ഓൺ ലൈൻ വിദ്യാഭ്യാസത്തിൻ്റെ കാണാപ്പുറങ്ങൾ

-അഡ്വ.ടി.പി.എ. നസീർ-

അടച്ചിട്ട മുറികളിൽ നിയന്ത്രണങ്ങളില്ലാതെ നമ്മുടെ മക്കൾ ഓൺലൈൻ ക്ലാസുകൾ കേട്ടുകൊണ്ടിരിക്കുകയാണ്.പണ്ട് മൊബൈൽ ഫോണുകൾ ഒന്നു തുറന്നു കിട്ടാൻ പലതവണ ‘വഴിയേ’ നടന്ന മക്കൾക്ക് ഇന്ന് വീട്ടിലെ എല്ലാ സ്മാർട്ട് ഫോണുകളുടേയും പാസ് വേർഡുകൾ കാണാപാഠമായിരിക്കുന്നു! ഇൻ്റർനെറ്റിൻ്റെ അനന്ത സാധ്യതകൾ നമ്മുടെ കുട്ടികൾക്ക് മുന്നിൽ തുറക്കപ്പെടുമ്പോൾ രക്ഷിതാക്കളുടെ ചങ്കിടിപ്പും വർദ്ധിക്കുകയാണ്. കലാലയ സഹവാസം രൂപപ്പെടുത്തുന്ന സാമൂഹ്യ ഉത്തരവാദിത്ത ത്വത്തിൻ്റെയും ആത്മനിയന്ത്രണത്തിൻ്റെയും സമയനിഷ്ഠയുടേയും അച്ചടക്ക ശാസനകളുടേയും ചരടുകളില്ലാതെ മക്കൾ ഓൺലൈൻ വിദ്യാഭ്യാസത്തോടൊപ്പം ഇൻ്റർനെറ്റ് തുറന്നിട്ടിരിക്കുന്ന സോഷ്യൽ മീഡിയയുടെ ലോകത്തും നിശബ്ദമെങ്കിലും ഈ കോവിഡ് കാലത്ത് സജീവമാണ്.

ക്ലാസ് മുറികളിലെ ചോക്ക് ബോർഡുകളും ടെക്സ്റ്റ് ബുക്കുകളും ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളുമൊക്കെ ഓൺ ലൈൻ വിദ്യാഭ്യാസത്തിൽ കുട്ടികൾക്ക് മുന്നിൽ അപ്രത്യക്ഷമാവുമ്പോൾ ചിലരൊക്കെ തങ്ങൾക്ക് ഇതുവരെ പരിചയമില്ലാത്ത സാങ്കേതിക ലോകത്തെ കുറിച്ചും പാഠ്യ രീതിയെ കുറിച്ചും വേവലാതിപ്പെടുന്നവരാണ്. മറ്റു ചിലർ ഓൺ ലൈൻ വിദ്യാഭ്യാസം ഒരു ബദൽ മാർഗ്ഗമാണന്ന് ഉറച്ചു വിശ്വസിക്കുകയും പഠനത്തോടൊപ്പം ഇൻ്റർനെറ്റ് മീഡിയയുടെ സാധ്യതകളെ തങ്ങൾക്കനുകൂലമായി ഉപയോഗപ്പെടുത്തുകയുമാണ്. ഒന്നിലധികം മക്കളുള്ള പല കുടുംബങ്ങളിലും രക്ഷിതാക്കളുടെ അവസ്ഥയാണ് ഏറ്റവും ദുഖകരം! ഒരു സ്മാർട്ട് ഫോണിനു ചുറ്റും രണ്ടും മൂന്നും മക്കൾ പിടിവലി കുടുന്ന കാഴ്ച! ഒരേ സമയം നടക്കുന്ന ഓൺലൈൻ ക്ലാസുകൾ നഷ്ട്ടമാവുമ്പോൾ നിരാശപ്പെടുകയും പരസ്പരം മൊബൈലിനു വേണ്ടി ഒച്ച വെക്കുകയും അടി കൂടുകയും ചെയ്യുമ്പോൾ നിസ്സഹായരായിപ്പോവുന്ന രക്ഷിതാക്കൾ! പ്രതേകിച്ചും സി.ബി.എസ് ഇ. സിലബസിൽ പഠിക്കുന്ന കുട്ടികളാണ് ഈ ബുദ്ധിമുട്ടനുഭവിക്കുന്നത്. വീട്ടിൽ ഒന്നിലധികം സ്മാർട്ട് ഫോണുകൾ സംഘടിപ്പിക്കാൻ പല രക്ഷിതാക്കളും പ്രയാസപ്പെടുകയാണിന്ന്.

ഇൻ്റർനെറ്റ് അടിസ്ഥാനപ്പെടുത്തിയ ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം യഥാർത്ഥ വിദ്യാഭ്യാസ രീതിക്ക് ഒരിക്കലും ബദൽ സംവിധാനമാവില്ലന്നു തന്നെയാണ് വിദ്യാഭ്യാസ നിരീക്ഷകരുടെ അഭിപ്രായം. ക്ലാസ് മുറികളിലെ അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളും ആശയവിനിമയവും വിദ്യാർത്ഥികൾക്കിടയിലെ സൗഹൃദവും എല്ലാം മറന്നുള്ള പൊട്ടിച്ചിരികളും ഇടവേളകളിലെ സ്വകാര്യ സംഭാഷണങ്ങളും ക്വാറിഡോറുകളിലെ കൗമാര വിസ്മയങ്ങളും മനസംഘർഷമില്ലാത്ത പരസ്പര ഇടപെടലുകളും സാമൂഹ്യമായ ഉത്തരവാദിത്തങ്ങളും സംഘടനാ പ്രവർത്തനങ്ങളും വ്യക്തിത്വ വികസനവുമൊക്കെ ഓൺലൈൻ വിദ്യാഭ്യാസം കവർന്നെടുത്ത വിദ്യാർത്ഥികളുടെ ചില അവകാശങ്ങളാണ്. ഓൺലൈൻ പഠനത്തെ കുറിച്ച് ന്യുയോർക്ക് ടൈംസ് ഇയ്യിടെ കുട്ടികളുടെ പ്രതികരണമാരാഞ്ഞപ്പോൾ ഭൂരിഭാഗം പേരും അവരവരുടെ ക്ലാസു റൂമിലേക്ക് തിരിച്ചു പോവാൻ വെമ്പൽ കൊള്ളുകയാണന്നും മനസ്സ് കലാലയാ ന്തരീക്ഷത്തിൽ നിന്ന് മാറ്റി നിർത്താനാവുന്നില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്! വിദ്യാഭ്യാസം അറിവിൻ്റെ താക്കോൽ കൂട്ടം മാത്രമല്ല തിരിച്ചറിവുകളുടേയും അനുഭവങ്ങളുടേയും ആത്മവിശ്വാസത്തിൻ്റെയും സാമൂഹ്യ ഉത്തരവാദിത്തങ്ങളുടേയും പ്രായോഗിക ജ്ഞാനത്തിൻ്റേയും കൂടി ആകെ തുകയാണ്.

പല രക്ഷിതാക്കളും ജോലിക്ക് പോവുമ്പോൾ ഭയപ്പാടോടെയാണ് മക്കളെ സ്മാർട്ട് ഫോണുകൾ ഏൽപ്പിച്ചു പ്പോവുന്നത്! പ്രത്യേകിച്ചും കൗമാരക്കാരായ കുട്ടികളെ.മനസ്സ് പറയുന്ന വഴിയെ സഞ്ചരിക്കുകയും ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കാൻ എല്ലാറ്റിനേയും തള്ളിപ്പറയുകയും ചെയ്യുന്ന കാലമാണ് കൗമാരമെന്നത്! പഠനങ്ങൾക്കൊപ്പം തന്നെ ഇൻ്റർനെറ്റിലെ അനേകം ലിങ്കുകളിലുടെ അപഥ സഞ്ചാരത്തിലേക്ക് എറിയപ്പെടുകയും ആസ്വാദനത്തിൻ്റെ മേച്ചിൽപുറങ്ങൾ തേടിപ്പോവുകയും ചെയ്യുക സ്വാഭാവികം മാത്രം! കൗമാരക്കാരായ മക്കളെ സോഷ്യൽ മീഡിയയുടെ തിക്തഫലങ്ങളെ കുറിച്ച് കൃത്യമായ രീതിയിൽ ഉപദേശിക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെ മറവിൽ നൽകപ്പെട്ട ഡിജിറ്റൽ സ്വാതന്ത്ര്യം മക്കൾ ദുരുപയോഗം ചെയ്യുമെന്നുറപ്പാണ്! നിരന്തരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികൾ ഒബ്സസ്സീവ് ഡിസോർഡറിന് അടിമപ്പെടുകയും സോഷ്യൽ ഇൻ്ററാക്ഷൻ നഷ്ട്ടപ്പെട്ട് തന്നിലേക്ക് തന്നെ ചുരുങ്ങുകയും വിഷാദ രോഗത്തിന് അടിമപ്പെടുകയും ചെയ്യുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. അകാരണമായ ഭയവും മീഡിയ ഡിപ്രഷനും ഹാക്കിംഗ് ടെൻഡൻസിയുമൊക്കെ ചില ഘട്ടങ്ങളിൽ കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുകയും ഐ.ടി.ആക്ട് പ്രകാരമുള്ള ഗുരുതരമായ ക്രിമിനൽ നിയമ നടപടികൾ നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

ഓൺെലൈൻ വിദ്യാഭ്യാസത്തിലൂടെ അറിവിൻ്റെ സാമൂഹ്യ വൽക്കരണം നഷ്ട്ടമാവുന്ന ലോകത്തേക്കാണ് വിദ്യാർത്ഥികൾ പോയി കൊണ്ടിരിക്കുന്നത്. അറിവ് വിനിമയം നൽകുന്ന മാനദണ്ഡങ്ങൾ വിദ്യാർത്ഥികളുടെ സാമൂഹ്യ ഉത്തരവാദിത്തത്തെയും വ്യക്തി വികാസത്തേയും സ്വാധീനിക്കേണ്ടതുണ്ട്. എന്നാൽ സൗഹൃദങ്ങളും യഥാർത്ഥ ആശയ വിനിമയങ്ങളും നഷ്ട്ടമാവുകയും പ്രായോഗിക അറിവുകൾ ദുർബലപ്പെടുകയും ചെയ്യുന്ന രീതിയിലാണ് ഓൺലൈൻ വിദ്യാഭ്യാസം ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. വിദ്യാർത്ഥി സമൂഹം ആർജ്ജിച്ചെടുക്കേണ്ട സമയനിഷ്ഠയും മൂല്ല്യബോധവും പരസ്പരാശയ വിനിമയവും ഓൺലൈൻ വിദ്യാഭ്യസത്തിലൂടെ അന്യമാവുമെന്നത് വിസ്മരിക്കരുത്. നമ്മൾ ഓൺ ലൈൻ വിദ്യാഭ്യാസത്തിനായി തുറന്നുകൊടുത്ത പരിമിതികളില്ലാത്ത ഇൻ്റർനെറ്റ് ലോകം സൃഷ്ടിക്കുന്ന ചതിക്കുഴികളിലേക്ക് നമ്മുടെ കുട്ടികൾ വഴുതിപ്പോവുമെന്ന ഭയവും അവരുടെ ഭാവിയും പല രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു.

Next Post

ഇന്ത്യയിൽ നിന്നുള്ള വിദേശ നിക്ഷേപങ്ങളിന്മേൽ നികുതി ഒക്ടോബർ ഒന്നു മുതൽ !

Sat Sep 12 , 2020
–സഹീര്‍.വി – ഇന്ത്യ ഗവണ്മെന്റ് 2020 ഫിനാൻസ് ബില്ലിന്റെ സെക്‌ഷൻ 206 C പ്രകാരം വിദേശത്തേക്ക് ഇന്ത്യയിൽ നിന്ന് അയക്കുന്ന നിക്ഷേപങ്ങളിന്മേൽ ഒക്ടോബർ 2020 മുതൽ അഞ്ചു ശതമാനം നികുതി പിടിക്കാൻ നിയമ ഭേദഗതി വരുത്തിയത് വലിയ ചർച്ചകൾക്കു വഴി വച്ച സാഹചര്യത്തിൽ റെവന്യൂ സെക്രട്ടറി അജയ് ഭൂഷൺ ഈ വര്ഷം ഫെബ്രുവരിയിൽ വിശദീകരണം നല്കുകയുണ്ടായി. ഇങ്ങനെ പിടിക്കുന്ന അഞ്ചു ശതമാനം നികുതിയിനത്തിൽ അല്ലെന്നും മറിച്ചു TCS (Tax Collected […]

Breaking News

error: Content is protected !!