
ലണ്ടൻ : ഇംഗ്ളണ്ടിലെ സ്റ്റീവനേജില്‍ ഉള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കടന്നു വന്ന ഒരു യുവതി ഒന്നിനുപിന്നാലെ ഒന്നായി താഴെയെറിഞ്ഞു പൊട്ടിച്ചു കളഞ്ഞത് ഒരു ആയിരക്കണക്കിന് പൗണ്ടിന് മേല്‍ വിലയുള്ള മദ്യക്കുപ്പികള്‍. സ്റ്റീവനേജിലെ ആൽഡി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. ഏകദേശം അഞ്ഞൂറോളം മദ്യക്കുപ്പികള്‍ താഴെ എറിഞ്ഞു പൊട്ടിച്ച ശേഷം മാത്രമാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജര്‍ അറിയിച്ചതിനനുസരിച്ച് സ്ഥലത്തെത്തിയ ലോക്കല്‍ പൊലീസ് ഈ യുവതിയെ തടഞ്ഞതും കസ്റ്റഡിയില്‍ എടുത്തതും. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിച്ചു.
ഒരു ചാരനിറത്തിലുള്ള ഓവര്‍കോട്ടും കാക്കി നിറത്തിലുള്ള പാന്റ്സുമിട്ട് എത്തിയ യുവതി നേരെ മദ്യക്കുപ്പികള്‍ ഇരിക്കുന്ന റാക്കിനടുത്തെത്തി കുപ്പികള്‍ ഓരോന്നെടുത്ത് തറയില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.
സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും തന്നെ അവരെ തടയാനുള്ള ധൈര്യമുണ്ടായില്ല. ഒടുവില്‍ ഇതേ മദ്യത്തിന്മേല് വഴുക്കി തറയില്‍ വീണ് പൊട്ടിയ ചില്ല് കയ്യില്‍ തറച്ചു കയറി ഈ യുവതിക്ക് പരിക്കേല്‍ക്കുന്നതും വീഡിയോയില്‍ കാണാം.
അറസ്റ്റു ചെയ്ത പൊലീസ് ഈ സ്ത്രീയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് കയ്യിലെ മുറിവിനു വേണ്ട പ്രഥമ ശുശ്രൂഷ നല്കി. യുവതി ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്.