
ലണ്ടൻ: കൊറോണ രോഗ വ്യാപന നിരക്കിൽ കുറവ് രേഖപ്പെടുത്തുകയും മില്യൺ കണക്കിന് ബ്രിട്ടീഷുകാർ വാക്സിൻ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ എപ്പോൾ അവസാനിക്കും എന്ന് കാത്തിരിക്കുകയാണ് യുകെ നിവാസികൾ. ഏകദേശം പത്തു മാസത്തോളമായി തുടരുന്ന ലോക്ക് ഡൗൺ എപ്പോൾ പൂർണമായി എടുത്തു മാറ്റും എന്ന് ഇത് വരെ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഏപ്രിൽ മദ്ധ്യം വരെ പൂർണമായ ലോക്ക് ഡൌൺ നില നിൽക്കുമെന്നാണ് കഴിഞ്ഞ ആഴ്ച സർക്കാർ വൃത്തങ്ങൾ സൂചന നൽകിയിരുന്നത്.
എന്നാൽ ഇൻഫെക്ഷൻ റേറ്റിൽ കുറവ് വന്നതിനെ തുടർന്ന് ഫെബ്രുവരി മധ്യത്തോടെ ചില ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ എടുത്തു മാറ്റുമെന്ന സൂചന പ്രധാന മന്ത്രി തന്നെ കഴിഞ്ഞ ദിവസം നൽകുകയുണ്ടായി. ഇൻഫെക്ഷൻ റേറ്റിലെ മാറ്റത്തിനനുസരിച്ചു വിവിധ കൗൺസിലുകളെ വീണ്ടും ടിയർ സിസ്റ്റത്തിലേക്ക് കൊണ്ട് വരാനാണ് സർക്കാരിന്റെ പുതിയ നീക്കം.
ഇത് പോലെ യുകെയിലെ സ്കൂളുകൾ എപ്പോൾ തുറക്കും എന്നതിനെ കുറിച്ചും ഇപ്പോൾ വ്യക്തതയില്ല. ഫെബ്രുവരി ഹാഫ് ടെം ഹോളിഡേക്ക് ശേഷവും സ്ക്കൂളുകൾ തുറക്കില്ല എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ സർക്കാർ രക്ഷിതാക്കളെ മുൻകൂട്ടി അറിയിക്കണമെന്ന് ടോറി എംപിമാർ വിദ്യാഭ്യാസ സെക്രട്ടറി കെവിൻ വില്യംസണോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെയും രക്ഷിതാക്കളെയും ഇക്കാര്യം മുൻകൂട്ടി അറിയിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ട്. ലോക്ക് ഡൌൺ ഫെബ്രുവരിയിൽ മുൻകൂട്ടി അവസാനിപ്പിച്ചാൽ ചൈൽഡ് കെയറുമായി ബന്ധപ്പെട്ട് കാര്യമായ പ്രശ്നങ്ങൾ രക്ഷിതാക്കൾ അഭിമുഖീകരിക്കാൻ സാധ്യതയുണ്ട്.