കരുവാറ്റ ബാങ്ക് കവർച്ച : ടെറസിലൂടെ പ്രതി ‘പറന്നു’, പിന്നാലെ പൊലീസും

ഹരിപ്പാട്: കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നാലര കിലോ സ്വര്‍ണവും നാലു ലക്ഷം രൂപയും കവര്‍ന്ന കേസിലെ മുഖ്യ പ്രതി പാറക്കാണി മേക്കുംകര വീട്ടില്‍ ആല്‍ബിന്‍ രാജിനെ (ഷൈജു – 39) പോലീസ് പിടികൂടിയത് അതിസാഹസികമായ സിനിമാറ്റിക് രംഗങ്ങള്‍ക്കൊടുവില്‍.

തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് സ്വദേശിയായ ആല്‍ബിന്‍ രാജിനെ കോയമ്ബത്തൂരില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ നിന്നു മോഷ്ടിച്ച 1.850 കിലോ സ്വര്‍ണ്ണം ഇയാളില്‍ നിന്ന് കണ്ടെടുത്തു.

ആല്‍ബിന്‍ രാജ് അതിബുദ്ധിമാനാണെന്ന് പോലിസ് മനസിലാക്കിയിരുന്നു. അതിനാല്‍ ജാഗ്രതയോടെയാണ് പോലീസ് കോയമ്ബത്തൂരിലെത്തിയത്. മൂന്ന് ഉദ്യോഗസ്ഥരെ പറഞ്ഞയച്ച്‌ വീട് മനസിലാക്കി. പിന്നീട് ടെമ്ബോ ട്രാവലറില്‍ കൂടുതല്‍ പോലീസ് എത്തുകയായിരുന്നു. ഹരിപ്പാട് സി.ഐ ഫയാസിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം എത്തിയത്.

പോലീസ് ആല്‍ബിന്‍ രാജിന്റെ വീട് വളഞ്ഞതോടെ സിനിമകളില്‍ കാണുന്നതുപോലെ ഇയാള്‍ സമീപത്തെ വീടുകളുടെ ടെറസുകള്‍ ചാടിക്കടന്ന്‌ഓടി. പോലീസും പിന്നാലെ ചാടിയോടി. കത്തി ഉപയോഗിച്ച്‌ കുത്താന്‍ മുതിര്‍ന്നെങ്കിലും ഒടുവില്‍ പോലീസ് ബലമായി കീഴടക്കുകയായിരുന്നു. ഇയാളെ അതിസാഹസികമായാണ് പിടികൂടിയതെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ബാങ്ക് കവര്‍ച്ച കേസില്‍ ഇതോടെ മൂന്നു പ്രതികളും അറസ്റ്റിലായി. ഹരിപ്പാട് ആര്‍.കെ ജംഗ്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളില്‍ വീട്ടില്‍ ഷൈബു (അപ്പുണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാല്‍ തമ്ബിക്കോണം പാവോട് വഴിയില്‍ മേലേപ്ളാവിട വീട്ടില്‍ ഷിബു (43) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പിന്നീടാണ് ആല്‍ബിന്‍ രാജിനെ 2020 ഒക്ടോബര്‍ 17 ന് പിടികൂടിയത്.

അറസ്റ്റിലായ ഒന്നാം പ്രതി ആല്‍ബിന്‍ രാജില്‍ നിന്നും ഒരു കിലോ എണ്ണൂറ്റി അന്‍പത് ഗ്രാം സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു. മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തതിനൊപ്പം ഇത്ര ഏറെ തൊണ്ടി മുതല്‍ ലഭിക്കുന്നത് ആദ്യമാണെന്ന് പൊലീസ് പറഞ്ഞു. ബാങ്കില്‍ നിന്നും ആകെ നഷ്ടമായത് 4.83 കിലോ ഗ്രാം സ്വര്‍ണ്ണമാണ്. എന്നാല്‍ മോഷ്ടിച്ച പണം കണ്ടെത്തിയിട്ടില്ല. ഈ കണക്കില്‍ 700 ഗ്രാമോളം കുറവ് വരുന്നതായി പൊലീസ് പറയുന്നു. രണ്ടാം പ്രതിയായ ഷൈബുവിന് ലഭിച്ച ഒന്നര കിലോ സ്വര്‍ണ്ണം തിരുവനന്തപുരത്തെ കടയില്‍ വിറ്റെന്ന് കണ്ടെത്തി.

Next Post

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആള്‍മാറാട്ടം നടത്തി സൗദിഅറേബിയയിലേക്ക് കടന്ന പ്രതി ജീവനൊടുക്കി

Sun Oct 18 , 2020
റിയാദ്/തൊടുപുഴ: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആള്‍മാറാട്ടം നടത്തി സൗദിഅറേബിയയിലേക്ക് കടന്ന പ്രതി ജീവനൊടുക്കി. ആര്‍പ്പൂക്കര സ്വദേശി മുഹമ്മദ് സാദിഖാണ് സൗദിയില്‍ മരിച്ചത്. കൊല്ലം സ്വദേശിയായ അഷ്റഫ് അയത്തില്‍ എന്ന പേരിലാണ് ഇയാള്‍ സൗദിയില്‍ കഴിഞ്ഞത്. നാട്ടില്‍ എത്തിച്ച മൃതദേഹം പൊലീസിന്റെ നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം മുഹമ്മദ് സാദിഖിന്റേതാണെന്ന് ഉറപ്പാക്കയശേഷം സംസ്കരിച്ചു. തൊടുപുഴ സ്വദേശിനിയായ സിജിയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ മുഹമ്മദ് […]

Breaking News

error: Content is protected !!