
ദോഹ: മോട്ടോര്‍ വാഹനേപ്രമികള്ക്ക് ആവേശം പകരുന്ന ഖത്തര്‍ കസ്റ്റം ഷോ -2021നു ഇന്നു തുടക്കം. ഖത്തര്‍ റേസിങ് ക്ലബില്‍ സോള്‍ റൈഡേഴ്സ് മോട്ടോര്‍സൈക്കിള്‍സ് ക്ലബാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കാറുകളും ബൈക്കുകളുമുള്‍പ്പെടെ വ്യത്യസ്ത ഇനങ്ങളില്‍ പെടുന്ന നൂറുകണക്കിന് മോട്ടോര്‍ വാഹനങ്ങളാണ് പ്രദര്‍ശനത്തില്‍ അണിനിരത്തുന്നത്. ശനിയാഴ്ച അവസാനിക്കും.
കാറുകള്‍ക്കും ബൈക്കുകള്‍ക്കും വിവിധ കാറ്റഗറികളിലായി മത്സരവും ഉണ്ട്. പ്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട വാഹനങ്ങള്‍ അടുത്തുനിന്ന് കാണാനും പരിചയപ്പെടാനുമുള്ള സുവര്‍ണാവസരമാണ് ലഭിക്കുന്നത്.
അതോടൊപ്പം റേസിങ് ക്ലബില്‍ ഡ്രാഗ് റേസുകള്‍ കാണുന്നതിനും അവസരമുണ്ടാകും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് മൂന്നു മുതല്‍ രാത്രി 10 വരെയാണ് പ്രധാന പരിപാടികള്‍. ഗേറ്റ് നമ്ബര്‍ രണ്ടിലൂടെ പ്രവേശനം സൗജന്യമാണ്.
വെള്ളിയാഴ്ച ഉച്ചക്കു ശേഷം ‘താങ്ക്യൂ കുവൈത്ത്’ എന്ന പേരില്‍ വമ്ബന്‍ മോട്ടോര്‍ സൈക്കിള്‍ പരേഡും സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഖത്തര്‍ സ്പോര്‍ട്സ് ക്ലബില്‍നിന്നും ഉച്ചക്ക് രണ്ടിന് ആരംഭിച്ച് കോര്‍ണിഷ്, ജി-റിങ് റോഡിലൂടെ റേസിങ് ക്ലബില്‍ സമാപിക്കുന്നതാണ് പരേഡ്. 400നടുത്ത് ബൈക്കുകള്‍ പരേഡില്‍ പങ്കെടുക്കും.