
ലണ്ടൻ: ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അവ്യക്തത തുടരുന്നു. ഫെബ്രുവരി 14 വരെ പുനരാരംഭിക്കില്ല എന്നാണ് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്. എയർ ഇന്ത്യ ഷെഡ്യൂൾ മാറ്റിയതോടെ അടുത്ത മാസം വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ടിക്കറ്റ് മാറ്റിഎടുത്ത നൂറു കണക്കിന് മലയാളികൾ ഇപ്പോൾ ആശങ്കയിൽ ആയിരിക്കുകയാണ്.
ഡൽഹി, ബാഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് മാത്രമാണ് വന്ദേഭാരത് മിഷന്റെ പത്താം ഘട്ടത്തിൽ എയർ ഇന്ത്യ സർവീസുകൾ ഉള്ളത്. ഗൾഫ് സെക്റ്ററിൽ നിന്നുള്ള വിമാന കമ്പനികളും യുകെ സർവീസ് നിർത്തി വെച്ചതോടെ കേരളത്തിലേക്കുള്ള യാത്ര ഇപ്പോൾ ദുഃസഹകരമായി മാറിയിരിക്കുകയാണ്.
കേരളത്തിൽ നിന്നും ഹോളിഡേ കഴിഞ്ഞു തിരിച്ചു വരുന്നവരെയും എയർ ഇന്ത്യയുടെ പുതിയ നീക്കങ്ങൾ ആശങ്കയിലാക്കിയിട്ടുണ്ട്. വന്ദേഭാരത് മിഷന്റെ സർവീസുകൾ വഴി ഡൽഹിയിൽ ഇറങ്ങിയ ശേഷം, ഡൊമസ്റ്റിക് സർവീസുകൾ ഉപയോഗിച്ച് കേരളത്തിൽ എത്തുകയാണ് ഇപ്പോൾ കേരളത്തിൽ പോകാനുള്ള ഒരു മാർഗം. നേരത്തെ ബാഗ്ലൂർ വഴിയും ഇങ്ങനെ മലയാളികൾ യാത്ര ചെയ്തിരുന്നെങ്കിലും, ബാംഗ്ലൂർ-കൊച്ചി വിമാന സർവീസ് അവതാളത്തിലായതിനാൽ നൂറുകണക്കിന് മലയാളികൾ ബാഗ്ലൂർ എയർപോർട്ടിൽ ദിവസങ്ങളോളം കുടുങ്ങിപ്പോയിരുന്നു. ഇപ്പോഴുള്ള അനിശ്ചിതാവസ്ഥ ഉടനെ മാറുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർ.