
-ആർഷ അഭിലാഷ്, യു.എസ്എ. –
സമയം 3.30 pm
നീണ്ട വിരലുകൾ കൊണ്ട് അലസമായി മുടിയിഴകൾ ഒതുക്കി പ്രേർണ ഒന്നുകൂടി മൊബൈൽ സ്ക്രീനിലേക്ക് നോക്കി. സുന്ദരമായ മുഖത്തിൽ അസ്വസ്ഥതയോ തിടുക്കമോ സംഘർഷമോ ചേർന്നൊരുക്കിയ ചുളിവുകളുണ്ട്. ഇളം നീല പെയിന്റടിച്ച സ്വീകരണമുറിയിലെ കർട്ടനുകൾക്കും ഇളം നീലനിറമാണ്, നേരിയ വെളുത്ത പൊടിയടിച്ച് ആ കർട്ടനുകൾ ആകാശത്തിന്റെ ഒരു കുഞ്ഞുതുണ്ട് പോലെ തോന്നിച്ചു. ഇടതുവശത്തെ കുഞ്ഞു കിളിവാതിൽ നേരെ തുറക്കുന്നത് തെരുവിന്റെ പിന്നിലേക്കാണ്. കിളിവാതിലിനടുത്തായി വാടിത്തളർന്നു നിൽക്കുന്ന മണിപ്ലാന്റിന്റെ ചില്ലുകുപ്പിയിൽ മനോഹരമായ ചിത്രപ്പണികൾ. ആളും ബഹളവുമില്ലാത്ത തെരുവിന്റെ അങ്ങറ്റത്തായി കടൽ തുടങ്ങുന്ന കാഴ്ച കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. നീലയും പച്ചയും ഇടകലർന്ന നിറത്തിലെ വെള്ളത്തിന് നുരകൾ കൊണ്ട് വെള്ളിയലുക്കുകൾ തൂക്കിയ പോലെ ഒന്നിനുപുറകെ ഒന്നായി തിരകൾ വന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ഈ കാഴ്ചയൊന്നും പ്രേർണയുടെ അസ്വസ്ഥമായ മുഖത്തിനെ ശാന്തമാക്കിയില്ല. കടും നീല നിറത്തിലെ ഓട്ടോമാനിൽ അമർന്നിരുന്ന് കയ്യിലെ കല്ലുമോതിരത്തിൽ തെരുപ്പിടിച്ചുകൊണ്ട് അവൾ വീണ്ടും മൊബൈലിലേക്ക് അക്ഷമയോടെ നോക്കി. അവളുടെ നോട്ടം കൊണ്ട് വീർപ്പുമുട്ടിയത് പോലെ അത് മിന്നിയും തെളിഞ്ഞും “നീലൻ ” എന്ന പേരുകാട്ടി ചിലയ്ക്കാൻ തുടങ്ങിയതും അപ്പോഴാണ്.
“ഹലോ… ഞാൻ വീടിനു മുന്നിലുണ്ട് , താൻ എവിടെയാ? “
പതിഞ്ഞ താളത്തിലൊരു പാട്ട് പോലെ വളരെ പതുക്കെ നീലന്റെ ശബ്ദം ചെവിയിലേക്ക് എത്തിയപ്പോൾ കടന്നുവരാൻ പോകുന്ന നിമിഷത്തിന്റെ രഹസ്യങ്ങളോർത്ത് അവളിലൊരു ചിരി വിരിഞ്ഞു.
സമയം 4 .45 pm
വീടിനു പിൻഭാഗത്തെ വലിയ കിടപ്പുമുറിയിൽ നിന്ന് തുറക്കുന്ന വാതിൽപ്പടിയ്ക്ക് അപ്പുറം ഒരു കുഞ്ഞു തളം ഉണ്ട്. ചെറിയ വെള്ളത്തടികൾ കുത്തിനിർത്തി ഉണ്ടാക്കിയ അരമതിലിൽ പേരറിയാത്ത ഒരു ചെടി നിറയെ പൂത്തു പടർന്നുകിടന്നിരുന്നു. എട്ടുമണിപ്പൂവോ പത്തുമണിപ്പൂവോ പോലെ തോന്നിപ്പിക്കുന്ന ഇളം മഞ്ഞപ്പൂക്കൾ ഉള്ള ആ ചെടിയുടെ നനുത്ത ഇലയ്ക്ക് എവർഗ്രീൻ ചെടികളുടെ മണമായിരുന്നു. നീലന്റെ കറുത്ത ബലിഷ്ഠമായ കയ്യുകൾ പിന്നിൽ നിന്നും ചുറ്റിപിടിച്ചതിലേക്ക് തൻ്റെ ഭാരം ചേർത്തുവെച്ച് പ്രേർണ ഇരുന്നു. ഒഴുകിക്കിടക്കുന്ന തരം മിനുസമുള്ള സാരിയുടെ തുമ്പ് ഇളംകാറ്റിൽ കിലുകിലെ കിലുങ്ങുന്ന കരിയില പോലെ ഇളകിക്കൊണ്ടിരുന്നു. ആ സാരിയുടെ പേസ്റ്റൽ നിറവും ദൂരെയായി കാണുന്ന നീലയും പച്ചയും വെള്ളയും ചേർന്ന കടൽത്തീരവും വേലിയിലെ പൂക്കളും ഇലകളും ഒക്കെച്ചേർന്നു അവളുടെ മൂക്കുത്തിയിൽ ഒരു മഴവിൽ തീർക്കുന്നത് പോലെ തോന്നിയപ്പോഴാണ് അവൻ മുഖം കുനിച്ച് ആ മൂക്കുത്തിയിൽ നനുത്തൊരുമ്മ നൽകിയത്. അവളുടെ കവിളുകൾക്ക് കാപ്പിപ്പൊടിയുടെ കളറും ചോക്ലേറ്റിന്റെ മണവുമായി തോന്നിയപ്പോൾ ഒന്ന് മുറുക്കി കടിക്കാനും തോന്നി. ആ ചിന്തയിൽ മുന്നോട്ടേക്കാഞ്ഞു തുറന്ന നീലന്റെ ചുണ്ടുകളിലേക്ക് പിന്നിലേക്ക് തിരിഞ്ഞു കയ്യുകൾ കഴുത്തിലേക്ക് ചുറ്റി അവളുടെ ചുണ്ടുകൾ മുദ്ര വെച്ചു.
സമയം 5 .30 pm
ഒരേ പുതപ്പിനടിയിൽ ഉടലുരുക്കങ്ങൾ അറിഞ്ഞു കിടന്നിരുന്ന അവരെ സമയം അറിയിച്ചത് പ്രേർണയുടെ മൊബൈലിലെ അലാറമാണ്. പിടഞ്ഞെണീറ്റ് അലാറം ഓഫാക്കി കട്ടിലിൽ തന്നെ ഇരുന്നുകൊണ്ട് മുടിയിഴകളോരോന്നായി ഒതുക്കി മുകളിലേക്ക് കെട്ടിവെയ്ക്കുന്ന അവളെ നോക്കിക്കിടക്കവേ നീലന് വീണ്ടും അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു മൂക്കുത്തിയിൽ വിരലോടിച്ചു ദിവസങ്ങളോളം അവിടെ കിടക്കാൻ തോന്നി. പക്ഷേ, പ്രേർണ അത്തരം ഒരു ചിന്തയുമില്ലാത്തത് പോലെ മുടിയൊതുക്കി ഷീറ്റ് പുതച്ചു കട്ടിലിൽ നിന്നിറങ്ങി സാവധാനം വസ്ത്രങ്ങൾ ഓരോന്നായി എടുത്തുകൊണ്ട് ബാത്റൂമിലേക്ക് നടന്നു. അവിടേക്ക് കയറി വാതിലടയ്ക്കും മുൻപ് നീലനോട് ” 30 മിനിട്സ് , പ്ളീസ് ഗെറ്റ് റെഡി ഫാസ്റ്റ്” എന്ന് പറയാൻ അവൾ മറന്നില്ല.
സമയം 6 .15 pm
മനസില്ലാമനസോടെ എന്നപോലെ പോകാൻ മടിച്ചുനിൽക്കുന്ന നീലന്റെ ചെവിയിൽ മറ്റാരുമില്ലെങ്കിലും കാറ്റുപോലും കേൾക്കരുതെന്ന പോലെ അവൾ സ്വകാര്യം പറഞ്ഞു.
“ഞാനിവിടെ തന്നെയുണ്ടല്ലോ, അടുത്ത വട്ടം നീ വരുമ്പോഴും അതിനടുത്ത വട്ടം നീ വരുമ്പോഴും വീണ്ടും വീണ്ടും നീ വരുമ്പോഴും ….”
തെരുവിന്റെ മറ്റേ അറ്റത്ത് ആ വെള്ളക്കളർ കാർ മറഞ്ഞുകഴിഞ്ഞിട്ടാണ് അവൾ അകത്തേക്ക് കയറിയത്. ചുമരിലെ കുക്കൂ ക്ലോക്കിൽ സമയം 6 .30 എന്നറിയിച്ചുകൊണ്ട് കുഞ്ഞിക്കിളി പുറത്തുവന്ന് ഒരുവട്ടം കൂകി. അതെ സമയം തന്നെ അകത്തെ മുറിയിലെ മേശപ്പുറത്ത് അവളുടെ മൊബൈൽ ശബ്ദിച്ചു.
caller ലിസ്റ്റിൽ “ആലോക മാം” എന്ന പേര് കണ്ട് തിടുക്കത്തിൽ പ്രേര്ണ ആ കാളെടുത്തു.
“yes ma’am , ഇവിടെ എല്ലാം സെറ്റ് ആണ്. ചെറിയൊരു ക്ലീനിങ് മാത്രേ വേണ്ടൂ. നാളെ കഴിഞ്ഞു നിങ്ങൾ ഇവിടെ എത്തുമ്പോഴേക്കും അതെല്ലാം ക്ലീനിങ് ടീം റെഡി ആക്കി ഇട്ടിരിക്കും. താക്കോൽ അവരെ ഏൽപ്പിച്ചേക്കാം. നിങ്ങളെ കണ്ട് അത് കൈമാറിയിട്ടേ ഹൈനാൻ & ടീം മടങ്ങൂ. താങ്ക് യു ഫോർ ദി opportunity മാം. ഇനിയും ഇത്പോലെ എന്തെങ്കിലും ആവശ്യം വന്നാൽ പ്ളീസ് കോൺടാക്ട് ” ഔർ ഹോംസ് കേറിങ് സെർവീസസ് ” . It was pleasure doing business with you. “
കാൾ കട്ട് ചെയ്ത് പ്രേർണ ബാഗിൽ നിന്നും കുടിക്കാനായി ഒരു കുപ്പി വെള്ളമെടുത്തു. കാറിന്റെ കീയും മൊബൈലും കയ്യിലെടുത്ത് പുറത്തേക്ക് നടന്നു തുടങ്ങിയ അവൾ മറന്നുവെച്ചത് എന്തോ ഓർത്തെന്നപോലെ തിരിഞ്ഞു. ആകാശനീലിമയുടെ കർട്ടനുകൾ ഒരരികിലേക്ക് മാറ്റിവെച്ച് ആ മണിപ്ലാന്റിന്റെ കുപ്പി ജനാലപ്പടിയിലേക്ക് എടുത്തുവെച്ചു കുറച്ച് വെള്ളമതിലേക്ക് പകർന്നു. തളര്ന്നിരുന്ന ചെടിയുടെ ഇലകൾക്ക് ചിരിയുടെ സൗന്ദര്യം കൂടിയിട്ടുണ്ട് ഇപ്പോൾ, ചെടിയെ നോവിക്കാതെ ഒരു തണ്ട് അവളൊടിച്ചെടുത്തു .
സമയം 7.00 pm
കാർ സ്റ്റാർട്ടാക്കിക്കൊണ്ട് പ്രേർണ ഫോൺ എടുത്ത് അമലുട്ടി എന്ന് സേവ്ചെയ്ത നമ്പറിലേക്ക് ഒരു വോയ്സ് മെസ്സേജയച്ചു. ” നിനക്കൊരു സമ്മാനം കൊണ്ടുവരുന്നുണ്ട്, അമ്മമ്മയോട് പറഞ്ഞേക്കൂ ഒരു ചിത്രക്കുപ്പി വേണമെന്ന് “.
മൊബൈൽ ഭദ്രമായി തിരികെ വെക്കും മുൻപ് ഫോൺ ബുക്കിൽ നിന്നും നീലൻ എന്ന പേരിലെ നമ്പർ ബ്ലോക്ക് ചെയ്ത് ഡിലീറ്റ് ചെയ്യാൻ അവൾ മറന്നില്ല. “മൗനം സ്വരമായ് നിൻ പൊൻവീണയിൽ ” കാർസ്റ്റീരിയോയിൽ നിന്നും ഒഴുകിവരുന്ന പാട്ടിനൊപ്പം അവളുടെ കീച്ചെയിനിൽ കൊരുത്തിട്ട ബുദ്ധനും തലകുലുക്കി താളമിടാൻ തുടങ്ങി. നീലകളും പച്ചകളും ഇടകലർന്ന നീലച്ചുപച്ചച്ച തിരകളും ചുമരുകളും പിന്നിലേക്കോടി മറഞ്ഞ് മഞ്ഞയും ചുവപ്പും വഴിവിളക്കുകൾ അവൾക്ക് ചുറ്റിലും നിറഞ്ഞുപാടി “മുരളികയൂതീ കാറ്റിൽ ……”