
എന്‍.ഒ.സി ഇല്ലാതെ തൊഴില്‍മാറ്റം, മിനിമം വേതന നിയമം എന്നിവ ഖത്തറിലെ തൊഴില്‍മേഖലയിലെ അടുത്തിടെ വന്ന വന്‍മാറ്റമാണ്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയാണ് പുതിയ തൊഴില്‍ നിയമം അംഗീകരിച്ച് ഈയടുത്ത് ഉത്തരവിറക്കിയത്. നിയമപ്രകാരം എന്‍.ഒ.സി ഇല്ലാതെതന്നെ തൊഴിലാളിക്ക് നിബന്ധനക്ക് വിധേയമായി തൊഴില്‍മാറാന്‍ കഴിയും.
ഗാര്‍ഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികള്‍ക്കും 1000 റിയാല്‍ മിനിമം വേതനം നല്‍കണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നല്കുന്നില്ലെങ്കില് തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവന്‍സിനായി 300 റിയാലും ഇതിനു പുറമേ നല്‍കാനും നിയമം അനുശാസിക്കുന്നു. മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യും.
മിഡിലീസ്റ്റില്‍ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍. തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കിക്കൊണ്ട് ഇറക്കിയ പുതിയ തൊഴില്‍ നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്. നിയമലംഘകര്‍ക്ക് 10,000 റിയാല്‍ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കും. ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ തൊഴില്‍ പരിശോധനാ വിഭാഗം മേധാവി ഫഹദ് അല്‍ ദോസരിയാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തെ നിയമലംഘകര്‍ക്ക് 6000 റിയാല്‍ പിഴയും ഒരു മാസം വരെ തടവുമായിരുന്നു ശിക്ഷ.
എന്‍.ഒ.സി ഇല്ലാതെയുള്ള തൊഴില്‍ മാറ്റം തൊഴിലാളിക്കും തൊഴിലുടമക്കും ഏറെ നല്ലതാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലുള്ള തൊഴില്‍ കരാര്‍ കഴിയുന്നതിനു മുമ്ബുതന്നെ തൊഴില്‍ ഉടമയുടെ എന്‍.ഒ.സി ഇല്ലാതെതന്നെ ജോലി മാറാന്‍ കഴിയും. എന്നാല്‍, ഇതു നിബന്ധനകള്‍ക്ക് വിധേയമാണ്. എന്നാല്‍, പുതിയ നിയമം തങ്ങള്‍ക്ക് ഏറെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നെന്ന് തൊഴിലുടമകള്‍ക്ക് ആശങ്കയുണ്ട്.