കലഹിക്കുന്ന മനസ്സും ‘ലൗ ബാങ്കിംഗ്’ സിസ്റ്റവും

-അഡ്വ.ടി.പി.എ.നസീർ

സ്നേഹം വിശുദ്ധമായ വികാരവും സഹജമായ മനുഷ്യ വിചാരവുമാണ്. ദാമ്പത്യ ജീവിതത്തിൽ സ്നേഹം വിശ്വാസത്തിൻ്റെ കയ്യൊപ്പും ആത്മസമർപ്പണത്തിൻ്റെ ദിവ്യാനുഭവവുമാണ്. വിട്ടുവീഴ്‌ചയുടേയും സഹനത്തിൻ്റെയും സാന്ത്വന സ്പർശമായി സ്നേഹം എപ്പോഴും നമ്മെ തഴുകി കൊണ്ടിരിക്കുന്നു. എല്ലാ ബന്ധങ്ങളിലും ആഗ്രഹിക്കുന്ന സുരക്ഷിത ബോധത്തിൻ്റെയും പങ്കുവെക്കലിൻ്റെയും അക്ഷയഖനിയാണ് സ്നേഹം. പക്ഷേ സ്നേഹവും സ്നേഹപ്രകടനവുമൊക്കെ പരസ്പര ബോധ്യപ്പെടുത്തലുകളായി ചുരുങ്ങിയ ഇക്കാലത്ത് കുടുംബ ബന്ധങ്ങളുടെ ശൈഥില്യവും വ്യക്തി ബന്ധങ്ങളുടെ അപചയവും നാം അനുഭവിക്കുന്നത് സ്നേഹം സത്യസന്ധമല്ലാതായിരിക്കുന്ന മാനസികാവസ്ഥയിൽ നിന്നു തന്നെയാണ്. മനുഷ്യബന്ധങ്ങളിൽ ആഴത്തിലുള്ള സ്നേഹ ബന്ധം നിലനിൽക്കുമ്പോഴാണ് അത് ജീവിതത്തെ ഏറ്റവും നിറമുള്ളതാക്കി മാറ്റുന്നത്. സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഉൾക്കരുത്ത് ചോർന്നു പോയി കൊണ്ടിരിക്കുന്ന ഇക്കാലത്ത് അത്തരം മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള
‘ലൗ ബാങ്കിംഗ് ‘ സിസ്റ്റമെന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് അമേരിക്കയിലെ പ്രശസ്ഥ കുടുംബ കൗൺസിലറും മന:ശാസ്ത്രഞ്ജനുമായ ഡോ. വില്യം എഫ് ഹാർലി.

നിക്ഷേപങ്ങളും പിൻവലിക്കലുകളും സ്ഥിര നിക്ഷേപവുമൊക്കെയായി സജീവമായ ബാങ്കിംഗ് സംവിധാനത്തെ കുറിച്ച് നമുക്ക് അറിയാവുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള സ്നേഹ നിക്ഷേപങ്ങളും പിൻവലിക്കലുമായി വ്യക്തി-കുടുംബ ജീവിതത്തിൽ നമ്മളെ സജീവമാക്കുകയാണ് ലൗ ബാങ്കിംഗ് സിസ്റ്റം.ഇവിടെ നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും സ്നേഹവും കരുതലുമാണ്.കുടുംബ ശൈഥില്യങ്ങൾ വർദ്ധിച്ചു വരികയും വിവാഹമോചനങ്ങൾ അധികരിക്കുകയും പ്രായമായവർക്കും രോഗികകൾക്കും കുടുംബത്തിൻ്റെ അകത്തളങ്ങളിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോവുകയും ചെയ്യുന്ന സമകാലീനത്ത് എങ്ങിനെയാണ് ബന്ധങ്ങളെ സ്നേഹാർദ്രതയോടെ പിടിച്ചു നിർത്താനും തിരിച്ചു കൊണ്ടുവരാനും സാധിക്കുക എന്നതിൻ്റെ പ്രായോഗിക നിർദ്ദേശങ്ങളാണ് സ്നേഹ ബാങ്കിംഗ് സംവിധാനത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. പല കുടുംബങ്ങളിലേയും സ്നേഹ നിക്ഷേപം ‘സീറോ ബാലൻസിൽ എത്തി നിൽക്കുകയോ അല്ലങ്കിൽ അക്കൗണ്ട് തന്നെ മരവിച്ചു കിടക്കുകയോ ചെയ്യുന്ന ഒരവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ബോധപൂർവ്വമോ അല്ലാതെയോ നമ്മൾ കാണിക്കുന്ന സ്നേഹത്തോടെയുള്ള ഒരു നോട്ടവും വാക്കും പോലും സ്നേഹ നിക്ഷേപമായി മാറുന്നതാണ് ഈ സിസ്റ്റം. ഈ ആശയം ജീവിതത്തിൽ പകർത്താൻ ശ്രമിച്ചാൽ എല്ലാവർക്കും പരസ്പര സ്നേഹ സമൃദ്ധിയിലേക്കും കരുത്തുറ്റ ആത്മബന്ധങ്ങളിലേക്കും നടന്നു കയറുക എളുപ്പമാവും .

കുടുംബത്തോടൊപ്പം നിൽക്കുകയെന്നത് സ്നേഹ ബാങ്കിംഗിലെ ഏറ്റവും വലിയ നിക്ഷേപമാണ്. നീ ഒറ്റക്കല്ല നിന്നോടൊപ്പം അല്ലങ്കിൽ നിങ്ങളോടൊപ്പം ഞാനുമുണ്ടെന്ന് തോന്നിപ്പിക്കുകയും തിരിച്ചറിയുകയും ചെയ്യുമ്പോഴുണ്ടാവുന്ന സുരക്ഷിത ബോധത്തിന് ലൗ ബാങ്കിംഗ് സിസ്റ്റത്തിൽ വലിയ പ്രാധാന്യമാണുള്ളത്.സാന്നിദ്ധ്യം കൊണ്ടും വാക്കുകൊണ്ടും ഒരു സാന്ത്വന സ്പർശമായി മാറാൻ കഴിയുന്നിടത്ത് ബന്ധങ്ങൾ ദൃഡപ്പെടുക മാത്രമല്ല നമുക്ക് വിശ്വസിക്കാനും കൂടെ നിൽക്കാനും പലരുമുണ്ടെന്ന വിശ്വാസവുമാണ് സൃഷ്ടിക്കപ്പെടുന്നത്. മരണ വീട്ടിലെ സാന്നിദ്ധ്യവും രോഗികളെ സന്ദർശിക്കുന്നതും പ്രയാസങ്ങളും പ്രതിസന്ധികളും വരുമ്പോൾ ബന്ധങ്ങളിൽ നമ്മൾ നടത്തുന്ന ഏതൊരു സുഖാന്വേഷണവും ചെറുതല്ലാത്ത വിധം നമ്മുടെ മനസ്സിൻ്റെ ആഴങ്ങളിലാണ് പതിക്കുന്നത്. ഇത്തരത്തിൽ മനസ്സിൽ പതിയുന്ന സ്നേഹാനുഭവങ്ങളും കരുതലും സ്നേഹബാങ്കിംഗ് സംവിധാനത്തിലെ അറിയാതെ കടന്നു വരുന്ന നിക്ഷേപങ്ങളാണ്.

കുടുബങ്ങളിലെ പരസ്പര ധാരണ, വിട്ടുവീഴ്ച, അന്യോന്യം മനസ്സിലാക്കാനുള്ള കഴിവ് , അഭിപ്രായ വിത്യാസങ്ങൾ കേൾക്കാനും ഉൾക്കൊള്ളാനുമുള്ള വിശാലത, സമാധാനപരവും പക്വവുമായ പരിഹാര നിർദ്ദേശങ്ങൾ ഇതൊക്കെ മനുഷ്യബന്ധങ്ങളെ ദൃഡ പ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സമാധാനപരവും സൗഹാർദ്ദവുമായ ഇടപെടലുകളിലൂടെ വ്യക്തികൾക്കിടയിൽ ബഹുമാനവും ആദരവും പരസ്പര വിശ്വാസവും വർദ്ധിപ്പിക്കുന്നു. പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്നതിനു പകരം യുക്തിബോധത്തോടെയും പ്രായോഗികമായും സമീപിക്കാൻ കുടുംബങ്ങളിൽ നമ്മൾ പലപ്പോഴും മറന്നു പോവാറുണ്ട്. സമാധാനപരമായ അന്തരീക്ഷമാണ് കുടുംബങ്ങളെ ഏറ്റവും സക്രിയമാക്കുന്നത്. ഇത്തരത്തിലുള്ള ഒരവസ്ഥയിൽ മാത്രമാണ് സ്നേഹനിക്ഷേപം കരുത്താർജ്ജിക്കുന്നതും. വാക്കുകളിലെ സൗമ്യതയും നോട്ടങ്ങളിലെ ആർദ്രതയും സ്പർശനങ്ങളിലെ ആത്മ നിശ്വാസവും സ്നേഹത്തിൻ്റെ അവാചിക തലങ്ങളാണ് തുറക്കപ്പെടുന്നത്. കുടുംബ ബന്ധങ്ങളിലെ സ്നേഹം പലപ്പോഴും സംഗീത ഉപകരണങ്ങൾ പോലെയാണ് അത് പ്രവർത്തിക്കുമ്പോൾ മാത്രമാണ് മധുരതരമായ സംഗീതമായി മാറുന്നത്. വിശ്വാസത്തിൻ്റെയും ആത്മബന്ധത്തിൻ്റെയും കൈവിരലുകൾ സ്നേഹ ഗീതമാക്കി മാറ്റുക എന്നതാണ് ലൗ ബാങ്കിംഗ് സിസ്റ്റത്തിൻ്റെ പ്രധാന ലക്ഷ്യവും.

ക്ഷമ, സഹനശക്തി, സമർപ്പണ മനസ്സ് കേൾക്കാനുള്ള സമയം കണ്ടെത്തുക ആവശ്യങ്ങൾ കണ്ടറിഞ്ഞ് പെരുമാറുക, കഴിവുകളെ അംഗീകരിക്കുക, പരസ്പരം പ്രശംസിക്കുക, മുൻ വിധികൾ ഒഴിവാക്കുക, കുറ്റപ്പെടുത്തലുകളും ഇകഴ്ത്തലുകളും ഒഴിവാക്കുക തുടങ്ങിയ തിരിച്ചറിവുകൾക്ക് സ്നേഹനിക്ഷേപത്തെ അതിൻ്റെ പാരമ്യത്തിലെത്തിക്കാൻ കഴിയും. നമ്മൾ വെച്ചു പുലർത്തുന്ന കുഞ്ഞു കുഞ്ഞു പരാതികളും ദുശാഠ്യങ്ങളും തിരിച്ചറിഞ്ഞ് അതിനെ ഉൾക്കൊള്ളാൻ പാകത്തിൽ മനസ്സിനെ ക്രമപ്പെടുത്തുന്നതും കുടുംബ ബന്ധങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. സ്നേഹ പ്രകടനങ്ങൾ ലൗവ് ബാങ്കിംഗിനെ
വളരെയേറെ സ്വാധീനിക്കുന്നു. സ്നേഹവായ് പോടെയുള്ള നോട്ടവും തലോടലും ചുംബനവും പരസ്പരാ ശ്ലേഷണവും ഒരുമിച്ചിരിക്കുമ്പോൾ അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികളും മനസ്സിൻ്റെ സ്നേഹാഴങ്ങളെയാണ് തുറന്നു കാണിക്കുന്നത്. വിലപിടിപ്പുള്ള സമ്മാനത്തേക്കാൾ എത്രയോ മനോഹരമാണ് പരസ്പരം തിരിച്ചറിഞ്ഞു കൊണ്ടുള്ള സ്നേഹ ചുംബനമെന്ന് തിരിച്ചറിയാതെ പോകുന്നവരാണ് നമ്മളിൽ ഏറെയും !

സ്നേഹം തിരിച്ചു കിട്ടുമ്പോഴുണ്ടാകുന്ന ആത്മ സുഖം അത് നൽകുമ്പോഴും ഒരാൾക്ക് അനുഭവിക്കാൻ കഴിയണം. സ്നേഹത്തിൻ്റെ പ്രകടമായ ഭാഷ അത് അനുഭവിക്കാൻ കഴിയുക എന്നതു തന്നെയാണ്.പലപ്പോഴും വാക്കുകളാൽ തീർക്കുന്ന വാങ്മയ ചിത്രങ്ങളാണ് പലർക്കും സ്നേഹമെന്നത്. എന്നാൽ സ്നേഹബന്ധങ്ങൾ ഊഷ്മളമാക്കുന്നതിൽ ശരീര ഭാഷക്ക് വലിയ പ്രാധാന്യമുണ്ട്.കണ്ണുകളിലെ താൽപര്യവും പ്രണയഭാവവും സ്പർശനവും പുഞ്ചിരിയും വ്യക്തി ബന്ധങ്ങളെ നിറമുള്ളതാക്കി മാറ്റുന്ന പ്രധാന ശരീരഭാഷകളാണ്. ഇത്തരത്തിൽ നിരന്തരമായ ശരീരഭാഷയിലൂടെ അറിയാതെ എത്രയെത്ര സ്നേഹ നിക്ഷേപങ്ങളാണ് നമ്മിലുണ്ടാക്കുന്നത്! സ്നേഹമെന്നത് കേവല പ്രകടനങ്ങൾ മാത്രമല്ല നമ്മുടെ നൊമ്പരങ്ങളും വിഹ്വലതകളും അസ്വസ്ഥതകളും കണ്ണുനീരും എന്തിന് ചിന്തകൾ പോലും പരസ്പരം തിരിച്ചറിയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ജീവിത ഭാഷാപ്രയോഗമാണത്! കുടുംബമെന്നത് സ്നേഹം നൽകുന്ന തണൽവൃക്ഷമാണ്.കുടുബാംഗങ്ങൾ ഓരോരുത്തരും അതിലെ പ്രധാന ചില്ലകളാണ്.ഇവിടെ ഒരാളിലെ സ്നേഹം നഷ്ടമാവുമ്പോൾ വെറുപ്പിൻ്റെയും അവിശ്വാസത്തിൻ്റെയും സമാധാനമില്ലാത്ത ഉച്ചവെയിലായി നമ്മിൽ പതിക്കുന്നത് സ്വാഭാവികം. സന്തോഷത്തിൽ മാത്രമല്ല ദു:ഖത്തിലും രോഗശയ്യയിലും വേർപാടിലും സ്നേഹം നമ്മെ ഒരുമിപ്പിക്കുന്നുവെന്ന് നാം തിരിച്ചറിയുക.

വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലുമുണ്ടാകുന്ന വീഴ്ചകളും വിള്ളലുകളുമാണ് സ്നേഹ നിക്ഷേപം പിൻവലിക്കുക എന്നാശയം കൊണ്ട് അർത്ഥമാക്കുന്നത്.നിരന്തരമായ തർക്കങ്ങളും സംശയങ്ങളും ശാരീരികവും മാനസികവുമായ പീഢനങ്ങളും അനാവശ്യമായ ദേഷ്യവും വഴക്കും മദ്യപാനവും മാതാപിതാക്കളോടുള്ള മോശമായ പെരുമാറ്റവും വിവാഹേതര ബന്ധങ്ങളും നിരന്തരമായി വാക്കുകൾ തെറ്റിക്കുന്ന ശീലവും സ്നേഹ നിക്ഷേപം പാടേ കുറക്കുകയും നമ്മുടെ സ്നേഹ അക്കൗണ്ടിനെ പാപ്പരാക്കുകയും ചെയ്യുന്ന സ്വാഭാവരീതികളാണ്. ക്ഷമിച്ചും സഹിച്ചും ഇത്തരത്തിൽ ജീവിതം മുന്നോട്ട് കൊണ്ടു പോവുന്ന പലരും പിൽക്കാലത്ത് ജീവിത എക്കൗണ്ടിൽ സ്നേഹ നിക്ഷേപമില്ലാതെ പിൻവലിക്കലുകൾ മാത്രമായി ചുരുങ്ങിയവരും ഒടുവിൽ വിവാഹ മോചനത്തിലൂടെയും ബന്ധങ്ങൾ വേർപിരിഞ്ഞും കണ്ണിയറ്റ് പോവുന്ന കാഴ്ചകളായി മാറുകയാണ് പൊതുസമൂഹത്തിൽ. സീറോ ബാലൻ സിൽ നിന്നും വെറുപ്പിൻ്റെ എക്കൗണ്ടിലേക്ക് ഒരാളുടെ ബന്ധം ചെന്നെത്തുമ്പോഴാണ് വ്യക്തികൾക്കിടയിലെ അകൽച്ച പൂർണ്ണമാവുന്നത്! വൈകാരികാത്മബന്ധം പുലർത്താൻ കുടുംബാംഗങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ സ്നേഹ നിക്ഷേപം എല്ലാരിലും സുസ്ഥിരമായിരിക്കുമെന്നത് ഒരു യാഥാർത്ഥ്യമാണ്. അനുകമ്പയും അഭിനന്ദനവും പ്രോൽസാഹനവുമൊക്കെ വാക്കുകളിലും പ്രവൃത്തികളിലും നിറയുകയും ഒറ്റപ്പെടലുകളിൽ താങ്ങായി മാറിയും പരസ്പരം കഴിയണം.

കുടുംബത്തിൽ സ്വാർത്ഥമായ ഇടപെടലുകളും തൻ്റെ വ്യക്തിതാൽപര്യങ്ങൾക്ക് വേണ്ടി കുടുംബാംഗങ്ങളെ നിരന്തരമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത് കടുത്ത അളവിൽ സ്നേഹ നിക്ഷേപം ഇല്ലാതാക്കുന്ന പ്രവണതയാണ്. മുൻവിധികളും താൻ മാത്രം ശരിയാണന്ന ധാരണയും മറ്റുള്ളവരെ കേൾക്കാൻ തയ്യാറാവാതിരിക്കുന്നതും പരസ്പര ബഹുമാനമില്ലാതെയും ധാർഷ്ഠ്യത്തോടെയുള്ള പെരുമാറ്റവും ഇടപെടലുകളും സ്നേഹനിക്ഷേപം നമ്മളറിയാതെ തന്നെ പിൻവലിഞ്ഞുപോകുമെന്നോർക്കുക. കുടുംബത്തിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതും അകാരണമായി ദേഷ്യം പിടിക്കുന്നതും കുടുംബവുമായി ബന്ധപ്പെട്ട വിഷയത്തിൽ കുടുംബത്തോട് കൂടിയാലോചന നടത്താതെ തീരുമാനങ്ങൾ എടുക്കുന്നതും അടിച്ചേൽപ്പിക്കുന്നതും ബന്ധങ്ങളിൽ വീഴ്ചകളുണ്ടാക്കുമെന്ന ബോധം നമ്മൾക്കുണ്ടാവണം. കുടുംബമെന്നത്
വൈകാരികാശ്രയബോധത്തിൻ്റെ ഊട്ടുപുരയാണ്. ഇവിടെ വിനിമയം ചെയ്യുന്നതും വിതരണം ചെയ്യുന്നതും സ്നേഹം തന്നെയാണന്ന ബോധം ഓരോ കുടുംബാംഗങ്ങൾക്കുമുണ്ടാവേണ്ടതുണ്ട്.

കൈവിട്ടു പോവുന്ന ചില വാക്കുകളും വിളിച്ചു പറയലുകളും ബന്ധങ്ങളുടെ ഊഷ്മളതയെ പിറകോട്ട് വലിച്ചുകൊണ്ടു പോവുമെന്നോർക്കുക. സംയമനമില്ലാതെ എടുത്തു ചാടുന്നതും അക്ഷമയും വെപ്രാളവുമൊക്കെ പ്രശ്ന പരിഹാരമല്ല മറിച്ച് പ്രശ്നങ്ങളെ നിലനിർത്തുകയും പുതിയ പ്രശ്നങ്ങളിലേക്ക് വീണ്ടും വീണ്ടും നമ്മെ കൊണ്ടെത്തിക്കുകയുമാണ് ചെയ്യുന്നത്. നമ്മുടെ നിത്യജീവിതത്തിൽ പ്രായോഗികമായി പരീക്ഷിക്കാനും ആത്മപരിശോധനടത്താനും കഴിയുന്ന ലളിതമായ ജീവിത വീക്ഷണമായി മാറണം ലൗ ബാങ്കിംഗ് സിസ്റ്റം. ബന്ധങ്ങളിലെ അകൽച്ചയും പൊരുത്തക്കേടുകളും അവിശ്വാസവും മുൻവിധികളും സംശയവുമൊക്കെ എല്ലാ ബന്ധങ്ങളുടേയും ശൈഥ്യല്യമായി മാറുന്ന ഇക്കാലത്ത് ജീവിതത്തിൽ ആനന്ദകരമായ സ്നേഹാനുഭൂതി പകർന്നു നൽകാൻ കഴിയുന്ന വിധം ‘ലൗ ബാങ്കിംഗ് സിസ്റ്റം’ നമ്മുടെ ജീവിതത്തിൻ ഗുണപരമായി മാറുമെന്ന് പ്രത്യാക്ഷിക്കാം.

Next Post

പണം പിന്‍വലിക്കുന്നതിനായി ഒരു മെസേജ് വന്നിട്ടുണ്ടോ? 44 കോടി കസ്റ്റമേഴ്‌സിന് മുന്നറിയിപ്പുമായി എസ്ബിഐ !

Sat Feb 27 , 2021
ഡല്‍ഹി: യുപിഐ തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ( എസ്ബിഐ) . തങ്ങളുടെ 44 കോടി ഉപഭോക്താക്കള്‍ക്കാണ് യുപിഐ തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നത്. നിങ്ങള്‍ ചെയ്യാത്ത യുപിഐ വഴി അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു എസ്‌എംഎസ് അലേര്‍ട്ട് ലഭിക്കുകയാണെങ്കില്‍, ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അറിയിച്ചു.ബാങ്ക് നല്‍കുന്നനിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ ജാഗ്രത പാലിക്കുക എന്ന്ട്വീറ്റിലൂടെ എസ്‌ബി‌ഐ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. […]

You May Like

Breaking News

error: Content is protected !!