കോടതിയലക്ഷ്യത്തിൻ്റെ നീതിയും രാഷ്ട്രീയവും..

അഡ്വ.ടി.പി.എ.നസീർ-

അഭിപ്രായ സ്വാതന്ത്ര്യത്തെയും ഭരണകൂട വിമർശനങ്ങളെയും രാജ്യ ദ്രോഹമാക്കി മുദ്രകുത്തുകയും എതിർ ശബ്ദങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട രീതികൾ രാജ്യത്ത് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് സുപ്രിം കോടതിയുടെ സമകാലീന പ്രവർത്തനങ്ങളെയും വിധികളേയും കുറിച്ച് ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്തിയ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ നടപടികളുമായി സുപ്രിം കോടതി മുന്നോട്ട് പോവുന്നതെന്നത് നമ്മെ ഭയപ്പെടുത്തുന്നു. കോവിഡ് കാലത്ത്  ബി.ജെ.പി നേതാവിൻ്റെ ആഡംബര ബൈക്കായ ഹാർലി ഡേവിസണിൽ ഹെൽമെറ്റും മാസ്കുമില്ലാതെ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ ഇരിക്കുന്നത് ട്വീറ്റ് ചെയ്യുകയും അടിയന്തിരാവസ്ഥയില്ലാതെ രാജ്യത്തെ ജനാധിപത്യം നശിപ്പിക്കപ്പെട്ടതിന് സുപ്രിം കോടതിയുടെ വിശേഷിച്ച് അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് ചരിത്രം പരിശോധിക്കുന്നവർക്ക് മനസ്സിലാവുമെന്ന് പറഞ്ഞതിനുമാണ് സുപ്രിം കോടതി പ്രശാന്ത് ഭൂഷനെതിരെ സ്വമേധയാ കോർട്ടലക്ഷ്യ കേസ് എടുത്തിരിക്കുന്നത്.

ജുഡീഷ്യൽ ആക്ടിവിസത്തിലൂടെ രാഷ്ട്രീയ പക്ഷപാതിത്വം നിറഞ്ഞ കോടതി വിധികൾ രാജ്യത്തെ ഭരണഘടനാ മുല്ല്യങ്ങളെതന്നെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് സുപ്രിം കോടതി വിധികളെയും വിധികർത്താക്കളുടെ രാഷ്ട്രീയബന്ധങ്ങളെയും പൊതു സമൂഹം വിലയിരുത്തുന്നത് എങ്ങിനെയാണ് കോടതിയലക്ഷ്യമായി മാറുന്നത്? 1971ലെ കോടതിയലക്ഷ്യ നിയമത്തിൽ പ്രധാനമായും സുപ്രിം കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ അനുവദിക്കാതിരിക്കുക, നടപ്പിലാക്കാതിരിക്കുക, കോടതി നടപടികളെ തടസ്സപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ജനാധിപത്യ സംവിധാനത്തിൽ ഭരണകൂട ഇച്ഛകൾ കോടതി വിധികളായി പുറത്തു വരുമ്പോൾ കോടതികൾ വിമർശനമേൽക്കുമെന്നത് സ്വാഭാവികമാണ് എന്നാൽ അത്തരം വിമർശനങ്ങളെ കോടതികൾ ഭയക്കുന്നുവെന്നതിൻ്റെ തെളിവുകളാണ് സുപ്രിം കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ നടപടികളിലൂടെ ബോധ്യപ്പെടുന്നത്.


കോടതിക്കെതിരെയുള്ള സദുദ്ദേശ പരാമർശങ്ങൾ കോടതിയലക്ഷ്യമാവുമെന്ന വാദം ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരാണന്ന അഭിപ്രായം രാജ്യത്ത് ശക്തമായി നില നിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള കോടതിയലക്ഷ്യ കേസുമായി സുപ്രിം കോടതി മുന്നോട്ട് പോവുന്നത്. കോടതിയലക്ഷ്യ നിയമങ്ങൾ കൊളോണിയൽ സംവിധാനത്തിൻ്റെ അവശിഷ്ഠങ്ങളാണ്. ഇത്തരം അധികാര ശേഷിപ്പുകൾ ഈ ജനാധിപത്യ കാലത്തും കോടതികൾ എടുത്ത് ഉപയോഗിക്കുന്നത് തങ്ങൾ നിഷ്പക്ഷരും നീതിപൂർവ്വവുമാണന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ്. കോടതികൾ കോടതി വിധികളെ തന്നെ ഭയക്കുകയും തങ്ങളുടെ വിധികൾ തിരിഞ്ഞു  കൊത്തുമെന്നും ഭരണകൂട ഇടപെടലുകൾക്ക് മുന്നിൽ കോടതിയുടെ നിഷ്പക്ഷത നിരന്തരം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നുമുള്ള  തോന്നലുകളുമാണ് സുപ്രിം കോടതിയെ ഇപ്പോൾ കോടതിയലക്ഷ്യമെന്ന സ്വയംപ്രതിരോധത്തിന് പ്രേരിപ്പിക്കുന്നത്. ഭരണകൂടത്തിൻ്റെ ആജ്ഞാനുവർത്തികളായി രാജ്യത്തെ കോടതികൾ വഴിമാറുന്നത് ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ അധികാര ചേർച്ചകളാണ്. ഭരണഘടന നിലനിർത്തി തന്നെ തങ്ങൾക്കനുകൂലമായി ഭരണഘടനാ മൂല്ല്യങ്ങളെ നിഷേധിക്കാൻ ജുഡീഷ്യറിയെ കൂട്ടിപ്പിടിക്കുന്ന രാഷ്ട്രീയ അജണ്ടകളും സമ്മർദ്ദങ്ങളുമാണ് ഫാസിസ്റ്റ് ഭരണകൂടങ്ങൾ എക്കാലത്തും ചെയ്തു കൊണ്ടിരിക്കുന്നത്.

രാജാവും തിരുസഭയും കോടതിയും ഒന്നാണന്നും കോടതിക്കെതിരെയുള്ള പരാമർശങ്ങൾ രാജാവിനെതിരാണന്നുമുള്ള ഏകാധിപത്യ ചിന്തകൾ ഈ ജനാധിപത്യ കാലത്ത് നടപ്പിൽ വരുത്തുമ്പോൾ കോടതിയലക്ഷ്യമെന്ന സ്വയം പ്രതിരോധം ഫലത്തിൽ തകർക്കുന്നത് രാജ്യത്തെ ജനാധിപത്യ അവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യത്തെ തന്നെയുമാണ്. അഴിമതി ജുഡീഷ്യറിയെ പിടികൂടിയിരിക്കുന്നുവെന്നും രാഷ്ട്രീയ പക്ഷപാതിത്വം കോടതി വിധികളെ സ്വാധീനിക്കുന്നുവെന്നും ആദ്യമായിട്ടല്ല വിളിച്ചു പറയപ്പെടുന്നത്. സുപ്രിം കോടതിയുടെ ജനാധിപത്യമില്ലായ്മയേയും ജുഡീഷ്യറിയിലെ അഴിമതിയേയും കുറിച്ച് മുൻ സുപ്രിം കോടതി ജഡ്ജിമാർ തന്നെ നിരവധി തവണ പൊതു സമൂഹത്തോട് ഏറ്റു പറഞ്ഞിട്ടുണ്ടന്നത് വിസ്മരിക്കരുത്. സുപ്രിം കോടതി സ്വമേധയാ എടുക്കുന്ന കോടതിയലക്ഷ്യങ്ങൾ സ്വാഭാവികമായും നിയമത്തിൻ്റെ ദുരുപയോഗത്തിനും പൗരൻ്റെ ജനാധിപത്യ മൗലിക അവകാശങ്ങൾക്കുമെതിരാണ്.

പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യവുമായി മുന്നോട്ട് പോവുമ്പോൾ സമകാലീനത്ത് ഉണ്ടായ സുപ്രിം കോടതി വിധികളെ കുറിച്ചും അവയുയർത്തിയ രാഷ്ട്രീയ ഭരണഘടനാ പ്രത്യാഘാതങ്ങളെ കുറിച്ചും  ജനങ്ങളിൽ ജുഡീഷ്യറിയെ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളിലുണ്ടായ വിശ്വാസ തകർച്ചയെക്കുറിച്ചും എന്തുകൊണ്ട് പരമോന്നത  നീതിപീഠം ചിന്തിക്കുന്നില്ല? കാശ്മീരിലെ ജനങ്ങളുടെ പൗരവകാശലംഘനത്തെ കുറിച്ച് സുപ്രിം കോടതിയിൽ വാദിച്ച അഭിഭാഷകനോട് ‘അവിടെ ഇപ്പോൾ കഠിന തണുപ്പല്ലേ, എങ്ങിനെയാണ് ഇപ്പോൾ അവിടേക്ക് പോവുകയെന്ന് ‘ തമാശിച്ച സുപ്രിം കോടതി ജഡ്ജിമാർ ഇപ്പോഴുമുണ്ടെന്നത് മറക്കരുത്.

പൗരന്മാരുടെ സുരക്ഷിതത്വവും പൗരവകാശവും സംരക്ഷിക്കപ്പെടേണ്ട പരമോന്നത കോടതികൾ പലപ്പോഴും ഇത്തരം കേസുകളിൽ നിശബ്ദത പാലിക്കുകയോ അല്ലങ്കിൽ ഭരണകൂട വാദങ്ങൾക്കനുകൂലമായി നിലകൊള്ളുകയോയാണുണ്ടാവുന്നത്. പൗരത്വ ബില്ലുമായി രാജ്യത്ത് പടർന്നു പിടിച്ച പ്രതിഷേധങ്ങളോടും പൗരത്വ ബില്ലിൻ്റെ ഭരണഘടനാ സാധ്യതകളെ കുറിച്ചും മുൻവിധിയോടെയാണ് സുപ്രിം കോടതി സംസാരിച്ചതെന്നോർമ്മ വേണം. സുപ്രിം കോടതിയിൽ നിന്നുണ്ടായ ചില നിരീക്ഷണങ്ങൾ രാജ്യത്തെ ജനാധിപത്യ ജനകീയ മുന്നേറ്റങ്ങളുടെ പ്രതീക്ഷകൾക്കാണ് മങ്ങലേൽപ്പിച്ചത്. അയോധ്യ വിധി പ്രഖ്യാപിച്ചതിനു ശേഷം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭാംഗമായി തിരഞ്ഞെടുത്തത് സുപ്രിം കോടതി ജഡ്ജിമാരുടെ നിഷ്പക്ഷതയെതന്നെ ചോദ്യം ചെയ്ത നടപടിയായിരുന്നു. ഇത്തരത്തിലുള്ള തെറ്റായ സന്ദേശത്തെ വിമർശിക്കുന്നത് എങ്ങിനെയാണ് രാജ്യത്ത് കുറ്റകൃത്യമായി മാറുന്നത്? മനുഷ്യാവകാശ പ്രവർത്തകരെ കുറിച്ചും യു.എ.പി.എ.ചുമത്തിയ കേസുകളിലുമൊക്കെ പലപ്പോഴും ഭരണകൂട അഭിപ്രായങ്ങളോട് കൂടുതൽ അടുത്തു നിൽക്കുന്ന നിലപാടുകളാണ് സമകാലീനത്ത് സുപ്രിം കോടതി എടുത്തിട്ടുള്ളത്. കാശ്മീർ ജനങ്ങളുടെ പൗരവകാശത്തെ കുറിച്ച്, അയോദ്ധ്യ കേസ്, ശബരിമല കേസിൻ്റെ പുന:പരിശോധന, റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസ്, പ്രധാനമന്ത്രിയുടെ മോഡി കെയർ പദ്ധതി തുടങ്ങിയ കേസുകളിലൊക്കെ കേന്ദ്ര ഗവർമെൻ്റിൻ്റെ വാദങ്ങൾക്കൊപ്പം നിന്നുകൊണ്ടാണ് സുപ്രിം കോടതി വിധി പ്രഖ്യാപിച്ചെതെന്നത് ജനാധിപത്യ സംവിധാനത്തിലൂടെ നോക്കി കാണുന്ന ഏതൊരാൾക്കും പരമോന്നത നീതി പീഠം  ഭരണകൂട താൽപര്യങ്ങൾക്ക് കീഴൊതുങ്ങിയതായാണ് വിലയിരുത്താനാവുക.

ഭരണഘടനാ സ്ഥാപനമായ സുപ്രിം കോടതിയിലെ ജഡ്ജിമാർ പ്രധാനമന്ത്രിയെ വാഴ്ത്തുകയും അപദാനങ്ങൾ വിളിച്ചു പറയുകയും ചെയ്യുന്നത് രാജ്യത്ത്   കീഴ്വഴക്കങ്ങളില്ലാത്ത  പ്രവൃത്തികളാണ്.ജനാധിപത്യത്തിലുടെ ഫാസിസ്റ്റുകൾ അധികാരം കയ്യാളുമ്പോൾ ജുഡീഷ്യറിയുൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളുടെ മുകളിൽ സമഗ്രാധിപത്യം സ്ഥാപിക്കുകയെന്നത് ഫാസിസ്റ്റ് രീതിയാണ്.ഭരണഘടനയെ നോക്കുകുത്തിയാക്കി തങ്ങൾക്കാവശ്യമായ പല ഭരണഘടനാ തീരുമാനങ്ങൾ ഭരണഘടന ഭേദഗതി വരുത്താതെ തന്നെ ജുഡീഷ്യറിയുടെ തിരുമൊഴികളിലൂടെ സാധിപ്പിച്ചെടുക്കുന്ന ജുഡീഷ്യൽ പൊളിറ്റിക്കൽ ആക്ടിവിസമാണ് ഇന്ന് പലപ്പോഴും നമ്മൾ കാണുന്നത്. ഇത്തരമൊരു കാലഘട്ടത്തിൽ സുപ്രിം കോടതി വിധികളെയും പ്രവർത്തനങ്ങളെയും ജനാധിപത്യപരമായി വിമർശിക്കുന്നതിനെ കോടതിയലക്ഷ്യമായി കാണുന്നത് പൊതുസമൂഹത്തിൽ സുപ്രിം കോടതിയുടെ വിശ്വാസ്യത കൂടുതൽ നഷ്ട്ടപ്പെടുത്താൻ മാത്രമേ സഹായിക്കുകയുള്ളൂ…Next Post

2022 ലോകകപ്പ് - റാസ്​ അബൂ അബൂദ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു

Thu Aug 27 , 2020
ദോഹ: 2022 ലോകകപ്പി​െന്‍റ പ്രധാന സ്​റ്റേഡിയങ്ങളിലൊന്നായ റാസ്​ അബൂ അബൂദ് സ്​റ്റേഡിയത്തി​െന്‍റ നിര്‍മാണം പുരോഗമിക്കുന്നുവെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു. സ്​റ്റേഡിയത്തി​െന്‍റ നിര്‍മാണ ഫോട്ടോ അടക്കമുള്ള ട്വീറ്റിലാണ് സുപ്രീം കമ്മിറ്റി നിര്‍മാണ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.ഷിപ്പിങ്​ കണ്ടെയ്നറുകള്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന സ്​റ്റേഡിയത്തില്‍ 40,000 കാണികള്‍ക്കാണ് ഇരിപ്പിടമൊരുക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന്​ കേവലം ഒന്നര കിലോമീറ്റര്‍ മാത്രം ദൂരത്തായി 45,0000 ചതുരശ്രമീറ്റര്‍ സ്​ ഥലത്താണ് സ്​റ്റേഡിയം നിര്‍മിക്കുന്നത്. ഫെന്‍വിക് […]

Breaking News

error: Content is protected !!