രാപ്പാടികൾ കരയുമ്പോൾ

-സൽമ ജസീർ-

മഴയുടെ ഇരമ്പൽ കൂടി കൂടി വന്നു. അകലെ ക്ലോക് ടവറിൽ മണി 12 മുഴങ്ങി കഴിഞ്ഞു. തിരിഞ്ഞും മറിഞ്ഞും കിടന്നു, ഉറക്കം വരുന്നതേയില്ല.
മനസ്സിന്റെ ചെപ്പിനുള്ളിൽ ആകെ കൂടി ഒരു വിങ്ങൽ, ഓർമ്മകളുടെ കൂടാരത്തിനുള്ളിൽ കലപില ശബ്ദം. ആകെ കൂടി ഒരു അസ്വസ്ഥത കടന്നു കൂടിയിട്ട് ദിവസങ്ങൾ ഏറേ ആയിരിക്കുന്നു.
തന്നെ ഏതോ അസ്വസ്ഥതയുടെ നിഴൽ നിശബ്‌ദം പിന്തുടരുന്നുണ്ടായിരുന്നു. നഗരത്തിലെ ആഹ്ലാദതിമിർ പ്പിന്റെ സ്വരങ്ങൾ നിലച്ചു കഴിഞ്ഞിരിക്കുന്നു. ഇടയ്ക്കിടെ വാഹനത്തിന്റെ ഹോൺ ശബ്ദങ്ങൾ മാത്രം. നിദ്രയുടെ നനുത്തകരങ്ങൾ മിക്കവാറും എല്ലാവരെയും തലോടി കടന്നു പോയിരിക്കും. തനിക്കു മാത്രമെന്തേ എല്ലാം മറന്നൊന്നുറങ്ങാൻ കഴിയാത്തത്. എത്രയോ രാത്രികളായി ഈ തിരക്കുള്ള നഗരത്തിന്റെ തിരക്കൊഴിഞ്ഞ മൂലയിൽ ഒതുങ്ങിയിട്ട്. തുടക്കം മുതൽ ഇപ്പോൾ വരെ നിഴലിന്റെ നീളം വർദ്ധിക്കുന്നതും നിലാവിന്റെ നിറം മങ്ങുന്നതും വീണ്ടും തങ്കകതിരുകൾ വിതറി സൂര്യൻ പ്രഭ ചൊരിയുന്നതും എല്ലാം ഏകാന്തമായി നിശബ്ദത യിൽ നോക്കി കാണാൻ ദാരാളം സമയം ലഭിക്കാറുണ്ട്.

പട്ടണത്തിന്റെ തിരക്കിൽ പെടാതെ എപ്പോഴും തനിയെ ഈ മൂലയിൽ ഒതുങ്ങി കൂടിയപ്പോയും തന്നെ ധൈര്യപ്പെടുത്തി യിരുന്നത് എന്താണ്? അന്ന് വെറുതെ പറഞ്ഞ ഒരു പിടി വാക്കുകൾ. ഇപ്പോഴും കാതുകളിൽ തങ്ങി നിൽക്കുന്ന ആ വാക്കുകൾ…
“ഉണ്ണിയേട്ടൻ എവിടെ പോയാലും ഞാനവിടെ ഉണ്ടാകും, ഉണ്ണിയേട്ടനു മാത്രമായി ഞാൻ എപ്പോഴും ഉണ്ടാവും “
ആ വാക്കുകൾ നൽകുന്ന ധൈര്യം അന്നവ വെറുതെ പറഞ്ഞതല്ല എന്ന് ബോധ്യപ്പെടുത്തുന്നു.

ഈ പട്ടണത്തിലുള്ള തന്റെ ഓഫീസിലെ കുറേ സഹപ്രവർത്തകർക്കെങ്കിലും താനൊരു കൺട്രിയാണല്ലോ? ഏതോ കുഗ്രാമത്തിൽ നിന്നും വന്ന വില കുറഞ്ഞ വസ്ത്രങ്ങൾ ഉള്ള പരിഷ്കാരിയല്ലാത്ത ഒരു പുരുഷൻ.
അവരെ പോലെ പരിഷ്കാരിയായി നടന്നാൽ ഒരു പക്ഷേ അവർ തന്നെ സ്വീകരിച്ചേക്കും. പക്ഷേ അങ്ങ് വിദൂരതയിൽ നിന്നു മെത്തുന്ന ആ സ്വരം, “വേണ്ട ഉണ്ണിയേട്ടാ, എന്റെ ഉണ്ണിയേട്ടൻ അല്ലാതെ തന്നെ എത്ര സുന്ദരനാണ്. സൗന്ദര്യ മില്ലാത്തവർക്കല്ലേ മുഖം മൂടികൾ വേണ്ടത്. ഉണ്ണിയേട്ടന് അതിന്റെ യൊന്നും ആവശ്യമില്ല “
ഈ സ്വരങ്ങളാണ് തന്റെ ജീവിതത്തിന്റെ സ്വരങ്ങൾ. വേണ്ട എനിക്കങ്ങനെ കൺട്രി യല്ലാതാവണ്ട. നാളെ അവധി ദിവസമാണല്ലോ? അയാൾ ഓർത്തു. പക്ഷേ തനിക്കെന്ത് ?
സഹപ്രവർത്തകരിൽ മിക്കവരും വീടുകളിൽ പോകും, അവിടെ അവരെ കാത്തിരിക്കാൻ സ്നേഹം വിളമ്പാൻ ധാരാളം ആളുകളുണ്ടാവും.
മൈലുകൾ താണ്ടി തന്റെ വീട്ടിലും പോകണമെന്നുണ്ട്. പക്ഷെ ദൂരം വളരെയാണല്ലോ?
ഒരു നിർ വികാരത തന്നെ ചുറ്റി വരിയുന്നത് അയാളറിഞ്ഞു, വീട്ടിൽ ഉമ്മറക്കോലായിയിൽ പ്രകാശം വിടർത്തുന്ന പുഞ്ചിരിയുമായി തന്നെ സ്വീകരിക്കാനിന്നവളില്ല. കുട്ടിക്കാലത്തൊക്കെ ഒരു ചെറിയ നുള്ള് കിട്ടിയാൽ മതിയായിരുന്നു പൊട്ടി കരയാൻ, പക്ഷേ ഇപ്പോൾ എത്ര ശ്രമിച്ചിട്ടും തനിക്കൊന്നു കരയാൻ പോലും സാധിക്കുന്നില്ല.

ഇവിടെ എത്തിയത് മുതൽ സായം സന്ധ്യ തനിക്കേറ്റവും പ്രിയപ്പെട്ടതായിരിക്കുന്നു. ബീച്ചിലെ തിരക്കൊഴിഞ്ഞ കോണിൽ ഇരുന്ന് ഓർമ്മകളുടെ മുത്തു ചിപ്പികൾ മെല്ലെ തുറക്കാം, ആരുമറിയാതെ…
അങ്ങകലെ നീല കടലിന്റെ നീലിമയിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആത്മ ത്യാഗം നടത്താൻ വെമ്പുന്ന സൂര്യൻ, അതിനെ നോക്കി പരിസരം മറന്നിരിക്കാൻ ഒരു പ്രത്യേക ഇഷ്ടമുണ്ട് ഈയിടെയായി. തിരകളെണ്ണി യിരിക്കുമ്പോൾ, പക്ഷികൾ അതി വിദൂരതയിലേക്ക് കൂട്ടമായി പറന്നകലുമ്പോൾ, അപ്പൊഴെല്ലാം ആ സുര്യനെ പോലെ തനിക്കും ആയിക്കൂടെ എന്ന് ചിന്തിക്കാറുണ്ട്. പക്ഷേ തന്നെ പിന്തുടരുന്ന ആ വിതുമ്പലുകൾ “വേണ്ട, വേണ്ട ഉണ്ണിയേട്ടാ അത് മാത്രം ഞാൻ സഹിക്കില്ല. വേണ്ട ഉണ്ണിയേട്ടാ “
തനിക്കൊന്നിനും കഴിയുന്നില്ലല്ലോ എന്നയാൾ ഓർത്തു. അപ്പോഴും ഒരു നിർവികാരത മാത്രം.
വർഷങ്ങൾ പറന്നകലുന്നതിന് മുമ്പെ അവസാനമായി ഒരിക്കൽ കൂടി അയാൾ ലക്ഷ്മികുട്ടിയുടെ ഓർമ്മകൾ മെനഞ്ഞെടുത്തു, സൂര്യൻ കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു കൊണ്ടേയിരുന്നു.
ഇവിടെ പട്ടണത്തിൽ എല്ലാം യാന്ത്രികമാണ് . സ്വാർത്ഥത കൊണ്ട് മെനഞ്ഞെടുത്ത പാവകൾ, എന്തിനൊക്കെയോ വേണ്ടി പടവെട്ടുന്ന മനുഷ്യർ… !Next Post

ഇറാൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഡോണൾഡ് ട്രംപ് പ്ലാൻ ; അബദ്ധം കാണിക്കരുതെന്ന് പെന്റഗൺ ഉപദേശം !

Sat Nov 21 , 2020
ജോ ബൈഡന് അധികാരം കൈമാറും മുൻപ് ഇറാന്‍റെ ആണവ കേന്ദ്രത്തിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. തെരഞ്ഞെടുപ്പ് വിധി ഇതുവരെ അംഗീകരിച്ചിട്ടില്ല ഡോണൾഡ് ട്രംപ്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഒരു അനുകൂല തരംഗമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ബൈഡന്‍റ് വിദേശനയങ്ങളെ അട്ടിമറിക്കുകയും. ഓവൽ ഓഫീസിൽ നടന്ന യോഗത്തിൽ ഇറാനിൽ ആക്രമണം നടത്തുന്നതിനുള്ള സാധ്യതകൾ ട്രംപ് അന്വേഷിച്ചു. വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തുടങ്ങിയവരുമായി ഇക്കാര്യം ചർച്ച ചെയ്തു. […]

You May Like

Breaking News

error: Content is protected !!