കൊറോണയെ മലര്‍ത്തിയടിച്ച് ഈ രാജ്യങ്ങള്‍ !

കോവിഡ് എന്ന മഹാമാരിയിൽ ലോകം അമരുമ്പോൾ ഇനിയും കോവിഡിനെ പടിക്ക് പുറത്തു നിർത്തിയിരിക്കുന്ന രാജ്യങ്ങളുണ്ടെന്ന് പറഞ്ഞാൽ അത്ഭുതം തോന്നുന്നുണ്ടോ? എന്നാൽ ഒരാൾക്കു പോലും കോവിഡ് ബാധിച്ചിട്ടില്ലെന്നാണ് ഈ രാജ്യങ്ങള്‍ അവകാശപ്പെടുന്നത്. കിരിബാതി, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, നൗറു, ഉത്തര കൊറിയ, പലാവു, സമോവ, സോളമന്‍ ദ്വീപുകള്‍, ടോംഗ, തുര്‍ക്ക്‌മെനിസ്ഥാന്‍, തുവാലു, വന്വതു
എന്നിവയാണ് കോവിഡിനോട് നോ പറഞ്ഞ രാജ്യങ്ങൾ.

ചൈനയുടെ അയൽ രാജ്യമായിട്ടും ഉത്തര കൊറിയ എങ്ങനെ കോവിഡിനെ അകറ്റി നിർത്തി എന്നത് എല്ലാവരും സംശയത്തോടെ ഉറ്റുനോക്കുന്ന കാര്യമാണ്. ഇവിടെ കോവിഡ് സ്ഥിരീകരിച്ചെന്നും ഇല്ലെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഒരു കേസ് പോലുമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ജനുവരി 21ന് അടച്ച ചൈനാ അതിർത്തി ഉത്തര കൊറിയ തുറന്നിട്ടില്ല. മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർ രണ്ട് മാസം വരെ ക്വാറന്‍റൈനിൽ ഇരിക്കണം.

തുർക്ക്മെനിസ്താനാകട്ടെ കസാക്കിസ്താൻ, അഫ്ഗാനിസ്താൻ, ഉസ്ബെക്കിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. ഈ രാജ്യങ്ങളിലെല്ലാം കോവിഡ് കേസുകളുണ്ട്. അതിർത്തികൾ അടച്ചും അന്താരാഷ്ട്ര ഫ്ലൈറ്റുകൾ റദ്ദാക്കിയുമാണ് ഈ രാജ്യം കൊറോണയോട് നോ പറഞ്ഞത്.

സോളമൻ ദ്വീപ് ഉൾപ്പെടെയുള്ള പസഫിക് ദ്വീപ് രാജ്യങ്ങൾ ഫെബ്രുവരി മുതൽ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ നിർബന്ധമാക്കുകയും ചെയ്തു. വന്വതുവും സമാന നടപടി സ്വീകരിച്ചു. സമോവയിൽ മാർച്ച് 25 മുതൽ ലോക്ക് ഡൗൺ ആണ്. കിരിബാതിയിലാകട്ടെ മാർച്ച് 30 മുതൽ അടിയന്തരാവസ്ഥയും.

തുവാലുവും നൗറുവും വളരെ കുറച്ച് മാത്രം സന്ദർശകരെത്തുന്ന നാടുകളാണ്. ജനസംഖ്യയും സന്ദർശകരുടെ എണ്ണവും വളരെ കുറവാണ് എന്നത് കോവിഡ് കാലത്ത് അവർക്ക് ഗുണകരമായി. കോവിഡ് റിപ്പോർട്ട് ചെയ്യാത്ത മറ്റ് രാജ്യങ്ങളും സ്വീകരിച്ചത് ഒരേ തന്ത്രമാണ്. ലോക്ക് ഡൗൺ, അതിർത്തി അടയ്ക്കൽ, ക്വാറന്‍റൈൻ നിർബന്ധമാക്കൽ തുടങ്ങിയ വഴികളിലൂടെയാണ് അവർ കൊറോണ ഇല്ലാ രാജ്യങ്ങളായത്.

ചൈനയിലെ വുഹാനിൽ തുടങ്ങിയ കൊറോണ വൈറസ് വ്യാപനം ഇപ്പോള്‍ 188 രാജ്യങ്ങളിലെങ്കിലുമെത്തിയിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് 1.49 കോടിയിലധികം പേര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 616000ല്‍കൂടുതലാണ്. 84 ലക്ഷം പേര്‍ രോഗമുക്തി നേടി.

Next Post

പൂര്‍ണ്ണ ഡിജിറ്റല്‍ വെഹിക്കിള്‍ ലൈസന്‍സിംഗ് സേവനം ഉടനെ ദുബൈയില്‍ ആരംഭിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

Wed Jul 29 , 2020
ദുബൈ: പൂര്‍ണ്ണ ഡിജിറ്റല്‍ വെഹിക്കിള്‍ ലൈസന്‍സിംഗ് സേവനം ഉടനെ ദുബൈയില്‍ ആരംഭിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). ഇതിലൂടെ വാഹന രജിസ്‌ട്രേഷന്‍ കൂടുതല്‍ എളുപ്പമാകും. അതേസമയം, വാഹനങ്ങളുടെ സാങ്കേതിക പരിശോധന തുടരും. നിലവിലെ നടപടിക്രമങ്ങളെ അപേക്ഷിച്ച്‌ ഉപഭോക്താക്കളുടെ സമയവും അധ്വാനവും കുറക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. ഇത്തരമൊരു സാങ്കേതികവിദ്യയെ സംബന്ധിച്ച്‌ ഉപഭോക്താക്കളുമായി ആര്‍ ടി എ ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി. 2021ഓടെ പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് […]

Breaking News