“ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല ജന കോടികൾ നമ്മെ നാമായി മാറ്റിയ ജന്മ ഗൃഹമല്ലോ”

-റോഷ്നി അജീഷ് –

ആദ്യ കിരണങ്ങൾ എന്ന 1964 ൽ പുറത്തിറങ്ങിയ സിനിമയിലെ ഗാനത്തിലെ വരികളാണ് മേല്പറഞ്ഞത്. ഈ വരികൾ വായിക്കുമ്പോൾ അന്ന് രാഘവൻ മാഷ് ചിട്ടപ്പെടുത്തിയ ഈണം ഓർക്കാത്തവർ ചുരുക്കമേ ഉണ്ടാവൂ. ഇതൊക്കെ പറഞ്ഞു വന്നത് എന്തിനാണെന്ന് ഊഹിക്കാമല്ലോ? അങ്ങനെ വീണ്ടുമൊരു  സ്വാതന്ത്ര്യ ദിനം ആഗതമായിരിക്കുകയാണ്. വന്ദേ മാതരം, സത്യമേവ ജയതേ, എന്നീ മുദ്രാവാക്യങ്ങളും, മഹാത്മാ ജിയേയും നേതാജിയെയും, നെഹ്രുവിനെയും മറ്റനേകം ധീര യോദ്ധാക്കളെയും നമ്മൾ ഓർക്കുന്ന ദിവസം.    ഈ വര്‍ഷം ഓഗസ്റ്റ് 15, ഇന്ത്യയുടെ, നമ്മുടെ മാതൃ രാജ്യം നമ്മുടേതായിട്ടു 74 വര്‍ഷങ്ങളായതിന്റെ വാർഷികമാണ്! എല്ലാ വർഷവും മുടങ്ങാതെ വന്നു പോകുന്ന റിപ്പബ്ലിക്ക് ദിനവും സ്വാതന്ത്ര്യ ദിനവും നമുക്ക് ഇന്ത്യയെ പറ്റി സമ്മിശ്ര വികാരങ്ങൾ ഉളവാക്കുന്ന  ദിവസങ്ങളാണ്. നാടിനെ ഓർക്കാനും ചിലരുടെ എങ്കിലും ഘോര ഘോര പ്രസംഗങ്ങൾ കേൾക്കാനും നമ്മിലെ നല്ല പൗരനെ ഉണർത്താനും നമ്മൾ ശ്രമിക്കുന്ന ഒരു ദിവസം. 

സംഭവ ബഹുലമായ ഒരു വർഷമാണ് ഇന്ത്യക്കു ഈ കഴിഞ്ഞ വർഷവും കടന്നു പോയത്. നിരീക്ഷകർക്കും നിരൂപകർക്കും വിമർശകർക്കും ഒക്കെ അവരുടേതായ ഒട്ടേറെ അഭിപ്രായങ്ങൾ  അറിയിക്കാൻ ഉണ്ടായ കുറെ കാര്യങ്ങൾ. സ്വാതന്ത്ര്യത്തിനും മുൻപേ തുടങ്ങിയ അയോദ്ധ്യ കേസും, ക്ഷേത്ര നിർമാണാനുമതിയും,  പൗരത്വ ഭേദഗതിയും,  അങ്ങനെ പുതിയ ചരിത്രം സൃഷ്ടിച്ചു  കൊണ്ട് ഇന്ത്യയിലെ സുപ്രീം കോടതി വിധി കല്പിക്കുവാൻ ശുഷ്കാന്തി കാണിച്ച ഒരു വര്‍ഷം. വീണ്ടും ഒരു വിക്ഷേപണം കാത്തു ചന്ദ്രയാനും, പുതിയ മാനദണ്ഡങ്ങളോടെ വിദ്യാഭ്യാസവും വഴിമാറാൻ കാത്തു നിൽക്കുന്നു. രാജ്യാന്തര അതിർത്തിയുടെ സംരക്ഷണവും, അതെ തുടർന്നുള്ള ടിക് ടോക് നിരോധനവും ഉണ്ടായ വര്‍ഷം. അങ്ങനെ രാഷ്ട്രീയപരമായും, സാമൂഹികപരമായും, ഇന്ത്യ ഒട്ടാകെ ഉള്ള സംസ്‌ഥാനങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും മനുഷ്യർ വാദിക്കുകയും,  ചിലതു സമാധാനത്തോടെയും എന്നാൽ മറ്റു ചിലതു അസഹിഷ്ണുതയിലും  അവസാനിച്ച ഒരു വര്‍ഷം.  എന്നാൽ ഇപ്പോൾ രാജ്യം ഒന്നടങ്കം കാത്തിരിക്കുന്നത് തീക്ഷണതയോടെ  കത്തി നിൽക്കുന്ന ഈ മഹാമാരി  എപ്പോൾ അവസാനിക്കും എന്നാണ്. ലോക്ക് ഡൗണും, കോൺടൈന്മെന്റ് സോണും, ക്ലസ്റ്റേഴ്സും ഒക്കെ ആയി കോവിഡ് ഭീതിയിൽ കഴിയുകയാണ് നമ്മളെല്ലാവരും.           

“സഹ്യസാനു ശ്രുതി ചേർത്ത് വച്ച മണി വീണയാണെന്റെ കേരളം..” എന്ന് പാടിയ കേരളത്തിന്റെ അവസ്ഥയും കോവിഡ് ഉം, സ്വർണ കള്ളക്കടത്തും, വേറെ പലതരം അഴിമതിയും കേസും കൂട്ടവുമായി പോകുന്നു. ഇതിനിടയിൽ മൂന്നാം വർഷവും മഴക്കെടുതിയും  മുടങ്ങാതെയെത്തി. ഒരു രാത്രി കൊണ്ട് ഇല്ലാതെയായ പെട്ടിമുടിയും, വന്ദേ ഭാരത് മിഷന്റെ ഫ്ലൈറ്റ് തകർന്നു വീണതും കണ്ണീരോടെ നമ്മൾ  ഈ കഴിഞ്ഞ ആഴ്ചയിൽ കണ്ടു. ഇതിന്റെ ഒക്കെ ഇടയിൽ പോലും മഹാമാരിയെ മനസ്സുറപ്പു കൊണ്ട് മാറ്റി നിർത്തി  നിസ്സ്വാർഥമായി സഹായത്തിനായി മുന്നിട്ടിറങ്ങിയ കുറെ നല്ല മനുഷ്യരെ പ്രത്യേകിച്ച്  അപകടമുണ്ടായ മലപ്പുറത്തും, പിന്നെ മഴയിൽ വലഞ്ഞ ജനങ്ങളെ  രക്ഷിക്കുന്നവരെ  കേരളത്തിലുടനീളവും കണ്ടു. ഇങ്ങനെയൊന്നും ആർക്കും വരരുതേ ദൈവമേ എന്ന പ്രാർത്ഥനയോടെ വീട്ടിലിരുന്നു നമ്മളോരോരുത്തരും കഴിഞ്ഞു. ഈ ദിവസങ്ങളിൽ ആരും പറഞ്ഞു തരാതെ തന്നെ നമുക്കറിയാം എന്താണ് സ്വാതന്ത്ര്യം എന്ന്. നമുക്കെവിടെയും പോകാമായിരുന്നു, എന്നാൽ  ഇന്നിപ്പോ വിളിച്ചാൽ കേൾക്കുന്ന ദൂരത്തു പോലും ഒരു സഹായം ചെയ്യണമെങ്കിൽ പോലും നമ്മിൽ പലർക്കും സാധിക്കുന്നില്ല. അവിടെയാണ് ഈ സ്വാതന്ത്ര്യ ദിനത്തിന്റെ മഹത്വം നമ്മൾ തിരിച്ചറിയുന്നത്. “സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം” എന്ന് കുമാരനാശാൻ പറഞ്ഞത് എന്ത് സത്യാ ല്ലേ?     

 ഓഗസ്റ്റ് മാസം തുടക്കത്തിൽ തന്നെ സ്കൂളുകളിൽ തുടങ്ങുന്ന ബാൻഡ് സെറ്റ് പരിശീലനം, മാർച്ച് പാസ്ററ് , പിന്നെ ആ ദിവസം രാവിലേ ഉള്ള കൊടിയുയർത്തൽ ചടങ്ങുകൾ, കുട്ടികളുടെ കലാപരിപാടികൾ, സ്വാത്ര്യസമരത്തെ ഓർമപ്പെടുത്തുന്ന ചീഫ് ഗസ്റ്റിന്റെ പ്രസംഗങ്ങൾ,  ദേശഭക്തി ഗാനങ്ങൾ, പിന്നെ സ്കൂളിൽ നിന്നും ഓഫീസിൽ നിന്നും കിട്ടുന്ന ലഡ്ഡുവും വേറെ ! വീട്ടിൽ ദൂരദർശനിൽ ലൈവ് ആയി കാണിക്കുന്ന ഡൽഹിയിലെ പരേഡും, പിന്നെ ഉച്ചക്ക് ഇടുന്ന ദേശഭക്തി ഉളവാക്കുന്ന സിനിമയും ( ഉദാ. മണി രത്‌നത്തിന്റെ റോജ)! എല്ലാത്തിനുമുപരി എല്ലാ വർഷവും മുടങ്ങാതെ കേൾക്കുന്ന  ശ്രീ എ ആർ റഹ്മാന്റെ വന്ദേ മാതരവും! ടി വി യും പാട്ടും മാറ്റി നിർത്തിയാൽ ബാക്കിയൊക്കെ ഇന്നത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ് എന്ന് നമുക്കറിയാം , അത് കൊണ്ട് ഇതൊക്കെ ഓർത്തു നൊസ്റ്റു അടിക്കാനേ തത്കാലം വഴിയുള്ളു. അതുകൊണ്ടു വീട്ടിലിരുന്നു കുടുംബത്തോടെ എല്ലാവരുടെയും നന്മക്കായി നമ്മൾ ചിലവഴിക്കുന്ന ഒരു സ്വാതന്ത്ര്യ ദിനമാവട്ടെ ഇത്തവണ.  വർഷത്തിൽ ഒരു തവണ മാത്രം വരുന്ന ഈ ദിവസത്തിന് വേണ്ടി കാത്തു നിൽക്കാതെ എന്നും രാജ്യത്തെയും അതിന്റെ ധീര ജവാന്മാരെയും മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ആദരിക്കും എന്ന് പ്രതിജ്ഞ എടുക്കുന്ന ഒരു ദിവസം കൂടിയാവട്ടെ നമുക്കിത്. 

വാക്കുകളുടെ പൂർണ അർത്ഥവും ഉത്തരവാദിത്വവും മനസിലാക്കി കൊണ്ട് ശ്രീ വള്ളത്തോളിന്റെ വരികൾ നമുക്കും പറയാം… “ഭാരതമെന്നു കേൾക്കുമ്പോൾ അഭിമാന പൂരിതമാവട്ടെ അന്തരംഗം; കേരളമെന്നു കേട്ടാലോ തിളക്കട്ടെ ചോര ഞരമ്പുകളിൽ.”  

റോഷ്‌നി അജീഷ് 

roshnipaulsoulsearches.wordpress.com/

Next Post

ഒരു കാറില്‍ ഡ്രൈവറടക്കം നാല് പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ: ആഭ്യന്തര മന്ത്രാലയം

Sat Aug 15 , 2020
ദോഹ: ഒരു കാറില്‍ ൈഡ്രവറടക്കം നാല് പേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയം. എന്നാല്‍ കുടുംബങ്ങളെ നിര്‍ദേശത്തില്‍ നിന്ന് ഒഴിവാക്കിയതായും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്. രാജ്യത്ത് കോവിഡ്-19 വ്യാപനം വീണ്ടും കൂടിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലത്തിന്റെ പുതിയ നിര്‍ദേശം. ആളുകള്‍ പുറത്തിറങ്ങുമ്ബോള്‍ നിര്‍ബന്ധമായും മാസ്​ക് ധരിക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്. കോവിഡ്-19 പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് ഓരാരുത്തരുടെയും […]

You May Like

Breaking News

error: Content is protected !!