
ലണ്ടൻ: കാർബൺ മലിനീകരണ റേറ്റ് കൂടിയ കാറുകൾ ഉപേക്ഷിച്ചു കൊണ്ട് മറ്റു ഗതാഗത മാർഗങ്ങൾ സ്വീകരിക്കാൻ തയാറാകുന്ന കാറുടമകളെ തേടി ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ ഓഫർ. സ്വന്തം കാർ ഉപേക്ഷിച്ചു കൊണ്ട് മറ്റ് യാത്ര രീതികൾ ഉപയോഗിക്കുന്നവർക്ക് സർക്കാർ £3000 വരെ പാരിതോഷികം നൽകും.
സ്വകാര്യ കാറുകൾ ഉപയോഗിക്കുന്നതിന് പകരം പൊതു ഗതാഗത സംവിധാനങ്ങളായ ബസ്, ട്രെയിൻ, ടാക്സികൾ എന്നിവക്ക് പുറമെ കാർ ക്ലബ്ബ്കൾ, ഇലക്ട്രിക്ക് സ്കൂട്ടർ എന്നിവ ഉപയോഗിക്കുന്നവർക്കും ഈ പാരിതോഷികത്തിന് അപേക്ഷിക്കാം. അന്തരീക്ഷ മലിനീകരണം രൂക്ഷമായ നഗര പ്രദേശങ്ങളിലാണ് ഈ ഓഫർ ലഭ്യമാകുക.
മാർച്ച് മാസം മുതൽ കോവൻട്രിയിൽ ഈ പദ്ധതിയുടെ ട്രയൽ ആരംഭിക്കും. 2016ന് മുമ്പ് നിരത്തിലിറങ്ങിയ ഡീസൽ കാറുടമകൾക്കും 2006ന് മുമ്പുള്ള പെട്രോൾ കാറുടമകൾക്കുമാണ് ആദ്യ ഘട്ടത്തിൽ ഈ പാരിതോഷികം ലഭിക്കുക. 22 മില്യൺ പൗണ്ട് ആണ് സർക്കാർ ഈ പദ്ധതിക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്.