വിചിന്തനം : ഭാഗം-3

ഈ ഒരു ഭാഗത്തോട് കൂടി വിചിന്തനം തൽകാലം നിർത്തുകയാണ്. പറയാൻ വിഷയങ്ങൾ ഇല്ലാത്തതു കൊണ്ടല്ല. മറിച്ചു ഈ ചിന്തകളിലൂടെ കുറച്ചെങ്കിലും നമ്മുടെ ചിന്താഗതികളിൽ മാറ്റം വന്നിട്ടുണ്ടാകും, വരും എന്ന പ്രാർത്ഥനയോടെയാണ്. കാര്യത്തിലേക്കു വരാം. തുടക്കം ഒരു ലിസ്റ്റിൽ നിന്നാകട്ടെ. ബോഡി ഷെമിങ്, പിയർ പ്രഷർ, സൈബർ ബുള്ളിയിങ്, ബുള്ളിയിങ്, പീഡനം, ഗാർഹിക പീഡനം, വേതന അസമത്വം. അങ്ങനെ അങ്ങനെ ലിസ്റ്റ് നീളും. ഇതിൽ പെടുത്താതെ ബലാത്സംഗവും, ബാലപീഡനവും, കൊലപാതകവും, ആത്മഹത്യയും തൊട്ടു പിറകിൽ തന്നെയുണ്ട് കേട്ടോ! ഒന്ന് ചോദിച്ചോട്ടെ, നമ്മുടെ വീട്ടിലെ കുട്ടികൾ ഈ ലിസ്റ്റിലെ ഏതെങ്കിലും ഒരു പ്രശനം പോലും നേരിടാത്തവരായി വളർന്നു വരുന്നുണ്ടോ ? കാലാകാലങ്ങളായി നമ്മൾ ശീലിച്ചു വന്ന ഉപദേശങ്ങൾ/രീതികൾ കൊണ്ട് മാത്രം നമ്മടെ പെൺകുട്ടികൾക്ക് ഇന്ന് മുന്നേറാൻ പറ്റുമോ ഇന്നത്തെ ലോകത്തു? ഈ പറഞ്ഞ ലിസ്റ്റിൽ ആണെന്നോ പെണ്ണെന്നോ എന്ന വിവേചനം വേണോ ഇതൊക്കെ എല്ലാവരും ഇന്നത്തെ കാലത്തു നേരിടുന്നില്ലേ എന്ന് ചിന്തിക്കാം. ശരിയാണ്, പക്ഷെ ഇതിലൊക്കെ പെട്ട് ഇന്നും ദുരിതം അനുഭവിക്കുന്നവരുടെ കൂട്ടത്തിൽ പെൺകുട്ടികളുടെ എണ്ണം തന്നെയാണ് കൂടുതൽ എന്നത് വാസ്തവമാണ്.

സ്കൂളിൽ പഠിക്കുമ്പോ ക്ലാസ്സിൽ ഒന്നാമാതാവാൻ ഉള്ള തത്രപ്പാട് ഒരു വശത്താണെങ്കിൽ അതോടൊപ്പം തന്നെ കൂടെ കൂടുന്നതാണ് പിയർ പ്രഷർ അഥവാ ഒരേ പ്രായക്കാരുടെ ഇടയിൽ നിന്നുള്ള സമ്മർദ്ദം! അത് സ്കൂൾ തലത്തിൽ നിന്നും കോളേജിലേക്കും പിന്നെ അവിടെ നിന്ന് തൊഴിൽ ചെയുന്നിടത്തേക്കും പിന്നെ പെൻഷൻ പറ്റി വീട്ടിൽ ഇരിക്കുമ്പോൾ അത് അടുത്ത തലമുറയിലേക്കും അതിന്റെം അടുത്ത തലമുറയിലേക്കും നമ്മൾ കൈമാറുന്നു. സത്യമല്ലേ? മത്സര മനോഭാവം നല്ലതാണു, അല്ലെന്നല്ല പക്ഷെ അത് മറ്റൊരാളെ ഉന്മൂല നാശം ചെയ്യാൻ വേണ്ടിയാവരുത്. ഇന്നും നമ്മൾ നമ്മടെ കുട്ടികളെ പഠിപ്പിക്കുന്നത് എല്ലാ കാര്യങ്ങളിലും ഒരു താരതമ്യം ചെയ്തു കൊണ്ടാണ്. അത് നല്ലതിനേക്കാൾ ഏറെ ദോഷമേ ചെയ്യൂ എന്ന് ഓർമിപ്പിക്കുന്നു. ഇത് വായിക്കുമ്പോ മനസ്സിൽ എങ്കിൽ പിന്നെ പിള്ളേരെ കയറൂരി വിടാം തന്നെ പഠിച്ചോളും എന്ന മനോഭാവം ആണ് നല്ലതെന്നു തോന്നേണ്ട! ഇനി പെൺകുട്ടികളുടെ കാര്യത്തിൽ തങ്ങൾ കാണാൻ ഭംഗിയുള്ളവരാണോ അല്ലയോ എന്ന ഒരു വലിയ ആശയകുഴപ്പം കൂടി ഇതിനോടൊപ്പം കേറി പറ്റുന്നുണ്ട്. നിറം കുറഞ്ഞു പോയാൽ കുറ്റം , തടിച്ചാൽ കുറ്റം, മെലിഞ്ഞാലും കുറ്റം, മുഖത്ത് കുരു വന്നാൽ കുറ്റം, മുടി കുറഞ്ഞാൽ കുറ്റം, പിന്നെ വേഷ ധാരണം പറയണോ? ഇങനെ പ്രായഭേദമെന്യേ ഈ നൂറായിരം പ്രശ്നങ്ങൾക്കിടയിലാണ് ഇന്ന് കുറെ മനസ്സുകൾ.

ഇനി നല്ലൊണം പഠിച്ചു, ഇഷ്ടപെട്ട ആളെ കല്യാണവും കഴിച്ചു. ബാംഗ്ലൂർ ഡേയ്സിലെ ദുൽഖർ സൽമാന്റെ ഡയലോഗ് കണ്ണിന്റെ മുന്നിൽ തെളിയുന്നില്ലേ ? അതാണ് അടുത്ത വിഷയം. പ്രത്യുത്പാദനം അഥവാ കുഞ്ഞുണ്ടാവുക എന്ന അടുത്ത സ്‌റ്റെപ്. വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾക്ക് മുന്നിൽ ശ്വാസം മുട്ടി ജീവിക്കുന്ന എത്രയോ സ്ത്രീകളുണ്ട്. ഇന്ത്യയിൽ തന്നെ 20% സ്ത്രീകൾ അതായതു അഞ്ചിൽ ഒരു സ്ത്രീ PCOD (പോളി സിസ്റ്റിക് ഓവറി സിൻഡ്രോം) അനുഭവിക്കുന്നുണ്ട് (ദി ഹിന്ദു, 2020) . ഇത് മാറാ വ്യാധി ഒന്നുമല്ല പക്ഷെ പുറത്തു പറയാൻ ആവാതെ വേദനകൾ സഹിച്ചു ജീവിതം നരക തുല്യമാക്കപ്പെടുന്ന അനുഭവങ്ങൾ പങ്കു വക്കുന്നവരുണ്ട്. ‘ഇൻഫെർട്ടിലിറ്റി സ്റ്റോറി’ എന്ന ഹാഷ്ടാഗിൽ യൂട്യൂബ് ൽ ഒരുപാട് അങ്ങനെത്തെ ജീവിതങ്ങളെ കാണാം. മുൻപൊക്കെ സിനിമയിൽ മാത്രം ചിത്രീകരിച്ചിരുന്ന അമ്മായിഅമ്മ പോര് ഇന്നും അനായാസേന തുടരുന്നവരുണ്ട്. ഒരേ ഒരു വ്യത്യാസം മാത്രം. മുൻപൊക്കെ വിവരമില്ലായ്മ ആയിരിന്നു ഇതിനു കാരണമായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നത്. പക്ഷെ ഇന്നോ ? വിവരവും വിദ്യാഭ്യാസവും ഉള്ളവർ പോലും സ്ത്രീധനം, പെണ്ണിന്റെ വരുമാനം, നിറം, ഭംഗി എന്നിവക്ക് മാർക്ക് ഇടാനും എങ്ങാനും മാർക്ക് കുറഞ്ഞു പോയാൽ വീട്ടിൽ വന്നുകേറുന്ന പെൺകുട്ടിയെ പാഠം പഠിപ്പിക്കാനും തയാറായി ഇരിക്കുന്നു എന്നതല്ലേ വാസ്തവം?

ഒരു വിധം കുടുംബത്തിൽ നിന്നും നല്ല പ്രോത്സാഹനത്തോടെ പഠിച്ചു, ജീവിച്ചു, കല്യാണം കഴിച്ചു, കുഞ്ഞൊക്കെ ആയി ഇനി ഒരു ജോലി കൂടി ആയാലോ എന്ന് ചിന്തിച്ചാൽ അപ്പൊ കിട്ടും അടുത്ത പണി. ഒന്നാമത്തെ കാര്യം ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ആഗോള തൊഴിലിലായ്മയും പിന്നെ ഇപ്പോ കൊറോണ കൂടി ആയപ്പോ പൂർത്തിയായി. രണ്ടാമത്തെ കാര്യം ജോലി കിട്ടിയാൽ പിന്നെ കുഞ്ഞിന് പോലും വേണ്ടത്ര കരുതൽ കൊടുക്കാൻ പേടിയാകും. എന്താണെന്നു വച്ചാൽ പ്രസവാനന്തര ലീവ് കഴിഞ്ഞു പോകുമ്പോ ജോലി ഇല്ലെങ്കിലോ ? ഇനി കരിയർ ബ്രേക്ക് എടുക്കുന്നവരുടെ കാര്യം. കുഞ്ഞുങ്ങളെ ഒക്കെ നോക്കി അവരെ സ്കൂൾ വിട്ടു ഇനി നമ്മുടെ ജോലിയിൽ ശ്രദ്ധിക്കാം എന്ന് പറഞ്ഞാൽ വീണ്ടും ഒന്നേ രണ്ടേ എന്ന് പറഞ്ഞു തുടങ്ങണം. അത് വരെ ഉള്ള നമ്മുടെ എക്സ്പീരിയൻസ് ഒക്കെ സ്വാഹ:! ബ്രേക്ക് എടുത്തപ്പോൾ ലോകം ഒരുപാട് മാറിപ്പോയി എന്നാണ് നമുക്ക് കിട്ടുന്ന ഫീഡ്ബാക്ക്!

കഴിഞ്ഞ ആഴ്ച ഇന്ത്യൻ നെറ്ഫ്ലിക്സ് സീരീസ് ‘ഡൽഹി ക്രൈം’ എന്ന പരമ്പരക്ക് മികച്ച ഡ്രാമാ സീരീസ് നു ഉള്ള ഇന്റർനാഷണൽ എമ്മി അവാർഡ് ലഭിക്കുകയുണ്ടായി. നിർഭയ കേസിന്റെ പശ്ചാത്തലത്തിൽ എടുത്തിട്ടുള്ള ആ പരമ്പര ലോകത്തിനു മുന്നിൽ, നമുക്ക് മുന്നിൽ നിൽക്കുന്നത് ഒരു മുന്നറിയിപ്പായിട്ടാണ്! വീണ്ടും ഒരു ചോദ്യം. നമ്മൾ അനുഭവിക്കുന്ന ഈ ദൈനം ദിന പ്രശ്നങ്ങളെ പറ്റി നമ്മുടെ പെൺ കുട്ടികളോട് നമ്മൾ പറയാറുണ്ടോ? അവർ എത്രത്തോളം ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കിയിട്ടുണ്ട്? എന്താണ് നമ്മൾ അവർക്ക് കൊടുക്കുന്ന ഉപദേശം? ഇത് വരെ പറഞ്ഞിട്ടില്ലെങ്കിൽ ഇനി മുതൽ പറയണം. കാരണം സ്വന്തം കാലിൽ നില്ക്കാൻ ആണെങ്കിൽ നല്ലോണം പഠിച്ചു എല്ലാം ഒരു ജോലിയൊക്കെ കിട്ടിയാൽ ശരിയാവും, ഇനിയിപ്പോ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ കുറെ വർഷങ്ങൾ കഴിയുമ്പോ എല്ലാം ശരിയാവും, എന്ന് കരുതുന്നവരാണ് മിക്കപേരും. ജീവിതത്തിലെ എല്ലാ തുറകളിലും പ്രശ്നങ്ങൾ ഉണ്ടാവും, അത് നേരിടണം. ആത്മവിശ്വാസം കൈവിടരുത്. അഭിപ്രായം പറയേണ്ടിടത്തു പറയണം. പ്രതികരിക്കണം. എന്തിനും കൂട്ടായി ഞാനുണ്ടാകും എന്നൊക്കെ ഉള്ള ഉറപ്പും ധൈര്യവും കൊടുക്കുക. ഇതൊക്കെയാണ് നമ്മൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കേണ്ടത്. അവസാനിപ്പിക്കുന്നത് ഒരു ലിസ്റ്റിൽ ആണ്. ഇന്ദ്ര നൂയി, സോണിയ ഗാന്ധി, കല്പന ചൗള, അരുന്ധതി ഭട്ടാചാര്യ, റീന കൗശൽ, ആശ റോയ്, പി ടി ഉഷ, സപ്പർ ഷെട്ടി ട്ടിഗ്ഗ, ചന്ദ കൊച്ചാർ, റോഷ്‌നി നാടാർ മൽഹോത്ര , കിരൺ മാസ്‌ഉംദർ ഷാ, റിഥിമ പാണ്ഡെ, മാനസി ജോഷി, ഇസൈ വാണി, കെ സ് ചിത്ര, സീത സാഹു, ച്ഛവി രജൗത്, ദാദി ബിൽഖീസ് ബാനോ …. ഇവരൊക്കെ കേറി പറ്റിയ ഈ ലിസ്റ്റ് നാളെ നമ്മുടെ മക്കളുടെ പേരിലും ഉണ്ടാവട്ടെ!

-റോഷ്‌നി അജീഷ്-

https://roshnipaulsoulsearches.wordpress.com/Next Post

കൊറോണ വൈറസിന്‍റെ ഉത്ഭവം ഇന്ത്യയില്‍ നിന്നും; വിചിത്ര വാദവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍ !

Sun Nov 29 , 2020
2019 ലെ വേനല്‍ക്കാലത്ത് ഇന്ത്യയിലാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പേരില്‍ അമേരിക്ക ഉള്‍പ്പെടുന്ന ലോകരാഷ്ട്രങ്ങള്‍ ചൈനക്കെതിരെ ആരോപണമുന്നയിക്കുമ്പോള്‍ എതിര്‍വാദവുമായി ചൈന രംഗത്ത്. കൊറോണ വൈറസിന്‍റെ ഉത്ഭവം ഇന്ത്യയില്‍ നിന്നാണെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം. 2019 ലെ വേനല്‍ക്കാലത്ത് ഇന്ത്യയിലാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്. മലിന […]

Breaking News

error: Content is protected !!