
ലണ്ടൻ : യുകെയിൽ വീട് വാങ്ങാൻ ഉദ്ദേശിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്സിന് ആകർഷകമായ ഓഫറുകളുമായി യുകെ സർക്കാർ പുതിയ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നു. അടുത്ത ബുധനാഴ്ചയാണ് ചാൻസലർ ഋഷി സുനാക് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുക. ചെറിയ ഡെപ്പോസിറ് മാത്രം കൈവശമുള്ള ഫസ്റ്റ് ടൈം ബയേഴ്സിന് ‘മോർട്ട്ഗേജ് ഗ്യാരണ്ടി സ്കീം’ വഴി സർക്കാർ സഹായം നൽകും.
6 ലക്ഷം വരെ വിലയുള്ള വീടുകൾക്ക് ഇനി മുതൽ പുതിയ ഉപഭോക്താവ് 5 ശതമാനം വരെ ഡെപ്പോസിറ്റ് നൽകിയാൽ മതി. ബാക്കി വരുന്ന 95 ശതമാനം തുകക്ക് സർക്കാർ ബാങ്കുകൾക്ക് ഗ്യാരണ്ടി നിൽക്കും. 15 ശതമാനം വരെ ഡെപ്പോസിറ്റ് ആണ് ഇപ്പോൾ പല ബാങ്കുകളും ആവശ്യപ്പെടുന്നത്.
‘വാടക നൽകി താമസിക്കുന്നവരെ വീടുടമകൾ ആക്കി മാറ്റുന്ന പദ്ധതിയാണ് തന്റെ സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് പ്രധാന മന്ത്രി ബോറിസ് ജോൺസൻ അവകാശപ്പെട്ടു. അഫോർഡബിലിറ്റി ചെക്കിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടുന്നവർക്ക് പുതിയ സ്കീം പ്രകാരം അടുത്ത മാർച്ച് മുതൽ വീട് വാങ്ങാൻ സാധിക്കും. 2017 വരെ നിലവിലുണ്ടായിരുന്ന ‘ഹെല്പ് ടു ബൈ സ്കീമിന്റെ’ മാതൃകയിൽ ആണ് ഈ പുതിയ സ്കീം നടപ്പാക്കുക. ഒരു ലക്ഷത്തിൽ അധികം ആളുകൾ ‘ഹെല്പ് ടു ബൈ സ്കീം’ വഴി യുകെയിൽ വീടുകൾ സ്വന്തമാക്കിയിരുന്നു.