അവിടേം ഇവടേം കേട്ട ഓണകഥകൾ – ഭാഗം രണ്ട്

https://www.instagram.com/evawonderdesigns/

 അങ്ങനെ ഓണം നമ്മുടെ വീടിന്റെ  വാതിൽക്കലെത്തി കഴിഞ്ഞു. പുതിയ പ്രതീക്ഷകളെയും  സ്വപ്നങ്ങളെയും നെഞ്ചിലേറ്റി നന്മയുടെയും സന്തോഷത്തിന്റെയും ഒപ്പം കരുതലോടെയും കൂടിയുള്ള ഒരു ഓണം.  ജാതിമതഭേദമെന്യേ ലോകമെമ്പാടുമുള്ള മലയാളികൾ അവരുടേതായ രീതിയിൽ ഓണം ആഘോഷിക്കുന്നു. അപ്പൊ ഇന്ന് ഓണത്തെ പറ്റി അവിടേം ഇവടേം കേട്ടിട്ടുള്ള ബാക്കിയുള്ള  ചില കഥകൾ കൂടി നോക്കിയാലോ? 

ചോദ്യം 1. എന്താ ഈ ഓണവും വള്ളംകളിയും തമ്മിലുള്ള ബന്ധം? 

“കുട്ടനാടൻ പുഞ്ചയിലെ… തി തൈ തക തൈ തൈ തോം!” പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി , പായിപ്പാട് ജലോത്സവം, പിറവം വള്ളംകളി, കണ്ടശ്ശാങ്കടവ് വള്ളംകളി എന്നിങ്ങനെ പല വള്ളംകളികൾ ഉണ്ടെങ്കിലും ആറന്മുള വള്ളംകളിക്ക് ഏകദേശം നാനൂറു വര്ഷങ്ങളോളം പഴക്കമുണ്ട്. ചരിത്രത്തിൽ പറയുന്നത്  ശ്രീ ചെമ്പകശ്ശേരി ദേവനാരായണൻ രാജാവിന്റെ തുടർച്ചയായുള്ള യുദ്ധങ്ങളുടെ തോൽവിക്ക് പരിഹാരമായി കൊടിപ്പുന്ന വെങ്കിട  നാരായണൻ ആശാരി ഉണ്ടാക്കിയതാണത്രെ ആദ്യത്തെ ചുണ്ടൻ വള്ളം! എന്നാൽ വിശ്വാസികൾ വള്ളംകളിയെ  ആറന്മുളയിലെ ശ്രീ പാർത്ഥസാരഥി അമ്പലത്തിലെ കൃഷ്ണഭഗവാന് സമർപ്പിച്ചുകൊണ്ടു നടത്തുന്ന വിനോദമായിട്ടു  കാണുന്നു.  കാരണം ഉണ്ട്. കഥ ഇങ്ങനെ. കാട്ടൂർ മനയിലെ വല്യ തിരുമേനി ഓണം ദിവസങ്ങളിൽ സാധുക്കൾക്ക് ഭക്ഷണം കൊടുക്കുക പതിവായിരുന്നു. എങ്കിൽ ഒരിക്കൽ തന്റെ ഭക്ഷണം വാങ്ങാൻ ആരും വന്നില്ല. നേരം ഏറെ വൈകിയപ്പോൾ ഒരു പാവപെട്ട ബാലൻ വന്നു ഭക്ഷണം കഴിക്കുകയും അപ്രത്യക്ഷനാവുകയും  ചെയ്തു. ഇതേ പയ്യനെ പിന്നീട് തിരുമേനി ആറന്മുള ക്ഷേത്രത്തിൽ പ്രത്യക്ഷപെട്ടു കാണുകയും ചെയ്തു. ഭഗവാന്റെ ലീലാവിലാസം എന്ന് മനസ്സിലാക്കിയ തിരുമേനി എല്ലാ വർഷവും അമ്പലത്തിലേക്ക് വള്ളത്തിൽ ഭക്ഷണം

 കൊടുക്കുന്നത് പതിവാക്കി. ആ വള്ളത്തിനു ഓണത്തോണി എന്ന് വിളിപ്പേരായി. ആരും  ഓണത്തോണിയെ  ആക്രമിക്കാതിരിക്കാൻ ദേശവാസികൾ ചെറിയ വള്ളങ്ങളിൽ ഓണത്തോണിയെ അനുഗമിക്കാനും തുടങ്ങി. ഇതിനെ ഓര്മപെടുത്താൻ ഇന്നും ചിങ്ങ മാസത്തിലെ ഉത്രട്ടാതി ദിവസത്തിൽ വള്ളംകളി നടത്തി വരുന്നു..  കാലം കഴിയും തോറും ഓണക്കാലത്തു മാത്രമല്ല കേരളത്തിന്റെ പാരമ്പര്യത്തിന്റെ തന്നെ പ്രതീകമായി വള്ളംകളി മാറിയിട്ടുണ്ട്. ആർപ്പോ ഇർറോ ഇർറോ !!     

ചോദ്യം 2.  ഈ ഓണപ്പൊട്ടൻ ആരാ? 

ഓണം ഒന്നേയുള്ളൂ. പക്ഷെ അതോടനുബന്ധിച്ചു ഓരോ ഇടത്തും ഓരോ കഥകളും വിശ്വാസങ്ങളും ഉണ്ട്. കേരളത്തിലെ തെക്കേ മലബാറിലെ ഒരു വിശേഷപ്പെട്ട തെയ്യം കഥാപാത്രമാണ് ഈ ഓണപ്പൊട്ടൻ. ചുവന്ന പട്ടും കണ്ണഞ്ചിപ്പിക്കുന്ന തെയ്യം വേഷവിധാനത്തിൽ ഓണപ്പൊട്ടൻ കയ്യിൽ ഓലക്കുടയും ഒരു കിലുങ്ങുന്ന മണിയുമായി ഓണദിവസം വീടുകളിൽ കുട്ടികളെയും മുതിർന്നവരെയും കാണാൻ എത്തുന്ന ഒരു ചടങ്ങുണ്ട്.  തന്റെ പ്രജകളെ കാണാനെത്തുന്ന മാവേലിയുടെ കഥയാണ് ഓണപ്പൊട്ടന്റെയും. പൊട്ടൻ സംസാരിക്കില്ല, കൂടെയുള്ള ചെണ്ടക്കാരനും പാട്ടുകാരനും ആണ് കഥകൾ പാടി അവതരിപ്പിക്കുന്നത്. ഓണപ്പൊട്ടനെ ഓണത്താർ, എന്നും ഓണേശ്വരൻ എന്നും വിളിക്കാറുണ്ട്.  ജോൺസൻ മാഷ് ‘വരവേൽപ്പ്’ എന്ന ചിത്രത്തിലെ വരികളിൽ എഴുതിയ പോലെ ” ഓണത്താറാടി വരുന്നേ, ഓണത്താർ ആടി വരുന്നേ  !”

ചോദ്യം 3. അപ്പൊ ഈ ഓണത്തപ്പനോ?

ഓണത്തിന് പൂക്കളമിടാത്തവർ ഉണ്ടാവില്ല. ഓണക്കാലമായാൽ പിന്നെ പല നിറത്തിലും തരത്തിലും മത്സരങ്ങളിലും ഒക്കെ പൂക്കളം ഇങ്ങനെ നിറഞ്ഞു നിൽക്കും.  ഈ പൂക്കളത്തിന്റെ നടുവിൽ മണ്ണ് കൊണ്ടുണ്ടാക്കിയ ത്രികോണാകൃതിയിലുള്ള ഒരു സംഗതി വെക്കാറുണ്ട്. അതിനെയാണ് ഓണത്തപ്പൻ എന്ന് പറയുന്നത്. വിശ്വാസികൾ തൃക്കാക്കര അമ്പലത്തിലെ തൃക്കാക്കരപ്പനെയും, മാവേലിയേയും മഹാവിഷ്ണുവിനേയും  ഒക്കെ പ്രതിനിധാനം ചെയ്യാൻ ഈ മൺപ്രതീകം ഉപയോഗിക്കുന്നു. അത്തം നാളിൽ വിവിധ പൂജകളോടെ തൃക്കാക്കരയപ്പനെ പൂജിക്കുന്ന എറണാകുളത്തു നടക്കുന്ന അത്തച്ചമയം പ്രശസ്തമാണ്.

എന്തൊക്കെ പറഞ്ഞാലും തുമ്പപ്പൂവും, അരളിപ്പൂ, തെച്ചി, മന്ദാരം,  മുക്കുറ്റിയും, കാക്കപ്പൂവും, തൊടിയിലെ കൃഷ്ണകിരീടം, വീട്ടിലെ മുറ്റത്തെ ജമന്തി, ചെമ്പരത്തി, മുല്ലപ്പൂവ്, ചെമ്പകം, കനകാംബരം അങ്ങനെ ഒരു കാക്കത്തൊള്ളായിരം പൂവുകൾ കൊണ്ട് പൂക്കളം ഇട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിനെ പറ്റി ഇപ്പൊ ഇന്നത്തെ കുട്ടികളിൽ പലർക്കും കേട്ടുകേൾവി പോലും ഉണ്ടാവില്ല. എന്തിനേറെ പറയുന്നു? കഴിഞ്ഞ വര്‍ഷം വരെ അതിർത്തി കടന്നു വന്ന വാടാമല്ലിയും ചെണ്ടുമല്ലിയും പോലും ഇന്ന് കൊറോണ  കാരണം കിട്ടാതാവുന്നു എന്നുള്ളതും സങ്കടമാണ്.         

ചോദ്യം 4. ശരിക്കും സദ്യക്ക് എത്ര കൂട്ട്  വിഭവങ്ങൾ വേണം? 

“കാണം വിറ്റും ഓണം ഉണ്ണണം” എന്നാണു പഴഞ്ചോല്ല് ! എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും ഓണം മുടക്കരുത് എന്ന് അർത്ഥം. ഓണത്തിന്റെ മെയിൻ ഹൈലൈറ് (പ്രധാന സംഭവം) സദ്യ തന്നെയാണ്. പത്തും പതിനഞ്ചും വിഭവങ്ങളിൽ തുടങ്ങി ഇരുപതോ അതിലധികമോ വിഭവങ്ങളോടെ വിളമ്പുന്ന സദ്യയുണ്ട്. തൂശനിലയിലെ ഇടത്തെ അറ്റം തൊട്ടു അങ്ങേ അറ്റം വരെ ഇടുന്ന വിഭങ്ങൾ അത് വിളമ്പുന്ന രീതി, കഴിക്കേണ്ട വിധം ഇതൊക്കെ കേരളത്തിലങ്ങോളം ഇങ്ങോളം  വ്യത്യാസമുള്ളതാണ്. ചോറിനു വരുന്ന കറികളുടെ വരവിനു പോലും ഒരു അടുക്കും ചിട്ടയുമുണ്ട്. പായസത്തിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. ഇതൊക്കെ മാറ്റി നിർത്തിയാൽ മിനിമം ഒരു ഓണസദ്യയ്ക്ക് കാണുന്ന വിഭവങ്ങൾ താഴെ പറയുന്നു.  ചെറുപഴം, സർക്കരയുപ്പേരി, കായ വറുത്തത്, പപ്പടം, ചോറ്, ഉപ്പു, പരിപ്പ് കറി, സാമ്പാർ, ഇഞ്ചിപ്പുളി, പുളിശ്ശേരി, കാളൻ, ഓലൻ, രസം, അവിയൽ, പച്ചടി, കിച്ചടി,  എരിശ്ശേരി, തോരൻ, മുളക് കൊണ്ടാട്ടം, അച്ചാർ. പായസം, അട പ്രഥമൻ. പാരമ്പരാഗതമായിട്ടുള്ള വിഭവങ്ങൾക്കൊപ്പം പുത്തൻ രുചികളും ഇപ്പൊ സദ്യയിൽ സ്‌ഥാനം പിടിച്ചിട്ടുണ്ട് ഈന്തപ്പഴം ചമ്മന്തി, പൈൻ ആപ്പിൾ പച്ചടി എന്നിവയൊക്കെ ഇപ്പോ സാധാരണമായി വരുന്നുണ്ട്. എപ്പോ ഒരു ഏകദേശ രൂപം പിടികിട്ടിയല്ലോ അല്ലെ? 

അവസാനത്തെ ചോദ്യം. വേറെയും ഉണ്ടോ ഈ വെറൈറ്റി ‘ഓണ’ വാക്കുകൾ ?               

തപ്പിയാൽ ഇനിയും കിട്ടും തീർച്ചയാണ്. തിരുവോണം നാൾ തിരുവിതാംകൂറുകാർക്കു ശ്രീ പദ്മനാഭസ്വാമിയുടെ പിറന്നാൾ  കൂടിയാണ്.  അന്നേ ദിവസം ഭഗവാന് സമർപ്പിക്കുന്ന ‘ഓണവില്ല്’ പേരുകേട്ടതാണ്. എന്നാൽ മധ്യകേരളത്തിൽ ‘ഓണത്തല്ല്’ നടത്താതെ ഓണം പൂർത്തിയാവില്ല. പാലക്കാട് പല്ലശ്ശനയിൽ 2 ദിവസങ്ങളായിട്ടു 2  സമുദായക്കാർ കൂടി വന്നു  തങ്ങളുടെ നാട്ടുരാജാവിനെ തോല്പിച്ചതിന്റെ പ്രതികാരമെന്നോണം ഇന്നും  ഓണത്തല്ല് നടത്തുന്നു. ഇത് കൂടാതെ

ഓണക്കോടി ഉടുത്തു കളിക്കുന്ന  തലപ്പന്തു കളി, കയ്യാങ്കളി, കബഡി പോലെയുള്ള കുടു കുടു, ആട്ടക്കളം, അമ്പെയ്യൽ, ഊഞ്ഞാലാട്ടം, പിന്നെ പുലിക്കളി , വടംവലി പോലെയുള്ള ഓണക്കളികളും ഉണ്ട്. ആരെഴുതി എന്ന് ഇന്നും അറിയാത്ത “മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാരും ഒന്നുപോലെ !” എന്ന ഓണപ്പാട്ടിൽ തത്കാലം നിര്ത്തുന്നു. 

അപ്പൊ എല്ലാവര്ക്കും എന്റെയും അശ്വതിയുടെയും ഞങ്ങളുടെ കുടുംബത്തിന്റെയും വക സന്തോഷകരമായ 

ഒരു ‘വീട്ടിലെ ഓണം’ ആശംസിക്കുന്നു !     

റോഷ്‌നി അജീഷ് 

https://roshnipaulsoulsearches.wordpress.com/

Next Post

ഒരു 100 CC പ്രേമ കഥ |purely home made |

Fri Aug 28 , 2020
ഒരു പ്രേമ കഥ എന്ന പേരിൽ സിജിത് വള്ളിയാങ്കൽ ഒരുക്കിയ ഷോർട് ഫിലിം. വ്യത്യസ്തമായ രീതിയിൽ ഒരു കഥ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് അണിയറയിലെ പ്രവർത്തകരെല്ലാവരും. ആര്‍ഷ അഭിലാഷ് ആണ് ശബ്ദം നല്‍കിയിരിക്കുന്നത്.

You May Like

Breaking News

error: Content is protected !!