വാർധക്യം അവഗണിക്കപ്പെടുമ്പോൾ

വാർധക്യം അവഗണിക്കപ്പെടുമ്പോൾ

                      അഡ്വ.ടി.പി.എ.നസീർ

പ്രായമാവുക എന്നത് ജീവിതത്തിലെ അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. വാർധക്യത്തിൻ്റെ മുന്നൊരുക്കങ്ങളിൽ പ്രധാനം മനസ്സുകൊണ്ട് വാർധക്യത്തെ ഉൾക്കൊള്ളുകയും മനസ്സിനെ വാർധക്യം പിടികൂടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുകയെന്നതാണ്. സ്വപ്നങ്ങൾക്ക് അതിരുകൾ വരക്കപ്പെടുന്നുണ്ടെങ്കിലും വാർധക്യം ജീവിതത്തിൽ നിന്നുള്ള പുറം തള്ളലുകളല്ല മറിച്ച് ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ആയുസ്സിൻ്റെ നിയതമായ ഒഴുക്കും ജീവിത കഥയുടെ ക്ലൈമാക്സുമാണ്. വിശ്രമമില്ലാതെ ദുരിതങ്ങളും ത്യാഗങ്ങളും സഹിച്ച് നമ്മുടെ ജീവിതത്തിൻ്റെ കുതിപ്പിനും കിതപ്പിനും സാക്ഷിയായി കാലത്തോടൊപ്പം പൊരുതി നടന്നവരാണവർ. താൻ ആർക്കു വേണ്ടിയായിരുന്നോ ജീവിച്ചതും മിച്ചം വെച്ചതും അവരൊക്കെ വാർധക്യകാലത്ത് തനിക്കൊപ്പമുണ്ടാവുകയെന്നത് വാർധക്യത്തിലെ സഹചമായ ആഗ്രഹമാണ്. പക്ഷേ സ്വാർത്ഥതയും വെറുപ്പും വിദ്വേഷവും നിറഞ്ഞ കുടുംബ സാമൂഹ്യ പാശ്ചാത്തലത്തിൽ ഇന്ന് ഏറ്റവും വേദനിക്കുന്നതും വാർധക്യമാണ്.

വൃദ്ധ സദനത്തിലെ കാത്തിരിപ്പു ബെഞ്ചിൽ തൻ്റെ പ്രിയപ്പെട്ടവരുടെ വരവും കാത്ത് കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്ന, മക്കളുണ്ടായിട്ടും അനാഥരാക്കപ്പെട്ട വാർധക്യത്തിൻ്റെ വിലാപവും കണ്ണുനീരും നമ്മെ വല്ലാതെ അസ്വസ്ഥമാക്കേണ്ടതുണ്ട്. വാർധക്യം പല കുടുംബങ്ങളിലേയും ബാധ്യതയായി മാറുന്ന ഇക്കാലത്ത് വാർധക്യത്തിൻ്റെ ഭാവ പകർച്ചകളെ ഉൾക്കൊള്ളാൻ കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ബാധ്യതകൾ നിറഞ്ഞ ശരിയായ സമീപനങ്ങൾ ഉറ്റവരിൽ നിന്നുണ്ടാവാതെ പോവുന്നത് കുടുംബ മൂല്യങ്ങളും ജീവിത കാഴ്ചപ്പാടുകളും മാറി കൊണ്ടിരിക്കുന്ന അണുകുടുംബ വ്യവസ്ഥയിലെ നിത്യ കാഴ്ചയായി മാറുകയാണ്. രക്തബന്ധങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിക്കാത്ത ജീവിത കാഴ്ചപ്പാടുകളാണ് വാർധക്യത്തെ വേണ്ട രീതിയിൽ ശ്രുശ്രൂഷിക്കാതെ പോവുന്നത്. എന്നാൽ ഇത്തരത്തിലുള്ള ജീവിത സാഹചര്യം പുതിയ തലമുറയിൽ ഉരിത്തിരിഞ്ഞു വരുന്നതിൽ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള വീഴ്‌ചകളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കുടുംബങ്ങളിൽ രക്ഷിതാക്കൾക്കിടയിലെ അനൈക്യവും സ്നേഹമില്ലായ്മയും മുതിർന്നവരോടുള്ള സമീപനവുമൊക്കെ നമ്മുടെ ഇന്നത്തെ തലമുറയെ കൃത്യമായി സ്വാധീനിക്കപ്പെടുന്നുണ്ട്.

ഒരിക്കൽ തീൻമേശക്കു മുകളിൽ ഭക്ഷണം തൂകിയതിനും പാത്രമുടച്ചതിനും അപ്പുപ്പനെ വഴക്ക് പറയുകയും പിന്നീട്  ഉടഞ്ഞുപോവാത്ത മരപ്പാത്രത്തിൽ അപ്പുപ്പന് ഭക്ഷണം നൽകുകയും  ചെയ്ത സ്വന്തം പിതാവിൻ്റെ പ്രവൃത്തി കണ്ട കുട്ടി അടുത്ത ദിവസം പാഴായിക്കിടക്കുന്ന മരത്തടിയുപയോഗിച്ച് പാത്രമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മകൻ എന്താണ് ചെയ്യുന്നതെന്ന് തിരക്കിയ അച്ഛനോട് അവൻ പറഞ്ഞത് ‘പപ്പ പ്രായമാകുമ്പോൾ ഭക്ഷണം നൽകാൻ ഞാൻ ഉടയാത്ത മരപ്പാത്രമുണ്ടാക്കുകയാണന്നാണ് ‘. ആ മകൻ പറഞ്ഞ വാക്കുകളാണ് താൻ എന്തുമാത്രം ദ്രോഹമാണ് സ്വന്തം പിതാവിനോട് ചെയ്തതെന്നു
അദ് ദേഹത്തെ ബോധ്യപ്പെടുത്തിയതും പിന്നിട് മാറി ചിന്തിക്കാൻ അയാളെ പ്രേരിപ്പിച്ചതും! വളരെ സൂക്ഷ്മവും നിഷ്ക്കളങ്കവുമായി  നമ്മുടെ മക്കൾ നമ്മുടെ പ്രവൃത്തികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയണം. തിരക്കുപിടിച്ച ലോകത്ത് വാർധക്യത്തോട് തങ്ങളുടെ രക്ഷിതാക്കൾ മുഖം തിരിഞ്ഞു നിൽക്കുന്നത് കണ്ടു ശീലിച്ച മക്കൾ തങ്ങളുടെ രക്ഷിതാക്കളുടെ വാർധക്യത്തെ എങ്ങിനെയാണ് സ്നേഹമയമായി പരിചരിക്കുകയെന്ന് നാം കണ്ടറിയേണ്ടതുണ്ട്.

തിരക്കുപിടിച്ച ജീവിതവും ജോലിയും കാരണം പല രക്ഷിതാക്കൾക്കും കുട്ടികൾക്ക് അവർക്ക് അർഹമായ ലാളനയും പരിചരണവും മുലപ്പാലും നൽകാൻ കഴിയാതെ  ‘ക്രഷു’കളിലേക്ക് ‘നടതളേളണ്ട’ അവസ്ഥയാണ്.  തിരിച്ച് ഇത്തരത്തിലുള്ള രക്ഷിതാക്കളെ വാർധക്യകാലത്ത് വൃദ്ധസദനത്തിലേക്ക് മറ്റൊരു ‘നട തള്ളൽ ‘ മക്കൾ നടത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല! വൃദ്ധരായവരെ ശുശ്രൂഷിക്കാനും പരിചരിക്കാനും അവരെ കേൾക്കാനും ഉൾക്കൊള്ളാനും ആത്മീയ ബലവും സഹിഷ്ണുതയും ക്ഷമയും ഓരോ കുടുംബാംഗവും ആർജ്ജിച്ചെടുക്കേണ്ടതുണ്ട്. വൃദ്ധരായ രക്ഷിതാക്കൾ സംരക്ഷിക്കപ്പെടാൻ തങ്ങളുടെ സാമീപ്യവും പരിചരണവും ആവശ്യമില്ലെന്നും അതിനാവശ്യമായ സാമ്പത്തിക സഹായമൊരുക്കിയാൽ മതിയെന്നുമുള്ള പാശ്ചാത്യ സമീപനങ്ങൾ നമുക്കിടയിൽ വേരുറക്കുന്നതുകൊണ്ടാണ് വൃദ്ധസദനവും ഹോംനേഴ്സ് സംവിധാനവുമൊക്കെ ഇന്ന് യാതൊരു വിധ ധാർമ്മിക വെപ്രാളവുമില്ലാതെ സാർവ്വത്രികമായി കൊണ്ടിരിക്കുന്നത്! ഒരു തലോടലും ചുംബനവുമില്ലാതെ, പകർന്നു നൽകാൻ സ്നേഹത്തിൻ്റെ ശാരീരിക ഭാഷകളില്ലാതെ പണം കൊണ്ടും ജീവിത തിരക്കെന്ന ഒഴിവു കിഴിവു കൊണ്ടും വൃദ്ധമാതാപിതാക്കളുടെ പരിചരണത്തെ മറികടക്കുകയും അവരുടെ ഒറ്റപ്പെടലുകളെയും വിഷാദത്തെയും തിരിച്ചറിയാൻ കഴിയാതെ പോവുകയും ചെയ്യുന്ന ഒരു തലമുറ  നമുക്കിടയിൽ വളർന്നു വരുന്നത് കാണാതെ പോവരുത്. ജീവിത സായാഹ്നത്തിൽ ഏകാന്തത മൂലമുണ്ടാവുന്ന നിരാശകൾക്കും വിഷാദത്തിനും ഉത്തരവാദിത്തം തീർത്തും ഉറ്റ ബന്ധുക്കൾക്ക് തന്നെയാണ്. മക്കളാൽ ഉപേക്ഷിക്കപ്പെടുകയും താൻ വളർത്തിയവർ തനിക്കെതിരായി തിരിയുകയും ചെയ്യുമ്പോഴുണ്ടാവുന്ന മാനസികാവസ്ഥ പതിയെ കടുത്ത ഒറ്റപ്പെടലിലേക്കും വിഷാദത്തിലേക്കുമാണ് വാർധക്യത്തെ കൊണ്ടെത്തിക്കുന്നത്.

വാർദ്ധക്യകാല ആകുലതകളും ഒറ്റപ്പെടലുകളും പങ്കുവെക്കാനായി ആരുമില്ലാതാവുമ്പോൾ ജീവിത സായാഹ്നത്തിൽ നിരാശ ബാധിച്ച് വിഷാദമുൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളിലേക്ക് വഴുതി വീണു കൊണ്ടിരിക്കുകയാണ് പ്രായമായവരിൽ പലരും! സാമ്പത്തിക ഭദ്രതയില്ലാത്ത ജീവിത സാഹചര്യങ്ങൾ, ഒറ്റപ്പെടൽ, തനിക്ക് താനുദ്ദേശിച്ചതു പോലെ തൻ്റെ ഇഷ്ട കാര്യങ്ങൾ തുടർന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടമാവുക, ജീവിതത്തിൽ നിയന്ത്രണങ്ങൾ കടന്നുവരിക, തൻ്റെ ജീവിതം തൻ്റെ കയ്യിൽ നിന്നും വഴുതിപ്പോയിരിക്കുന്നുവെന്ന തോന്നലുകൾ തുടങ്ങിയവ വാർദ്ധക്യത്തെ കടുത്ത നിരാശയിലേക്കും മാനസിക സംഘർഷങ്ങളിലേക്കുമെത്തിക്കുന്നു. രോഗ ഭയവും ബന്ധുക്കളിൽ നിന്നുള്ള അകറ്റി നിർത്തലുകളും, കാഴ്ചയും കേൾവിയും നഷ്ടമാവലും ആവശ്യത്തിനനുസരിച്ച് സാമ്പത്തിക വരുമാനമില്ലാത്തതും, ഉറ്റവരുടെ മരണവും വാർദ്ധക്യ വിഷാദങ്ങൾക്ക് ആക്കം കൂട്ടുന്ന പ്രധാന കാരണങ്ങളാണ്.

പ്രായമായവരെ കേൾക്കുകയും അവരെ തങ്ങളിലേക്ക് അടുപ്പിച്ച് നിർത്തി ഒന്ന് തലോടുവാനും കെട്ടിപ്പിടിക്കാനും ചേർന്നിരിക്കാനും സമയം കണ്ടെത്തുകയും ചെയ്യുമ്പോഴാണ് സ്നേഹപരിചരണത്തെ അവർ തൊട്ടറിയുന്നത്. സാമീപ്യം സാധ്യമാവാത്തിടത്ത് സാന്ത്വനം നിറഞ്ഞ നല്ല വാക്കുകൾ പറയാൻ പോലും നമുക്കാവുന്നില്ല. സ്വന്തം മക്കളുടെ ആരോഗ്യ പ്രശ്നങ്ങളിലും ഭാവിയെ കുറിച്ചും നാം കാണിക്കുന്ന വെപ്രാളവും ആകുലതയും സ്വന്തം രക്ഷിതാക്കളുടെ കാര്യത്തിൽ പലപ്പോഴും കുടുംബാംഗങ്ങൾ കാണിക്കുന്നില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. തങ്ങൾക്ക് വേണ്ടി ജീവിതം മറന്നു പോയ രക്ഷിതാക്കളെ അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ നാം മറന്നു പോവുകയെന്നത് വേദനാജനകമാണ്. വൃദ്ധരായ മാതാപിതാക്കളുടെ പരിചരണത്തിൽ ഏതെങ്കിലും വിധത്തിലുള്ള വീഴ്ച കുടുംബാംന്തരീക്ഷത്തിലുണ്ടാവുമ്പോൾ അത് തിരുത്തുന്നതിനും അവരുടെ ആവശ്യങ്ങൾ സൂക്ഷ്മമായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനും സ്ത്രീകളായ കുടുംബാംഗങ്ങൾക്ക് വിശേഷിച്ചും മരുമക്കളായ ഭാര്യമാർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കുടുംബാംഗങ്ങൾക്കിടയിലെ സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും ഇഴയടുപ്പം തകരാതെ സൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയും ക്ഷമയും വൈകാരിക ആത്മബന്ധങ്ങളും സഹന മനസ്സുമൊക്കെ അതിപ്രധാനമാണ്. ചില വീടുകളിൽ രക്ഷിതാക്കളെ അമിതമായി സ്നേഹിക്കുന ഭർത്താവിനെതിരെ പരിഭവം പറയുന്ന ഭാര്യമാരെയും നമുക്ക് കാണാൻ കഴിയും. വൃദ്ധരായ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് കഴിഞ്ഞകാലത്ത് തങ്ങൾക്കുണ്ടായ മോശപ്പെട്ട അനുഭവങ്ങളുടെ പേരിൽ വാർധക്യകാലത്ത് അവരോട് തിരിച്ച് മോശമായി പെരുമാറുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന  സംഭവങ്ങളും നമുക്കിടയിൽ വിരളമല്ല.
വാർധക്യത്തെ മാറ്റാനോ യുവത്വത്തെ തിരിച്ചു കൊണ്ടു വരാനോ നമുക്ക് സാധ്യമല്ല എന്നാൽ ശരീര മാറ്റങ്ങളെ തിരിച്ചറിയുകയും മനോഭാവങ്ങളിലും ശീലങ്ങളിലും സാഹചര്യങ്ങൾക്കനുസരിച്ച് മാറി ചിന്തിക്കാൻ വാർധക്യകാലത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. ശാരീരിക മാറ്റങ്ങളേക്കാൾ മനസ്സിനു ശക്തി കുറയുകയും പ്രതീക്ഷകൾ ഇല്ലാതാവുകയും ശീലങ്ങളിൽ  മുരടിപ്പുണ്ടാവുകയും ചെയ്യുമ്പോഴാണ് വാർധക്യം വാക്കിലും നോട്ടത്തിലുമൊക്കെ പ്രകടമാവുന്നത്. ജീവിതത്തിൽ താൻ വെച്ചു പുലർത്തിയ ചില കടുംപിടുത്തക്കൾക്ക് മാറ്റം വരുത്തുകയും തനിക്ക് ചുറ്റുമുള്ളവരുടെ സാന്നിദ്ധ്യത്തെയും ഉപകാര മനസ്സിനെയും ഉൾക്കൊള്ളുവാനും പ്രകീർത്തിക്കുവാനും വാർധക്യം ശീലിക്കേണ്ടതുണ്ട്.

വാർധക്യം എപ്പോഴും കൊതിക്കുന്നത് എല്ലാവരും തന്നോടൊപ്പം ചുറ്റുമുണ്ടാവുകയെന്നതാണ്. പക്ഷേ പല വീടുകളിലും മനസ്സ് തുറന്നുള്ള സംസാരങ്ങളും ഒരുമിച്ചുള്ള ഭക്ഷണ സംസ്ക്കാരവുമില്ലന്നത് ഖേദകരമാണ്. കൊച്ചുമക്കൾ വൃദ്ധരായ രക്ഷിതാക്കളുടെ അരികിൽ പോകുന്നതിനെ വിലക്കുന്ന അച്ഛനമ്മമാരെയും ഇന്ന് നമ്മൾ കാണുന്നു. മക്കൾ കേൾക്കെ വൃദ്ധരായ മാതാപിതാക്കളെ കുറിച്ചും അവരുടെ പരിചരണത്തെ കുറിച്ചും ഒളിഞ്ഞും തെളിഞ്ഞും കുറ്റം പറയുകയും മൂഷിപ്പോടെയും അവമതിപ്പോടെയും  സംസാരിക്കുകയും ചെയ്യുന്നത് കുട്ടികൾക്കിടയിൽ വൃദ്ധരായ രക്ഷിതാക്കളോടുള്ള സ്നേഹബന്ധത്തിന് ഉലച്ചിൽ തട്ടുമെന്ന് മാത്രമല്ല ഭാവിയിൽ സ്വന്തം മാതാപിതാക്കളോട് വളരെ നിരുത്തരവാദപരമായി പെരുമാറുന്നതിന് പ്രചോദനമായി മാറുകയും ചെയ്യും. വാർധക്യത്തിലെ ഏറ്റവും വലിയ സാന്ത്വനമെന്നത് തന്നെ ആരെങ്കിലും കേൾക്കുകയെന്നതും ഉൾക്കൊള്ളുകയെന്നതുമാണ് എന്നാൽ തിരക്ക് പിടിച്ച ലോകത്ത് വാർധക്യത്തെ കേൾക്കുവാനും ശ്രദ്ധിക്കുവാനും കഴിയാതെ പോവുന്നതാണ് ഇന്നത്തെ സാമൂഹ്യ കുടുംബാംന്തരീക്ഷത്തിൽ പ്രായമായവർ നേരിടുന്ന ഏറ്റവും വലിയ ദുരനുഭവം. പക്വവും ആർദ്രവുമായ വാക്കുകൾ കൊണ്ട് സംസാരിക്കുകയും ഇകഴ്ത്തലും കുറ്റപ്പെടുത്തലുമില്ലാതെ വാർധക്യമെന്ന അവസ്ഥാന്തരത്തെ ഉൾക്കൊണ്ടുമായിരിക്കണം സംസാരിക്കേണ്ടത്. പ്രായമായവരുടെ വാക്കുകളെ വാക്കാർത്ഥങ്ങളേക്കാൾ അവരുടെ മാനസിക തലങ്ങളിൽ നിന്നു കൊണ്ട് വേർതിരിച്ചെടുക്കാൻ നമുക്ക് കഴിയണം. മുഷിഞ്ഞ വാക്കുകളെ മിഴിവുള്ള നിശബ്ദത കൊണ്ടും പുഞ്ചിരികൊണ്ടും നേരിടുകയെന്നത് സ്നേഹത്തിൻ്റെയും കടപ്പാടിൻ്റെയും സമാനതകളില്ലാത്ത സൂചകങ്ങളാണ്.  വാർധക്യകാല പരിചരണത്തിൽ സമർപ്പണ മനസ്സും ക്ഷമയും അനിവാര്യ ഘടകങ്ങളാണ്. തൻ്റെ വാർധക്യകാലത്തെ  കുറിച്ചുള്ള ചിന്തയും ബോധവും മറ്റുള്ളവരെ ശുശ്രൂഷിക്കുമ്പോൾ നമുക്ക് പ്രചോദനവും ആത്മീയ ബലവുമായി നമ്മോടൊപ്പമുണ്ടാവേണ്ടതുണ്ട്. വാർധക്യകാലത്ത് ചിലയാളുകൾ മറ്റുള്ളവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന് കരുതി എല്ലാ കാര്യങ്ങളും സ്വയം ചെയ്യാനും ചിലപ്പോഴൊക്കെ പഴയ കാല ജീവിതാനുഭവങ്ങളോടൊപ്പം സഞ്ചരിക്കാനും ശ്രമിക്കാറുണ്ട്. ഇത് ശരിയായ ഒരു കാഴ്ചപ്പാടല്ലന്ന് വാർധക്യ മനസ്സ് തിരിച്ചറിയണം. സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ അതാവശ്യപ്പെടുന്നതാണ് ശരി.  പരസഹായമില്ലാതെ ദൂരെക്ക് യാത്ര ചെയ്യുന്നതും അനാവശ്യമായ എടുത്തു ചാട്ടവുമൊക്കെ വാർധക്യത്തെ പലപ്പോഴും അപകടത്തിലേക്ക് നയിക്കും.

പ്രായമാവുകയെന്നാൽ രോഗബാധിതമാവുകയാണന്നും മറ്റുള്ളവരുടെ സംരക്ഷണത്തിലേക്ക് എടുത്തെറിയപ്പെടുകയാണെന്നുമുള്ള ധാരണ മാറ്റേണ്ടതുണ്ട്. രോഗാതുരത വർധക്യത്തിൻ്റെ പര്യായമല്ല. വാർധക്യകാലത്ത് സ്വന്തം വീടുകളിൽ ചടഞ്ഞുകൂടാതെ ബന്ധുക്കളുടേയും മറ്റ് അടുപ്പമുള്ള ഇടങ്ങളിലേക്കുമൊക്കെ യാത്ര പോവുന്നതും പ്രായമായവരുടെ കൂട്ടായ്മകളിൽ സജീവമാകുന്നതും ആത്മീയ ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നതുമൊക്കെ മനസ്സിന് ഊഷ്മളതയും സന്തോഷം നൽകുന്ന കാര്യങ്ങളാണ്. ചില കുടുംബങ്ങളിൽ ഒരു മകൻ്റെ വീട്ടിൽ നിന്നും മറ്റൊരു മകൻ്റെ വീട്ടിലേക്ക് കയറി വരുന്ന വൃദ്ധരായ മാതാപിതാക്കൾ അധികനാൾ തങ്ങുമോയെന്ന ഉൾഭയത്തോടെ അവരെ  സ്വീകരിക്കുന്നതും നമ്മൾ കാണുന്നു! വീട്ടിൽ നിന്നും അച്ഛനമ്മമാർ മറ്റു ബന്ധുക്കളുടെ അടുത്തേക്ക് പോവുമ്പോൾ വീടുകളിൽ ആഘോഷമാക്കുന്നവരും വിരളമല്ല. വാർധക്യത്തോട് ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നവർ ഭാവിയിൽ തങ്ങൾക്ക് ഇതേ ഗതി വന്നാലുണ്ടാവുന്ന അവസ്ഥയെ കുറിച്ച്  ചിന്തിക്കുന്നത് നല്ലതാണ്. വാർധക്യകാല ഒറ്റപ്പെടലുകളെ കൂടുതൽ തീഷ്ണമാക്കുന്നത് അവഗണനയാണ്. മൂല്യമില്ലാത്ത നാണയം പോലെ വാർധക്യം ബാധിച്ചവരെ മാറ്റി നിർത്തുന്നത് വേദനാജനകമാണ്.  വീട്ടിലെ പ്രധാന ആഘോഷങ്ങളിൽ നിന്നും ചടങ്ങുകളിൽ നിന്നും അവരെ ബോധപൂർവ്വം മാറ്റി നിർത്തുന്നത് മാപ്പർഹിക്കാത്ത പ്രവർത്തിയാണ്. ഇത്തരത്തിലുള്ള അകറ്റി നിർത്തലിലൂടെ തങ്ങളാണ് സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും മാനസികമായി അകറ്റി നിർത്തപ്പെടുന്നതെന്ന് ഓർമ്മിക്കേണ്ടതുണ്ട്. വാർധക്യത്തിൻ്റെ ബലഹീനതയെക്കാൾ വിവേകമുണ്ടെന്ന് നടിക്കുന്നവരുടെ അവിവേകമാണ് ഇവിടെ ഇത്തരം പ്രവർത്തികളിലൂടെ ശ്രദ്ധിക്കപ്പെടുന്നത്!

വാർധക്യത്തോടുള്ള സമീപനം ബാധ്യതയായി കാണാതെ കടമയായി കുടുംബം ഉൾക്കൊള്ളുമ്പോഴാണ് നമുക്കിടയിൽ പ്രായമായവർ ഏറ്റവും സുരക്ഷിതരായിരിക്കുന്നത്.വാർധക്യത്തെ ഒരു രോഗമായി കാണാതെ അനിവാര്യമായ ശാരീരിക മാറ്റമാണന്ന നിലയിൽ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം. പ്രായത്തിൻ്റെ ഈ സായാഹ്ന ഘട്ടത്തെ കാരുണ്യത്തിൻ്റേയും ക്ഷമയുടേയും സ്നേഹമസൃണമായ ഭാഷയിലൂടെ കൂട്ടി പിടിക്കാനും പരിചരിക്കാനും നമ്മൾക്ക് സാധിക്കണം. വാർധക്യം നമ്മളിൽ ഓരോരുത്തർക്കും നടന്നു പോവേണ്ട വഴിയാണന്ന തിരിച്ചറിവ് എപ്പോഴുമുണ്ടാവണം. കണക്കുകളും കടപ്പാടിൻ്റെയും കഥകളേക്കാൾ  അവർ നമ്മളെ  പരിചരിച്ചു വളർത്തിതുപോലെ കാലത്തിൻ്റെ ഒഴുക്കിൽ ക്ഷീണിച്ചു പോയ  അവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോഴാണ്  വാർധക്യത്തോടുള്ള നമ്മുടെ സാമൂഹ്യ ഉത്തരവാദിത്തം നമ്മൾ നിറവേറ്റപ്പെടുന്നത്.

Next Post

ബീഹാര്‍ ഡി.ജി.പി. ഇനി മുതല്‍ ബിജെപി സ്ഥാനാര്‍ഥി !

Thu Sep 24 , 2020
വോളണ്ടറി റിട്ടയർമെന്റ് എടുത്ത് സ്ഥാനമൊഴിയാനുള്ള ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡയുടെ തീരുമാനത്തിന് ബിഹാർ സർക്കാറിന്റെ അംഗീകാരം. സെപ്തംബർ 22 പ്രാബല്യത്തിൽ പാണ്ഡെയുടെ വിരമിക്കൽ അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് ബിഹാർ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. 2021 വരെ സർവീസ് കാലാവധിയുണ്ടായിരുന്ന പാണ്ഡെ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയപ്രവേശനത്തിനു വേണ്ടിയാണ് സ്ഥാനമൊഴിഞ്ഞത് എന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ ബക്‌സർ അല്ലെങ്കിൽ ഷാ പൂർ മത്സരത്തിൽ നിന്ന് പാണ്ഡെ ജനവിധി തേടിയേക്കുമെന്ന് ‘ദി […]

You May Like

Breaking News

error: Content is protected !!