കൗമാരവും സൈബർ കുറ്റകൃത്യങ്ങളും

                       അഡ്വ. ടി.പി.എ.നസീർ

കൈപിടിച്ചു കയറിയ ബാല്യത്തിനും,  ആത്മവിശ്വാസവും സന്ദേഹവും രോഷാകുലമാക്കിയ യുവത്വത്തിനു മിടയിൽ സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ട് വ്യക്തി വൈഭവം തീർക്കുന്ന കൗമാരം ജീവിതത്തിലെ നിറമുള്ള വസന്തത്തെയാണ് ഏതൊരാളിലും അടയാളപ്പെടുത്തുന്നത്. മനസ്സിനും ശരീരത്തിനും കാഴ്ചപ്പാടുകൾക്കും വ്യക്തമായ രൂപവികാസം സംഭവിക്കുന്ന ഈ പ്രായം ചിത്രശലഭങ്ങളെ പോലെ മനോഹാരിതവും സ്വപ്ന സുന്ദരവുമാണ്. പക്ഷേ ശാരീരിക വളർച്ച പൂർണ്ണമാവുമെങ്കിലും ചിന്തയിലും പ്രതികരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും, വൈകാരികമായി അപക്വവും അനിശ്ചിതത്വവും കാണിക്കുന്ന കൗമാരം മൺചിരാതിൽ ചാരുതയും പുഷ്പരസവും തേടുന്ന ഈയ്യാം പാറ്റയെ പോലെ
ചിറകുകരിഞ്ഞ് അൽപായുസ്സിൽ ഒടുങ്ങി ഇല്ലാതാവുന്നതും നാം കാണുന്നു.

ആശ്രിത ജീവിതത്തിൽ നിന്നും സ്വന്തമായി അസ്ഥിത്വം ആഗ്രഹിക്കുന്ന കൗമാരം ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം 10 വയസ്സു മുതൽ 20 വയസ്സുവരെയാണ്. എന്നാൽ പെൺകുട്ടികളിൽ 8 മുതൽ 18 വയസ്സു വരെയും, ആൺകുട്ടികളിൽ 7വയസ്സു മുതൽ 19 വയസ്റ്റു വരെയുള്ള കാലവും കൗമാരപ്രായമായി പരിഗണിക്കാമെന്ന് ആധുനിക പഠനങ്ങൾ വെളിപ്പെടുത്തുന്നു. വളരുക എന്നർത്ഥം വരുന്ന ‘അഡോൾസീൻ’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഇന്ന് നാം സാർവത്രികമായി കൗമാരപ്രായത്തെ വിശേഷിപ്പിക്കുന്ന ‘അഡോൾസൺസ് ‘ എന്ന വാക്ക് ഉണ്ടായിരിക്കുന്നത്. കുട്ടിക്കാലത്തിൽ നിന്നും യൗവനത്തിലേക്കുള്ള രൂപമാറ്റത്തിനിടയിലാണ് ഒരാൾ പൂർണ്ണ ലൈംഗിക വളർച്ചയെത്തുന്നത്. ശബ്ദവ്യതിയാനം, സ്തന വളർച്ച, ഋതുമതിയാവുക, പ്രത്യുൽപാദനശേഷി കൈവരിക, ശരീരത്തിൽ
ന്യൂറോ – എൻട്രോകൈൻ സംവിധാനം സജ്ജമാക്കുക, ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഹോർമോണിന്റെ അളവിനനുസരിച്ച് വൈകാരിക വിക്ഷോപങ്ങൾക്ക് അടിമപ്പെടുക തുടങ്ങിയ ശാരീരിക മാറ്റങ്ങൾക്കും മാനസിക വ്യതിയാനങ്ങൾക്കും കൂടി വിധേയമാവുന്ന പ്രായം കൂടിയാണ് കൗമാരം.

വിട്ടുവീഴ്ചയുടെ ബാല്യവും മുതിർന്നവരുടെ അംഗീകാരവും നഷ്ട്ടമാവുന്ന കൗമാരകാലത്ത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മനസ്സ് ഏറെ കൊതിക്കുന്നു. ഒരാളുടെ കൗമാരത്തിലേക്കുള്ള വളർച്ച ഒട്ടേറെ ശാരീരിക മാനസിക സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴിവെക്കുകയും പലവിധത്തിലുള്ള സ്വഭാവ വൈകല്യങ്ങളിലേക്കും പെരുമാറ്റ ദൂഷ്യങ്ങളിലേക്കും, നിഷേധാത്മക നിലപാടുകളിലേക്കും  അറിയാതെ വഴുതിപ്പോവുകയും ചെയ്യുന്നു. ഇവിടെയാണ് കൗമാര മനസ്സിനേയും അവരുടെ സ്വഭാവത്തേയും, സുരക്ഷിതത്വത്തേയും കുറിച്ച് രക്ഷിതാക്കളും സമൂഹവും കുടുതൽ തിരിച്ചറിവും സംയമനവും കാണിക്കേണ്ടിയിരിക്കുന്നത്. നിയമങ്ങളെയും, നിലവിലെ സംവിധാനങ്ങളെയും നിരന്തരം ചോദ്യം ചെയ്യുക, പെട്ടെന്ന് ദേഷ്യപ്പെടുക, സ്വന്തം തെറ്റുകളെയും കുറവുകളേയും മറ്റുള്ളവരുടെമേൽ കെട്ടി വെക്കുക, ആവശ്യങ്ങളോടും നിർദ്ദേശങ്ങളോടും മുഖം തിരിഞ്ഞ് നിൽക്കുക, രക്ഷിതാക്കളുടെയും, മുതിർന്നവരുടെയും ഉപദേശങ്ങളോട് താല്പര്യമില്ലാതിരിക്കുക, അനാവശ്യമായി തട്ടിക്കയറുക. കുടുംബാംഗങ്ങളെക്കാൾ സമപ്രായക്കാരായ സുഹൃത്തുക്കളുടെ അരികിൽ സമയം ചിലവഴിക്കുക, മര്യാദയില്ലാതെയും അശ്രദ്ധമായും സംസാരിക്കുക, ആളുകളോട് പകയും പ്രതികാരവും വെച്ചു പുലർത്തുക, എതിർലിംഗക്കാരെ ഇംപ്രസ്സ് ചെയ്യിക്കാൻ ആവേശവും തിടുക്കവും കാണിക്കുക, ആൺ – പെൺ സൗഹൃദങ്ങൾ പ്രണയവും കാമവുമായി പരിണമിക്കുക, തുടങ്ങിയ സ്വാഭാവരീതികൾ കൗമാരപ്രായത്തിന്റെ അപക്വവും സ്വാഭാവിക ശീലങ്ങളുമായി എഴുതി തള്ളുന്നതിനു പകരം സ്നേഹാർദ്രമായ ഇടപെടലുകളിലൂടെയും വൈകാരികാധീശത്വത്തിലുടെയും അവരിൽ ആത്മവിശ്വാസവും ശ്രദ്ധയും  അംഗീകാരവും നൽകി  പ്രായത്തിന്റെ ജീർണ്ണ സ്വഭാവത്തിൽ നിന്നും അവരെ മാറ്റിയെടുക്കാനാവും. ഇല്ലെങ്കിൽ ഇത്തരം കുട്ടികളും കുടുംബവും ഭാവിയിൽ അശുഭകരമായ ജിവിത പ്രതിസന്ധികളെയാണ് നേരിടേണ്ടി വരികയെന്ന ബോധം രക്ഷിതാക്കൾക്ക് ഉണ്ടാവേണ്ടതുണ്ട് .

സമ്മർദ്ദങ്ങൾക്കും പ്രലോഭനങ്ങൾക്കും കൗമാരപ്രായത്തെയും ശീലത്തെയും എളുപ്പത്തിൽ കീഴടക്കാൻ ആവും. അതുകൊണ്ടുതന്നെ നിസ്സാരമെങ്കിലും മനസ്സുൾക്കൊള്ളാത്ത ദുരനുഭവങ്ങളും സമൂഹത്തിൽ നിന്നുള്ള തിരിച്ചടികളും അവരെ ആത്മഹത്യയിലേക്കും ഒളിച്ചോട്ടത്തിലേക്കും, വിഷാദം, സൈക്കോസിസ് തുടങ്ങിയ മനോരോഗങ്ങളിലേക്കും തള്ളിവിടുന്നു. കൗമാര സ്വഭാവ രൂപീകരണത്തിൽ കുട്ടികളുടെ ‘ കൂട്ടുകെട്ട് ‘ വളരെ നിർണ്ണായകമാണ്. മോഷണം, വീട്ടിൽ നിന്ന് ഇറങ്ങി പ്പോവുക, ക്ലാസ്സ് ഉപേക്ഷിക്കുക, പുകവലി ശീലം ആരംഭിക്കുക, മദ്യത്തിനും മയക്കുമരുന്നിനും അടിമയാവുക, ലൈംഗിക ചൂഷണത്തിന് വിധേയമാവുകയോ, ഭീഷണിക്ക് വിധേയമായി സെക്സ് റാക്കറ്റിലെ കണ്ണികളായി തീരുകയോ ചെയ്യുക, അശ്ശീല സൈറ്റുകൾക്കും പുസ്തകങ്ങൾക്കും വശപ്പെടുക തുടങ്ങിയ പ്രവർത്തനങ്ങളിൽ കൗമാരകാലഘട്ടത്തിലെ
‘ സൗഹൃദം’ വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. തങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കളെ തിരിച്ചറിയുന്നതിലും, വിലയിരുത്തുന്നതിലും രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഇത്തരം വിഷയങ്ങളുടെ ആഴം വർദ്ധിപ്പിക്കുന്നു. രക്ഷിതാക്കൾക്കിടയിലുള്ള കുടുംബപ്രശ്നങ്ങളും, വേറിട്ടുള്ള താമസവും, വീടുകളിലെ മോശപ്പെട്ട സാഹചര്യങ്ങളും, കുട്ടികൾക്ക് ലഭിക്കുന്ന അമിതമായ സ്വാതന്ത്ര്യവും  കൗമാര ചാപല്യങ്ങളെ അനിയന്ത്രിതവും അപകടരവുമാക്കി മാറ്റുന്നു. വീടുകളിൽ നിന്നുള്ള നിരന്തമായ കുറ്റപ്പെടുത്തലുകളും, മറ്റുള്ളവരുടെ ഇടയിൽ നിന്നുള്ള ഒറ്റപ്പെടലുകളും
കൗമാര മനസ്സിനെ സ്നേഹത്തിന്റെയും പ്രണയത്തിന്റേയും തെറ്റായ മേച്ചിൽപുറങ്ങൾ തേടുന്നതിലേക്കും ലൈംഗിക ചൂഷണമുൾപ്പെടെയുള്ള അപഥ സഞ്ചാരത്തിലേക്കും തള്ളിവിടുന്നതിന്റെ  സമകാലീന ദുരന്തങ്ങൾ നമ്മൾ കാണുന്നു!

ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവും, ലൈംഗികതയെ കുറിച്ചുള്ള തെറ്റായ ധാരണകളും പലപ്പോഴും കൗമാരപ്രായക്കാരെ മോശമായ ലൈംഗികാസ്വാദനത്തിലേക്കും ചൂഷണത്തിലേക്കും തള്ളിവിടാറുണ്ട്. അസുഖകരമായ സ്പർശനങ്ങളോടും പെരുമാറ്റത്തോടും ധൈര്യപൂർവ്വം പ്രതികരിക്കാനും ആവശ്യമായ ഘട്ടങ്ങളിൽ ‘നോ’ പറയുവാനുളള ചങ്കുറപ്പും കുട്ടികളെ ചെറുപ്പക്കാലത്ത് തന്നെ ശീലിപ്പിക്കേണ്ടതുണ്ട്. വികലമായ സൗന്ദര്യ സങ്കൽപ്പങ്ങളുടെ പേരിൽ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളെ വെളിപ്പെടുത്തികൊണ്ടുള്ള
അൽപ വസ്ത്രധാരണരീതിയോടും,
‘ ഇറോട്ടിക് ‘ ചലനങ്ങളോടും, സെക്സ് അപ്പീലുകളുണ്ടാക്കുന്ന ‘വൾഗർ’ വേഷങ്ങളോടും കണിശമായ രീതിയിൽ രക്ഷിതാക്കൾ കുട്ടികളുടെ മുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതും, സ്വന്തം ശരീരത്തെ സംരക്ഷിക്കാനുള്ള അത്യന്തികമായ ബാധ്യത തങ്ങൾക്കു തന്നെയാണന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഗർഭചിദ്രതയുടെ ആരോഗ്യപരവും നിയമപരവും ധാർമികവുമായ പ്രത്യാഘാതങ്ങളെ കുറിച്ചും എയിഡ്സ് ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങളെക്കുറിച്ചും തുറന്ന ചർച്ചകൾക്കും അമ്മമാർ തയ്യാറാവേണ്ടതുണ്ട്. എപ്പോഴും അമ്മ ഏറ്റവും നല്ല ഒരു സുഹൃത്തായി മാറുന്ന ഹൃദയബന്ധവും എല്ലാ കാര്യങ്ങളും സ്വന്തം അമ്മയോട് തുറന്ന് പറയാൻ കഴിയുന്ന മാനസിക അടുപ്പവും വളരെ പ്രധാനപ്പെട്ടതാണ്. എല്ലാം കേൾക്കുവാനും മക്കളുടെ ദു:ഖങ്ങൾക്കും, പരിഭവങ്ങൾക്കും, സ്വാന്തനമേകാൻ കഴിയും വിധം വൈകാരികമായ അടുപ്പം സൂക്ഷിക്കാൻ രക്ഷിതാക്കൾക്ക് കഴിഞ്ഞാൽ വഴിവിട്ട ബന്ധങ്ങളിൽ നിന്നും, അവിവേകത്തിലേക്ക് നടന്നു കയറുന്ന കൗമാര സ്വകാര്യതകളിൽ നിന്നും അവർക്ക് രക്ഷപ്രാപിക്കാൻ കഴിയും!

കൗമാര ചിന്തകളെയും കാഴ്ചപ്പാടുകളെയും കീഴ്മേൽ മറിക്കാൻ പാകത്തിൽ മൊബൈൽ ഫോണും ഇൻറർനെറ്റുമുൾപ്പെടെയുള്ള സോഷ്യൽ മീഡിയയുടെ സ്വാധീനം നമ്മുടെ കുട്ടികളിൽ അപകടകരമായ രീതിയിൽ വളർന്നിരിക്കുന്നു. ‘ ഹൈടെക് ‘ ശല്യമായി മാറിയിരിക്കുന്ന ‘ മീഡിയ പ്രൊഫ്യൂഷൻ’ കുട്ടികളുടെ സ്വഭാവ തകർച്ചയ്ക്കും സൈബർ സെക്സ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്കും കൗമാരപ്രായക്കാരെ അതിവേഗം
തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. ലോകത്തിന് ഇന്ന് ഏറ്റവും ഭീഷണിയായിരിക്കുന്നത് സൈബർ കുറ്റകൃത്യങ്ങളാണ്. കുറ്റവാളികളിലേറെയും കൗമാരക്കാരും ! ഇൻറർനെറ്റ് ഉൾപ്പെടെയുള്ള
നവ മാധ്യമങ്ങളെ ഫലപ്രദവും ക്രിയാത്മകവുമായി ഉപയോഗപ്പെടുത്തുന്നതിന് പകരം അതിന്റെ ദോഷഫലങ്ങളുടെ ഇരകളായി മാറുകയാണ് കൗമാരക്കാർ. സ്വഭാവത്തെയും ജീവിതരീതിയേയും സാമൂഹ്യ ഇടപെടലുകളെയും
മാറ്റിമറിക്കുന്ന വിധം
‘ സൈബർ അഡിക്ഷൻ’ നമ്മുടെ കുട്ടികളെ കീഴ്പ്പെടുത്തിയിരിക്കുന്നു. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ സൈബർ ലോകത്തെ ഇടപെടലുകളെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തവരാണ്. 22% ത്തിലധികം കൗമാര പ്രായക്കാരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ ‘സൈറ്റ് ‘ ദിവസം
10 തവണയിലധികമെങ്കിലും തുറന്നു നോക്കുന്നുണ്ടെന്നാണ് കണക്ക്. 60% ത്തിലധികം പേർ ദിവസം ഒരു തവണയെങ്കിലും തങ്ങളുടെ സൈറ്റുകൾ വീക്ഷിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ! വർഷത്തിൽ പത്ത് ലക്ഷത്തിലധികം കുട്ടികൾ ഫെയ്സ് ബുക്കിലൂടെ മാത്രം ലൈംഗികമായി അപമാനിക്കപ്പെടുന്നുവെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്!

യൂട്യൂബും, ബ്ലോഗും, ഫേസ്ബുക്കും, വാട്സ്ആപ്പുമുൾപ്പെടെയുള്ള സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുപകരം ഇത്തരം
നവ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും മത വിദ്വേഷവും അരാഷ്ട്രീയവും അശ്ശീലതയും സാമ്പത്തിക തട്ടിപ്പുകളും ഓൺലൈൻ സെക്സുമാണ് ഇപ്പോൾ വ്യാപകമായി അരങ്ങേറുന്നത്. എന്നാൽ കൗമാരക്കാരായ കുട്ടികൾ ഒരു പടികൂടി കടന്ന് ഇ-മെയിൽ രഹസ്യങ്ങൾ ചോർത്തുക, സോഫ്റ്റ് വെയർ പൈറസി നടത്തുക, കമ്പ്യൂട്ടർ വൈറസ് കടത്തിവിടുക, ക്രിത്രിമപാസ്സ് വേർഡിലുടെ കാർഡുകളുപയോഗിച്ച്   പണം പിൻവലിക്കുക , കമ്പ്യൂട്ടർ ഹാക്കിംഗ് നടത്തുക, പോർണോഗ്രാഫിയിൽ വ്യാപൃതരാവുക തുടങ്ങിയ മേഖലകളിൽ കൂടി സജീവമായിരിക്കുകയാണ്. സാങ്കേതിക വിദ്യയിലുള്ള അതിപരിജ്ഞാനത്തെ ക്രിമിനൽ സ്വഭാവത്തോടെ ഉപയോഗപ്പെടുത്തുന്നത് സാമൂഹ്യവും നിയമപരവുമായ വൻ പ്രത്യാഘാതങ്ങളിലേക്കാണ് കുട്ടികളെ കൊണ്ടെത്തിക്കുന്നത്. ഒരാൾക്ക് അസ്വീകാര്യമാവുന്ന വിധം വ്യക്തി വിദ്വേഷമോ അപമാനമോ ഉണ്ടാക്കുന്ന ചെറിയ ഒരു ടെക്സ്റ്റ് മെസേജു പോലും ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 പ്രകാരം മൂന്ന് വർഷം വരെ തടവു ലഭിക്കാവുന്ന ശിക്ഷയാണന്ന് അറിയുമ്പോൾ മറ്റു സൈബർ കുറ്റകൃത്യങ്ങളുടെ ഗൗരവം ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. സൈബർ കുറ്റകൃത്യങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ചും ശിക്ഷകളെ കുറിച്ചും കത്യമായ അവബോധം കൗമാരക്കാരിൽ വളർത്തേണ്ടതുണ്ട്.
2014 ലെ ബാലനീതി ശിശുസംരക്ഷണ നിയമപ്രകാരം കുട്ടി കുറ്റവാളികളുടെ പ്രായം 18 വയസ്സിൽ നിന്നും 16 വയസ്സിലേക്ക് ചുരുക്കിയിരിക്കുകയാണ്.

ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് , ഇൻസ്റ്റ ഗ്രാം, തുടങ്ങിയ ചാറ്റിംഗ് ആപ്പുകളിൽ  സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോഴും ഇത്തരം മീഡിയകളിൽ മറഞ്ഞിരുന്ന് ചാറ്റിംഗുകളിൽ സജീവമാകുമ്പോഴും സൗഹൃദങ്ങളുടെ പേരിൽ  അവരിചിതരായ ആളുകളെ തന്നിലേക്ക് അടുപ്പിക്കുന്നത്  കൗമാരകാലത്തെ ഏറ്റവും വലിയ അപകടങ്ങളെയാണ് വിളിച്ചു വരുത്തുന്നത്! പരിചയമില്ലാത്ത ആളുകൾക്ക് നമ്പരുകൾ കൈമാറുന്നതും, സുഹൃത്തുക്കളും ബന്ധുക്കക്കളുൾപ്പെടെയുള്ള വിശ്വസ്തർക്ക് പോലും തങ്ങളുടെ ഫോട്ടോകൾ നൽകുന്നതും സ്വകാര്യ അനുഭവങ്ങൾ ഷെയർ ചെയ്യുന്നതും കുടുതൽ കരുതലോടെ വേണം. മിസ്സ്ഡ് കോളുകളോട് പ്രതികരിക്കാതിരിക്കുകയും   നിരന്തരം ശല്യം ചെയ്യുന്ന കോളുകൾ സൈബർ പോലീസിൽ അറിയിക്കുകയും തങ്ങളുടെ ക്രഡിറ്റ് കാർഡ് നമ്പരും അക്കൗണ്ട് നമ്പരും സുരക്ഷിതമല്ലാതെ ഓൺലൈനിലൂടെ കൈമാറുന്നതും സൈബർ സുരക്ഷിതത്വത്തിന്റെ ഭാഗമായി കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

കുട്ടികളുടെ വളർച്ചയുടെ നിർണായക കാലഘട്ടമാണ് കൗമാരം. ശാരീരിക വളർച്ചക്കപ്പുറം മാനസികവും ലൈംഗികവും, സാമൂഹ്യവുമായ വികാസവും പരിണാമവും സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഒരോ രക്ഷിതാവും കുട്ടികളുടെ സുഹൃത്തായും മാർഗനിർദ്ദേശകരായും കൂടെയുണ്ടാവുകയെന്നത് വളരെ പ്രധാനമാണ്. സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും നവ മാധ്യമങ്ങളുടെ നിരന്തര ഉപയോഗത്തിന്റെ പരിണതഫലങ്ങളെ കുറിച്ചും നമ്മുടെ കുട്ടികളെ ഗൗരവമായി ഓർമ്മപ്പെടുത്തേണ്ടതുണ്ട്. ശരിയായ രീതിയിലുള്ള ഗൈഡൻസും, ശ്രദ്ധയും ലഭിച്ചാൽ കൗമാര പ്രതിസന്ധികളെ ഒരു പരിധിവരെ മറികടക്കാൻ കഴിയും. വൈകാരിക പക്വതയാർജ്ജിച്ച് സാമൂഹ്യ ഉത്തരവാദിത്വത്തോടെയും ആത്മനിയന്ത്രണത്തോടെയും ലക്ഷ്യബോധത്തിലെത്താൻ നമ്മുടെ കുട്ടികളെ സജ്ജരാക്കേണ്ട ആവശ്യകത  വർദ്ധിച്ചിരിക്കുന്ന കാലത്താണ് നമ്മളിന്ന്.

Next Post

ഡോ. അമീറുദ്ധീന്‍റെ മരണം ബ്രിട്ടനിലെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി

Sat Apr 11 , 2020
യു.കെ യിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു മരണ വാര്‍ത്ത കൂടി. ബര്‍മിംഗ്ഹാമിനടുത്ത് വൂല്‍ഹാംട്ടനില്‍ താമസിക്കുന്ന ഡോ.അമീറുദ്ധീന്‍ ആണ് ഇന്ന് മരണത്തിനു കീഴടങ്ങിയത്. 72 വയസ്സായിരുന്നു പ്രായം. ഭാര്യ ഹസീന. നദീം, നബീല്‍ എന്നിവര്‍ മക്കളാണ്. രണ്ടു മക്കളില്‍ ഒരാള്‍ യു.കെയില്‍ തന്നെ ഡോക്ടര്‍ ആണ്. കൊറോണ ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് വെന്റിലെറ്റ്റില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം സ്വദേശിയായ അമീറുദ്ധീന്‍ സാഹിബ്, […]

Breaking News

error: Content is protected !!