കേന്ദ്രസർവീസിൽ എൽഡിസി, പോസ്റ്റൽ അസിസ്റ്റന്റ് ഒഴിവുകൾ; മികച്ച ശമ്പളം; അപേക്ഷ ഓൺലൈനായി; ഡിസംബർ 15 വരെ

ദില്ലി: കേന്ദ്ര സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്‌റ്റല്‍ അസിസ്‌റ്റന്റ്/ സോര്‍ട്ടിങ് അസിസ്‌റ്റന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സിലക്‌ഷന്‍ കമ്മിഷന്‍ (എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടുക്കാര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ എണ്ണം പിന്നീട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ദേശീയ തലത്തില്‍ നടത്തുന്ന രണ്ടു ഘട്ടങ്ങളുള്ള കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി (10+2) ലെവല്‍ പരീക്ഷ, 2020 മുഖേനയാണു തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട പരീക്ഷ 2021ഏപ്രില്‍ 12 മുതല്‍ 27 വരെ. രണ്ടാം ഘട്ട ഡിസ്ക്രിപ്റ്റീവ് പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: Pay Level-2 (Rs.19,900-63,200). പോസ്റ്റല്‍/ സോര്‍ട്ടിങ് അസിസ്റ്റന്റ്: Pay Level-4 (Rs. 25,500-81,100).
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍: Pay Level-4 (Rs. 25,500-81,100) and Level-5(Rs.29,200-92,300). ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഗ്രേഡ് എ: Pay Level-4 (Rs. 25,500-81,100).

2021 ജനുവരി ഒന്നിന് 18-27 (1994 ജനുവരി രണ്ടിനു മുന്‍പോ 2003 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്). എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്‌തഭടന്മാരുള്‍പ്പെടെയുള്ള മറ്റ് യോഗ്യരായവര്‍ക്കു ചട്ടപ്രകാരം ഇളവ്. ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം സംബന്ധിച്ച നിബന്ധനകള്‍ക്ക് വിജ്‌ഞാപനം കാണുക.

12ാം ക്ലാസ് ജയം/ തത്തുല്യം. 2021 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും (നിശ്‌ചിത തീയതിക്കു മുന്‍പ് യോഗ്യത നേടുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി). സയന്‍സ് സ്ട്രീമില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച പന്ത്രണ്ടാം ക്ലാസ് ജയം/ തത്തുല്യമാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി ആന്‍ഡ് എജി) ഓഫിസില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്കു(ഗ്രേഡ് എ) വേണ്ട യോഗ്യത.അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/ പട്ടികവര്‍ഗം/ ഭിന്നശേഷിക്കാര്‍/ വിമുക്‌തഭടന്മാര്‍/ വനിതകള്‍ എന്നിവര്‍ക്കു ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ വഴിയോ വീസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്‌ക്കാം. ഡിസംബര്‍ 17 വരെ ഓണ്‍ലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവര്‍ ഡിസംബര്‍ 19 നു മുന്‍പായി ചെലാന്‍ ജനറേറ്റ് ചെയ്യണം.

രണ്ടു ഘട്ടമായുള്ള പരീക്ഷ, സ്‌കില്‍ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടം കംപ്യൂട്ടര്‍ ബേസ്ഡ് ഒബ്ജെക്ടീവ് പരീക്ഷയാണ്. രണ്ടാം ഘട്ട ഡിസ്ക്രിപ്റ്റീവ് പരീക്ഷ പെന്‍ ആന്‍ഡ് പേപ്പര്‍ മോഡിലാണ്. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും സിലബസും വെബ്സൈറ്റിലെ വിജ്‌ഞാപനത്തില്‍ ലഭിക്കും. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്‌തികയിലേക്കു നടത്തുന്ന സ്‌കില്‍ ടെസ്‌റ്റില്‍ കംപ്യൂട്ടര്‍ ഡേറ്റ എന്‍ട്രിയിലുള്ള വേഗം പരിശോധിക്കും. ഡേറ്റ എന്‍ട്രിയില്‍ കംപ്യൂട്ടറില്‍ മണിക്കൂറില്‍ 8000 കീ ഡിപ്രഷന്‍ വേഗം വേണം. 15 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണു സ്‌കില്‍ ടെസ്‌റ്റ്. സി ആന്‍ഡ് എജി ഓഫിസിലേയ്ക്കു ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്കു മണിക്കൂറില്‍ 15000 കീ ഡിപ്രഷന്‍ വേഗം വേണം.

പോസ്‌റ്റല്‍ അസിസ്‌റ്റന്റ്/സോര്‍ട്ടിങ് അസിസ്‌റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കു നടത്തുന്ന കംപ്യൂട്ടര്‍ ടൈപ്പിങ് ടെസ്‌റ്റില്‍ (ഹിന്ദി/ഇംഗ്ലിഷ്) ഇംഗ്ലിഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്കും വേഗം വേണം. ടെസ്‌റ്റിനു 10 മിനിറ്റാണു ദൈര്‍ഘ്യം. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്. മുന്‍ഗണനാ ക്രമത്തില്‍ മൂന്നു സെന്ററുകള്‍ തിരഞ്ഞെടുക്കാം. അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഒറ്റത്തവണ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ റജിസ്ട്രേഷന്‍ നമ്ബറും പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കുക. അല്ലാത്തവര്‍ ഒറ്റത്തവണ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷിക്കുക.

Next Post

യുകെ : ഓക്‌സ്ഫഡ് വാക്‌സിനും വിജയകരം; പ്രായമായവരിലും ഫലപ്രദമെന്ന് റിപ്പോര്‍ട്ട് !

Sun Nov 22 , 2020
പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്ന് ഓക്സ്ഫഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ലണ്ടൻ : വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലിലൂടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്ന് ഓക്സ്ഫഡ് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 70 വയസിന് മുകളിലുള്ള 240 പേരുള്‍പ്പെടെ 560 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചിരുന്നത്. മൂന്നാംഘട്ട […]

You May Like

Breaking News

error: Content is protected !!