പാലക്കാട്ടെ ജാതിക്കൊലപാതകം; കേരളം വീണ്ടും ഭ്രാന്താലയമാകുന്നുവോ ?

പാലക്കാട് കുഴല്‍മന്ദം ​തേങ്കുറുശ്ശിയിലുണ്ടായ ജാതിക്കൊലയുടെ ആഘാതത്തിലാണ്​ കേരളത്തിന്‍റെ മനഃസാക്ഷി. ​വെള്ളിയാഴ്ച വൈകീട്ടാണ്​ ഇലമന്ദം ആറുമുഖന്‍റെ മകന്‍ അനീഷ് (അപ്പു -27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യാപിതാവും അമ്മാവനും പിടിയിലായിട്ടുണ്ട്​. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍, കേരളത്തിലെ കുടുംബങ്ങളില്‍ ജാതീയത ഇപ്പോഴും എത്രത്തോളം വേരൂന്നിയിട്ടുണ്ടെന്ന്​ വ്യക്​തമാക്കുകയാണ്​ തൊമ്മിക്കുഞ്ഞ് രമ്യാ തന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ.

‘ജാതിയെ കൊയ്യുകയും വിതക്കുകയും ചെയ്യുന്ന വയലുകളാണ് ഓരോ കുടുബവും. ഇമ്ബമോടെ കൂടുന്നതൊന്നുമല്ല കുടുബം. ഒരേ ജാതിയിലെ കണ്ണികളെ കൂട്ടിക്കെട്ടുന്ന ചരടാണ് കുടുബം. അത് പൊട്ടിക്കാന്‍ ശ്രമിക്കുന്ന ആരേയും ഇല്ലായ്മ ചെയ്യുക എന്നത് ജാതിയുടെ നീതിബോധമാണ്​’ -അവര്‍ ഫേസ്​ബുക്ക്​ പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ജാതിയെ കൊയ്യുകയും വിതക്കുകയും ചെയ്യുന്ന വയലുകളാണ് ഓരോ കുടുബവും. അതുകൊണ്ടാണ് പ്രണയത്തിന് എതിര് നില്‍ക്കേണ്ടി വരുന്നത്. കാരണം ജാതി നിലനില്‍ക്കുന്നത് പ്രത്യുല്‍പ്പാദനവുമായ് ബന്ധപ്പെട്ടാണ്. അല്ലാതെ തൊഴിലുമായോ ഉല്‍പാദനവുമായോ ബന്ധപ്പെട്ടല്ല. ഇവിടെ ജാതിയുണ്ട് എന്ന് പറയുന്ന മനുഷ്യര്‍ ആദ്യം നിങ്ങളോട് കേരളത്തിലെ വിവാഹങ്ങളുടെ സ്വഭാവം പരിശോധിക്കാന്‍ പറയുന്നതിന്‍റെ കാരണവും ഇത് തന്നെ. കേരളത്തില്‍ നടന്നിട്ടുള്ള ബഹുഭൂരിപക്ഷം വിവാഹങ്ങളും സ്വജാതിയില്‍ നിന്നാണ്.

സ്വന്തം കുട്ടികള്‍ മറ്റുജാതിയിലുള്ള ഒരാളുമായി പ്രണയത്തിലാകുമ്ബോള്‍ പിന്നെ വീട്ടിന്ന് മാറ്റി താമസിക്കലായി, ഇമോഷണല്‍ ബ്ലാക്ക്മെയിലിങ്ങായി, ഉടനെ സ്വന്തം ജാതിയിലുള്ള ആരേലും കൊണ്ട് കെട്ടിക്കലായി, ഇതൊക്കെ പരാജയപ്പെടുമ്ബോള്‍ കൊലപാതകമാകും. അതായത് തങ്ങളുടെ ‘സഫലമാകാത്ത പ്രണയത്തി’ന്‍റെ കാരണം കുടുബമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിനെ തിരുത്തി ജാതിയാണെന്ന് പറയുക. അല്ലെങ്കില്‍ ജാതിക്കൊലയെ ദുരഭിമാനക്കൊല എന്ന പേര് വിളിക്കും പോലെയാകും. (ദുരഭിമാനത്തിന്‍റെ കാരണം പലതുമാകാം, പക്ഷെ ഈ വിഷയത്തില്‍ എപ്പോഴും ജാതിമാത്രമാണ് കാരണം).

സ്വഭാവികമായി ഒരു ഇന്‍റര്‍ കാസ്റ്റ് മാര്യോജ് നടക്കാനുള്ള സാധ്യതയെ, സാധ്യത എന്ന് പോലും പറയാന്‍ കഴിയുന്നതിലും താഴെയാകുന്നതിന്‍റെ കാരണവും ഇത് തന്നെ. സ്വന്തം ജാതിയേക്കാള്‍ താഴെയുള്ള ഒരു ജാതിയുമായി കലര്‍ന്നാല്‍ സമൂഹത്തില്‍ തങ്ങള്‍ക്ക് ഇടിവ് ഉണ്ടാകും / പ്യൂരിറ്റി നഷ്ടപ്പെടും എന്ന് ഭയപ്പെടുന്നു.അതായത് എന്‍റെ അച്ഛന്‍ /കൊച്ചുമകള്‍ / ഭാര്യ / ആങ്ങള / മകന്‍ എന്നതിലുപരി രണ്ട് മനുഷ്യരെ ‘നമ്മള്‍’ ആക്കുന്നതിന്‍റെ അടിസ്ഥാനം ജാതിയാണ്. അതു കൊണ്ടാണ് ആതിരയുടെ അമ്മക്കും ആങ്ങളക്കും കൂറുമാറാന്‍ കഴിയുന്നത്. പ്രവീണ താലി പറയും പോലെ ”അവര്‍ കൂറുമാറിയതല്ല മറിച്ച്‌ ജാതിയോടു കൂറു കാട്ടിയതാണ്”. സ്നേഹമാണ് കുടുബത്തിന്‍റെ കാതല്‍ എങ്കില്‍ അവര്‍ക്ക് കൂറുമാറാന്‍ ഒരിക്കലും കഴിയില്ല. മകള്‍ ഒരു താഴ്ന്ന ജാതിക്കാരനെ കൊണ്ട് (ഉദ്യോഗസ്ഥന്‍ ആയാല്‍ പോലും) വിവാഹം കഴിപ്പിക്കുന്നതിനേക്കാള്‍ ഭേദമാണ് സ്വന്തം മകളുടെ കൊലയാളിയാകുന്നതെന്ന ഒരു അച്ഛന്‍റെ ധാര്‍മികബോധമാണ് ജാതി. സ്വന്തം കുടുബത്തെ ജാതി കലര്‍പ്പില്‍ നിന്ന് രക്ഷിച്ച മഹാനായാണ് അയാള്‍ സ്വയം കാണുന്നത്. ആ സംഭവത്തിന്‍റെ ന്യൂസ് ലിങ്കുകള്‍ക്ക് താഴെ വന്ന കമന്‍റുകള്‍ പരിശോധിച്ചാല്‍ നമ്മള്‍ക്ക് കേരളത്തിലെ ജാതിയതയുടെ തീവ്രത മനസ്സിലാക്കാന്‍ കഴിയും. അതില്‍ വന്ന പല കമന്‍റുകളും ആ കൊലയെ ന്യായികരിക്കുന്നവ മാത്രമായിരുന്നു. കെവിനും ഇന്നലെ കൊല ചെയ്യപ്പെട്ട അനീഷും അതിന്‍റെ തെളിവുകളാണ് / ഇരകളാണ്. കുടുബത്തിന്‍റെ മഹിമ എന്നത് ജാതിക്ക് കളങ്കമേല്‍പ്പിക്കാതിരിക്കല്‍ മാത്രമാകുന്നതും അതിന് വേണ്ടി സ്വന്തം മക്കളെയോ അവരുടെ ജീവിത പങ്കാളിയേയോ കൊല്ലാനും, ജയിലില്‍ കിടക്കാനും, അതില്‍ ഉണ്ടാവുന്ന ചീത്തപ്പേര് അഭിമാനത്തോടെ ഏറ്റെടുക്കാനും തയാറാക്കുന്നത് കുടുംബ ബന്ധങ്ങളേക്കാള്‍ ഒരുപാട് പടി ഉയരത്തിലാണ് ജാതി എന്നതിനാല്‍ മാത്രമാണ്. അതായത് ഇമ്ബമോടെ കൂടുന്നതൊന്നുമല്ല കുടുബം. ഒരേ ജാതിയിലെ കണ്ണികളെ കൂട്ടിക്കെട്ടുന്ന ചരടാണ് കുടുബം. അത് പൊട്ടിക്കാന്‍ ശ്രമിക്കുന്ന ആരേയും ഇല്ലായ്മ ചെയ്യുക എന്നത് ജാതിയുടെ നീതിബോധമാണ്.

Next Post

കൊല്ലപ്പെട്ട ഔഫിന്റെ വീട്ടിൽ സാന്ത്വനവുമായി മുനവ്വറലി തങ്ങളെത്തി

Sat Dec 26 , 2020
കാസര്‍കോട്: കല്ലൂരാവിയില്‍ കൊല്ലപ്പെട്ട അബ്ദു റഹ്മാന്‍ ഔഫിന്റെ വീട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. യൂത്ത്‌ലീഗ് പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു. അബ്ദുറഹ്മാന്‍ ഔഫിന്റെ ഖബറിടത്തില്‍ പ്രാര്‍ഥന കൂടി നടത്തിയ ശേഷമാണ് മുനവറലി തങ്ങള്‍ മടങ്ങിയത്. ഔഫിന്റെ കൊലപാതകത്തെ മുസ്‌ലിം ലീഗ് ശക്തമായി അപലപിക്കുന്നു. കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും മുനവ്വറലി തങ്ങള്‍ […]

You May Like

Breaking News

error: Content is protected !!