ഇന്ത്യയിൽ നിന്നുള്ള വിദേശ നിക്ഷേപങ്ങളിന്മേൽ നികുതി ഒക്ടോബർ ഒന്നു മുതൽ !

സഹീര്‍.വി –

ഇന്ത്യ ഗവണ്മെന്റ് 2020 ഫിനാൻസ് ബില്ലിന്റെ സെക്‌ഷൻ 206 C പ്രകാരം വിദേശത്തേക്ക് ഇന്ത്യയിൽ നിന്ന് അയക്കുന്ന നിക്ഷേപങ്ങളിന്മേൽ ഒക്ടോബർ 2020 മുതൽ അഞ്ചു ശതമാനം നികുതി പിടിക്കാൻ നിയമ ഭേദഗതി വരുത്തിയത് വലിയ ചർച്ചകൾക്കു വഴി വച്ച സാഹചര്യത്തിൽ റെവന്യൂ സെക്രട്ടറി അജയ് ഭൂഷൺ ഈ വര്ഷം ഫെബ്രുവരിയിൽ വിശദീകരണം നല്കുകയുണ്ടായി. ഇങ്ങനെ പിടിക്കുന്ന അഞ്ചു ശതമാനം നികുതിയിനത്തിൽ അല്ലെന്നും മറിച്ചു TCS (Tax Collected at Source) ആണെന്നും ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ മൊത്തം അടക്കാനുള്ള നികുതിയിൽ നിന്നും ഇങ്ങനെ പിടിക്കുന്ന തുക കുറച്ചു ബാക്കി കൊടുത്താൽ മതിയെന്നും അറിയിക്കുകയുണ്ടായി.

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പണമയക്കുന്നവരിൽ ഒരു വലിയ വിഭാഗം ഇന്ത്യയിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നില്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിയമ ഭേദഗതി കൊണ്ട് വരാനുണ്ടായ സാഹചര്യം. കഴിഞ്ഞ വര്ഷം വിദേശത്തേക്കു പണമയച്ചവരിൽ നിന്ന് 5026 പേരെ തിരഞ്ഞെടുത്തു പരിശോധിച്ചപ്പോൾ ഇവരിൽ 1807 പേർ ഇന്ത്യയിൽ ടാക്സ് റിട്ടേൺ ഫയൽ ചെയ്യാത്തവരാണെന്നു കണ്ടെത്തി. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ LRS (ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം) പ്രകാരം വ്യക്തികൾക്ക് $ 250000 വരെ ഒരു വർഷത്തിൽ വിദേശക്കു അയക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം കഴിഞ്ഞ വര്ഷം ഇന്ത്യയിൽ നിന്ന് വിദേശത്തേക്കൊഴുകിയതു പതിനാലു ബില്യൺ ഡോളറാണ് (ഏകദേശം ഒരു ലക്ഷം കോടി രൂപ). പത്തു വര്ഷം മുൻപ് ഇത് ഒരു ബില്യൺ ഡോളറായിരുന്നു!

ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയ ഭേദഗതി പ്രകാരം വിദേശത്തേക്ക് പണമയക്കുന്ന വ്യക്തികളിൽ നിന്ന് പണമിടപാട് സ്ഥാപനങ്ങൾ പണം സ്വീകരിക്കുമ്പോൾ 5% TCS പിടിക്കണമെന്നാണ് വ്യവസ്ഥ. ഏഴു ലക്ഷം രൂപയിൽ അധികം അയക്കുന്നവർക്കാണ് ഇത് ബാധകമാകുക. പാൻ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് ഇല്ലാത്തവർക്ക് ഇത് 10 % ആയിരിക്കും. വിദ്യാർത്ഥികൾ വായ്പയെടുത്തു വിദേശ പഠനത്തിന്റെ ആവശ്യത്തിലേക്കയക്കുന്ന നിക്ഷേപങ്ങളിന്മേൽ 0.5 % അടച്ചാൽ മതി. പക്ഷെ പാൻ കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് ഇല്ലാത്തവർക്ക് 5% TCS നൽകണം.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയിൽ ഈ സ്‌കീം പല കച്ചവടക്കാരും ഹവാല ഇടപാടുകൾക്കുപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇങ്ങനെ TCS പിടിക്കുന്നതിലൂടെ വിദേശത്തേക്ക് പണമയക്കുന്ന എലാവരും ടാക്സ് റിട്ടേൺ ഫയൽ ചെയ്യും എന്ന് കരുതുന്നു. അങ്ങനെ ഫയൽ ചെയ്യാത്ത പക്ഷം പിരിക്കുന്ന തുക നികുതിയായി കണക്കാകും.

2020 ഒക്ടോബർ ഒന്നു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഒരു വർഷത്തിൽ ഏഴു ലക്ഷം രൂപയ്ക്കുമേൽ അയക്കുന്ന തുകയ്ക്കാണ് 5% അടക്കേണ്ടത്. അതായത് പത്തു ലക്ഷം രൂപ അയക്കുമ്പോൾ അടക്കേണ്ടത് 15000 രൂപയാണ്, മൂന്നു ലക്ഷത്തിന്മേൽ 5%. വ്യക്തികൾ ടൂർ പാക്കേജ് വാങ്ങുന്നതിനു പണമയക്കുന്നതും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശ ടൂർ പാക്കേജ് വാങ്ങുന്നതിലേക്കടക്കുന്ന തുകയിൽ മുകളിൽ പറഞ്ഞ ഇളവ് ലഭിക്കില്ല, മൊത്തം തുകയുടെ 5% അടക്കേണ്ടി വരും, പത്തു ലക്ഷം അയക്കുമ്പോൾ 50000 രൂപ TCS നൽകണം.

https://www.incometaxindia.gov.in/budgets%20and%20bills/2020/finance_bill.pdf


Next Post

സ്കൂളുകള്‍ തുറക്കുന്നതുവരെ നേരിട്ടോ ഓണ്‍ലൈനായോ പരീക്ഷകള്‍ നടത്തരുത്; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

Sat Sep 12 , 2020
കുവൈറ്റ് സിറ്റി : സ്കൂളുകള്‍ തുറക്കുന്നതുവരെ ഈ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ പരീക്ഷകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ് നല്‍കിയതായി പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സമയത്ത് പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് നേരത്തെ നിരവധി രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇന്‍റര്‍മീഡിയറ്റ്, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള മൂല്യനിര്‍ണയ സംവിധാനത്തെക്കുറിച്ച്‌ നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ പൊതുവിദ്യാഭ്യാസ മേഖല ജനറല്‍ ഇന്‍സ്ട്രക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. […]

Breaking News

error: Content is protected !!