷ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് അഭിലാഷ് ആർക്കുമറിയാത്ത കാരണങ്ങളാൽ ജീവിതമവസാനിപ്പിച്ച്  ബന്ധങ്ങളുടെ പുസ്തകം മടക്കി വെക്കുകയായിരുന്നു. മരണപ്പെട്ട് ദിവസങ്ങൾക്ക് ശേഷം എസ്.എസ്.എൽ.സി. റിസൽട്ട് വന്നപ്പോൾ എഴുതിയ ഏഴു പരീക്ഷകളിലും അഭിലാഷിന് എ പ്ലസ് കിട്ടിയിരുന്നു.  ലക്ഷ്യബോധവും പഠന മികവും പുലർത്തിയ അഭിലാഷ് എന്തിനായിരിക്കും ആത്മഹത്യ ചെയ്തത്? നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധം വിഷാദം നമ്മളിലേക്ക് എവിടെ നിന്നാണ് വരുന്നത്? പറഞ്ഞു തീർക്കാൻ കഴിയാതെ വിഷാദചിന്തകൾ മനസ്സിനെ അപകടകരമായ ഏതൊക്കെ വഴികളിലേക്കാണ് ഒഴുക്കി കൊണ്ട് പോകുന്നത്? ചിലപ്പോൾ സർഗ്ഗാത്മകതയുടെ പളുങ്കുപാത്രമായി വിഷാദം നമുക്ക് മുന്നിൽ പ്രകാശിക്കുമ്പോൾ മറ്റ് ചിലപ്പോൾ വീണുടഞ്ഞു പോവുന്ന ജലപാത്രം പോലെ മരണമായി വിഷാദം നമ്മെ എടുത്ത് കൊണ്ടു പോവുന്നു.

നിരർത്ഥകതയുടെ വാതായനങ്ങൾ അതിഭാവുകതയായി വളരുമ്പോൾ വിഷാദ രോഗികൾ സ്വന്തം അസ്തിത്വം പോലും മറന്നു പോവുന്നു! വിഷാദം അതിജീവനത്തിൻ്റെ നിറഭേദങ്ങളാണ് നമ്മിലുണ്ടാക്കുന്നത്. ഓർമ്മകൾ വേട്ടയാടുകയും സ്വപ്നങ്ങൾ അലോസരപ്പെടുത്തുകയും നിരാശയും ഇച്ഛാഭംഗവും ജീവിതത്തെ നെടുകെ കീറി മുറിക്കുകയും ചെയ്യുമ്പോൾ വിഷാദം നമ്മെ നിശബ്ദമായ അകത്തളങ്ങളിലേക്ക് കൊണ്ടു പോവുന്നു. തിരിച്ചുവരാനാവാത്ത വിധം ഇരുട്ടിൻ്റെ ആഴങ്ങളിലേക്ക്.. മനസ്സടർന്ന് സ്വയം തേടിയലയുന്ന മറന്നു പോവലുകളാണ് വിഷാദങ്ങളെ ഒടുവിൽ മരണത്തിലേക്ക് കൊണ്ടെത്തിക്കുന്നത്! വിഷാദത്തിൻ്റെ ഇരുട്ടറയിലേക്ക് സ്നേഹത്തിൻ്റെയും ആത്മബന്ധത്തിൻ്റെയും ഇപെടലുകളിലൂടെ വെയിലായി മാറാൻ കഴിയുക എന്നതാണ് പ്രധാനം. കൊടുങ്കാറ്റായി ആഞ്ഞുവീശുന്ന വിഷാദ മനസ്സിനെ ഒന്നു ശമിപ്പിക്കാൻ തൻ്റെ മരണത്തിനു മാത്രമേ കഴിയൂവെന്ന മിഥ്യാബോധമാണ് പല വിഷാദ രോഗികളെയും ആത്മഹത്യാമുനമ്പിലേക്ക് നടത്തികൊണ്ട് പോകുന്നത്! ആഹ്ലാദവും താൻ തേടുന്ന വെളിച്ചത്തിൻ്റെ ആത്മനിർവൃതിയുമായാണ് വിഷാദ രോഗികൾ അപ്പോൾ മരണത്തെ കാണുന്നതും ആസ്വദിക്കുന്നതും!

വിഷാദം ആർക്കുമറിയാത്ത സങ്കടങ്ങളുടെ പെരും കടലുകളാണ് ഒരാളിൽ സൃഷ്ടിക്കുന്നത്. ചിലപ്പോഴൊക്കെ കനലെരിയുന്ന ഭൂമികയിൽ അയാളിലെ ചിന്തകൾ വെണ്ണീരായി മാറുകയും പിന്നെയും ഉയിർത്തെഴുന്നേറ്റ് ജീവിക്കുകയുമാണ് ചെയ്യുന്നത് ! വിഷാദം ഒരാളെ ദു:ഖ സഞ്ചാരത്തിലേക്ക് പതിയെ പതിയെയാണ് പറഞ്ഞയക്കുന്നത്. ‘പ്രാപഞ്ചിക രഹസ്യങ്ങൾ’ വിഷാദ താഴ്‌വരയിലിരുന്ന് അയാൾ കണ്ടെത്തി കൊണ്ടിരിക്കുന്നു. പക്ഷേ തനിക്ക് തന്നെ ഉറപ്പില്ലാത്ത ഒരു ലോകത്തെ പറ്റി അയാൾ വിളിച്ചു പറയുമ്പോൾ ചിന്തകളിലെ സങ്കീർണ്ണത നമ്മിലുണ്ടാക്കുന്നത് അയാളിലെ വിഷാദത്തിൻ്റെ  അപഥ സഞ്ചാരം മാത്രമായാണ്. വിഷാദം കടന്നു വരുന്നത് മനസ്സിൻ്റെ ദുർബലതയായി മാത്രം വിലയിരുത്തുന്നതിൽ അർത്ഥമില്ല. ജീവിതത്തിൽ നമ്മൾ അമിതമായി മുറുകെ പിടിച്ച പലതും നമ്മിൽ നിന്ന് ഇല്ലാതാവുമ്പോൾ ഇടറിപ്പോവുന്ന മനസ്സിൻ്റെ മുറിപ്പെടലാണ് ഒരർത്ഥത്തിൽ വിഷാദമായി കടന്നു വരുന്നത്! നഷ്ട്ടമായ സ്നേഹം, പ്രണയനൈരാശ്യം, ഉള്ളിനെ നിരന്തരം സാന്ത്വനപ്പെടുത്തുന്നവരുടെ വേർപാട്, നമ്മൾ ആഗ്രഹിക്കുന്നവരുടെ സ്നേഹ നിരാസം, ഒറ്റപ്പെടൽ, ആത്മവിമർശം, കുറ്റബോധം, അരക്ഷിതബോധം, നഷ്ട്ടബോധം, രോഗങ്ങൾ, പ്രതീക്ഷകളില്ലാതാവുക, അകാരണഭയം, നഷ്ടമാവുന്ന സാമൂഹ്യബോധം എന്തിന് നമ്മൾ അമിതമായി സ്നേഹിക്കുന്ന എന്തും നഷ്ടപ്പെടുമ്പോൾ നമ്മൾ പുറം ലോകത്തേക്ക് തുറന്നിട്ട കാഴ്‌ചയുടേയും ഇടപെടലുകളുടേയും പൊക്കിൾ ബന്ധം വിഷാദ രോഗി ഉപേക്ഷിക്കാൻ തുടങ്ങുന്നു.

സങ്കടങ്ങൾ സ്വകാര്യതകളാണ്, ഒരർത്ഥത്തിൽ പങ്കു വെക്കാൻ കഴിയാത്ത ആത്മരഹസ്യങ്ങളാണത്! വീണുടഞ്ഞു പോയ പ്രതീക്ഷകളാണ് പലപ്പോഴും നമ്മളിൽ സങ്കടങ്ങളായി രൂപപ്പെടുന്നത്. സ്വയം ചുമക്കാൻ പാകത്തിലുള്ള ദുഃഖങ്ങൾ ഒടുവിൽ രോഗിയെ ചുമക്കുന്ന തലത്തിലേക്ക് വിഷാദം ഒരാളെ കൊണ്ടെത്തിക്കുന്നു. ഓർമ്മകളെ ഓർമ്മകൾ മായ്ച്ചുകളയുന്ന ഇച്ഛാഭംഗമായി വിഷാദം വരിഞ്ഞുമുറുക്കുന്നു. താൻ അന്വേഷിക്കുന്ന ലോകത്ത് താനില്ലെന്ന മിഥ്യാബോധത്തിലൂടെയാണ് വിഷാദം ശക്തിപ്പെടുന്നത്! മനസ്സ് ചില ഘട്ടങ്ങളിൽ വൈകാരിക നിയന്ത്രണങ്ങൾക്ക് പിടി കൊടുക്കുമ്പോൾ വിഷാദത്തിലേക്ക് വഴുതി വീഴുക സ്വാഭാവികം ! വിഷാദത്തിൻ്റെ കറുത്ത മേച്ചിൽപുറങ്ങളിൽ ഏകാന്ത തടവുകാരനായി സ്വയം ഉരുകിയില്ലാതാവുക! വിഷാദം ചിലപ്പോൾ രോഗിക്ക് സ്വയം തന്നെ നഷ്ട്ടമാവുന്നതോടൊപ്പം മറ്റുള്ളവർക്കു കൂടി നഷ്ടമാക്കുന്ന മാനസിക പരിവർത്തനമാണ്. സങ്കടങ്ങളും വിരക്തിയും ശാരീരിക തളർച്ചയും മനസ്സിനെ രോഗാതുരമാക്കുമ്പോൾ അയാളിലെ വിഷാദം തിരിച്ചറിവ് നഷ്ടമാവുന്ന ചിന്തയുടെ ലോകത്തേക്ക് അയാളെ മാറ്റിനിർത്തുന്നു. ജീവിതത്തിലെ നഗറ്റീവ് ചിന്തകളെ മാത്രം ചികഞ്ഞെടുത്ത് മനസ്സിനെ കെട്ടിയിടുന്നതും വിഷാദത്തെ വളർത്താനെ സഹായിക്കുകയുള്ളൂ..

മറ്റുള്ളവർ തന്നെ കേൾക്കാൻ അയാൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും കേൾവിയെ അയാൾക്ക് ഭയവും പുച്ഛവുമാണ്. മുൻവിധികളും കോപവും നഷ്ട്ടമാവുന്ന ആസ്വാദനവും രതി തളർച്ചയും വൈകൃതങ്ങളും അപകർഷതയും കുറ്റബോധവുമൊക്കെ വിഷാദത്തിൻ്റെ  വീഞ്ഞിന്  വീര്യം കൂട്ടുന്നു. നഷ്ട്ടമാവുന്ന പ്രതീക്ഷകളെ തിരിച്ചുപിടിക്കാൻ സഹായിക്കുക എന്നതു തന്നെയാണ് വിഷാദത്തെ മറികടക്കാനുള്ള മരുന്ന്. പക്ഷേ ഉൾവലിഞ്ഞു പോയ മനസ്സിലേക്ക് സ്നേഹത്തിൻ്റെയും കൂട്ടിപ്പിടുത്തത്തിൻ്റെയും വൈകാരികാധീശത്വത്തെ എത്തിക്കുന്നതിൽ വലിയ പരാജയമാണ് പലപ്പോഴും അവരുമായി ഇടപഴകുന്നവരിൽ നിന്നുണ്ടാവുന്നത്. പ്രായമായവരെ നമ്മൾ കേൾക്കുകയും അവർക്ക് മുന്നിൽ സ്നേഹ മനസ്സോടെ കേട്ടിരിക്കുകയും ചെയ്യുമ്പോൾ നഷ്ട്ടമായെന്നു തോന്നിയ ജീവിത നിമിഷങ്ങളാണ് അവർക്ക് തിരിച്ചു കിട്ടുന്നത്. വാർദ്ധക്യത്തിലെ വിഷാദം പലപ്പോഴും ബന്ധുക്കളുടെ സ്നേഹമയമായ ഇടപെടലുകളിലൂടെയും തലോടലിലൂടെയും പരിചരണത്തിലൂടെയും മാറ്റിയെടുക്കാനാവും.എന്നാൽ വാർദ്ധക്യം ബാധ്യതയായി മാറിയ ഒരു ലോകത്ത് വിഷാദം വാർദ്ധക്യത്തിൻ്റെ ചുളിവായി മാറുന്നതാണ്‌ നമ്മൾ കാണുന്നത്. വിഷാദം നിഷേധാത്മകതയുടെ തടവുകാരൻ കൂടിയാണ്. ഒന്നിനെയും അംഗീകരിക്കാൻ അയാൾക്കാവില്ല. തൻ്റെ ശരികൾ പൂർണ്ണമായി പ്രതിഫലിപ്പിക്കാൻ കഴിയാതെ മനസ്സ് സംഘർഷഭരിതമാവുന്നതും നമ്മൾ കാണുന്നു. നിരാശയും അപകർഷതാ ബോധവും വേട്ടയാടുമ്പോൾ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ തൊഴിലിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ഇടപെടലുകളിലും അയാൾ പരാജയമാണന്ന് തോന്നുകയും താളപ്പിഴവുകളുടെ ഓരത്തിരുന്ന് മരണക്കയത്തിലേക്ക് അയാൾ എടുത്തെറിയപ്പെടുകയും ചെയ്യുന്നു.

കോവിഡു കാലത്തെ രോഗ ഭയവും തൊഴിൽ നഷ്ടവും, സാമ്പത്തിക ബുദ്ധിമുട്ടുകളും, ബന്ധങ്ങളിലെ തകർച്ചയും, വാർദ്ധക്യത്തിലെ ഒറ്റപ്പെടലുകളും, ഒളിച്ചോട്ടവും, സോഷ്യൽ മീഡിയയിൽ നിന്നുള്ള പ്രഹരവും വിദ്യാഭ്യാസ വർഷ നഷ്ടവുമൊക്കെ പുതിയ കാലത്ത് വിഷാദത്തെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകങ്ങളാണ്. നല്ല കേൾവിയും ക്ഷമയോടെ കാര്യങ്ങൾ ഉൾക്കൊള്ളാനുള്ള പക്വതയും ഇത്തരം രോഗികളുമായി ഇടപഴകുന്നവരിൽ അത്യാവശ്യമാണ്. കുറ്റപ്പെടുത്തലുകളോ വിഷാദ രോഗികളുടെ  ദൗർബല്യങ്ങളെ തുറന്നു കാണിക്കുന്നതോ അവരുമായി സംവാദങ്ങളിൽ ഏർപ്പെടുന്നതോ പ്രശ്ന പരിഹാരത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളൂ.. പ്രതീക്ഷ നിറഞ്ഞ വാക്കുകളും നഷ്ട്ട ലോകമെന്നത് മായയാണന്ന് ബോധ്യപ്പെടുത്തുന്നതും പ്രതിസന്ധികളിൽ തനിച്ചല്ല എല്ലാരും കൂടെയുണ്ടെന്ന് തിരിച്ചറിയിക്കുന്നതും പ്രധാനം തന്നെയാണ്. മരുന്ന് കൊണ്ടും സമീപനങ്ങൾ കൊണ്ടും വിഷാദം നിയന്ത്രിതമാവുമ്പോൾ തന്നെ വീണ്ടും വരാനുള്ള സാധ്യതകൂടിയുള്ള മാനസികാവസ്ഥയാണിതെന്ന് നാം തിരിച്ചറിയുക.. 

Next Post

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി വിസ പുതുക്കി നൽകി സൗദി അറേബ്യ

Tue Jul 28 , 2020
ദമ്മാം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലുള്ളവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി വിസ പുതുക്കി തുടങ്ങിയതായി സൗദി ജവാസാത്ത് അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിസ കാലാവധി അവസാനിച്ചവര്‍ക്കാണ് സന്ദര്‍ശന വിസ പുതുക്കി നല്‍കുന്നത്. ഇഖാമ കാലവധി അവസാനിച്ചവര്‍ക്കു മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കി നല്‍കുന്ന സേവനത്തിനു ഇന്നലെ തുടക്കം കുറിച്ചിരുന്നു. മലയാളികളുള്‍പ്പടെ പല വിദേശികള്‍ക്കും ഇഖാമ പുതുക്കിക്കൊണ്ടുള്ള സന്ദേശം ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

Breaking News