വിചിന്തനം (ഭാഗം-2)

ഏതൊരു  പെൺകുട്ടിയുടെയും ജീവിതത്തിൽ കുറെയേറെ മാറ്റങ്ങളുടെ തുടക്കം കുറിക്കുന്ന ഒന്നാണ് ആർത്തവം.  അവളുടെ ദൈനം ദിന പ്രവൃത്തികൾ തൊട്ട് ചിന്തകളിൽ വരെ കരുതലിന്റെയും പുതിയ അർത്ഥ തലങ്ങളിലേക്കും അവളെ നയിക്കുന്ന ഒരു ജീവിത യാഥാർഥ്യം. ഭീതിയും ആകാംക്ഷയും അതിനോടൊപ്പം ഇനിയുള്ള ദിവസങ്ങളിൽ എന്ത് ചെയ്യണം എങ്ങനെ ഇതൊക്കെ കൈകാര്യം ചെയ്യണം എന്നിങ്ങനെ നൂറായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉയരുന്ന ഒരു സമയവും കൂടിയാണത്. ഇംഗ്ലീഷിൽ പറഞ്ഞാൽ “നോ പ്രഷർ!” മനുഷ്യൻ ഉണ്ടായ കാലം തൊട്ടേ സ്ത്രീകൾക്ക് ഉള്ള ഒരു കാര്യമാണിത് പക്ഷെ ചരിത്രത്തിലോ മനുഷ്യന്റെ പരിണാമങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള മറ്റു സ്ഥലങ്ങളിലോ ഇതിനെ പറ്റി അധികമൊന്നും എവിടെയും പ്രതിപാദിച്ചു കാണുന്നില്ല എന്നതാണ് വാസ്തവം. എഴുതി വക്കാത്തതു കൊണ്ടാണോ അതോ എഴുതിയ വ്യക്തിയുടെ നിസ്സാര മനോഭാവത്തെയോ കുറ്റപെടുത്താം.

കാലം ഏതായാലും ആർത്തവത്തെ ചുറ്റിപറ്റി കുറെ വിശ്വാസങ്ങൾ നിലനിന്നിരുന്നതായി പറയപ്പെടുന്നു. ഉദാഹരണത്തിന് റോമൻ സംസ്കാരത്തിൽ മാസമുറയിൽ ഉള്ള സ്ത്രീകൾക്ക് പ്രകൃതി ദുരന്തങ്ങളെ ചെറുക്കുവാനും അതില്ലാതാക്കുവാനും ഉള്ള കഴിവുള്ളതായി വിശ്വസിച്ചിരുന്നു. മായൻ സംസ്കാരത്തിലാകട്ടെ ആർത്തവത്തെ ചന്ദ്ര ദേവതയുടെ ശാപമായിട്ടാണ് കരുതിയിരുന്നത്. ഗ്രീക്കുകാർ വിശ്വസിച്ചിരുന്നത് ഒരു പെൺകുട്ടിക്ക്  14 വയസ്സിലെങ്കിലും ആദ്യ ആർത്തവം വന്നിരിക്കണം എന്നാണ്. ഇല്ലെങ്കിൽ ആ രക്‌തമൊക്കെ ശരീരത്തിലെ ബാക്കിയുള്ള അവയവങ്ങളെ പ്രത്യേകിച്ച് മസ്തിഷ്കത്തെ ബാധിച്ചു ഒടുവിൽ ആ പെൺകുട്ടിക്ക് ഭ്രാന്തു വരുമെന്നു വരെ അടിയുറച്ചു വിശ്വസിച്ചിരുന്നു! ഇപ്പോൾ കേൾക്കുമ്പോൾ ഇതൊക്കെ നിസ്സാരമായിട്ടോ അന്നത്തെ ആളുകളുടെ വിവരക്കേടായിട്ടോ നമുക്കു തോന്നാം. അപ്പൊ പിന്നെ ഇപ്പോഴത്തെ  കാര്യമെടുക്കാം. രക്തം പോകുന്നത് കൊണ്ട് ശുദ്ധിയില്ലാത്തവളായും, നല്ല ചടങ്ങുകളിൽ നിന്നും പ്രാർത്ഥനയിൽ നിന്നും വിലക്കു അനുഭവിച്ചും , എന്തിനേറെ ഭക്ഷണം ഉണ്ടാക്കുന്നതിൽ നിന്ന് പോലും ഒരു തീണ്ടാപ്പാടകലെ  ഇന്നും സ്ത്രീകൾ നിൽക്കേണ്ടി വരുന്നു. ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ചില ഗ്രാമങ്ങളിൽ ‘ഗ്വോകോർ’ എന്നൊരു സമ്പ്രാദായമുണ്ട് – മാസത്തിലെ ആ 5 ദിവസം സ്ത്രീകളും പെൺകുട്ടികളും അവരുടെ വീട് വിട്ട് ഈ ഗ്വോകോറിൽ താമസിക്കണം. കഴിക്കാനും മറ്റും അവരുടെ കുടുംബങ്ങൾ കൊണ്ട് വന്നാലായി.  കുളിക്കാനോ കഴിക്കാനോ ഒന്ന് നേരാംവണ്ണം കിടക്കാനോ ഇരിക്കാനോ ഒരു സൗകര്യവും ഇല്ലാതെ സ്ത്രീകൾ വേറെ നിവൃത്തിയില്ലാതെ കഴിയേണ്ടി വരുന്നു. പുരോഗമനത്തിന്റെ മുദ്രാവാക്യം മുഴക്കുന്ന ഈ കാലത്തും ഇതാണ് നമ്മുടെ കാഴ്ചപാട്. ഇത് നിസ്സാരമാണോ അതോ വിവരം കൂടി പോയതോ? സ്വയം ചോദിക്കാം.

ഒരു തുണിയുടെ മേൽ നീല മഷി ഒഴിച്ച് മഷി പരന്നിട്ടുണ്ടോ ഇല്ലയോ എന്ന് സൂക്ഷ്മം പരിശോധിക്കുന്ന പരസ്യം മറന്നു കാണില്ലല്ലോ? ഒരു മൃദു മന്ത്രണത്തിന്റെയും (വിസ്പർ) അശ്രദ്ധയുടെയും (കെയർ ഫ്രീ, സ്റ്റേ ഫ്രീ) ഒക്കെ ചിറകുള്ളതും ഇല്ലാത്തതും ആയ സാനിറ്ററി നാപ്കിന്സിന്റെ പരസ്യങ്ങളാണതൊക്കെ.  എന്നാൽ ഇതൊക്കെ ലഭ്യമായി തുടങ്ങിയിട്ട് അധികം കാലമൊന്നുമായിട്ടില്ല. 1896 ൽ ആണ് ലിസ്റ്റെർസ് ടവൽ എന്ന പേരിൽ ആദ്യത്തെ ഡിസ്പോസിബിൾ നാപ്കിൻ മാർക്കറ്റിൽ ഇറങ്ങിയത്. പിന്നീട ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബാക്കി വന്ന ബാൻഡേജ് സെല്ലുലോസ് എടുത്തു കൊട്ടക്സ് നാപ്കിൻ ഇറക്കി. പക്ഷെ ഇവയൊന്നും ഇന്നത്തെ പോലെ ഒട്ടിച്ചു വക്കാൻ പറ്റാത്തവ ആയിരുന്നു മറിച്ചു ബെൽറ്റ് കൊണ്ടോ പിന്നു കൊണ്ടോ ഉറപ്പിച്ച വക്കണമായിരുന്നു. 1930 ൽ ആദ്യത്തെ റ്റാംപോൺ വിപണിയിൽ ഇറങ്ങി വീണ്ടും പത്തു ഇരുപതു കൊല്ലം കഴിഞ്ഞു 1969 ൽ ആണ് ഇന്നത്തെ രീതിയിലുള്ള പാഡ്സ് സ്ത്രീകൾക് കിട്ടിയത്. അത് വരേയ്ക്കും അതിനു മുൻപുള്ള സമയത്തും കഴുകി എടുക്കാവുന്ന തുണികളും മറ്റുമാണ് ലോകത്തെമ്പാടുമുള്ള സ്ത്രീകൾ ഉപയോഗിച്ചതായി കാണപ്പെടുന്നത്. അസഹ്യമായ ഈർപ്പവും അതോടൊപ്പം ഉള്ള പേടിയും, ഒറ്റപെടുത്തലുകളും, അങ്ങനെ കുറെ കണ്ണീരിന്റെയും നെടുവീർപ്പുകളുടെയും കഥകൾ പറയാനുണ്ടാവും ആ തുണികൾക്ക്.

വിപണിയിൽ ഉണ്ടെങ്കിലും ഈ ഉത്പന്നങ്ങൾ വാങ്ങാൻ കഴിവില്ലാതെ പോകുന്ന ഒരുപാട് പേരുണ്ട്. യൂ കെ യിൽ പത്തിൽ ഒരു പെൺകുട്ടിക്ക്  ഇവ വാങ്ങാൻ കഴിവില്ല എന്ന് 2018 ൽ നടന്ന ഒരു സർവ്വേ തെളിയിച്ചു. ആയിരത്തിൽ 14% പെൺകുട്ടികൾ സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയോ ,12 % തുണിയോ മറ്റു വസ്തുക്കളോ പാഡായി ഉപയോഗിക്കുന്നു എന്നാണ് കണക്കു. മാസത്തിൽ 5 ദിവസം വരെ 49 % പെൺകുട്ടികൾ സ്കൂളിൽ പോലും പോകാതെ ഈ കാരണത്താൽ വീട്ടിലിരിക്കുന്നു  എന്നും ഈ പഠനം കാണിച്ചു തന്നു (ഗ്ലോബൽ വുമൺ കണ്ണെക്ടഡ്, സോഷ്യൽ ചേഞ്ച്, 2018). ഇംഗ്ലണ്ടിനെ പോലെയുള്ള വികസിത രാജ്യത്തു ഇതാണ് അവസ്ഥ എങ്കിൽ മറ്റു രാജ്യങ്ങളുടെ കാര്യം ഞാൻ പറയേണ്ടല്ലോ ? ‘പീരിയഡ് പോവെർട്ടി’ അഥവാ ആർത്തവ ദാരിദ്ര്യം എന്നാണ് ഈ അവസ്ഥക്ക് പേര്. പട്ടിണിയും കുടിവെള്ളവും പ്രശ്നങ്ങളാകുന്നിടത്തു ഇത് അറിയാതെ പോകുന്നു അത്ര മാത്രം.

ഒരു പെൺകുട്ടി ഋതുമതി ആവുന്നത് ആഘോഷമായിട്ടാണ് നമ്മുടെ നാട്ടിൽ കാണുന്നത്. ഋതുമതി കല്യാണം അഥവാ തിരണ്ടു കല്യാണം എന്ന് പറയുന്ന ചടങ്ങിൽ പെൺകുട്ടിയെ നാലാം ദിവസം എണ്ണ തേച്ചു കുളിപ്പിക്കലും, കൂട്ടത്തിൽ കേമമായ സദ്യയും, അവൾക്ക് പൊന്നും മറ്റു സമ്മാനങ്ങളും നൽകുന്നു. തലയിൽ തണ്ണീരൊഴുക്കുക, ചെമ്പുകുടം അരിമാവ് കൊണ്ടലങ്കരിച്ചു തെങ്ങിൻ പൂക്കുല അതിൽ വക്കുക, തിരി കത്തിച്ചു പ്ലാവില കൊണ്ട് ഉഴിഞ്ഞു കളയുക, കുരവയിടുക, കുട്ടിക്ക് പച്ച മുട്ട കൊടുക്കുക അങ്ങനെ ഓരോ സമുദായത്തിനും അവരുടേതായ ചടങ്ങുകൾ ഉണ്ട്. പണ്ട് കാലത്തു തിരണ്ടി കല്യാണത്തോടെയാണ് പെൺകുട്ടിക്ക് ഭാവി വരനെ കണ്ടെത്താനുള്ള പുറപ്പാടും ആരംഭിച്ചിരുന്നതു. നമ്മുടെ നാട്ടിൽ മാത്രമല്ല ജപ്പാനിൽ പെൺകുട്ടിയുടെ  അമ്മ ചുവന്ന കടലയും അരിയും ചേർത്ത ഒരു മധുരം ഉണ്ടാക്കിയാണ് ഈ വിവരം കുടുംബത്തെ അറിയിക്കുക. ഇറ്റലിയിൽ അവളെ ‘സൈനോറീന’  എന്ന് വിളിച്ചും ഐസ് ലാൻഡിൽ ആകട്ടെ ചുവപ്പും വെളുത്തതും ആയ കേക്ക്  ഉണ്ടാക്കിയും ഒക്കെ ആഘോഷിക്കുന്നു. ഇത്രയും സന്തോഷത്തോടെ വരവേൽക്കപ്പെടുന്ന  ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഒരു പുതിയ വഴിത്തിരിവ് ഒട്ടും വൈകാതെ തന്നെ എങ്ങനെയാണു  അവളെ ഒറ്റപ്പടുത്തുന്ന ഒന്നായി മാറുന്നത് എന്നത് നമ്മൾ ആലോചിക്കേണ്ട വിഷയമാണ്. പ്രകൃതിയാൽ അവളിൽ ഒരു ജീവനെ ഉളവാക്കാനുള്ള ശക്തി ഉണ്ടെന്നു തെളിയിക്കുന്ന ഒന്നാണ് ആർത്തവം. അതിനെ അറക്കുകയോ വെറുക്കുകയോ അതുള്ളപ്പോൾ മാറ്റി നിർത്തുകയോ അല്ല മറിച്ചു സ്നേഹവും പരിചരണവും അവൾക്ക് ആത്മ വിശ്വാസവും പകർന്നു കൊടുക്കുകയാണ് വേണ്ടത്. നമ്മുടെ തലമുറയും ഇനി വരാനുള്ള പെൺകുഞ്ഞുങ്ങളും ആ നല്ല വ്യത്യാസ്സം അനുഭവിച്ചറിയട്ടെ.

റോഷ്‌നി അജീഷ്

https://roshnipaulsoulsearches.wordpress.com/Next Post

ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രാജി വെക്കാനൊരുങ്ങുന്നു; കാരണം വിചിത്രം !

Sat Oct 24 , 2020
കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല, കുടുംബത്തിന്റെ നിത്യച്ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ പോലും. ഇതില്‍ ഭേദം ജോലി രാജി വയ്ക്കുകയാണ് നല്ലത്. പറയുന്നത് കേട്ടിട്ട് നമ്മളെപ്പോലെ ഏതെങ്കിലും സാധാരണക്കാരനാണെന്ന് കരുതിയോ? എന്നാല്‍ ഇവരാരുമല്ല ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഈ പ്രാരാബ്ധക്കാരന്‍. ശമ്പളം ഒന്നിനും തികയാത്തതുകൊണ്ട് ആറു മാസത്തിനകം രാജി വയ്ക്കുമെന്നാണ് സൂചന. വലിയ കുടുംബത്തിന്റെ നാഥനാണ് ബോറിസ് ജോണ്‍സണ്‍. ആറ് മക്കളാണ് ബോറിസ് ജോണ്‍സണുള്ളത്. എല്ലാവരും അദ്ദേഹത്തിന്റെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. […]

You May Like

Breaking News

error: Content is protected !!