ഖലീൽ ജിബ്രാൻ തൊട്ട് ജോർജ് കുട്ടി വരെ

അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറയുന്ന നമ്മുടെ ഇടയിൽ, സ്നേഹത്തിനു വേണ്ടി ഒരു ദിവസത്തിന്റെ ആവശ്യം ഒക്കെ ഉണ്ടോ എന്ന് ഇന്നും തർക്കിക്കുന്നവർ ഉണ്ട്. വേണ്ടെങ്കിൽ വേണ്ട, പക്ഷെ ഈ ഒരു ദിവസം ഇതിനായിട്ട് മാറ്റി വച്ചിട്ടുള്ളത് കൊണ്ട് ഈ ദിവസമെങ്കിലും ഉപയോഗിച്ചുകൂടെ എന്നെ ഉള്ളു ചോദ്യം. അത് ചിലപ്പോ പല ‘ഗ്രേറ്റ് അടുക്കളകളിലും’ പെട്ടു ഉള്ളിൽ തീയും പുകയും ആയി കഴിയുന്നവർക്ക് ഇത്തിരി സന്തോഷം കൊടുക്കാൻ ഉപകരിക്കും എന്ന് തോന്നുന്നു.     

സ്നേഹത്തിനു ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ഒരു മാസമാണ് ഈ ഫെബ്രുവരിയിൽ കടന്നു പോകുന്നത്. നമ്മൾ ഒട്ടും സാരമാക്കിയില്ലെങ്കിലും ഈ സ്നേഹത്തിനു ആഗോളവത്കരണത്തിനും വാണിജ്യവത്കരണത്തിനും നന്ദി പറയേണ്ടി വരും. കാരണം അവർ കൃത്യമായും വാലെന്റൈൻസ് ഡേ, മാര്യേജ് (കല്യാണ ദിനം) ഡേ, അങ്ങനെ എല്ലാം ഓർമിപ്പിച്ചു തരും! ഒരു കുറ്റമായിട്ടു പറഞ്ഞതല്ല, മറിച്ചു അതിന്റെ ചില കണക്കുകൾ കണ്ടപ്പോൾ തോന്നിയത് പറയുന്നു , അത്ര മാത്രം. 

ആ പറഞ്ഞ ചില കണക്കുകൾ  ഇങ്ങനെ. യൂ കെ, യൂ എസ്, എന്നിവിടങ്ങളിലെ കണക്കാണ് അവർ സർവ്വേകളിലൂടെ കണ്ടെത്തിയിരിക്കുന്നത്. യൂ കെ യിൽ മാത്രം 40 മില്യൺ ആളുകളാണ് ഈ വര്ഷം വാലെന്റൈൻസ് ഡേ ആഘോഷിച്ചതായി കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു പക്ഷെ ഇത്തവണ 23 പൗണ്ട് ആണ് ഒരു ശരാശരി ചിലവായി വരവ് ചെലവ് കണക്കുകൾ സൂചിപ്പിച്ചതു. കഴിഞ്ഞ വര്ഷം ഇത് 35 പൗണ്ട് ആയിരുന്നു. ഇത്തവണ ലോക്ക് ഡൗണും മറ്റും കാരണം ദൂരെ ആയിരിക്കുന്ന 24 % പേർ ഈ കൊല്ലം ഈ ആഘോഷത്തിൽ പങ്കെടുത്തില്ല എന്നും കണക്കു ചെയ്യപ്പെടുന്നു. ഇനി യൂ എസ് ൽ ആണെങ്കിൽ ഇതൊന്നുമല്ല 224 മില്യൺ റോസ് പൂക്കളാണ് വാലെന്റൈൻസ് ഡേയ്ക്ക് വേണ്ടി മാത്രം വളർത്തുന്നത്!      

ഇനി മലയാളിയുടെ കാര്യം. മലയാളിക്ക് തലമുറകൾ കടന്നു വരുമ്പോൾ പ്രണയത്തിനും പ്രേമത്തിനും വർണ്ണങ്ങൾ ഏറെയാണ്. വയലാറിന് പ്രേമ ഭിക്ഷുകിയും നിത്യ കാമുകിയും ആയിരുന്നെങ്കിൽ ഭാസ്കരൻ മാഷിന് അതെ വികാരം ഇന്നലെ മയങ്ങുമ്പോൾ കണ്ട ഒരു മണി കിനാവായി. ഒ എൻ വി മാഷിന്റെ വരികളിൽ അത് ആത്മാവിൽ മുട്ടി വിളിച്ചത് പോലെ തോന്നി. താനേ പൂവിട്ട മോഹത്തെ കുറിച്ചു  ജോൺസൻ മാഷ് സ്നേഹത്തെ വർണിച്ചപ്പോ രവീന്ദ്രൻ മാഷ് ആരാദ്യം പറയും എന്ന ചോദ്യം നമ്മുടെ മുൻപിലേക്ക് ഇട്ടു തന്നു. ഇതിനോടൊക്കെ ഒപ്പം തന്നെ ആരാധികയായോ ഓളായോ ഒക്കെ മലയാള സംഗീതത്തിൽ പ്രണയ ഭാവങ്ങൾ ഇന്നും തുടരുന്നു. 

ഇനി ജീവിതങ്ങളിലേക്കു നോക്കിയാലോ? എന്താ സ്ഥിതി?ഈ ലോകത്തിന്റെ ഏതു കോണിലുള്ളവരാണേലും ആയിക്കോട്ടെ, അവർ അറിഞ്ഞ സ്നേഹത്തിൽ ഇണക്കവും പിണക്കവും , കാത്തിരിപ്പും, വേർപാടും ഒക്കെ ഉണ്ടായിട്ടുണ്ടാവും. ഒരിക്കലും തുറഞ്ഞു പറയാൻ പറ്റാതെ പോയ സ്നേഹം, എപ്പോഴെങ്കിലും നമ്മളെ ഓർക്കുന്നുണ്ടാവുമോ എന്ന് വിചാരിക്കുന്ന പ്രണയം , മയിൽ‌പീലി തുണ്ടു പോലെ ഒളിച്ചു വച്ച സ്നേഹം, തമ്മിൽ കാണാതെ വാക്കുകളിൽ കൂടി മാത്രം പങ്കു വച്ച ഇഷ്ടങ്ങളും  ഉണ്ടാവാം. ഇന്നത്തെ കാലത്തെ ഇൻസ്റ്റന്റ് യുഗത്തിൽ ഇതിനൊന്നും പിടിച്ചു നില്ക്കാൻ പറ്റില്ല എന്ന് വാദിക്കുന്നവർ ഉണ്ടാകാം. പക്ഷെ  കാലം അതിജീവിച്ച പല കഥകളും പിന്നീട് സാക്ഷികളായിട്ടുണ്ട്. ഇനി, വിപ്ലവകരമായ കഥയൊന്നും പിന്തുണക്കാൻ ഇല്ലെങ്കിലും പെണ്ണുകാണലും ആണുകാണലും കഴിഞ്ഞു കല്യാണം കഴിച്ച ശേഷം ജീവിതം തന്നെ ഒരു ആഘോഷമാക്കിയവരും നമുക്കിടയിൽ ഉണ്ട്.     

ഖലീൽ ജിബ്രാൻ പണ്ട് പറഞ്ഞിട്ടുണ്ട് “എല്ലാം മാറ്റി മറിക്കാൻ രണ്ടു കാര്യങ്ങൾക്കേ കഴിയൂ; അതിൽ ഒന്ന് മരണവും മറ്റേതു സ്നേഹവും ആണ്!”   കല്യാണമൊക്കെ കഴിഞ്ഞു കുറെ കാലം ആയി ഇനി ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവരോട് ഒരു വാക്കു. എല്ലാം കുടുംബത്തിന് വേണ്ടി മാറ്റി വച്ച് അവർക്കു വേണ്ടി ജീവിക്കുന്ന പല ജോർജ് കുട്ടിമാരും ഉള്ളപ്പോ സ്നേഹത്തെ പറ്റി  പറയുന്നത് ഒട്ടും അതിശയോക്തിയാവില്ലല്ലോ ? അക്രമവും വെട്ടും കുത്തും ഒക്കെ കൂടുതൽ ആകുന്ന ഈ കാലത്തു സ്നേഹം കൊണ്ട് ഹജീവിതങ്ങളെ മാറ്റി മറിക്കാൻ നമുക്ക് കഴിയട്ടെ. 

റോഷ്‌നി അജീഷ് 

https://roshnipaulsoulsarches.wordpress.com/

Next Post

'ഇരയെ വിവാഹം ചെയ്യാമോ?'; ബലാത്സംഗ കേസില്‍ സുപ്രീംകോടതിയുടെ വിചിത്ര പരാമര്‍ശം

Mon Mar 1 , 2021
സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് ചീഫ് ജസ്റ്റിസിന്‍റെ ഈ പരാമര്‍ശം. ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോ എന്ന് പ്രതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പോക്സോ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്‍റെ വിചിത്ര പരാമര്‍ശം. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രതി. 16 വയസ്സുള്ള വിദ്യാര്‍ഥിനിയായ അകന്ന ബന്ധുവിനെ […]

Breaking News

error: Content is protected !!