
ന്യൂയോര്‍ക്കിലെ നയാഗ്രയില്‍ താപനില -19 ഡിഗ്രി സെല്‍ഷ്യസ് ആയി കുറഞ്ഞതിനെത്തുടര്‍ന്ന് പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ നിലയില്‍ കാണപ്പെട്ടു. വളരെ അപൂര്‍വ്വമായ ഈ അത്യുഗ്രന്‍ കാഴ്ച സഞ്ചാരികളെ വിസ്മയിപ്പിച്ചിരിക്കുകയാണ്. നീരാവികൊണ്ടുണ്ടാവുന്ന മേഘവും, മഴവില്ലും കാഴ്ച്ചക്ക് പകിട്ടേകുന്നു. എന്നാല്‍ അതിശൈത്യത്താല്‍ അമേരിക്കയിലെ പലയിടങ്ങളിലും ജനവാസം അത്ര സുഖകരമല്ല.
അതിശക്തമായ കാറ്റിനെത്തുടര്‍ന്ന്, പ്രസിഡന്റ് ജോ ബൈഡന്, മുമ്ബ് ഒക്ലഹോമയിലും ലൂസിയാനയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വ്യാപകമായി വൈദ്യുതി തടസ്സപ്പെടുന്നതും, പൈപ്പിലൂടെ മലിനജലം ലഭിക്കുന്നതും ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായി, കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധ, അതിശൈത്യം കൊണ്ടുണ്ടാവുന്ന ഹൈപ്പോതെര്‍മിയ, കാര്‍ അപകടങ്ങള്‍, തീപിടുത്തം, മുങ്ങിമരണം എന്നീ കാരണങ്ങളാല്‍ ഇതുവരെ 69 പേരാണ്, ടെക്സസിലും പരിസരത്തുമായി മരണപ്പെട്ടത്. അവിടെയും ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.