സ്ത്രീകൾ സൈബർ ലോകത്ത് എത്ര സുരക്ഷിതരാണ് ?

-അഡ്വ. ടി.പി.എ.നസീർ-

വ്യക്തി സ്വാതന്ത്ര്യത്തിൻ്റെയും സാമൂഹിക മുന്നേറ്റങ്ങളുടേയും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ വളർച്ചയുടേയും കാര്യത്തിൽ കേരളത്തിലെ സ്ത്രീകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണന്ന് അവകാശപ്പെടുമ്പോഴും നമ്മുടെ  പൊതു വ്യവഹാര മണ്ഡലത്തിൽ സ്ത്രീകൾ മാനസികവും ശാരീരികവും തൊഴിൽ പരവുമായ വിവേചനങ്ങൾക്കും ശാരീരിക ഗാർഹിക ലൈംഗിക അതിക്രമങ്ങൾക്കും വിധേയമായി കൊണ്ടിരിക്കുകയാണ് . എന്നാൽ സ്ത്രീകൾക്ക് സമൂഹത്തിൽ നേരിട്ട് അനുഭവിക്കേണ്ടി വരുന്ന ഇത്തരം അതിക്രമങ്ങള കുറിച്ച് ചർച്ച ചെയ്തിരുന്ന നമ്മൾ ഇന്ന് ഒരു പക്ഷേ ഏറെ ആകുലപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും അഭിപ്രായ ആവിഷ്ക്കാര നിലപാടുകൾ തുറന്നു പറയുന്ന സ്ത്രീകളെ നവമാധ്യമങ്ങളിലൂടെ ഒളിഞ്ഞും തെളിഞ്ഞും വെർബൽ റേപ്പിംഗിനും സെക്ഷ്വൽ ഷെയിമിങ്ങിനും വിധേയമാക്കി കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ ആണധികാരത്തെ കുറിച്ചും   സോഷ്യൽമീഡിയയിലെ ലൈംഗികാതിക്രമത്തെയും അധിക്ഷേപത്തെയും പ്രതിരോധിക്കാനുള്ള രാജ്യത്തെ നിയമ സംവിധാനത്തിൻ്റെ പരിമിധികളെ കുറിച്ചുമാണ്.

സൈബറിടമെന്നത് മുഖ്യധാരാ പൊതുബോധത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരിടമല്ല , മറിച്ച് പ്രത്യക്ഷമായി ഇടപെടുന്നതിനേക്കാൾ ഭയരഹിതമായി കടന്നു വരാനും ഏത് വിഷയത്തെ കുറിച്ചുമുള്ള സ്വന്തം അഭിപ്രായം  മറയില്ലാതെ  വെട്ടിതുറന്നു പറയാനുമുള്ള സ്വാതന്ത്ര്യം സോഷ്യൽ മീഡിയ ഇന്ന് തുറന്നു വെക്കുന്നുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങളിലെ ഓരോ ഇടപെടലുകളും സമകാലീന സാമൂഹ്യ ചിന്തകളുടെ തുടർച്ച തന്നെയാണങ്കിലും അതിൻ്റെ പ്രത്യാഘാതങ്ങൾ ദുരവ്യാപകമാവുന്നത് സൈബറിടങ്ങളിൽ ഇത്തരം ചിന്തകൾ
തുറന്നു രേഖപ്പെടുത്തുകയും പൊതു സമൂഹം അതിനെ ചർച്ച ചെയ്യുകയും ചെയ്യുമ്പോഴാണ്.  നവ മാധ്യമങ്ങളിലൂടെയുള്ള  വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളും വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിസ്വകാര്യതകളേയും മനുഷ്യാവകാശത്തേയും നിരന്തരം ഹനിക്കുകയും കടുത്ത സ്ത്രീവിരുദ്ധവും വംശവെറി നിറഞ്ഞതും വർഗ്ഗീയ  വിഷലിപ്തമായ ആശയ പ്രചാരണോപാധിയായി   രൂപപ്പെടുത്തുന്നതുമായ കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത്! സോഷ്യൽ മീഡിയയിൽ 41% സ്ത്രീകളും വിവിധ തരത്തിലുള്ള അധിക്ഷേപങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും വിധേയമാവുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഭയരഹിതമായി ചില യാഥാർത്ഥ്യങ്ങളെയും അനുഭവങ്ങളെയും സ്വതന്ത്രമായി രേഖപ്പെടുത്താനൊരിടമെന്ന നിലയിൽ സൈബറിടം സ്ത്രികൾ ഉപയോഗപ്പെടുത്തുമ്പോൾ സമൂഹം ‘അവർക്ക് ‘ കൽപ്പിച്ചു നൽകിയ ചില സാമൂഹ്യ അതിർത്തികൾ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് നിരന്തരം വീക്ഷിക്കപ്പെടുന്നുവെന്നതാണ് യാഥാർത്ഥ്യം.ഇത്തരത്തിൽ ‘ആണധികാരത്തിൻ്റെ’ അതിർത്ഥികൾ ഭേദിക്കുന്ന സ്ത്രീകൾക്കെതിരെ അസഭ്യം നടത്തിയും അധിക്ഷേപങ്ങൾ ചൊരിഞ്ഞും പരദൂഷണവും അപവാദ പ്രചരങ്ങൾ അഴിച്ചുവിട്ടും മോശമായി ചിത്രീകരിക്കാനുള്ള ബോധപൂർവ്വ ശ്രമങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്ത്രീ തുറന്നു പറച്ചിലുകളെ എതിർക്കാൻ ലൈംഗികമായി അധിക്ഷേപിക്കുകയെന്ന നയമാണ് പലപ്പോഴും നവ മീഡിയകളിൽ അനുവർത്തിച്ചു വരുന്നത്!

തെരുവുകളിൽ സ്ത്രീകൾ ആക്രമിക്കപ്പെടുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നതിനേക്കാൾ സൈബറിടങ്ങളിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുവെന്നതാണ് യാഥാർത്ഥ്യം! നവമാധ്യമങ്ങളിൽ സ്വതന്ത്രമായി അഭിപ്രായ ആശയ പ്രചരണങ്ങൾ നടത്തുന്നവരെ തകർക്കാൻ ലൈംഗികചുവയുള്ള പരാമർശങ്ങൾ നടത്തി സമ്മർദ്ദത്തിലാക്കുകയും ഒടുവിൽ മനസ്സി ടറിയും കാലിടറിയും പിന്തിരിഞ്ഞു പോരേണ്ടി വരികയും ചെയ്യുന്നവരുടെ ഒരു നീണ്ട നിര തന്നെ നമ്മൾ കാണുന്നു ഒപ്പം എല്ലാ അധിക്ഷേപങ്ങളെയും സധൈര്യം നേരിട്ട് വ്യക്തമായ നിലപാടുകളുമായി മുന്നോട്ട് പോവുന്നവരും വിരളമല്ല! സൈബറിടങ്ങളിൽ സ്ത്രീകളെ ആക്രമിക്കുന്നതിന് എറ്റവും ഉചിതമായ ‘ഭാഷ’ ലൈംഗിക പരാമർശങ്ങളും വ്യക്തിസ്വകാര്യതകൾ വിളിച്ചു പറയലുമാണന്നതാണ് ശ്രദ്ധേയം! സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആക്രമണത്തിന് വിധേയമായ ഒരു പദം ഒരു പക്ഷേ ഫെമിനിസമെന്നതാവും! സ്വതന്ത്രാവിഷ്ക്കാരം നടത്തുന്ന ഏതൊരാളിനേയും ഫെമിനിസ്റ്റായി വായിക്കാനാണ് ആളുകൾക്ക് തിടുക്കം. ഒടുവിൽ തങ്ങൾക്കിഷ്ടമില്ലാത്ത യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്ന സ്ത്രീ ശബ്ദത്തെ  മലയാളി ആണധീശത്വം ഇപ്പോൾ വിളിക്കുന്ന പേരാണ് ‘ഫെമിനിച്ചി’ എന്നത് !

ലൈംഗികച്ചുവയുള്ള ആഭാസകരമായ കമൻറുകൾ വ്യാജ പ്രൊഫൈലുകളുണ്ടാക്കി ഇരകളായ സ്ത്രീകളുടെ  ഇൻബോക്സിൽ നിറയ്ക്കുകയെന്നത് നവമാധ്യമങ്ങളിലെ ഒരു ‘ഇക്കിളി ഫാഷനായി’ മാറിയിരിക്കുകയാണിന്ന്.അടിവസ്ത്രത്തിൻ്റെ നിറം ചോദിച്ചും കേട്ടാലറക്കുന്ന വാക്കുകൾ ഷെയർ ചെയ്തും രാത്രിയുടെ വില ചോദിച്ചുമൊക്കെ സ്ത്രീകളെ ഓൺ ലൈനിൽ നിരന്തരം ശല്യം ചെയ്തു കൊണ്ടിരിക്കുന്നവരും വിരളമല്ല. സ്ത്രി വിരുദ്ധമായതും ജാതീയത ഉയർത്തിപ്പിടിച്ചും മത വർഗ്ഗീയത വളർത്തിയും സൈബറിടങ്ങളിൽ നിരവധി ബ്ലോഗുകളും യൂ ടൂബ് ചാനലുകളുമാണ് ഇന്ന് രംഗത്തുള്ളത്. ലൈംഗികതയും വംശീയതയും ഗോസ്സിപ്പും ഏറ്റവും കൂടുതൽ ഷെയറും ലൈക്കും കിട്ടുന്ന ഉൽപ്പന്നമായി മാറുകയാണ് നവ മാധ്യമങ്ങളിൽ. സാമൂഹ്യവിരുദ്ധ രോഗാതുര മനസ്സോടെ വിഷയങ്ങളെ സമീപിക്കുന്നവരാണ് ഇത്തരത്തിലുള്ള മഞ്ഞ സർഗ്ഗാത്മകതയെ പ്രോൽസാഹിപ്പിക്കുന്നത്!

സ്ത്രീകളെ അവഹേളിക്കുന്നതിനെതിരെ നിയമം രാജ്യത്ത് ഇന്നും ശക്തമാണ്. നേരത്തെ ഉണ്ടായിരുന്ന  ഐ.ടി. ആക്ട് വകുപ്പ് 66 A റദ്ദ് ചെയ്തെങ്കിലും  ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 509 ( 2016 ൽ ഭേദഗതി വരുത്തി ശിക്ഷ വർദ്ധിപ്പിച്ചത്) പ്രകാരം സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചു കൊണ്ടുള്ള വാക്കോ ആംഗ്യമോ കൃത്യമോ, അല്ലങ്കിൽ അപമാനിക്കാൻ വേണ്ടി വാക്ക് ഉച്ചരിക്കുകയോ ശബ്ദം പുറപ്പെടുവിക്കുകയോ ആംഗ്യം കാണിക്കുകയോ  സ്ത്രീയുടെ ഏകാന്തതയെ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരാൾക്കും മൂന്നുവർഷം വരുന്ന കാലത്തേക്ക് തടവ് ശിക്ഷയോ പിഴ ശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു. ഇപ്പോഴും നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 509 സ്ത്രീകൾക്ക് പ്രത്യേക പരിരക്ഷ ഒരുക്കുന്നു എന്നതാണ് സത്യം. എന്നാൽ സൈബറിടങ്ങളിലെ ആക്രമണങ്ങൾക്ക് മതിയായ രീതിയിലുള്ള ശിക്ഷ നടപ്പിലാക്കുന്നതിൽ നമ്മുടെ നീതിന്യായ സംവിധാനം നിരന്തരം പരാജയപ്പെടുകയാണ്. പോലീസ് പല ഘട്ടങ്ങളിലും ദുർബലമായ വകുപ്പുകളാണ് ആക്രമികൾക്കെതിരെ ചാർജ് ചെയ്യുന്നത്.ഇരകളേക്കാൾ വേട്ടക്കാരൻ സംരക്ഷിക്കപ്പെടുന്ന അവസ്ഥയാണ് പലപ്പോഴും നമ്മൾ കാണുന്നത്.

ഡിജിറ്റൽ സ്വാതന്ത്ര്യം വ്യക്തികളെ കടന്നാക്രമിക്കാനും അപകീർത്തിപ്പെടുത്താനും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കാനുമുള്ള ഉപാധിയായി മാറുകയാണിന്ന്. 36% ത്തിലധികം സ്ത്രീകൾ ഓൺലൈൻ സ്റ്റോകിങ്ങിന് വിധേയമാവുന്നുണ്ടന്നതാണ് യാഥാർത്ഥ്യം. എന്നാൽ സൈബറിടങ്ങളിൽ നിരന്തരം  ആക്രമണങ്ങൾക്ക് വിധേയമായിട്ടും  പലപ്പോഴും  ഇരകളായ സ്ത്രീകൾ നിയമ നടപടികളുമായി മുന്നോട്ട് പോവാതിരിക്കുന്നത് ആക്രമ സ്വഭാവങ്ങൾക്ക് ശക്തി പകരാനാണ് സഹായിക്കുക. മലീമസമായ വാർത്തകൾ പടച്ചു വിടുന്നതിലൂടെ ഇത്തരത്തിൽ കുപ്രസിദ്ധി നേടുന്ന യൂ ടൂ ബർമാരും ബ്ലോഗർമാരും രാജ്യത്തെ നിയമങ്ങളെയും സദാചാര ബോധത്തെയുമാണ്  വെല്ലുവിളിക്കുന്നത്.

പൊതു സമൂഹത്തിലെപ്പോലെ തന്നെ ചിന്താപരവും വൈകാരികവുമായ സുരക്ഷിതത്വമില്ലായ്മ സ്ത്രീകൾ സൈബറിടങ്ങളിലും അനുഭവിക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. നാട്ടിൻ പുറത്തെ കവലകളിൽ കൂട്ടം കൂടി അടക്കം പറഞ്ഞും കമൻറുകളടിച്ചും ലൈംഗികച്ചുവയുള്ള ശീലുകൾ പാടിയും നമ്മൾ കണ്ട് പരിചയിച്ച ‘നിരുപദ്രവകാരികളായ’  ഞരമ്പുരോഗികൾ പക്ഷേ സോഷ്യൽ  മീഡിയയിൽ ഇന്ന് ശക്തമാണ്. മുഖമില്ലാതെ മറഞ്ഞിരുന്ന് വെർബൽ റേപ്പിംഗ്, സെക്ഷ്വൽ ഷെയിമിംഗ്, ബോഡി ക്ഷയിമിംഗ്  ഉൾപ്പെടെ ലൈംഗിക വർണ്ണനകൾ നടത്തിയും പ്രചരിപ്പിച്ചും അശ്ശീല അധിക്ഷേപങ്ങൾ ചൊരിഞ്ഞും അപമാനകരമായ രീതിയിൽ സ്ത്രീവിരുദ്ധത പ്രചരിപ്പിച്ചു കൊണ്ട് തങ്ങളുടെ ഓൺലൈൻ സാന്നിദ്ധ്യം  സജീവമാക്കി കൊണ്ടിരിക്കുകയാണ്. സൈബറിടങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെടാനുള്ള പ്രധാന കാരണം സാമൂഹിക ഇടപെടലുകളിലും പൊതുബോധമുരുത്തിരിഞ്ഞു വരുന്നതിലും സ്ത്രീകൾക്കുള്ള പങ്കിനെ അംഗീകരിക്കാത്തതും  സ്ത്രീബോധത്തെ കുറിച്ച് സ്വയം വളച്ചുകെട്ടിയ അതിരുകൾ ലംഘിക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയും ലിംഗാധിഷ്ഠിത സ്വയം ബോധ മാടമ്പിത്തരവുമാണന്ന് പറയാതെ വയ്യ! ഒപ്പം തങ്ങൾക്കു ലഭിക്കാത്ത ചില അധികാരങ്ങളും അർഹതയും മറ്റുള്ളവർക്കു ലഭിക്കുമ്പോഴുണ്ടാവുന്ന മാനസികാസ്വസ്ഥതയും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. ഒരുതരത്തിൽ സദാചാര പോലീസിംഗ് സൈബറിടത്തിലും ശക്തമാണന്നർത്ഥം!

തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങൾ വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ‘മീ ടൂ’ ക്യാമ്പയിനിൻ്റെ ഭാഗമായി വെളിപ്പെടുത്തിയപ്പോൾ വലിയ വിവാദങ്ങളാണ് സമൂഹത്തിലുണ്ടാക്കിയത്. വർഷങ്ങൾക്കു മുമ്പുള്ള ലൈംഗികമായ ദുരനുഭവങ്ങൾ ഒരുപാടു നാളുകൾക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ചർച്ചയാക്കിയതിൻ്റെ മാറ്റൊലി കൂടിയായി ചില സ്ത്രീവിരുദ്ധ പരാമർങ്ങളെ ഇപ്പോൾ കൂട്ടിവായിക്കേണ്ടതുണ്ട്. ഓൺലൈൻ സൗഹൃദത്തിൻ്റെ മറവിൽ മറഞ്ഞിരുന്ന് സ്വപ്ന ജീവിത വാഗ്ദാനത്തിലൂടെ അദൃശ്യ പ്രണയത്തിൽ കുടുങ്ങി സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയ സൈബർ വിധവകളുടെ എണ്ണവും ഇന്ന് നമുക്ക് ചുറ്റും കൂടി വരികയാണ്.എന്നാൽ സോഷ്യൽ മീഡിയയിലെ സ്ത്രീ സ്വാധീനം ഗാർഹിക പീഢനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന പഠന റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.  സോഷ്യൽ മീഡിയയുടെ സ്വാധീനത്തിലൂടെ സാമ്പത്തിക ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം എന്നാൽ കൂടിവരികയാണന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്.

സൈബറിടങ്ങളിലെ സ്ത്രീവിരുദ്ധ സമീപനങ്ങൾക്കും കടന്നാക്രമണങ്ങൾക്കും നിയമപരമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സൈബർ വളർച്ച യുടെ ഇക്കാലത്ത് സോഷ്യൽ മീഡിയയുടെ സാധ്യതകളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ രാജ്യത്തെ നിയമ സംവിധാനം  പരിഷ്ക്കരിക്കപ്പെടുകയോ അല്ലങ്കിൽ ഇന്ത്യൻ പീനൽ കോഡിലെ നടപടി ക്രമങ്ങൾ ശക്തിപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ട്. പലതരത്തിലുള്ള സൈബർ അതിക്രമങ്ങൾ ഭയന്ന് സ്വന്തം അഭിപ്രായങ്ങളും ആശയാവിഷ്ക്കാരവും പ്രകടിപ്പിക്കാൻ കഴിയാതെ പോവുന്നവരുടെ പൗരാവകാശ ധ്വംസനവും നമ്മൾ കാണാതെ പോവരുത്. നിയമപരമായി ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധതയെ ശക്തമായി നേരിടേണ്ടതുണ്ട്, എന്നാൽ നിയമാവകാശങ്ങൾക്ക് വേണ്ടി നിയമം കയ്യിലെടുത്തു കൊണ്ട് പ്രതിഷേധം നടത്തുന്നത് നവമാധ്യമങ്ങളിലൂടെയുള്ള സ്ത്രീ വിരുദ്ധ സമീപനങ്ങൾക്ക് ആക്കം കൂട്ടുകയേയുള്ളൂ.


Next Post

ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച്‌ അറബ് വ്യാപാര സംഘടനകള്‍

Mon Oct 26 , 2020
ദോഹ | ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച്‌ കൂടുതല്‍ അറബ് വ്യാപാര സംഘടനകള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഈയടുത്തായി നിരന്തരം നടത്തുന്ന ഇസ്ലാംവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്നാണിത്. ലോകവ്യാപകമായി പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്നതടക്കമുള്ള നിരവധി വിദ്വേഷ പ്രസ്താവനകളാണ് മാക്രോണ്‍ നടത്തിയത്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ആക്ഷേപഹാസ്യ മാസിക പ്രസിദ്ധീകരിച്ചതിനെയും മാക്രോണ്‍ പിന്തുണച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അറബ് രാജ്യങ്ങളിലെ സാമൂഹിക മാധ്യമങ്ങളില്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമുണ്ടായത്. തുര്‍ക്കിയിലും പ്രതിഷേധം […]

Breaking News

error: Content is protected !!