‘ആക്ഷനും കട്ടിനുമിടയില്‍ നീ എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യുമെന്ന് മമ്മൂക്ക’;കേട്ടറിഞ്ഞതെല്ലാം തെറ്റായിരുന്നെന്ന് തിരിച്ചറിഞ്ഞ നിമിഷം: രമേഷ് പിഷാരടി

ഉത്സവപ്പറമ്പുകളിലെ കോമഡി പരിപാടികളില്‍ നിന്ന് ടെലിവിഷനിലേക്ക്. വേറിട്ട ശൈലിയിലൂടെ കോമഡി പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ച അവതാരകനായി കയ്യടി നേടി പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്. രമേഷ് പിഷാരടിയെന്ന കലാകാരന്റെ ഉയര്‍ച്ച പെട്ടെന്നൊരുനാള്‍ സംഭവിച്ചതായിരുന്നില്ല. അവതാരകനായും നടനായും സംവിധായകനായും കഴിവുതെളിയിച്ച അദ്ദേഹം മിമിക്രി രംഗത്തും മലയാള സിനിമാരംഗത്തും ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ഇന്ന് മാറിക്കഴിഞ്ഞു.

2018ല്‍ ജയറാമിനെ നായകനാക്കി പഞ്ചവര്‍ണ്ണതത്തയെന്ന സിനിമയും 2019 ല്‍ മമ്മൂട്ടിയെ നായനാക്കി ഗാനഗന്ധര്‍വനും സംവിധാനം ചെയ്ത പിഷാരടി ഏതാണ്ട് 30 ലേറെ സിനിമകളിലും വേഷമിട്ടു കഴിഞ്ഞു.

രണ്ടാമതായി സംവിധാനം ചെയ്ത ഗാനഗന്ധര്‍വന്റെ കഥ മമ്മൂട്ടിയെ മനസില്‍ കണ്ട് എഴുതിയതായിരുന്നില്ലെന്നും കഥ രൂപപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ രൂപം മനസില്‍ വരികയായിരുന്നുവെന്നും അങ്ങനെയാണ് അദ്ദേഹത്തെ സമീപിച്ചതെന്നും സ്റ്റാര് ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പിഷാരടി പറയുന്നു.

മധുരരാജ, അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക്ക് എന്നീ ചിത്രങ്ങളിലെ സൂപ്പര്‍ ഹീറോ പരിവേഷം നില്‍ക്കുന്ന അന്തരീക്ഷത്തില്‍ പാവം മനുഷ്യന്റെ കഥ പറയുന്ന ഗാനനന്ധര്‍വനുമായി മമ്മൂട്ടിയെ സമീപിക്കാന്‍ എങ്ങനെ തോന്നി എന്ന ചോദ്യത്തിന് കേട്ടുകേള്‍വികളില്‍ നിന്ന് അത്തരമൊരു സംശയം തനിക്കും ഉണ്ടായിരുന്നെന്നായിരുന്നു പിഷാരടിയുടെ മറുപടി.

‘ ഈ കഥ അദ്ദേഹത്തെ മനസില്‍ കണ്ട് എഴുതിയതല്ല. കഥ രൂപപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ രൂപം എന്റെ മനസില്‍ വന്നു. അങ്ങനെയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഗാനമേള വേദികളില്‍ പാട്ടുപാടി ഡാന്‍സ് ചെയ്യുന്ന കഥാപാത്രം അദ്ദേഹം അവതരിപ്പിക്കുമോ എന്നെനിക്ക് സംശയമുണ്ടായിരുന്നു. കഥ പറയാന്‍ ഇരുന്നപ്പോള്‍ ഇതില്‍ മമ്മൂക്കയ്ക്ക് ഏഴ് ഷര്‍ട്ടുകള്‍ മാത്രമേയുള്ളൂ, മാത്രമല്ല ഈ കഥയില്‍ മമ്മൂക്ക മുട്ടയുടെ മഞ്ഞക്കരു തിന്നുന്ന സീനുണ്ട് എന്നൊക്കെ പറഞ്ഞ് ഞാന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു.

മമ്മൂക്കയ്ക്ക് സിനിമയില്‍ കളര്‍ഫുള്‍ ഷര്‍ട്ട് വേണം, ആരോഗ്യകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ആളാണ് എന്നൊക്കെയുള്ള മുന്‍ധാരണകളില്‍ നിന്നായിരുന്നു ഇതൊക്കെ പറഞ്ഞത്.

‘അതിലൊന്നും യാതൊരു പ്രശ്‌നവുമില്ല ആക്ഷനും കട്ടിനുമിടയില്‍ നീ എന്തുപറഞ്ഞാലും ഞാന്‍ ചെയ്യും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോഴാണ് അദ്ദേഹത്തെ കുറിച്ച്‌ കേട്ടറിഞ്ഞതെല്ലാം തെറ്റായിരുന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്’, പിഷാരടി പറയുന്നു.

Next Post

പ്രമേഹ രോഗികൾക്ക് എന്തൊക്കെ കഴിക്കാം? എന്തൊക്കെ കഴിക്കാൻ പാടില്ല?

Sat Jan 2 , 2021

Breaking News

error: Content is protected !!