
-സൽമ ജസീർ-
കുട്ടിക്കുറുമ്പിന്റെ കൽപ്പടവുകൾ താണ്ടി
ഗുരുദക്ഷിണയ്ക്കൊരു കുസൃതി ചിരി നൽകി
കഥ തീർത്ത രാവുകൾ പലപാതകൾ താണ്ടി
പലതുമീ പടവിലായ് ബാക്കി നിൽക്കേ
ജ്ഞാനപീഠം മാത്രമായ് മറയുന്നില്ല
ഞാവൽ പഴത്തിൻ ചവർപ്പു രുചികൾ
ഒരു പുഷ്പവാടി പോലൊഴുകിയെത്തുന്നിതാ
അഴകിന്റെ പാലാഴി ഓർമ്മ തന്നിൽ
നിറവാർന്ന ചുവരുകൾ കഥകൾ പറയുന്ന
നിറമുള്ള മുറിയാണതിന്നു നഷ്ടം
നിഴലായി കൂട്ടിനായെത്തുന്ന കൂട്ടുകാർ
നിധി പോലെ സൂക്ഷിച്ച മയിൽപീലികൾ
കരയാൻ തുടങ്ങുന്ന മിഴികൾക്ക് സാന്ദ്വനം
കനിവായി ചൊരിയുന്ന ഗുരുനാഥരും
കുലമില്ല നാമെല്ലാമൊരു മനം പോലെന്ന്
കരളിൽ കുറിച്ചിട്ട കളിയൂഞ്ഞാലും
ചെറുപയർ മണമുള്ള ഊണിന്റെ ചാരത്തു
ചെറു മണി കഥ നെയ്ത പല സ്വാദുകൾ
നിറവാർന്ന വർണ്ണ കടലാസ് വിരിയിച്ച
കൊച്ചു കൊച്ചഴകുള്ള സംഗീതവും
മഴ പെയ്തു തോർന്നുള്ള മാമ്പഴകാലത്ത്
മതിലോരമെത്തുന്ന പ്രണയാതുരം
കുളിരാർന്ന ഓർമ്മകൾ മനസ്സിൽ വിതുമ്പുന്നു
ഒരു വട്ടമെങ്കിലും തിരികെ തരുമോ.