
മുംബൈ: ബാബാ ആംതെയുടെ കൊച്ചുമകളും സാമൂഹികപ്രവര്‍ത്തകയുമായ ശീതള്‍ ആംതെ കരജ്ഗി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ജില്ലയിലെ ആനന്ദ്വനിലുള്ള വീട്ടില്‍ തിങ്കളാഴ്ച വിഷംകഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബാബാ ആംതെയുടെ മകന് വികാസ് ആംതെയുടെ മകളാണ് ഡോ. ശീതള്‍. കുഷ്ഠരോഗം ബാധിച്ച് അംഗവൈകല്യം വന്നവരെ സഹായിക്കാന്‍ വറോറയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ മഹാരോഗി സേവാ സമിതിയുടെ (ലെപ്രസി സര്‍വിസ് കമ്മിറ്റി) ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും ബോര്‍ഡ് അംഗവുമാണ്.
കുറച്ചുദിവസങ്ങളായി ശീതള്‍ വളരെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച മഹാരോഗി സേവാ സമിതിയുടെ പ്രവര്‍ത്തനത്തെയും ട്രസ്റ്റികളുടെ ക്രമക്കേടുകളെയും ശീതള്‍ ഫേസ്ബുക്ക് ലൈവിലൂടെ വിമര്‍ശിച്ചിരുന്നതായി മഹാരാഷ്ട്ര ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ ഇത് പിന്‍വലിക്കുകയും ചെയ്തു.
ഇന്ന് പുലര്‍ച്ചെ 5.45ന് ‘വാര് ആന്‍ഡ് പീസ്’ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനുശേഷമാണ് വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.