യുകെ : ഡിപ്പാർട്ടമെന്റ് സ്റ്റോർ ഭീമൻ ‘ഡബൻഹാം’ അടച്ച് പൂട്ടാനൊരുങ്ങുന്നു ; 12000 പേർക്ക് ജോലി നഷ്ടപ്പെടും !

ലണ്ടൻ : യുകെയിലെ പ്രധാന ഡിപ്പാർട്ടമെന്റ് സ്റ്റോറുകളിൽ ഒന്നായ ഡബൻഹാം അടച്ച് പൂട്ടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. യുകെയിലുടനീളം വ്യാപിച്ചു കിടക്കുന്ന ഇവരുടെ 124 ഷോപ്പുകളും വൈകാതെ അടച്ചു പൂട്ടും. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഡബൻഹാം ബിസിനസ് പുനഃക്രമീകരണത്തിന്റെ പാതയിൽ ആയിരുന്നെങ്കിലും കമ്പനി ഏറ്റെടുക്കാൻ തയ്യാറായി നിന്നിരുന്ന ജെഡി സ്പോർട്സ് പിന്നീട് കച്ചവട ഉടമ്പടിയിൽ നിന്നും പിന്മാറുകയായിരുന്നു. ചൊവ്വാഴ്ചയാണ് അടച്ച് പൂട്ടൽ സംബന്ധമായ വാർത്ത ഡബൻഹാം തങ്ങളുടെ ജോലിക്കാരെ അറിയിച്ചത്.

യുകെയിലെ ഏറ്റവും പഴയ സ്റ്റോറുകളിൽ ഒന്നായ ഡബൻഹാം, കഴിഞ്ഞ 242 വർഷമായി ബ്രിട്ടനിൽ പ്രവർത്തിക്കുന്നു. 1778ൽ സെൻട്രൽ ലണ്ടനിൽ ഒരൊറ്റ ഷോപ്പായി ബിസിനസ് തുടങ്ങിയ ഡബൻഹാം, പിന്നീട് രാജ്യത്താകമാനം പടർന്ന് പന്തലിക്കുകയായിരുന്നു. ഷോപ്പുകൾ എല്ലാം അടച്ചു പൂട്ടുന്നുവെങ്കിലും ഉപഭോക്താക്കൾക്ക് ഇപ്പോഴും ഓൺലൈൻ സ്റ്റോറിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സാധിക്കും.

കൊറോണ വൈറസ് ബാധയെ തുടർന്ന് നടപ്പാക്കിയ ലോക്ക് ഡൌൺ കാരണം യുകെയിൽ മിക്കവാറും എല്ലാ ഹൈ സ്ട്രീറ്റ് ഷോപ്പുകൾക്കും വാൻ സാമ്പത്തിക നഷ്ടമാണ് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഉണ്ടായത്. ‘ഫർലോ’ അടക്കമുള്ള തൊഴിൽ സംരക്ഷണ പദ്ധതികളിലൂടെ വിവിധ കമ്പനികളെ സഹായിക്കാൻ ബ്രിട്ടീഷ് സർക്കാർ ശ്രമിച്ചിരുന്നെങ്കിലും നഷ്ടത്തിൽ ഓടുന്ന കമ്പനികൾക്ക് കാര്യമായ പ്രയോജനങ്ങൾ ഉണ്ടായിട്ടില്ല.
മലയാളികൾ അടക്കം ആയിരക്കണക്കിന് ഏഷ്യൻ വംശജരാണ് ഡബൻഹാമിന്റെ വിവിധ സ്റ്റോറുകളിലായി ജോലി ചെയ്യുന്നത്.

Next Post

ഏറ്റവും പുതിയ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Wed Dec 2 , 2020

Breaking News

error: Content is protected !!