
ലണ്ടൻ : 2030 മുതൽ പുതിയ ഡീസൽ-പെട്രോൾ കാറുകൾക്ക് ബ്രിട്ടനിൽ പൂർണ നിരോധനം വരുന്നു. വരുന്ന പത്തു വർഷത്തിനുള്ളിൽ യുകെയിൽ റോഡുകളിൽ നിന്നും ഡീസൽ-പെട്രോൾ കാറുകൾ അപ്രത്യക്ഷമായിതുടങ്ങും. 2050 ആവുന്നതോടെ ഇത്തരം കാറുകളിൽ നിന്നുമുള്ള കാർബൺ വികിരണങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ പുതിയ ഹൈബ്രിഡ് കാറുകൾ 2035 വരെ വിൽക്കാൻ സാധിക്കും.
അതെ സമയം ഇലക്ട്രിക് കാറുകളെ പൂർണമായി വിശ്വാസത്തിലെടുക്കാൻ യുകെയിലെ സാധാരണ കാർ ഉടമകൾ ഇത് വരെ തയ്യാറായിട്ടില്ല. ചാർജിങ് സ്റ്റേഷനുനുകളുടെ അപര്യാപ്തതയും ഇലകട്രിക് കാറുകളുടെ ഉയർന്ന വിലയുമാണ് ഇതിന് പ്രധാന കാരണം. രാജ്യവ്യാപകമായി പാർക്കിങ് സൗകര്യമുള്ള എല്ലാ റോഡുകളിലും ചാർജിങ് പ്ലഗ്ഗുകൾ സ്ഥാപിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതി ഇപ്പോഴും മുട്ടിലിഴയുകയാണ്. ഈ പദ്ധതിക്ക് വേണ്ടി വകയിരുത്തിയ 500 മില്യൺ പൗണ്ടിൽ നിന്നും ഒരു ചെറിയ സംഖ്യ മാത്രമാണ് ഇത് വരെ ചെലവഴിക്കാനായത്.
പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ തല്പരനായ ഇപ്പോഴത്തെ പ്രധാന മന്ത്രി ബോറിസ് ജോൺസൻ സ്ഥാനമൊഴിയുന്നതോടെ ഇലക്ട്രിക് കാറുകൾ വ്യാപിപ്പിക്കാനുള്ള സർക്കാർ പ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. പാരിസ്ഥിതിക സംഘടനയായ ‘ഗ്രീൻ പീസിന്റെ’ പഠനമനുസരിച്ച് യുകെയിൽ പുതിയതായി 30,000 പുതിയ ജോലികൾ ഇലക്ട്രിക് കാർ ഇൻഡസ്ട്രിക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇലക്ട്രിക് കാറുകളുടെ മെയിൻറ്റനൻസ് നാമമാത്രമായതിനാൽ, യുകെയിൽ ഡീസൽ-പെട്രോൾ കാറുകളെ ആശ്രയിച്ചു നിലനിൽക്കുന്ന പതിനായിരക്കക്കിനു ഗരാജുകളും ലക്ഷക്കണക്കിന് ജോലിക്കാരും പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.