
നിലവിലെ പരീക്ഷണഫലത്തെ കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.
ആസ്ട്രസെനക കമ്പനിയുമായി സഹകരിച്ച് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പുതിയ പരീക്ഷണം നടത്തും. നിലവിലെ പരീക്ഷണഫലത്തെ കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഓക്സ്ഫഡ് വാക്സിന് സംശയത്തിന്റെ നിഴലിലാകുന്നതോടെ ഇന്ത്യയിലെ വാക്സിന് വിതരണവും വൈകും.
ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിനായിരുന്നു ആസ്ട്രസെനക കമ്പനിയുമായി സഹകരിച്ച് ഓക്സ്ഫഡ് വികസിപ്പിച്ച കോവിഡ് വാക്സിൻ. വാക്സിന് 70 ശതമാനം ഫലപ്രദമാണെന്ന റിപ്പോര്‍ട്ട് കമ്പനി പുറത്തുവിട്ടിരുന്നു. പക്ഷേ വാക്സിന് പരീക്ഷണത്തെ കുറിച്ച് പലകോണുകളില്‍ നിന്നും ചോദ്യങ്ങളുയര്‍ന്നു. തുടര്‍ന്ന പരീക്ഷണസമയത്ത് ഡോസേജിൽ പിഴവ് പറ്റിയെന്ന് ആസ്ട്രസനേക കമ്പനി തുറന്ന് സമ്മതിച്ചു. മൂവായിരത്തോളം പേർക്ക് നൽകിയത് പകുതി ഡോസ് മാത്രമായിരുന്നു. പക്ഷേ പകുതി ഡോസ് നൽകിയവരിൽ ഫലപ്രാപ്തി 90% ആണ്.
അതെ സമയം പൂർണ ഡോസ് നൽകിയവരിൽ 70 % ഫലപ്രാപ്തിയും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതെങ്ങനെ സംഭവിച്ചു എന്ന് കൃത്യമായി വിശദീകരിക്കാന്‍ കമ്പനിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ഈഘട്ടത്തിലാണ് കൂടുതല്‍ ആളുകളില്‍ പുതിയപരീക്ഷണം നടത്തുമെന്ന് കമ്പനി അറിയിച്ചത്. ഇന്ത്യയിലെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ആസ്ട്രസെനക സഹകരിക്കുന്നുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിനാകും ഇന്ത്യയില്‍ ആദ്യം വിതരണം ചെയ്യുന്ന വാക്സിന് എന്നായിരുന്നു പ്രതീക്ഷ. ഓക്സ്ഫഡ് വാക്സിന് സംശയത്തിന്റെ നിഴലിലായാല്‍ ഇന്ത്യയിലെ വാക്സിന് വിതരണവും വൈകും.