
അല്‍ ഐന്‍ | അസഹ്യമായ തണുപ്പ് പ്രതിരോധിക്കുന്നതിന് പുക ഇട്ട് ഉറങ്ങിയ മൂന്ന് മലയാളികളില്‍ ഒരാള്‍ ശ്വാസ തടസ്സം അനുഭവപ്പെട്ട് മരിച്ചു. അല്‍ ഐന്‍ അല്‍ മസൂദില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം തിരുന്നാവായ എടക്കുളം സ്വദേശി ഹംസ ( 29) യാണ് അല്‍ ജിമി ആശുപത്രിയില്‍ ചൊവ്വാഴ്ച ഇന്നലെ ഉച്ചക്ക് മരിച്ചത്. കൂടെ ജോലി ചെയ്യുന്ന കാസര്‍കോട് നെല്ലിക്കുന്ന് സ്വാദേശികളായ സഹോദരന്മാരായ കബീര്‍, സമീര്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇവരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
തണുപ്പിനെ പ്രതിരോധിക്കുന്നതിന് കരി കത്തിച്ചു കിടന്നുറങ്ങുകയായിരുന്നു തങ്ങളെന്ന് ഹംസയുടെ കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനായ കബീര്‍ പറഞ്ഞു. രാവിലെ മൂന്ന് പേരെയും വീട്ടില്‍ കാണാതിരുന്ന വീട് ഉടമസ്ഥന് ഇവരുടെ റൂമിലെത്തി വിളിച്ചു ഉണര്ത്തിയിട്ടും എഴുനേല്ക്കത്തപ്പോള് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞി മുഹമ്മദ് – ആയിഷ കുട്ടി ദമ്ബതികളുടെ മകനാണ് ഹംസ. ഭാര്യ: ഷഹന. മകള്‍: ഇക്സ. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ ഫത്താഹ്, റഹീന, സൈനബ. അല്‍ ഐന്‍ അല്‍ ജിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.