അവടേം ഇവടേം കേട്ട ഓണക്കഥകൾ – ഭാഗം ഒന്ന്

https://www.instagram.com/evawonderdesigns/

അങ്ങനെ നമ്മൾ വീണ്ടും ഒരു ഓണക്കാലത്ത് എത്തി നിൽക്കുകയാണ്. ലോക്ക് ഡൌൺ ഒക്കെ ആയതുകൊണ്ട് വീട്ടിൽ തന്നെ എങ്ങനെ ഇത്തവണത്തെ ഓണാഘോഷങ്ങൾ ഒരുക്കാം  എന്ന ചിന്ത നമ്മിൽ ചിലരെങ്കിലും തുടങ്ങിയിട്ടുണ്ടാവും. ശ്ശൊ  ഈ കൊറോണ ഒന്ന് പെട്ടന്ന് മാറിയിരുന്നെങ്കിൽ എന്ന ആലോചന മറു വശത്തും!  എല്ലാ ഭാഗത്തു നിന്നും ജീവിതം ഇങ്ങനെ വിജ്രംഭിച്ചു നിൽക്കുകയാണ്! ഓണം പാക്കേജ് ആയ സദ്യയും, പായസവും, പൂക്കളവും പിന്നെ മഹാബലിയും  ഒക്കെ എല്ലാ മലയാളിക്കും സുപരിചിതമാണ്. എന്നാൽ ഇതേ മഹാബലിയുടെ കഥയിൽ ഇത്രേം നാൾ നമ്മൾ ശ്രദ്ധിക്കാതെ പോയ വല്ലോം ഉണ്ടോ എന്ന് നോക്കിയാലോ? 

ചോദ്യം 1. ആരാണ് ഈ മഹാബലി?

ബലി എന്ന പദത്തിന് ‘സമർപ്പണം’ അതായത് മുഴുവനായും ദാനം കൊടുക്കുക എന്ന അർത്ഥമുണ്ട്. ഇത് കൂടാതെ ബലി എന്നാൽ ശക്തി എന്നും രാജാവ് എന്നും അർത്ഥം കല്പിക്കുന്നുണ്ട് പുരാണങ്ങളിൽ. അങ്ങനെ നോക്കിയാൽ മഹാബലി എന്നാൽ ഒരുപാട് ശക്തിയുള്ളവൻ എന്നും മഹാരാജാവ് എന്നും അർത്ഥം വരും.  നമുക്കറിയുന്ന കഥയുടെ പശ്ചാത്തലത്തിൽ നോക്കിയാൽ തനിക്കുണ്ടായിരുന്ന എല്ലാം ദാനം ചെയ്ത ഒരു മഹാരാജാവ് തന്നെ ആയിരുന്നു മഹാബലി. നമ്മൾ അദ്ദേഹത്തിനെ മാവേലി മഹാബലി ന്നു ഒക്കെ വിളിച്ചാലും ശരിക്കുമുള്ള പേര് ഇന്ദ്രസേനൻ എന്നായിരുന്നത്രെ!  

ചോദ്യം 2. അപ്പൊ മൂപ്പരുടെ ഫാമിലി ഒക്കെ? 

അച്ഛൻ  വിരോചനൻ, ‘അമ്മ ദേവാംബ.  മുത്തശ്ശനെ നമ്മളൊക്കെ അറിയും പ്രഹ്ളാദൻ! പ്രഹ്ളാദന് മഹാവിഷ്ണുവിനോടുള്ള ഭക്തി കാരണം അദ്ദേഹത്തിന്റെ അച്ഛൻ ഹിരണ്യകശിപു കൊല്ലാനൊരുങ്ങിയപ്പോഴാണ് നരസിംഹാവതാരം ഉണ്ടാവുന്നത്! മഹാബലിയുടെ ഭാര്യ വിന്ധ്യാവലി, മകൻ, ബാണാസുരൻ! കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും വേറൊരു കഥയുണ്ട്! ഒരിക്കൽ ശ്രീ പാർവതിയും പരമശിവനും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആരെയെങ്കിലും ത്രിലോകങ്ങളുടെയും രാജാവാക്കുവാൻ സാധിക്കുമോ എന്നായി പാർവതിയുടെ ചോദ്യം. അപ്പോൾ പരമശിവൻ അവിടെ കത്തിക്കൊണ്ടിരുന്ന ഒരു ദീപത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് ആ വിളക്കിനെ ആരാദ്യം കൂടുതൽ പ്രകാശിപ്പിക്കുന്നുവോ അവർക്കു ആ വരം ലഭിക്കുമെന്നായി.  അപ്പൊൽ ആ വഴിയേ നെയ്യിന്റെ മണം പിടിച്ചു വന്ന ഒരെലി ആ നെയ്യ് കുടിക്കുന്നതിനിടയിൽ ആ വിളക്കിന്റെ നാളം കൂടുവാനിടയായി. പാർവതിയുടെ വാക്കു പോലെ പരമശിവൻ ഈ എലി തന്നെ പിൽക്കാലം മൂന്ന് ലോകങ്ങളുടെയും രാജാവാകും എന്ന് പറഞ്ഞു. ഈ എലിയാണ് പിന്നീട് മഹാബലിയായി പുനർജനിച്ചതെന്നാണ് വേറൊരു വിശ്വാസം. 

ചോദ്യം 3. നല്ലവനായ ബലിയെ എന്തിനാ അപ്പൊ ചവിട്ടി താഴ്ത്തിയെ? 

തന്നെ ക്കൊണ്ട് ദാനം കൊടുക്കാൻ പറ്റാത്തതായി ഒന്നുമില്ല എന്ന അസുര രാജാവിന്റെ അഹങ്കാരത്തിനു തിരിച്ചടിയായി വാമനൻ ബലിയെ ചവിട്ടി താഴ്ത്തി എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. അത് ഒരു തരത്തിൽ ശരിയുമാണ്. എന്നാൽ ഇത് കൂടാതെ ബലിക്ക് കിട്ടിയ രണ്ടു ശാപങ്ങളും ഇതിനു വഴി വച്ചു എന്നുമുണ്ട് കഥ. ലോകത്തെ മുഴുവൻ ജയിച്ചു വന്ന മഹാബലി ഒരിക്കൽ പ്രഹ്ളാദന്റെ മുന്നിൽ വച്ച് തന്നെ ആർക്കും തോൽപിക്കാൻ ആവില്ല എന്ന് വീമ്പിളക്കി. എന്നാൽ വിഷ്ണുഭക്തനായ പ്രഹ്ളാദൻ ബലിയെ ശപിച്ചുകൊണ്ട് നാരായണനാൽ കഴിയാത്തതായി ഒന്നുമില്ല എന്ന് പറഞ്ഞു. ബലിയുടെ ഗുരുവായിരുന്നു ശുക്രാചാര്യർ.  ദേവലോകത്തെ കൂടി ജയിച്ചു ഇന്ദ്രനാവാൻ അശ്വമേധ യാഗം നടത്തിയ മഹാബലിയെ വല്ല വിധേനെയും ദേവന്മാർ മുടക്കും എന്ന് അദ്ദേഹം സംശയിച്ചിരുന്നു . അതുകൊണ്ടു തന്നെ ആര് ദാനം ചോദിച്ചു വന്നാലും അതിൽ നിന്ന് ഒഴിയാൻ ബാലിയെ അദ്ദേഹം ഉപദേശിച്ചു. പക്ഷെ ബലി അത് കേട്ടില്ല. ആ കാരണത്താൽ ഗുരുവും അദ്ദേഹത്തെ ശപിച്ചു. ഈ രണ്ടു ശാപങ്ങളുടെ ഫലമാണ് നാരായണ മൂർത്തിയായ വാമനൻ കാരണം ബലിക്ക് അനുഭവിക്കേണ്ടി വന്നത്. 

ചോദ്യം 4. മാവേലി ശരിക്കും കേരളം വാണിരുന്നോ? 

മഹാവിഷ്ണുവിന്റെ അവതാരങ്ങൾ നോക്കിയാൽ വാമനാവതാരം കഴിഞ്ഞിട്ടാണ് പരശുരാമന്റെ അവതാരം വരുന്നത്. അത് കൊണ്ട് തന്നെ പരശുരാമൻ മഴു എറിഞ്ഞു സൃഷ്ടിച്ചു എന്ന ഐതിഹ്യം നോക്കിയാൽ, മാവേലി കേരളം വാണിരുന്നു എന്ന് പറയാൻ പറ്റില്ല. പക്ഷെ മഹാബലി ത്രിലോകങ്ങളെയും ജയിച്ച രാജാവായിരുന്നു, അദ്ദേഹം ഭരിച്ച നാടിന്റെ തലസ്ഥാനമായി ഇപ്പോഴത്തെ തൃക്കാക്കരയെ കണക്കാക്കുന്നു. അത് കൊണ്ട് തന്നെ ഭാരതത്തിലെ തന്നെ വളരെ ചുരുക്കമായുള്ള വാമന പ്രതിഷ്ഠയുള്ള അമ്പലമാണ് തൃക്കാക്കരപ്പന്റെ അമ്പലം. തിരുകാൽ എന്ന വാക്കാണ് പിന്നീട് തൃക്കാക്കര ആയി മാറിയതെന്നും പറയപ്പെടുന്നു. 

ചോദ്യം 5. മഹാബലി അസുരനല്ലേ, എന്നിട്ടും എങ്ങനെ മൂപ്പര് സെലിബ്രിറ്റി ആയി? 

നമ്മൾ കേട്ട് വളർന്ന അസുരരാജാവായ മഹാബലി അദ്ദേഹത്തിന്റെ പാരമ്പര്യവും വംശവും ഒക്കെ മാറി കടന്നു തന്നെ കൊണ്ട് സാധിക്കുന്ന പോലെ പ്രജകളെ ഏറ്റവും നന്നായി നോക്കിയ ഒരു രാജാവായിരുന്നു. ഏതു കള്ളത്തരത്തിനെയും എതിർത്തും, ദാനതല്പരനായും, ഈശ്വര ഭക്തിയോടെയും ജീവിച്ചു. അങ്ങനെ നോക്കിയാൽ അദ്ദേഹം ഒരു സെലിബ്രിറ്റി തന്നെ അല്ലെ? ചവിട്ടി താഴ്ത്തുന്നതിനു മുൻപ് ഒന്നല്ല മൂന്നു വരങ്ങളാണ് അദ്ദേഹത്തിന് കിട്ടിയത്. പാതാളലോകത്തെ ഷൂതളം എന്ന രാജ്യം, അടുത്ത ഇന്ദ്രനാവാനുള്ള വരം പിന്നെ നമുക്കറിയാവുന്ന പോലെ കൊല്ലത്തിൽ ഒരു തവണ എല്ലാ ലോകങ്ങളും ദർശിക്കാനുള്ള ഭാഗ്യവും. പോരെ? 

മഹാബലി ഒരു ഉട്ടോപ്യൻ സങ്കൽപ്പമാണ് എന്ന് വിശ്വസിക്കുന്നവരുണ്ടാവാം, അങ്ങനെയാണെങ്കിൽ പോലും അദ്ദേഹം ഭരിച്ചിരുന്ന സമയത്തെ പോലെ ആയിരുന്നു കാര്യങ്ങൾ എങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല, തീർച്ച! മറിച്ചു ഒരു ചിന്ത ഇങ്ങനെ. ഇന്ന് ഈക്കൊല്ലം അദ്ദേഹം നമ്മളെ ഓണനാളിൽ കാണാൻ വരുമ്പോൾ കവി സച്ചിദാനന്ദൻ പാടിയ പോലെ “മഹാബലി അവശിഷ്ടങ്ങളിലൂടെ നടക്കുന്നു” എന്ന് പറയേണ്ടി വരുമോ? 

വീണ്ടുമൊരു അതിജീവനത്തിന്റെ ഓണത്തിനായി നമുക്കേവർക്കും ഒരുങ്ങാം …   മാവേലിയേയും വരവേൽക്കാം…  

റോഷ്‌നി അജീഷ്
 https://roshnipaulsoulsearches.wordpress.com/

Next Post

യുകെ: വീട്ടിലേക്കുള്ള വഴി മുടക്കി കാര്‍ പാര്‍ക്ക് ചെയ്തു; വീട്ടുടമ അയല്‍വാസിയുടെ കാര്‍ മൂടിക്കെട്ടി !

Sat Aug 22 , 2020
കെന്‍റ് : സ്വന്തം വീടിലേക്കുള്ള വഴി മുടക്കി പാര്‍ക്ക് ചെയ്ത അയല്‍വാസിക്ക്‌ മുട്ടന്‍ പണി കൊടുത്ത് വീട്ടുടമ. തുടര്‍ച്ചയായ മുന്നറിയിപ്പ് വക വെക്കാതെ തന്റെ വീട്ടിലേക്കുള്ള വഴി മുടക്കി ഡ്രൈവ്-വെക്ക് മുന്നില്‍ രണ്ടു ദിവസത്തോളം പാര്‍ക്ക് ചെയ്ത കാര്‍ ആണ് വീട്ടുടമ ടോബ് ബെയ്‌ലി മൂടിക്കെട്ടിയത്. കെന്‍റില്‍ ആണ് സംഭവം. 7 കുട്ടികളുടെ പിതാവായ ടോബിന് എല്ലാ സമയത്തും കാര്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നു. എന്നാല്‍ അയല്‍വാസികളുടെ കാര്‍ പല സമയത്തും […]

Breaking News

error: Content is protected !!