‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ അഥവാ ‘അടുക്കള ഒരു ചെറിയ കാര്യമല്ല!’- ഒരു ലണ്ടൻ സംവാദം

-സാബു ജോസ്, ലണ്ടൻ-

സർക്കാർ – സ്വകാര്യ പൊതു സ്ഥാപനങ്ങളിൽ ഭക്ഷണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ സംഭരിക്കുക, പാകം ചെയ്യുക, മിച്ചമുള്ളതു ശീതീകരിച്ചു സൂക്ഷിക്കുക, അവശിഷ്ടങ്ങൾ കൃത്യമായി ശേഖരിച്ചു നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനും അതാതു സ്ഥാപനങ്ങളിലും സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലും പ്രത്യേകം സംവിധാനങ്ങളുണ്ട്.

വീടുകളുടെ കാര്യമെടുത്താൽ പുറമേ നിന്നാരും നിരീക്ഷണം നടത്താനോ മേൽനോട്ടം വഹിക്കാനോ സംവിധാനങ്ങളില്ലെങ്കിൽ കൂടി, അതാതു പ്രാദേശിക ഭരണ സംവിധാനങ്ങളുടെ കീഴിൽ കൃത്യമായി പ്രവർത്തിക്കുന്ന വേസ്റ്റ് മാനേജ്‍മെന്റ് സംവിധാനമുണ്ട്.

പരിഷ്കൃത രാജ്യങ്ങളിലെ ജീവിതം അതേപടി അനുകരിക്കാൻ ശ്രമിക്കുന്ന നമ്മൾ മലയാളികളോ, നമ്മുടെ സർക്കാരുകളോ അടുക്കള, പാചകം, വേസ്റ്റ് മാനേജ്‌മെന്റ്… ഇത്യാദി വിഷയങ്ങളിൽ പാശ്ചാത്യർക്ക് തുല്യമായി ശാസ്ത്രീയമായ നിലയിലേക്ക് ഇനിയും ഏറെ ഉയരേണ്ടിയിരിക്കുന്നു.

കൽക്കരിക്കു ശേഷം; ഇലക്ട്രിസിറ്റി, കുക്കിംഗ് ഗ്യാസ് മുതലായവയുടെ ആവിർഭാവത്തോടെ, പണക്കാരനും പാവപ്പെട്ടവനും പ്രാപ്യമായ വിധം അടുക്കളയിൽ ശാസ്ത്രീയമായ പരിഷ്കാരം പശ്ചാത്യർ സാധ്യമാക്കി. ഒരു മുറിയുള്ള വീടും ആറു മുറിയുള്ള വീടും അടുക്കളയുടെ കാര്യത്തിലും പാചകോപകരണങ്ങളുടെ കാര്യത്തിലും വേസ്റ്റ് മാനേജ്‌മെന്റിലും സമാനത നേടി.

മറ്റൊന്ന്, ഇവരുടെ ഭക്ഷണരീതിയും ക്രമവുമാണ്. ടിൻ ഫുഡ്, പാക്ക്ഡ് ഫുഡ്, റെഡി മെയ്ഡ് ഫുഡ്… എന്നിങ്ങനെ ചൂടു വെള്ളത്തെയോ മൈക്രോ വേവിനെയോ പരിമിതമായി ആശ്രയിച്ചാൽ രുചികരമായ ഭക്ഷണം ഞൊടിയിടയിൽ തയ്യാറാക്കാവുന്ന സ്ഥിതിയുണ്ടായി. സൂപ്പർ മാർക്കറ്റുകളിൽ മിതമായ നിരക്കിൽ ഇത്തരം ഭക്ഷണ വൈവിധ്യങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത നിര സംജാതമായി…

എന്നാൽ നമ്മളോ? വിറകടുപ്പ് നമ്മുടെ ശീലമോ ആശ്രയമോ ആണിന്നും. ഗ്യാസിന്റെ വില താങ്ങാനാവാത്തതും വിറകിന്റെ അനായാസ ലഭ്യതയും ഒക്കെ കാരണങ്ങളാണ്. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന പാചക രീതികളും അശാസ്ത്രീയ മാർഗ്ഗങ്ങളും പാചകത്തിലേർപ്പെടുന്നവരിൽ അസ്വസ്ഥതയും മടുപ്പും ഉളവാക്കുന്നു.

ഈ വിഷയം പ്രമേയമാക്കി അടുത്തിടെ പുറത്തിറങ്ങിയ “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” എന്ന സിനിമയെക്കുറിച്ചായിരുന്നു കലുങ്കിൽ സംവാദം.

എന്താണ് പാശ്ചാത്യ ലോകവും നമ്മളും തമ്മിലുള്ള വ്യത്യാസം? കേവലം മൂന്നു പേരടങ്ങുന്ന ഒരു വീട്ടിൽ വീട്ടമ്മയായി വിവാഹം കഴിച്ചെത്തുന്ന യുവതി വൈറ്റ് കോളർ ജോലിയുള്ള ഭർത്താവിനും ന്യായാധിപനായി വിരമിച്ച അമ്മായി അച്ഛനും പ്രിയപ്പെട്ടവളായി ജീവിതം തുടരുന്നതിൽ പരാജയപ്പെടുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.

സൂക്ഷിച്ചു വിശകലനം ചെയ്താൽ, കേവലം അടുക്കള മാത്രമല്ല; നൂറ്റാണ്ടുകളായി കുടുംബങ്ങൾ പിന്തുടർന്നു വരുന്ന യാഥാസ്ഥിതിക മനോഭാവം കൂടി പരിഗണിച്ചാൽ മാത്രമേ ഈ സിനിമ ഒരു സമൂഹത്തിന്റെ ചിന്താശേഷിയിൽ ഏൽപിച്ച ആഘാതത്തിന്റെ കാഠിന്യം മനസ്സിലാക്കാൻ കഴിയൂ.

പശ്ചാത്യർ, ശാസ്ത്രീയമായി നേടിയ പുരോഗതിയിലൂടെ കുടുംബാംഗങ്ങളുടെ സമത്വ സങ്കൽപ്പങ്ങൾക്ക് വെളിച്ചമേകുകയും ഭാര്യയും ഭർത്താവും ജീവിതത്തിന്റെ സമസ്ത മേഖലയിലും തുല്യത നുകരുകയും ചെയ്തു.

അതേസമയം, ഇവരുടെ ജീവിത നിലവാരവും ശാസ്ത്രീയ ഭൗതിക നേട്ടങ്ങളും അപ്പാടെ കോപ്പി അടിച്ച നമ്മൾ പരമ്പരാഗതമായി തുടർന്നു വന്ന സാമ്പ്രദായികത മുറുകെ പിടിച്ചു അടുക്കള, സ്ത്രീ ജന്മങ്ങളുടെ ബാധ്യത മാത്രമാക്കി ദയാദാക്ഷിണ്യമില്ലാതെ അവരുടെ തലയിൽ കെട്ടിവച്ചു.

മതങ്ങളും ആചാരാനുഷ്ഠനങ്ങളും നൽകിയ പഴഞ്ചനും പിന്തിരിപ്പനുമായ വിധികളെ അവർ ഇതിനായി കൂട്ടുപിടിച്ചു.

അനുകമ്പ, സ്നേഹം, ദയ തുടങ്ങിയ പദപ്രയോഗങ്ങൾ മതത്തിന്റെ ചട്ടക്കൂടിൽ നിന്നുയർന്നു വന്നതാണ്. നീതിയും സമത്വവും ലിംഗ വ്യത്യാസമില്ലാതെ അനുഭവവേദ്യമാകുന്ന നിലയിലേക്ക് സമൂഹത്തിൽ അതു പ്രവർത്തനക്ഷമമാകേണ്ടതുണ്ട് എന്നുകൂടി ഓർമിപ്പിക്കുന്നുണ്ട് ഈ സിനിമ.

കുടുംബ കലഹങ്ങളും ബന്ധങ്ങളിലെ അസ്വസ്ഥതകളും വലിയ ഒച്ചപ്പാടിനും ലഹളയ്ക്കും കാരണമാകുന്ന സ്ഥിരം കാഴ്ചകളിൽ നിന്നു ഭിന്നമായി കോലാഹലമില്ലാതെ, മാന്യമെന്ന വ്യാജേന സൃഷ്‌ടിക്കപ്പെടുന്ന അസ്വസ്ഥതകൾ അടക്കി വയ്ക്കപ്പെടുന്നതും ഒടുവിൽ പൊട്ടിത്തെറിക്കുന്നതും ഈ സിനിമയുടെ സുഖമുള്ള ട്രീറ്റ്മെന്റിൽ ഒന്നാണ്.

ഒരേ സമയം ലോകോത്തര ജീവിത നിലവാരം പിന്തുടരുകയും അതേ സമയം ഒരേ കൂരയ്ക്കുള്ളിൽ ശാന്തിയില്ലാതെ അവിശ്രമം ഓടിത്തളരുന്ന പാഴ് ജന്മങ്ങളായി, അടുക്കളയുടെ നാലു ചുവരുകളിൽ അകപ്പെട്ടു പോയവരെ കാണാതെ പോകുകയും ചെയ്യുന്ന കാപട്യങ്ങളുടെ നേർക്ക് ഒഴിക്കപ്പെടുന്ന എച്ചിൽ വെള്ളമാണ് ഈ സിനിമ…

ചർച്ചയിൽ ഡോ. പ്രിയ, ഇമ്ത്യാസ്, രാജി രാജൻ, സാന്ദ്ര സുഗതൻ, ധന്യ, അബിൻ, ജോസ്, പത്മരാജ്, നോബി,സുരേഷ് മണമ്പൂർ, സുഗതൻ, മുരളീ മുകുന്ദൻ, സാം, ജേക്കബ് കോയിപ്പള്ളി, കനേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.

Next Post

രിഹാനയും തുന്‍ബെര്‍ഗും തുടങ്ങി; ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭം ലോകശ്രദ്ധയിലേക്ക്​

Fri Feb 5 , 2021
ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്​ പിന്തുണയുമായി പോപ്​ ഗായിക രിഹാനയും പരിസ്​ഥിതി പ്രക്ഷോഭങ്ങളിലെ കൗമാര മുഖം ​ഗ്രെറ്റ തു​ന്‍ബെര്‍ഗും മണിക്കൂറുകളുടെ ഇടവേളകളില്‍ നല്‍കിയ ആഗോള ശ്ര​ദ്ധ അതിവേഗം ഏറ്റെടുത്ത്​ ലോകം. ഇന്ത്യയില്‍ ആഴ്ചകളായി അണയാതെ കത്തിയിട്ടും ഇതുവരെ ലോകം കാതോര്‍ക്കാതിരുന്ന പ്രക്ഷോഭം​ അതിവേഗം പുതിയ സമരമുഖങ്ങള്‍ തുറക്കുകയാണ്​. ​കടുത്ത പ്രതിഷേധമറിയിച്ച്‌​ കാനഡ ഉള്‍പെടെ രാജ്യങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നുവെങ്കിലും അതുനല്‍കാത്ത ആവേശമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലും പുറത്തും പടരുന്നത്​. കേന്ദ്രം പുതുതായി അംഗീകാരം […]

Breaking News

error: Content is protected !!