ഇന്ത്യ: ഓൺ ലൈൻ ഷോപ്പിങ്ങും മാറിയ ഉപഭോക്തൃ നിയമവും

-അഡ്വ. ടി.പി.എ.നസീർ-

വാങ്ങിയ സാധനം തിരികെ എടുക്കില്ലെന്ന് പറയുന്ന കച്ചവടക്കാർ ഇനി ശ്രദ്ധിക്കുക! വാങ്ങിയ സാധനങ്ങൾ ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കച്ചവടക്കാർ ഉപഭോക്താവിൽ നിന്ന് തിരികെ എടുക്കാൻ ഇനി ബാധ്യസ്ഥരാണ്. ഉപഭോക്താവിൻ്റെ അവകാശങ്ങൾ പരിരക്ഷിക്കുന്ന 34 വർഷം പഴക്കമുള്ള 1986 ലെ ഉപഭോക്തൃ നിയമം കാലോചിതമായ മാറ്റങ്ങൾ വരുത്തി ഇപ്പോൾ നിലവിൽ വന്നിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഓൺലൈൻ വ്യാപാരത്തിലൂടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയും നിരവധി ചൂഷണങ്ങൾക്കും തട്ടിപ്പുകൾക്കും ഓൺലൈൻ ഉപഭോക്താക്കൾ വിധേയമായി കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇ- കൊമേഴ്സിൻ്റെ ഭാഗമായുളള ഓൺലൈൻ മാർക്കറ്റിംഗ് ,ടെലിഷോപ്പിംഗ്, ഡയറക്ട് മാർക്കറ്റിംഗ് , മൾട്ടി ലെവൽ മാർക്കറ്റിംഗ് തുടങ്ങിയ ഉൾപ്പെടുത്തി കൊണ്ട് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നിരിക്കുന്നത്! കടലാസ് കറൻസിയിൽ നിന്നും പ്ലാസ്റ്റിക് കറൻസിയിലേക്കുള്ള മാറ്റവും പണം നൽകിയതിനു ശേഷം ഉൽപ്പന്നങ്ങൾ നൽകാതിരിക്കുകയോ വെബ് സൈറ്റ് പ്രകാരം കാണിച്ച സാധനങ്ങൾ ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോഴുള്ള ഉപഭോക്താക്കളുടെ പരാതികൾക്ക് ഇനി മുതൽ നിയമ പരിഹാരമുണ്ടെന്നതാണ് പുതിയ ഉപഭോക്തൃ നിയമത്തിൻ്റെ പ്രത്യേകത!

പരസ്യങ്ങൾ പലപ്പോഴും ഉപഭോക്താവിനെ പ്രലോഭിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യാറുണ്ട്. നാൽപ്പത് ദിവസം കൊണ്ട് നിറം വെക്കുമെന്ന് ഏതെങ്കിലും സെലിബ്രിറ്റി സോപ്പിൻ്റെ പരസ്യ മോഡലിംഗിൽ പറഞ്ഞാൽ നമ്മൾ പിന്നെ മറ്റൊന്നും ചിന്തിക്കാറില്ല അത്രമേൽ പരസ്യങ്ങൾ നമ്മെ കീഴ്‌പ്പെടുത്തിയിരിക്കുന്നു! ഇനിയിപ്പോൾ പരസ്യത്തിലഭിനയിക്കുന്ന സെലിബ്രിറ്റികളും പരസ്യം നൽകുന്ന കച്ചവടക്കാരും ശ്രദ്ധിക്കുക. തെറ്റിദ്ധാരണ പരത്തുന്ന പൊള്ളയായ പരസ്യങ്ങൾ നൽകിയാൽ ജയിൽ ശിക്ഷ ഉൾപ്പെടെ കർശന പിഴകൾ ചുമത്താൻ പുതിയ ഉപഭോക്തൃ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ പിൻവലിക്കാനും ആയത് തിരുത്തി മറ്റൊരു വിധത്തിൽ ചെയ്യാനും കമ്പനിയോട് നിർദ്ദേശിക്കാനും അവശ്യഘട്ടത്തിൽ നിയമ നടപടികളെടുക്കാനും ദേശീയ ഉപഭോക്തൃ സംരക്ഷണ സമിതിക്ക് ഇനിമേൽ അധികാരമുണ്ടാവും. പരസ്യങ്ങളുടെ മായിക വിസ്മയതുമ്പിൽ ഇനി ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നില്ലന്ന് പുതിയ ഉപഭോക്തൃ നിയമം ഉറപ്പുവരുത്തും.

പ്രതിഫലങ്ങൾ നൽകി ഉപഭോക്താവ് സ്വന്തമാക്കുന്ന സാധനത്തിനോ സേവനത്തിനോ എന്തു പോരായ്മയുണ്ടായാലും ഇനിമേൽ ഉപഭോക്തൃ നിയമം സംരക്ഷണം നൽകും. ആരാണ് ഉപഭോക്താവ് എന്ന് മനസ്സിലാക്കുന്നിടത്ത് ചില വീഴ്ചകൾ നമ്മൾക്ക് സംഭവിക്കാറുണ്ട്. ഒരു സാധനം വില കൊടുത്തോ ഭാഗികമായി വില കൊടുത്തോ വില കൊടുക്കാമെന്ന ധാരണയിലോ വാങ്ങുന്ന ആളാണ് യഥാർത്ഥത്തിൽ ഉപഭോക്താവ്. എന്നാൽ മൊത്തം കച്ചവടം പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങുന്നയാൾ ഉപഭോക്താവല്ലന്ന് നാം തിരിച്ചറിയുക. ഉപഭോക്തൃ കേസുകളിൽ അഭിഭാഷകൻ്റെ സഹായമില്ലാതെ നേരിട്ട് ഉപഭോക്താവിന് ഹാജരാവാൻ കഴിയുമെന്നതാണ് ഉപഭോക്തൃ സംരക്ഷണനിയമത്തിൻ്റെ പ്രത്യേകത. ഇത്തരം കമ്മീഷനുകളിൽ ഉൽപ്പന്നങ്ങളുടെ കേടുപാടുകൾ പരിഹരിച്ചുനൽകാനും, ഉപയോഗശൂന്യമായവ മാറ്റി പുതിയത് നൽകുവാനും, വാങ്ങിയ വില തിരികെ നൽകാനും, ഏതെങ്കിലും തരത്തിൽ നഷ്ട്ടമുണ്ടായിട്ടുണ്ടെങ്കിൽ ആയതിന് നഷ്ടപരിഹാരം നൽകാനും പുതിയ സംരക്ഷണ സമിതിക്ക് അധികാരമുണ്ട്.

1986 ലെ ഉപഭോക്തൃ നിയമത്തിൽ ഉൾക്കൊള്ളിച്ചിരുന്ന ജില്ലാ ഉപഭോക്തൃ ഫോറം ഇനി മുതൽ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ എന്ന നിലയിലാണ് അറിയപ്പെടുക. ജില്ലാ ഉപഭോക്തൃ സംരക്ഷണ കമ്മീഷൻ്റെ അധികാര പരിധി 20 ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയിലേക്കും സംസ്ഥാന കമ്മിഷൻ്റെ അധികാര പരിധി ഒരു കോടിയിൽ നിന്ന് 10 കോടിയിലേക്കും ദേശീയ കമ്മീഷൻ്റെ പരിധി 10 കോടിക്കു മുകളിലുമായി ഉയർത്തിയിരിക്കുന്നു ഈ നിയമത്തിൽ. നേരത്തെ വെള്ളക്കടലാസിൽ പരാതി എഴുതി നൽകേണ്ടിയിരുന്ന സ്ഥാനത്ത് ഇനി മുതൽ ഇ-മെയിൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സംവിധാനത്തിലൂടെയും പരാതി നൽകാനാവും. കൂടാതെ ഉപഭോക്താവ് താമസിക്കുന്നിടത്തോ ജോലി ചെയ്യുന്നിടത്തോ പരാതി നൽകാമെന്ന വ്യവസ്ഥ ഉപഭോക്താവിൻ്റെ കേസ് ഫയൽ ചെയ്യാനുള്ള സാധ്യതകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഒപ്പം പരാതി ഓൺലൈനിൽ നൽകാൻ കഴിയുന്നതുമൂലം സാധനങ്ങളൊക്കെ വാങ്ങിയതിനു ശേഷം വിദേശത്തോ മറ്റോ പോവേണ്ടി വരുന്നവർക്ക് അവിടെ നിന്നും പരാതി നൽകാൻ കഴിയുമെന്നതും കൂടാതെ വീട്ടിലിരുന്നു കൊണ്ട് പരാതി എഴുതി ലളിതമായ രീതിയിൽ തങ്ങളുടെ ഫോണിലൂടെ തന്നെ കമ്മീഷനുകൾക്ക് അയക്കാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്. പരാതികൾ സ്വീകരിച്ച വിവരം 48 മണിക്കൂറിനകം പരാതിക്കാരനെ അറിയിക്കേണ്ടതും 30 ദിവസത്തിനുള്ളിൽ പരാതിയിൽ തീർപ്പുകൽപ്പിക്കേണ്ടതുണ്ടെന്നും നിയമം നിഷ്ക്കർഷിക്കുന്നു! അഞ്ച് ലക്ഷം രൂപ വരെയുള്ള കേസുകളിൽ ഇനി കോർട്ട് ഫീ നൽകാതെ തന്നെ ഫയൽ ചെയ്യാൻ കഴിയുമെന്നത് ഈ നിയമത്തിൻ്റെ ജനകീയതയാണ് എടുത്ത് കാണിക്കുന്നത്!.

ഇനി മുതൽ ഓൺലൈൻ ഷോപ്പിംഗ് കൂടുതൽ ധൈര്യത്തോടെയും സുരക്ഷിതത്വത്തോടെയും ഉപഭോക്താക്കൾക്ക് നടത്താനാവും! ഇ-കൊമേഴ്സ് പുതിയ നിയമത്തിൻ്റെ പരിധിയിൽ വന്നതോടെ ഈ മേഖലയിൽ ഉപഭോക്താവ് നേരിട്ടിരുന്ന വലിയ പ്രതിസന്ധിയായിരുന്ന ക്യാൻസലേഷൻ ഫീസ് ഇനി മുതൽ കൊടുക്കേണ്ടതില്ല. അതുപോലെ വെബ് സൈറ്റിൽ നൽകിയ ചിത്രവും യഥാർത്ഥ ചിത്രവും തമ്മിൽ വിത്യസ്തമായാൽ ഓൺലൈൻ കച്ചവടക്കാർ ഇനി പിടിയിലാവും! പുതിയ നിയമത്തിൽ ജില്ലാ സംസ്ഥാന കമ്മിഷനുകൾക്ക് സ്വന്തം വിധികൾ പുനപരിശോധിക്കാമെന്ന വ്യവസ്ഥ അപ്പീലുകളിന്മേൽ കേസ് കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും തങ്ങളുടെ കേസുകളിന്മേൽ പുനപരിശോധനാ ഹരജി നൽകാനും ഉപഭോക്താവിനെ സഹായിക്കുന്നു. പുതിയ നിയമത്തിൽ കോടതിക്ക് പുറത്ത് മധ്യസ്ഥ ശ്രമത്തിലൂടെ കേസുകൾ ഒത്തുതീർപ്പാക്കാൻ കഴിയുമെന്നതുകൊണ്ട് ഉപഭോക്താക്കളുടെ പരാതികൾ കോടതി മേൽനോട്ടത്തിൽ തന്നെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും! എന്നാൽ ഇത്തരത്തിലുള്ള ഒത്തുതീർപ്പു വ്യവസ്ഥകളിന്മേൽ അപ്പീൽ നൽകാനാവില്ലന്നത് ശ്രദ്ധേയമാണ്.

ജില്ലാ തലത്തിലുള്ള ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ്റെ പരിധി ഒരു കോടി രൂപയായി ഉയർത്തിയത് മൂലം വീട് ഫ്ലാറ്റ് തുടങ്ങിയവക്കു മുകളിലുള്ള തർക്കങ്ങൾ അതാതു ഫോറങ്ങളിൽ തന്നെ എളുപ്പത്തിൽ തീർപ്പാക്കാൻ കഴിയും. നേരത്തെ ഇത്തരം ഫോറങ്ങൾ 20 ലക്ഷം രൂപയുടെ പരിധിക്കുള്ളിലായിരുന്നത് കൊണ്ട് സംസ്ഥാന കമ്മീഷനുകളിലായിരുന്നു ഫ്ലാറ്റ് , കെട്ടിട സംബന്ധമായ കേസുകൾ ഫയൽ ചെയ്തിരുന്നത്. പുതിയ ഉപഭോക്തൃ നിയമത്തിൽ ‘ ഉൽപ്പന്ന ബാധ്യതയെന്ന ‘ ക്ലോസ് എഴുതി ചേർത്തതിലൂടെ ഭാരിച്ച ഉത്തരവാദിത്തമാണ് കമ്പനി ഉടമക്ക് മുകളിൽ കൊണ്ട് വന്നിരിക്കുന്നത്. ഉദാഹരണത്തിന് ഒരേ ശ്രേണിയിലുള്ള ഒരു പ്രൊഡക്റ്റിന് ഏതെങ്കിലും വിധത്തിലുള്ള നിർമ്മാണ പിഴവ് സംഭവിച്ചാൽ തകരാറിലുള്ള ഉൽപ്പന്നങ്ങൾ മാത്രം മാറ്റുന്ന രീതി മാറും. ഇനി മുതൽ ആ ശ്രേണിയിലുള്ള എല്ലാ ഉൽപ്പന്നങ്ങളും കമ്പനി പിൻവലിക്കേണ്ടി വരികയും തിരികെ നൽകേണ്ടതായും വരും! കൂടാതെ ഏതെങ്കിലും തരത്തിൽ ഉൽപ്പന്നത്തിന് നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ആയതിന് നഷ്ടപരിഹാരം നൽകാനും പുതിയ നിയമത്തിൽ വകുപ്പുകളുണ്ട്. ഉൽപ്പന്നങ്ങളിൽ മായം ചേർക്കുന്നതിനെ കർശനമായി വിലക്കുന്നതോടൊപ്പം പരിശോധനാ സംവിധാനം ശക്തിപ്പെടുത്താനും നിയമം അനുശാസിക്കുന്നു. ദേശീയ തലത്തിലുള്ള ഉപഭോക്തൃ സംരക്ഷണ സമിതി ഉപഭോക്തൃ കമ്മിഷൻ്റെ പ്രവർത്തികൾ വിലയിരുത്തുകയും കാലോചിതമായി ഉപഭോക്തൃ മേഖലയിൽ നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്യും. ഇത്തരം ഉത്തരവുകൾ പാലിക്കാത്ത വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കാനും പിഴ ചുമത്താനും സംരക്ഷണ സമിതിക്ക് അധികാരമുണ്ട്.

സാധാരണക്കാരായ ഉപഭോക്താക്കളെ നേരിട്ടു ബാധിക്കുന്ന ഒട്ടനവധി ഉപഭോക്തൃ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ നിയമത്തിലൂടെ കഴിയും. ഉപഭോക്താക്കൾക്ക് ത്വരിതഗതിയിലുള്ള പരിഹാരം ലഭ്യമാക്കുന്നതോടൊപ്പം പ്രശ്ന പരിഹാരത്തിന് ലളിതമായ മാർഗ്ഗത്തിലൂടെയുള്ള കാര്യക്ഷമമായ ഭരണനിർവ്വഹണവും 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം മുന്നോട്ട് വെക്കുന്നു. എന്നാൽ ഉപഭോക്തൃ ശാക്തീകരണം ലക്ഷ്യം വെക്കുമ്പോൾ തന്നെ ചില പോരായ്മകൾ പുതിയ നിയമം നേരിടുന്നുവെന്നതിൽ തർക്കമില്ല. പ്രധാനമായും ആരോഗ്യ
മേഖല ഉപഭോക്തൃ നിയമത്തിൻ്റെ പരിധിയിൽ വരാത്തത്ത് സാധാരണക്കാരായ ജനങ്ങൾക്ക് ആരോഗ്യ സേവന രംഗത്ത് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെയും ചൂഷണങ്ങളെയും പരിഹരിക്കാൻ ഇനി സിവിൽ കോടതികളെ സമീപിക്കേണ്ടി വരുമെന്നതാണ്. കൂടാതെ ടെലികോം സേവനങ്ങൾ നിയമത്തിൻ്റെ പരിധിയിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സാധാരണ ജനങ്ങൾ ബന്ധപ്പെടുന്ന സെല്ലുലാർ ഡാറ്റ, ഇൻ്റർനെറ്റ് തുടങ്ങിയവ സംബന്ധിച്ച് യാതൊന്നും പുതിയ നിയമത്തിൽ സൂചിപ്പിക്കുന്നില്ലന്നതാണ്. ഇത്തരം ന്യൂനതകൾ നിലനിൽക്കുമ്പോഴും സാധാരണക്കാരായ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പുതിയ നിയമം വിജയിക്കുമെന്ന് നമ്മൾക്ക് പ്രത്യാക്ഷിക്കാം..

Next Post

അമേരിക്കയില്‍ കോവിഡ് വീണ്ടും ആഞ്ഞടിക്കുന്നു; 24 മണിക്കൂറിനിടെ റെക്കോഡ് ബാധിതര്‍, മരണം മൂന്നര ലക്ഷം കവിഞ്ഞു !

Sun Jan 3 , 2021
വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്. 24 മണിക്കൂറിനിടെ 2,398 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 3,50,186 ആയി. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോഡ് കോവിഡ് ബാധിതരാണ് രാജ്യത്തുണ്ടായത്. 2,77,000 പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നതില്‍ 29,258 പേര്‍ ഗുരുതരാവസ്ഥയിലാണ്. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ശേഷം രോഗബാധിതരുടെ എണ്ണം […]

You May Like

Breaking News

error: Content is protected !!