മ്മടെ കിടു റേഡിയോ!

https://rb.gy/i5gwq2

-രോഷ്നി അജീഷ്-


ചെറിയ ഒരു ചാറ്റൽ മഴ. നീണ്ടു കിടക്കുന്ന നാഷണൽ ഹൈവേയിലൂടെ ആ മഴയത്തു ഇങ്ങനെ പോകുമ്പോൾ കാറിലെ റേഡിയോയിൽ കേൾക്കുന്ന നമ്മുക്കിഷ്ടപെട്ട  ഒരു പാട്ട്… അല്ലെങ്കിൽ വീട്ടിലെ ആ വരാന്തക്കരികിലെ ചാരുകസേരയിൽ ഉച്ചമയക്കത്തിന് മുന്നോടിയായി റേഡിയോയിൽ കേൾക്കുന്ന ഓർമച്ചെപ്പിലെ പഴയ ഗാനങ്ങൾ ആയാലോ?  ഇതൊക്കെ ജീവിതത്തിൽ ഒരിക്കെലെങ്കിലും അനുഭവിച്ചറിയാത്തവർ ചുരുക്കം ആയിരിക്കും. കാരണം റേഡിയോ, അത് ഇന്നത്തെ ജീവിത ശൈലിക്കു ഇണങ്ങിയ പോലത്തെ എഫ് എം സ്റ്റേഷൻ ആയാലും  പഴയ ആകാശവാണി ആയാലും ഏതു തലമുറയുടെയും ഒരു അവിഭാജ്യ ഘടകമായി ഇന്നും തുടരുന്നു. ഒന്നുകിൽ കിടക്കയിൽ നിന്നും കൈയെത്തും ദൂരത്തു അലാറം ക്ലോക്കിന്റെ കൂടെ  മേശപ്പുറത്തു ഇരിക്കുന്ന ഡിജിറ്റൽ റേഡിയോ ആയി അവിടെയുണ്ടാകും. അല്ലെങ്കിൽ പിന്നെ പഴയ കാലത്തിന്റെ ഓർമക്കായി വീടിന്റെ ഏതെങ്കിലും ഒരു വിശാലമായ മുറിയിൽ പ്രൗഢിയോടെ  ഇരിപ്പുണ്ടാവും മ്മടെ കിടു റേഡിയോ!. ക്ലാസിക്‌, വിൻറ്റെജ് എന്ന വിശേഷണങ്ങൾ ഉള്ള റേഡിയോ വേറെ. അതിന്റെ വെളുത്ത സ്വിച്ച്ചും നോബും പിടിച്ചു കളിയ്ക്കാൻ ഇഷ്ടമില്ലാത്ത പിള്ളേരുണ്ടാവില്ല, അത് തൊട്ടു ചീത്തയാക്കണ്ട എന്ന് പറയാത്ത വീട്ടുകാരും ഉണ്ടാവില്ല. 

കാലം ഇത്തിരി റീവൈൻഡ് ചെയ്‌താൽ നാട്ടിൻപുറത്തെ ചന്ദ്രേട്ടൻമാരുടെ ചായക്കടയിൽ ആളുകൾ എത്തിയിരുന്നത് രാവിലത്തെ ചായക്കൊപ്പം റേഡിയോ കേൾക്കാമല്ലോ എന്നുള്ള  ഉള്ള താല്പര്യവും കൂടിയിട്ടാണ്. ഓരോ വീട്ടിലും റേഡിയോ എന്ന സമയമായപ്പോഴേക്കും നമ്മുടെ മുതിർന്ന തലമുറയിൽ മിക്കവരും പ്രഭാതത്തിൽ ഉണർന്നിരുന്നത്  ഓൾ ഇന്ത്യ റേഡിയോയുടെ വയലിൻ മ്യൂസിക് ഇൻട്രോ കേട്ട് കൊണ്ട് ആണ്. അത് വീട്ടിലെ റേഡിയോയിൽ വച്ചാൽ പിന്നെ നേരം വെളിച്ചമായി എന്നാണർത്ഥം. “ആകാശവാണി കോഴിക്കോട്. ഇപ്പോൾ സമയം ആറു മണി കഴിഞ്ഞു പത്തു മിനിറ്റ്.” രാവിലത്തെ പരിപാടികൾ കഴിഞ്ഞു  ഉച്ചയായാൽ പിന്നെ വീണ്ടുംആരംഭിക്കുകയായി, ” നമസ്കാരം, വാർത്തകൾ വായിക്കുന്നത് ഫസ്‌ലു ….” ഇത് കൂടാതെ  ശ്രീ എം ജി രാധാകൃഷ്ണൻ, ശ്രീ ദക്ഷിണാമൂർത്തി സ്വാമി, ചിത്ര, യേശുദാസ് അങ്ങനെ എത്രയോ പ്രമുഖരുടെ  ശബ്ദങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ സ്വീകരണ മുറിയിലേക്ക് ഒഴുകി എത്തിയത് റേഡിയോയിലൂടെയാണ്… റേഡിയോ എല്ലാ തരത്തിലും ആളുകൾക്ക് വിവരങ്ങൾക്കൊപ്പം വിനോദവും പകർന്നു, വാർത്തകൾ, പ്രശസ്ത വ്യക്‌തികളുമായി ഉള്ള ചർച്ചകൾ, ലോകത്തിലെ പല ഭാഗങ്ങളിലെ വിശേഷങ്ങൾ, സിനിമയിലെ വിശേഷങ്ങൾ, പാട്ടുകൾ, നാടകങ്ങൾ അങ്ങനെ റേഡിയോയിൽ വരാത്തതായി ഒന്നുമുണ്ടായിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തും, ലോകമഹായുദ്ധങ്ങൾ  നടന്ന സമയത്തും സാങ്കേതിക വിവരങ്ങൾ അറിയാനും അറിയിക്കാനും റേഡിയോ വഹിച്ച പങ്കു ചെറുതല്ല. “സ്വാതന്ത്ര്യത്തിലേക്ക് ഉണരുക; awake to freedom” എന്ന നമ്മുടെ പ്രധാനമന്ത്രി നെഹ്രുവിന്റെ ആഹ്വാനം അന്ന് ഇന്ത്യൻ ജനത കേട്ട് ഉണർന്നതും  റേഡിയോയിലൂടെയാണ്. ബ്രിട്ടീഷ്കാരുടെ കാലത്തു മുപ്പതുകളിൽ (1930s)  സ്ഥാപിതമായ ആകാശവാണി ഇന്നും ആ യാത്ര ഇന്ത്യ ഒട്ടാകെയുള്ള 420 സ്റ്റേഷനുകളിലും പ്രക്ഷേപണം ചെയ്തു കൊണ്ട് തുടരുന്നു…

നമ്മുടെ നാട്  വിട്ടു പുറം രാജ്യത്തു പ്രവാസിയാകുമ്പോഴും റേഡിയോയെ നമ്മൾ മറക്കാറില്ല. അതിപ്പോ ഇംഗ്ലീഷ് നേരെയാവാൻ വേണ്ടി കേൾക്കുന്ന ബി ബി സി 4 ലെയോ മറ്റോ ബ്രേക്‌ഫാസ്‌റ്റ്  ഷോ ആണെങ്കിലും ശരി, ഒരു മലയാളം പാട്ടു കേൾക്കാം എന്ന് കരുതി ട്യൂൺ ചെയ്യുന്ന എഫ് എം റേഡിയോ സ്റ്റേഷൻ ആയാലും ശരി. റേഡിയോ  മാങ്കോ, ഹിറ്റ് എഫ് എം, ക്ലബ് എഫ് എം, റേഡിയോ മിർച്ചി ഇതൊക്കെ നമ്മൾ മലയാളികൾക്ക് പ്രിയപ്പെട്ട എഫ് എം ചാനലുകൾ ആണ് ! ആർ ജെ നൈലയും , നീനയും , മിഥുനും, ഒക്കെ പങ്കുവെക്കുന്ന വിശേഷങ്ങളിൽ നാട് പലപ്പോഴും നമ്മളെ തേടി എത്താറുണ്ട്. ഇനി ഇതൊന്നും പോരാ റേഡിയോ ഫാൻ ആവാൻ എങ്കിൽ റേഡിയോയുടെ പഴയതും പുതിയതുമായ ഒരുപാട് മോഡൽ കണ്ടെത്തി അവ നന്നാക്കി സൂക്ഷിച്ചു വയ്ക്കുന്ന റേഡിയോ കോയയെ പോലെയുള്ള ആളുകളും നമുക്കിടയിലുണ്ട്.  

പണ്ടത്തെ തലമുറയ്ക്ക് റേഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളു ഒരു പരിധി വരെ പുറം ലോകവുമായി അവരെ ബന്ധിപ്പിക്കാൻ. നമുക്കിന്നു പക്ഷെ അങ്ങനെ അല്ല. കാലം ഒരുപാട് മാറിയിട്ടുണ്ട്. പക്ഷെ റേഡിയോയോടുള്ള ഇഷ്ടം ഇന്നത്തെ തലമുറക്കും ഒട്ടും കുറഞ്ഞിട്ടില്ല. നമുക്ക് ഇന്ന് പലപ്പോഴും റേഡിയോ മണ്മറഞ്ഞു പോയ ആ പഴയ കാലത്തേക്കുള്ള ഒരു സുവർണ്ണ ടിക്കറ്റ്  ആണ്. മറ്റു ചിലപ്പോ നമ്മൾ പറയാൻ ബാക്കി വച്ച സംഭാഷണങ്ങളാണ്, എവിടെയോ ഇരിക്കുന്ന രണ്ടു പേര് ഒരേ സമയം കേൾക്കുന്ന ഒരേ ഗാനത്തിന്റെ അനുഭൂതി  പോലെയാണ്. ‘ദിൽ സെ’ എന്ന ചിത്രത്തിൽ മണി രത്‌നം ‘ഏ അജ്നബി / പൂങ്കാട്രിലെ’ എന്ന മനോഹരമായ പാട്ടിൽ  ചിത്രീകരിച്ചത് പോലെ. റേഡിയോയിൽ കേൾക്കുന്ന പോലെ പറഞ്ഞാൽ, ഗാനം ആവശ്യപ്പെട്ടത്: പാട്ടു ഇഷ്ടപെടുന്ന  ഒരുപാട് പേര്, ചിത്രം: ഉയിരേ , വൈരമുത്തുവിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതു എ ആർ റഹ്മാൻ, ഗാനം ആലപിചിരിക്കുന്നത്:  ഉണ്ണി മേനോനും സ്വർണലതയും. 

അവസാനമായി ഒരു നന്ദി വാക്കു മാർക്കോണി ചേട്ടനിരിക്കട്ടെ, അല്ലെ?  ഇഷ്ടപെട്ട ചാനൽ കിട്ടുന്നത് വരെ നമ്മൾ റേഡിയോ ട്യൂൺ ചെയുന്നത് പോലെ, ഇനി കാലമെത്ര കഴിഞ്ഞാലും  ഈ ടൺ  കണക്കിന് ഫൺ,  എത്ര കേട്ടിട്ടും കേട്ടിട്ടും കേട്ടുകൊണ്ടേ ഇരിക്കുന്ന ഒന്നായി നമ്മുടെ ഇടയിൽ തുടരട്ടെ! 

റോഷ്‌നി അജീഷ് 

roshnipaulsoulsearches.wordpress.com/

Next Post

യുകെയില്‍ കൊറോണ ബാധ നിരക്കില്‍ കുത്തനെ വര്‍ധന ; ആശങ്കയോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ !

Sat Aug 1 , 2020
ബ്രിട്ടണിൽ കൊറോണ ഇൻഫെക്ഷൻ നിരക്കിൽ 14 ശതമാനത്തിൻ്റെ വർദ്ധനവ് ഒരാഴ്ച കാലയളവിൽ രേഖപ്പെടുത്തി. ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതിനാൽ ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് പറഞ്ഞു. ഇൻഫെക്ഷൻ ഉയരുന്ന പ്രദേശങ്ങളിൽ ലോക്കൽ ലോക്ക് ഡൗണുകൾ ഏർപ്പെടുത്തുക വഴി രോഗവ്യാപനം തടയാനാവുമെന്നും പൊതുജനങ്ങൾ തങ്ങളുടെ ജീവിത ശൈലി കൊറോണ വ്യാപനം മുന്നിൽക്കണ്ട് ക്രമീകരിക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ദർ പറയുന്നു. ഇൻഫെക്ഷൻ നിരക്ക് കൂടുതൽ രേഖപ്പെടുത്തിയ ലെസ്റ്റർ, ബ്ളാക്ക്ബേൺ, ഓൾഡാം […]

You May Like

Breaking News

error: Content is protected !!