സംവരണ രാഷ്ട്രീയവും സ്ത്രീകളുടെ അധികാരവും

-അഡ്വ. ടി.പി.എ.നസീർ-

ഇന്ത്യൻ രാഷ്ട്രീയ ജനാധിപത്യ സംവിധാനത്തിൽ ഒരു വോട്ടർ എന്ന നിലക്കപ്പുറം അവരർഹിക്കുന്ന വിധത്തിൽ സ്ത്രീകൾ ഭരണതലത്തിൽ പരിഗണിക്കപ്പെടുകയോ പാർലമെൻററി ജനാധിപത്യത്തിൽ ഇടം ലഭിക്കുകയോ ചെയ്യാതെ പോയപ്പോഴാണ് 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 33% സ്ത്രീ സംവരണം നടപ്പിലാക്കി കൊണ്ട് രാജ്യത്ത് 1992 ൽ ഭരണഘടനാ ഭേദഗതി വരുത്തിയത്. 2010 മുതൽ കേരളത്തിൽ സ്ത്രീ സംവരണം 50% ത്തിലേക്ക് ഉയർത്തപ്പെടുകയും ത്രിതല പഞ്ചായത്ത് ഇലക്ഷനുകളിൽ സ്ത്രീ സാന്നിദ്ധ്യം സജീവമാകുകയും ചെയ്തിരിക്കുന്നത്.

സ്ത്രീകൾക്ക് ഭരണതലങ്ങളിൽ മതിയായ പ്രാതിനിധ്യമില്ലാത്ത രാഷ്ട്രീയ ചരിത്രമാണ് ലോകത്തിനു തന്നെ സമീപകാലം വരെ പറയാനുള്ളത് അതിൽ നിന്ന് ഒട്ടും വിത്യസ്തമല്ല ഇന്ത്യൻ രാഷ്ട്രീയ ചരിത്രവും! എന്നാൽ 1960കൾക്കു ശേഷം സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള രാഷ്ട്രീയ മുറവിളികൾ ഇന്ത്യയുൾപ്പെടെ ലോകത്ത് എല്ലായിടത്തും ശക്തമാണ്.
സ്ത്രീ പുരുഷ സമത്വമെന്നതിനേക്കാൾ സ്ത്രീകൾക്ക് സാമൂഹ്യനീതിയും നിയമപരമായ തുല്യ അവകാശവും അധികാരതലത്തിലുള്ള പങ്കാളിത്തവുമാണ് ഇന്നാവശ്യം അതുകൊണ്ട് തന്നെ ആണധികാരം അരക്കിട്ടുറപ്പിച്ചിരുന്ന ജനാധിപത്യ രാഷ്ടീയ അധികാരയിടങ്ങളിലേക്ക്  സ്ത്രീകളുടെ കടന്നുവരവ് ഉറപ്പ് വരുത്തിയത് ഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ത്രീ സംവരണമാണന്നത്  ഒരു യാഥാർത്ഥ്യമാണ്. പണ്ടൊക്കെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന സ്ത്രീകളെ വ്യവസ്ഥാപിത ചുറ്റുപാടിൽ നിന്ന് വഴിമാറി ജീവിക്കുന്നവർ എന്ന നിലയിൽ മുദ്രകുത്തിയിരുന്ന സമൂഹത്തിൻ്റെ കാഴ്ചപ്പാടുകൾ മാറ്റുന്നതിന് സ്ത്രീ സംവരണം വലിയ സ്വാധീനമാണ് പൊതുസമൂഹത്തിൽ ചെലുത്തിയിരിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള പാർലമെൻററി ജനാധിപത്യത്തിൻ്റെ ഭാഗമായി രാഷ്ട്രീയ രംഗപ്രവേശം ചെയ്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുടുംബവും രാഷ്ട്രീയവും ഒരുമിച്ചു കൊണ്ടുപോവുന്നതിലെ വെല്ലുവിളികളും തങ്ങളുടെ അധികാരയിടങ്ങളിൽ പോലും ആണധീശത്വം കാണിക്കുന്ന മേൽക്കോയ്മയും അധികാരം വിട്ടൊഴിയുമ്പോൾ രാഷ്ട്രീയത്തിൽ നിന്നും പൊതു രംഗത്തുനിന്നും  മഷിയിട്ടാൽ പോലും കാണാത്ത വിധം വഴിമാറി പോവുന്നതും ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ് പ്രത്യേകിച്ചും സ്ത്രീ സാന്നിദ്ധ്യം ഏറ്റവും സജീവമായിരിക്കുന്ന ഈ ഇലക്ഷൻ കാലയളവിൽ!

കേരളത്തിൽ കുടുംബശ്രീ സംവിധാനവും ഉയർന്ന തോതിലുള്ള സാക്ഷരതയും തദ്ദേശഭരണ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണവുമൊക്കെ പ്രാദേശിക ഭരണ നേതൃത്വത്തിലും വികസന പ്രവർത്തന പങ്കാളിത്വത്തിലും രാഷ്ട്രീയ അധികാരയിടങ്ങളിലും സ്ത്രീകളുടെ സാന്നിദ്ധ്യം കൂട്ടി എന്നതിനപ്പുറം രാഷ്ട്രീയ നിലപാടുകളിലുടെയും പ്രവർത്തന പരിചയത്തിലൂടെയുമാണ് ഇത്തരത്തിലുള്ള ഭരണ – അധികാര കേന്ദ്രങ്ങളിലേക്ക് സ്ത്രീകൾ എത്തിച്ചേർന്നതെന്ന് പൂർണ്ണമായും പറയാനാവില്ല. തിരഞ്ഞെടുപ്പു കാലത്തു മാത്രം ഭർത്താക്കന്മാരുടെ നിഴൽ പറ്റിയും സംവരണ മണ്ഡലത്തിലേക്ക് ‘തമ്മിൽ ഭേദം തൊമ്മൻ’ എന്നർത്ഥത്തിൽ സ്ഥാനാർത്ഥി പട്ടികയിലിടം പിടിച്ചും മൽസരിക്കേണ്ടി വന്ന നിരവധി സ്ഥാനാർത്ഥികളെ നമ്മൾ തിരഞ്ഞെടുപ്പു ഗോദയിൽ കാണുന്നു. ഫ്ളക്സുകളിൽ പോലും സ്വന്തം ഭർത്താവിൻ്റെ ഫോട്ടോ കാണിച്ച് വോട്ടുപിടിക്കുന്നവരുടെ കാഴ്ചയും കേരളത്തിലിന്ന് പുതിയ കാഴ്ചയല്ല! ‘സംവരണാധികാര’ത്തിലൂടെ പ്രസിഡൻ്റ് പദവിയിലെത്തുമ്പോൾ ആണധികാരത്തിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനം അധികാര സിരാകേന്ദ്രമായി മാറുന്നതും കേരളത്തിൽ പുത്തരിയല്ല! തിരഞ്ഞെടുത്തതിനു ശേഷവും ആണധികാര രാഷ്ട്രീയ ഇടങ്ങളിലും ഭരണ തീരുമാനമെടുക്കുന്നതിലും കൃത്യമായ ലിംഗവിവേചനവും രാഷ്ട്രീയ – ഭർതൃ പിൻ സീറ്റ് നിയന്ത്രണത്തിനും സ്ത്രീകൾ വിധേയമാവുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ടീയ കാഴ്ചപ്പാടുകൾ ശക്തമാണങ്കിലും അധികാരയിടങ്ങളിൽ സജീവമായിരിക്കുന്ന സ്ത്രീകളിലധികവും ഭരണത്തോടൊപ്പം കുടുംബത്തിനും കുട്ടികൾക്കും എറെ പ്രധാന്യം കൊടുക്കുന്നവരും രാഷ്ട്രീയവും പൊതു പ്രവർത്തനവും കുടുംബത്തോടൊപ്പം ഒരുമിച്ച് കൊണ്ടുപോവാൻ കഴിയാത്ത സാഹചര്യത്തിൽ രാഷ്ട്രീയത്തേക്കാൾ കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നവരുമായാണ് നമ്മൾ കാണുന്നത്! ഇതോടൊപ്പം തന്നെ നമ്മൾ കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യം ഭാര്യയും ഭർത്താവും ഒരുമിച്ച് രാഷ്ട്രീയ പൊതുപ്രവർത്തന രംഗത് വലിയ തോതിൽ കേരളത്തിൽ മുന്നോട്ട് വരാതിരിക്കാനുള്ള കാരണവും രാഷ്ട്രീയത്തേക്കാൾ കുടുംബത്തിൻ്റെ പ്രാധാന്യം ഉയർത്തി പിടിക്കുന്നുവെന്നതുകൊണ്ടാണ്!

വിദ്യാഭ്യാസവും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും പൊതു പ്രവർത്തന അനുഭവവും ഭരണപങ്കാളിത്തത്തിനാവശ്യമായ സംവരണ പിൻബലവുമുണ്ടായിട്ടും രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് ശോഭിക്കാൻ കഴിയാതെ പോവുന്നത് പലപ്പോഴും രാഷ്ട്രീയമെന്നത് ആണധികാരത്തിൻ്റെ കളിയിടമായതുകൊണ്ടാണന്നതിൽ തർക്കമില്ല. അതു കൊണ്ട് തന്നെ കൽപ്പിച്ചു നൽകിയ ചില വേലി കെട്ടുകൾ സ്ത്രീകളെ ഇന്നും പല സുപ്രധാന മേഖലയിൽ നിന്നും മാറ്റിനിർത്തുന്നുവെന്നത് മറ്റെല്ലാ മേഖലകളെപ്പോലെ രാഷ്ട്രീയ കളരിയിലും പ്രകടമാണ്. സ്ത്രീകളുടെ പൊതു യിടങ്ങളിലെ പ്രവർത്തനത്തെയും സാന്നിദ്ധ്യത്തെയും സദാചാര കണ്ണോടെ ഈ മാറിയ കാലത്തും ചിലരെങ്കിലും കാണുന്നുവെന്നത് വിസ്മരിക്കരുത്. രാഷ്ട്രീയ സഹപ്രവർത്തകരോടുള്ള ഇടപെടലുകളെയും ഒരുമിച്ചുള്ള യാത്രയേയും രാത്രികാലങ്ങളിൽ പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ട സഞ്ചാരത്തേയുമൊക്കെ വലിയ പരിമിതികളോടെയാണ് ഇന്നും സ്ത്രീകൾ കാണുന്നത്. സ്ഥാനാർത്ഥികളായി രംഗ പ്രവേശം ചെയ്യുമ്പോൾ രാഷ്ട്രീയ വികസന കാഴ്ചപ്പാടുകളെയും പ്രാദേശിക വിഷയങ്ങളെയും ചർച്ചയാക്കുന്നതിനു പകരം സ്ത്രീകളെ അവരുടെ ശരീരം, ചലനങ്ങൾ, വേഷവിധാനം, മുഖശ്രീ, ശരീരഭാഷ തുടങ്ങിയവയെ മുൻനിർത്തി സദാചാരകണ്ണിലൂടെ വിലയിരുത്തി വിമർശിക്കാനുള്ള അശ്ലീല പ്രവണത ഇന്ന് വളരെ സജീവമാണ്.സംസ്ഥാനത്ത് ആയിരക്കണക്കിന് വനിതാ സ്ഥാനാർത്ഥികൾ മൽസരിക്കുമ്പോഴും ചിലർ മാത്രം ‘മുഖശ്രീ’ യുടെ പേരിൽ കേരളത്തിലുടനീളം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നത് ജനാധിപത്യ കാഴ്ചകൾക്കു പിന്നിലെ അശ്ശീലമല്ലാതെ മറ്റെന്താണ്? പുരുഷാധികാരത്തിൻ്റെ രാഷ്ട്രീയ മൂശയിൽ വാർത്തെടുക്കപ്പെടുന്നതിലെ രാഷ്ട്രീയ നിസ്സഹായാവസ്ഥ പലപ്പോഴും കേരളത്തിലെ സ്ത്രീകൾ ഈ മേഖലയിൽ അനുഭവിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. എണ്ണത്തിലെ അംഗബലം കൊണ്ടു മാത്രം അധികാരം സ്ത്രീകളിലേക്ക് എത്തി എന്ന് പറയാനാവില്ല മറിച്ച് സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന വിധത്തിലുള്ള രാഷ്ട്രീയ സ്വാതന്ത്ര്യവും ഇച്ഛാശക്തിയും ആർജ്ജിച്ചെടുക്കുന്നതിൽ സ്ത്രീകൾ ഇനിയും ബഹുദൂരം മുന്നോട്ട് പോവേണ്ടതുണ്ട്. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ പോലും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനമേഖലകളിലെ അനുഭവത്തേക്കാൾ ജാതി, കുടുംബ സമവാക്യങ്ങളും ഭർത്താവിൻ്റെ രാഷ്ട്രീയ സ്വാധീനവും ഒരു പരിധി വരെ വലിയ സ്വാധീനമാണ് ചെലുത്തുന്നത്! അതു കൊണ്ട് തന്നെ ബാഹ്യമായ ഇടപെടലുകൾ സ്ത്രീകൾ ഭരിക്കപ്പെടുന്ന അധികാര ഇടനാഴികളിൽ ഒളിഞ്ഞും തെളിഞ്ഞും ഇന്നും പ്രകടമാണ്.

ത്രിതല ഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ത്രീ സംവരണത്തിൻ്റെ പിൻബലത്തിൻ സാമൂഹ്യ പിന്നോക്ക മേഖലയിൽ നിന്നുള്ള സ്ത്രീകൾ ഗണ്യമായ രീതിയിൽ അധികാരത്തിലെത്തുന്നുവെങ്കിലും നിയമസഭയിലും പാർലമെൻ്റിലും ഇപ്പോഴും 5 % ൽ താഴെയാണ് സ്ത്രീകളുടെ സ്ഥാനം! പാർലമെൻറിലും നിയമസഭയിലും 33% സ്ത്രീ സംവരണത്തിനു വേണ്ടി വാദിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും സത്യസന്ധമായല്ല ഈ വിഷയത്തെ സമീപിക്കുന്നത് ഒരർത്ഥത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ അണധികാരത്തിൻ്റെയും ജാതിമേൽക്കോയ്മയുടേയും സ്വാധീനമാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ ഈ വിഷയത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്! ജനസംഖ്യയിലും വോട്ടർമാരുടെ എണ്ണത്തിലും സ്ത്രീകളും പുരുഷന്മാര്യം ഏകദേശം തുല്യമാണിപ്പോൾ. പക്ഷേ ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം സ്ത്രീകൾക്ക് ലോകസഭയിലോ രാജ്യസഭയിലോ നിയമസഭയിലോ നൽകാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇതുവരെ തയ്യാറായിട്ടില്ല. 1994 മുതൽ സ്ത്രീകൾക്ക് പാർലമെൻറിൽ 33% സംവരണം നൽകുന്നതിനു വേണ്ടി നിരന്തരമായി രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ രാജ്യത്ത് ഇത്തരത്തിലുള്ള ആവശ്യത്തിൽ നിന്ന് മിക്ക രാഷ്ട്രീയ പാർട്ടികളും പിൻവലിയുന്നതിൻ്റെ സൂചനയാണ് കാണുന്നത്.

ഒരിക്കൽ മത്സരിക്കുകയോ അല്ലങ്കിൽ ഭരണ രംഗത്ത് കടന്നു വരികയോ ചെയ്ത സ്ത്രീകളിൽ പലരും പിൽക്കാലത്ത് രാഷ്ട്രീയ പൊതുപ്രവർത്തനങ്ങളിൽ നിന്ന് പിൻവലിയുന്ന കാഴ്ചയിപ്പോൾ കേരളത്തിൽ സർവ്വസാധാരണമായിരിക്കുന്നു! പഞ്ചായത്ത് പ്രസിഡൻ്റായി ദീർഘനാൾ ഇരുന്നവർ പോലും രാഷ്ട്രീയത്തിൽ നിന്നകന്ന് ആടിനെ വളർത്തുന്നതിലും പെട്ടിക്കട നടത്തുന്നതിലും വ്യാപൃതരായിരിക്കുന്നു! രാഷ്ട്രീയ പ്രവർത്തനത്തിന് ഞാൻ യോഗ്യയാണോ എന്ന ചിന്തയും പുറമെ നിന്നുള്ള വിമർശനവും രാഷ്ട്രീയ എതിരാളികളുടെ ദൃഷ്പ്രചരണങ്ങളും പല സ്ത്രീകളെയും മനം മടുപ്പിച്ചിട്ടുണ്ട്. കൂടാതെ മടി, ശുഭാപ്തി വിശ്വാസ കുറവ്, പഴി കേൾക്കാനുള്ള ഭയം, സഹപ്രവർത്തകരിൽ നിന്നുള്ള കുത്തുവാക്കുകൾ അതിലുപരി കുടുംബവും രാഷ്ട്രീയവും യോജിപ്പിച്ച് കൊണ്ടുപോവുന്നതിലുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും രാഷ്ടീയത്തിൽ നിന്നകന്ന് നിൽക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സംവരണ രാഷ്ട്രീയത്തിനപ്പുറം കുറേ കൂടി ക്രിയാത്മകമായി പൊതുപ്രവർത്തനങ്ങളിൽ ഇറങ്ങാനും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും സ്ത്രീകൾ ശ്രമിക്കേണ്ടതുണ്ട്. ജീവിതത്തിൽ നിലപാടുകളെ ചേർത്തു പിടിക്കാൻ കഴിയുന്നവരും ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നവരുമാണ് ജനമനസ്സുകളിൽ സ്ഥാനം പിടിക്കുന്നത്. ആത്മവിശ്വാസവും രാഷ്ട്രീയ ലക്ഷ്യവും ആത്മാർത്ഥതയും രാഷ്ട്രീയത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. സ്വയം വിശ്വാസമില്ലാത്തിടത്ത് എങ്ങിനെയാണ് നേതൃത്വത്തിനും പാർട്ടിക്കും വിശ്വാസമുണ്ടാവുക? പല ഘട്ടങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നതിൽ ആണധികാരത്തെ പരോക്ഷമായി സ്ത്രീകൾ ആശ്രയിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്.

അധികാരസ്ഥാനത്തേക്കുള്ള സ്ത്രീ സംവരണം രാഷ്ട്രീയ നേതൃത്വത്തിലേക്കും സംഘടനാ തിരഞ്ഞെടുപ്പുകളിലും ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന ചർച്ച രാജ്യത്ത് സജീവമാണ്. മത്സരിക്കാൻ മാത്രം സ്ത്രീകളെ തിരയുന്ന പ്രക്രിയക്ക് പകരം രാഷ്ട്രീയ പ്രവർത്തനത്തിലും, സംഘടനാ നേതൃത്വത്തിലും സ്ത്രീ സാന്നിദ്ധ്യം പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ ഉറപ്പു വരുത്തുന്നില്ലന്നത് ഖേദകരമാണ്. പുരുഷ നേതാക്കൾ സ്ത്രീകളുടെ രാഷ്ട്രീയ വളർച്ച തടയുന്നുവെന്ന ആരോപണത്തിലും ഒരു പരിധി വരെ യാഥാർത്ഥ്യമുണ്ടന്നത് വിസ്മരിക്കാനാവില്ല! ഒരു കുടുംബം ഭംഗിയായി കൈകാര്യം ചെയ്യുന്ന സ്ത്രീക്ക് ഒരു സമൂഹത്തെയും ഒരു സംസ്ഥാനത്തെയും രാജ്യത്തെയും വളരെ നന്നായി നയിക്കാൻ കഴിയുമെന്ന് അംഗീകരിക്കാനുള്ള വിമുഖത ഇന്നും എല്ലാ രാഷ്ട്രിയ പാർട്ടികളിലും പ്രകടമാണ്. അധികാരത്തിലെത്തിയാൽ ഭർത്താവിൻ്റെയോ കുടുംബക്കാരുടേയോ അതുമല്ലങ്കിൽ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേയോ കയ്യിലെ കളിപ്പാവകളായി മാറുന്ന അവസ്ഥ മാറുകയും നിലപാടുകളിലും തീരുമാനങ്ങളിലും ഉറച്ചു നിൽക്കാനുള്ള പ്രാപ്തിയും അനുഭവസമ്പത്തും ആർജ്ജിച്ചെടുക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണ്. സ്ത്രീ ശാക്തീകരണത്തെയും തുല്യനീതിയേയും കുറിച്ചുള്ള അവകാശവാദങ്ങൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ യാഥാർത്ഥ്യമാവാൻ പുരുഷാധിപത്യപരമായ രാഷ്ട്രീയ നേതൃത്വം ഇന്നും തയ്യാറാല്ലന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രാതിനിധ്യത്തിലൂടെ സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കുന്ന സംവരണം ഫലത്തിൽ അതിൻ്റെ ലക്ഷ്യം കണ്ടെത്തുന്നില്ല. മൽസരിച്ചു വിജയിച്ച സീറ്റിൽ പോലും തുടർന്ന് സംവരണം മാറുമ്പോൾ അവിടെ തന്നെ മൽസരിക്കാൻ രാഷ്ട്രീയ പാർട്ടികൾ സ്ത്രീകൾക്ക് ‘അനുമതി’ നൽകുന്നില്ലത് സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശത്തെ എങ്ങിനെയാണ് പുരുഷകേന്ദ്രീകൃത രാഷ്ട്രീയം നോക്കിക്കാണുന്നത് എന്നതിൻ്റെ ഉദാഹരണമാണ്.

സ്ത്രീ ശാക്തീകരണമെന്നത് സ്ത്രീകളെ സർവ്വമേഖലയിലും ശക്തിപ്പെടുത്തുക എന്നതാണ്. എന്നാൽ പലപ്പോഴും പാർലമെൻററി ജനാധിപത്യ വ്യവസ്ഥയിൽ സംവരണ മണ്ഡലത്തിൽ മാത്രം സ്ത്രീകളെ ഒതുക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഒരിക്കൽ മത്സരിച്ചു വിജയിച്ചാൽ പിന്നീട് സ്ഥാനാർത്ഥിക്കൊരു ഊഴം കിട്ടണമെങ്കിൽ മറ്റൊരു സംവരണ ‘ടേം’ വരേണ്ട അവസ്ഥയാണിപ്പോൾ! ഒരർത്ഥത്തിൽ രാഷ്ട്രീയ പ്രവർത്തനം പോലും സംവരണാനുകൂല്യമായി ചുരുങ്ങി പോവുന്ന അവസ്ഥയാണിപ്പോൾ! തുല്യതക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ജനാധിപത്യയിടങ്ങളിലെ സ്ത്രീ സാന്നിദ്ധ്യവും നിയമനിർമ്മാണ സഭയിലെ പ്രാതിനിധ്യവുമൊക്കെ വളരെ പ്രധാനമാണ്. എന്നാൽ രാജ്യത്തെ ബൃഹത്തായ പാർലമെൻറ് ഇലക്ഷനിലും നിയമസഭ ഇലക്ഷനിലും ഇപ്പോഴും സ്ത്രീകളുടെ പ്രാതിനിധ്യം 5 % ത്തിന് താഴെയാണന്നറിയുമ്പോൾ തുല്യതക്കും സ്ത്രീ ശാക്തീകരണത്തിനുമുള്ള മുറവിളികൾ ഇനിയും രാജ്യത്ത് ശക്തിപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവാണ് നൽകുന്നത്.

Next Post

വേറൊരു തൊഴിലുടമയിലേക്ക് മാറുന്നതിന് വിദേശ തൊഴിലാളികളുടെ എന്‍ഒസി ഒഴിവാക്കുന്നു

Sun Dec 6 , 2020
മസ്‌കറ്റ്: ഒമാനിലെ വിദേശി തൊഴിലാളികള്‍ക്ക് വേറൊരു തൊഴിലുടമയിലേക്ക് മാറുന്നതിന് എന്‍ഒസി വേണമെന്ന നിബന്ധന എടുത്തു കളയുന്നു. ഇത് ഉടന്‍ തന്നെ നിലവില്‍ വരുമെന്ന് വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി പറഞ്ഞു. ജനുവരിയില്‍ ഇത് നിലവില്‍ വരുമെന്നാണ് സൂചന. രാജ്യത്തിന്റെ തൊഴില്‍ നയത്തിലെ സുപ്രധാന മാറ്റമാണ് എന്‍ഒസി വ്യവസ്ഥ ഒഴിവാക്കലെന്ന് വിദേശ കാര്യ മന്ത്രി പറഞ്ഞു. ബഹ്‌റൈന്‍ തലസ്ഥാനമായ മാനമയില്‍ ഐഐഎസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ നയത്തില്‍ അടുത്ത […]

Breaking News

error: Content is protected !!