
മസ്കത്ത്: ഒമാനിലേക്കുള്ള വിദേശി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വര്‍ധിച്ചു. ഒരിടവേളക്കുശേഷം വൈറ്റ് കോളര്‍ ജീവനക്കാരായ (ഒാഫിസ് ജോലിക്കാര്‍) വിദേശികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെന്റ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ അവസാനം 14.06 ലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്.
ജനുവരി അവസാനം ഇത് 14.39 ലക്ഷമായി ഉയര്‍ന്നു. ബിരുദധാരികളായ വിദേശികളുടെ എണ്ണം 2.3 ശതമാനം വര്‍ധിച്ച് 1,14,812 ആയി. മാസ്റ്റേഴ്സ്, പിഎച്ച്.ഡി യോഗ്യതയുള്ളവരുടെ എണ്ണം 8892ല്‍ നിന്ന് 9100 ആയും ഉയര്‍ന്നു.
ജനറല്‍ ഡിപ്ലോമ യോഗ്യതയുള്ളവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2.36 ലക്ഷത്തില്‍നിന്ന് 2.42 ലക്ഷമായാണ് ഇത് ഉയര്‍ന്നത്. അതേസമയം, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം കുറഞ്ഞതായും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെന്റ റിപ്പോര്‍ട്ട് പറയുന്നു.
10.39 ലക്ഷത്തില്‍നിന്ന് 10.15 ലക്ഷമായാണ് ഇവരുടെ എണ്ണം കുറഞ്ഞത്. കോവിഡ് സാഹചര്യത്തില്‍ നിര്‍മാണ മേഖലയിലും മറ്റും ഉണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് കുറഞ്ഞ വേതനക്കാരായ നിരവധി വിദേശികള്‍ നാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. ജനുവരിയില്‍ 8700 ബംഗ്ലാദേശികള്‍ ഒമാനില്‍ പുതുതായി എത്തി. 5.49 ലക്ഷം പേരുള്ള ബംഗ്ലാദേശികളാണ് ഒമാനിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. 8150 ഇന്ത്യക്കാരാണ് ജനുവരിയില്‍ പുതുതായി എത്തിയത്. 4.91 ലക്ഷമാണ് ഇന്ത്യക്കാരുടെ മൊത്തം എണ്ണം.
അയ്യായിരം പാകിസ്താനികളും ജനുവരിയില്‍ ഒമാനില്‍ എത്തി. വിദേശ തൊഴിലാളികളില്‍ 79 ശതമാനം പേരും സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ മേഖലയിലെ വിദേശികളുടെ എണ്ണം ഡിസംബറില്‍ 43,842 ആയിരുന്നത് 41,866 ആയി കുറഞ്ഞു. 5.87 ലക്ഷം വിദേശികളും മസ്കത്ത് ഗവര്‍ണറേറ്റിലാണ് ഉള്ളത്. രണ്ടുലക്ഷം പേര് വടക്കന്‍ ബാത്തിനയിലും ഒന്നര ലക്ഷം പേര് തെക്കന്‍ ദോഫാര്‍ മേഖലയിലുമുണ്ട്. മുസന്ദമിലാണ് വിദേശികളുടെ എണ്ണം കുറവ്. 11,919 വിദേശ തൊഴിലാളികളാണ് ഇവിടെയുള്ളത്.