വിചിന്തനം – ഭാഗം ഒന്ന്

ഒരാളും ഇത് വരേയ്ക്കും എഴുതാത്ത ഒരു കാര്യമല്ല ഇത്തവണത്തെ വിഷയം. ജീവിതത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ കേട്ടിട്ടുള്ള, പറഞ്ഞിട്ടുള്ള, ഒരു പക്ഷെ അനുഭവിച്ചിട്ടുള്ള ഒരു ചെറിയ വിഷയം. ചോദ്യമിതാണ് – പെൺകുട്ടികളെ ഉപരിപഠനത്തിനു അയക്കണോ അതോ കല്യാണം കഴിപ്പിച്ചു വിടണോ? ദിവസവും വരുന്ന വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന, അതിൽ തന്നെ പേരുകൾ അറിഞ്ഞും അറിയാതെയും പോയ പെൺകുട്ടികളുടെ ജീവിതങ്ങളെ നോക്കി നെടുവീർപ്പിടുമ്പോൾ മനസ്സിൽ തോന്നുന്ന ഒരു സാധാരണ ചോദ്യം മാത്രം. തങ്ങളെ കൊണ്ടാകുന്ന വിധം മക്കളെ പഠിപ്പിച്ചു അവർക്ക് നല്ലതു മാത്രം വരും എന്ന പ്രതീക്ഷയിൽ പുതിയ ജീവിതത്തിലേക്കു അയക്കുന്ന മാതാപിതാക്കൾ എന്തായാലും ഈ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടാവും. അവൾക്കായി സ്വരുക്കൂട്ടി വച്ചിരിക്കുന്ന  കുറച്ചു സമ്പാദ്യം പഠിപ്പിന് ഉപയോഗിച്ചാൽ കല്യാണത്തിന് പിന്നെ എന്ത് ചെയ്യും എന്ന മറു ചോദ്യം മനസ്സിൽ ബാക്കിയാവും പലർക്കും. 

കോവിഡ് കാരണം മാറ്റങ്ങൾ വരുത്തേണ്ടി വന്ന ഏറ്റവും മുഖ്യമായ ഒന്ന് വിദ്യാഭ്യാസ മേഖലയാണ്. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ഓൺലൈൻ കോഴ്സ് ഒക്കെ വിദൂരത്തിൽ എങ്കിലും കേട്ടുകേൾവി ഉണ്ടായിരുന്ന നമുക്ക് സ്കൂൾ പഠിത്തം ഓൺലൈൻ ആയി നടക്കുന്നത് ഇപ്പോ നിത്യ കാഴ്ചയാണ്. പക്ഷെ ഒരു മഹാമാരി വന്നിട്ടും നമ്മുടെ ചിന്താഗതി മാറിയോ? ഒരു ഉദാഹരണം പറയാം. “വേറൊരു വീട്ടിലേക്കു കേറി ചെല്ലാനുള്ള പെണ്ണാ!” പെൺകുട്ടികൾ ഉള്ള ഏതു വീട്ടിലെയും സ്ഥാനം, പ്രായം എന്നിവയുടെ ഭേദമൊന്നുമില്ലാതെ എല്ലാവരും  പറയുന്ന ഒരു ഡയലോഗ് ആണിത്. വളർച്ചയുടെ പല പ്രായത്തിലും എന്തൊക്കെ ചെയ്യണം, എങ്ങനെയൊക്കെ ചെയ്യണം, എന്ത് ചെയ്തു കൂടാ അങ്ങനെ വര്‍ഷങ്ങളോളം നീളുന്ന തയ്യാറെടുപ്പാണ്. മിക്കപ്പോഴും അവരുടെ ഒരു പ്രായം പ്രത്യേകിച്ച് ഇരുപതുകളിൽ, ഒരു ഡിഗ്രി കിട്ടി കഴിഞ്ഞാൽ അത് പോലും കല്യാണത്തിന്റെ മാർക്കറ്റിലെ ഒരു കോളം തികക്കാനേ പലപ്പോഴും ഉപകരിക്കാറുള്ളൂ. ഒരു കുടുംബം നടത്തി കൊണ്ടുപോകാൻ പഠിപ്പിക്കുന്നതിന്റെ കൂട്ടത്തിൽ അവൾക്കായി ഒരു ജോലി കൂടി മുൻകണ്ടു കൊണ്ടുള്ള തയ്യാറെടുപ്പായാൽ എത്ര നന്നാവും? അവിടെയാണ് മാറ്റത്തിന്റെ തുടക്കം ഉണ്ടാവുക. അല്ലെ?

ഇനി ചില കണക്കുകൾ പറയാം.  ലോകത്തിലെ സാക്ഷരതാ നിരക്ക് 83 %, അതിൽ ആൺ സാക്ഷരതാ നിരക്ക് 88 %  ഉം പെൺ  സാക്ഷരതാ നിരക്ക് 79% ഉം ആണ് (കടപ്പാട്: വേൾഡ് ബാങ്ക് ടാറ്റ).  ഇന്ത്യയുടെ മൊത്തത്തിൽ ഉള്ള സാക്ഷരതാ നിരക്ക് 77.7 % ആണ്. അതിൽ ആൺ സാക്ഷരതാ നിരക്ക് 84.7% ഉം പെൺ സാക്ഷരതാ നിരക്ക് കേവലം 70.3 %ഉം ആണ്. ഇനി കേരളത്തിൻറെ ആകെയുള്ള നിരക്ക് 96.2 %, അതിൽ  ആൺ പെൺ നിരക്ക് 97, 95 % ആണ്. ഈ സർവ്വേ പ്രകാരം ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം എന്താണെന്നു വച്ചാൽ ഈ ശതമാനക്കണക്കിൽ ഇന്ത്യ ഒട്ടാകെയുള്ള  എല്ലാ സംസ്‌ഥാനങ്ങളിലും ആൺ പെൺ നിരക്കിൽ കാര്യമായ വ്യത്യാസങ്ങൾ  ഈ 2020 ലും രേഖപ്പെടുത്തിയിട്ടുണ്ട്  എന്നതാണ് (കടപ്പാട്: ദി ഇക്കണോമിക് ടൈംസ്). പറഞ്ഞു വന്നത് ഇത്രേയുള്ളൂ; പുരോഗതിയും വളർച്ചയും ഒക്കെ പറയുന്ന നമ്മൾ പെൺകുട്ടികളുടെ അഥവാ സ്ത്രീകളുടെ പഠന പുരോഗതിയിൽ ഇന്നും വളരെ പതുക്കെയാണ്  ചരിക്കുന്നത് എന്ന് ചുരുക്കം. 

    കിട്ടുണ്ണിയേട്ടൻ പറഞ്ഞ പോലെ ഇതൊക്കെ നമ്മൾ കുറെ കേട്ടിട്ടുണ്ട് എന്നാവാം നമ്മുടെ മനോഭാവം. എത്രയൊക്കെ പഠിപ്പിച്ചാലും ഒടുക്കം കെട്ടിച്ചു വിട്ടല്ലേ പറ്റൂ എന്നതാവാം അടുത്ത ചോദ്യം. ശരിയാണ്, കല്യാണവും ദാമ്പത്യ ജീവിതവും ഒക്കെ തുല്യ പ്രാധാന്യം ഉള്ള കാര്യങ്ങൾ തന്നെയാണ്. അതിലൊട്ടും തർക്കിക്കുന്നില്ല. പക്ഷെ വിവാഹശേഷവും  പെൺകുട്ടികൾക്കു അവർക്ക് വേണം എന്നുണ്ടെങ്കിൽ ജോലി ഉണ്ടാകുവാനും തുടർന്നു പഠിക്കാനും ഒരു വഴി കൂടെ ഉണ്ടായാൽ  അതല്ലേ കുറച്ചു കൂടി നല്ലതു? എല്ലാം ഇനി അവളുടെ ഭർത്താവ് തീരുമാനിക്കും എന്ന് പറഞ്ഞു കൈയ്യൊഴിയുന്നത്  ശരിയാണോ? സ്ത്രീകളുടെ ഉന്നമനത്തിനു അവരുടെ ചെറു പ്രായത്തിൽ തന്നെ വിദ്യാഭ്യാസം കൊടുക്കണമെന്നത് അത്യാവശ്യമാണ് എന്ന് നമ്മുടെ ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഒരു ഭാര്യയും ഭർത്താവുമുണ്ട്. 1848 ൽ പൂനെ യിലെ ഭിദേവാടാ എന്ന സ്ഥലത്തു പെണ്കുട്ടികൾക്കായുള്ള ആദ്യത്തെ സ്കൂൾ തുറന്ന  ശ്രീ ജ്യോതിറാവു  ഭുലെയും  അവരുടെ ഭാര്യ സാവിത്രിബായ്  ഭുലെയും ആണവർ. സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഇത്രയും കാലാതീതമായി ചിന്തിച്ച ഒരു തലമുറ ഉണ്ടായിരുന്നു നമുക്ക്. ഇന്നത്തെ നമ്മളോ? അവിടെയാണ് മേല്പറഞ്ഞ കണക്കുകൾ പ്രസക്തമാവുന്നത്. 

വിദ്യാഭ്യാസം എന്നത് വെറും പുസ്തകങ്ങൾ വായിച്ചുണ്ടാകുന്ന ഒന്ന് മാത്രമല്ല. മറിച്ചു അറിവും തിരിച്ചറിവും ആണ്. ജീവിതത്തിൽ ഒരാളെ മുന്നോട് പോകാൻ സജ്ജമാക്കുന്ന ഒരു യാത്ര കൂടിയാണത്. നമ്മുടെ കുടുംബത്തിൽ നിന്ന് പോയി വേറെ ഒരുപാട് ജീവിതങ്ങൾക്ക് കൈത്താങ്ങായി മാറുന്ന ഒരു പെൺകുട്ടിയെ നമുക്ക് നല്ല രീതിയിൽ തയാറെടുപ്പിക്കാം. ചിറകുകൾ മുറിച്ചു കളഞ്ഞിട്ടല്ല, പറക്കാനുള്ള ആകാശം തുറന്നു കാണിച്ചുകൊണ്ടാവാം അത്. കാരണം, ഒരു ആഫ്രിക്കൻ വാക്യത്തിൽ പറയുന്ന പോലെ “ഒരു ആണിനെ വിദ്യ അഭ്യസിപ്പിക്കുമ്പോൾ ഒരു വ്യക്തി വിദ്യ നേടുന്നു, ഒരു പെണ്ണിനെ അഭ്യസപ്പിക്കുമ്പോഴോ ഒരു കുടുംബവും അതിലൂടെ ഒരു രാജ്യവും കൂടി ആ വിദ്യ നേടുന്നു!”  ഒരു അത്യാഹിതം നമ്മുടെ പെണ്കുഞ്ഞുങ്ങൾക്കു നേരെ ഉണ്ടായതിന് ശേഷം അവളെ ‘ഇര’യായും, ‘# ഫോർ ജസ്റ്റിസ്’, എന്നൊന്നും പിന്നെ പറയുന്നതിൽ ഒരു ന്യായീകരണവും ഇല്ല. അവൾക്കും എത്ര വേണമെങ്കിലും പഠിക്കാം, ഏതു പ്രായത്തിലും പഠിക്കാം, പഠിച്ചു സ്വന്തം കാലിൽ നിൽക്കാം എന്ന ഉറപ്പു കൊടുത്തു നമ്മുടെ പെൺകുട്ടികളെ വളർത്താം. എവിടെയൊക്കെയോ കേട്ട് മറന്ന പരസ്യ വാചകം പോലെ “അവൾ വളരട്ടെ, അവളുടെ സ്വപ്നങ്ങളും. കരുതാം ഇന്ന് തന്നെ അവളുടെ  ഒരു നല്ല നാളെക്കായി!”            

റോഷ്‌നി അജീഷ് 

https://roshnipaulsoulsearches.wordpress.com/

Next Post

ലണ്ടനില്‍ കവിതക്ക് മാത്രമായി ഒരു ദിനം !

Sat Sep 19 , 2020
സെപ്തംബർ 19 ശനിയാഴ്ച്ച, ഒരു ദിനം മുഴുവൻ ഏവർക്കും കവിതകൾ അവതരിപ്പിക്കുവാൻ അവസരം ഒരുക്കുകയാണ് ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ യുടെ കലാസാഹിത്യ വിഭാഗമായ ‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മ’ .കഴിഞ്ഞ പത്തുവർഷങ്ങളിലായി ലണ്ടനിൽ വെച്ച് അനേകം കലാസാഹിത്യസാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള ‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മ’യുടെ 107 മത്തെ വേദിയിൽ പതിനേഴാമത് നടക്കുന്ന , ‘സൈബർ അവതരണമായ ഈ കൂട്ടായ്‌മയുടെ ‘ഫേസ് ബുക്ക്’ തട്ടകത്തിലൂടെയുള്ള – ‘ലൈവി’ൽ […]

You May Like

Breaking News

error: Content is protected !!