“ന സ്ത്രീ സ്വാതന്ത്ര്യം അർഹതി?”

ഒരു ചോദ്യ ചിഹ്നത്തോടെ ഈ തലക്കെട്ട് എഴുതുന്നു. കാരണം ചോദ്യം നമ്മളോട് തന്നെയായതു കൊണ്ട് മാത്രം. മനുസ്മ്രിതിയിലെ ആ നാല് വരികൾ ഇങ്ങനെ. 

“പിതാ രക്ഷതി കൗമാരേ 

പതി രക്ഷതി യൗവനേ 

പുത്രോ രക്ഷതി വാർദ്ധക്യെ 

ന സ്ത്രീ സ്വാതന്ത്ര്യം അർഹതി.” 

പണ്ട് മലയാളം ക്ലാസ്സിൽ ഈ നാല് വരി വായിച്ചതിനു ശേഷം ടീച്ചർ എന്താണ് പറഞ്ഞതെന്ന് ഇന്ന് കൃത്യമായിട്ട് ഓർമയില്ല, പക്ഷെ എന്റെ മനസ്സിൽ നിന്ന ഒരു കാര്യം എന്താണ് എന്ന് വച്ചാൽ, ഏതു പ്രായമായാലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവൾ ആണ് എന്നതാണ്. എനിക്കീ സംസ്കൃതവും വലിയ പിടിയില്ല, പക്ഷെ ഈ വരികൾക്ക് ഏറ്റവും ചേരുന്ന അർത്ഥം, “എന്ന് സ്ത്രീക്ക് അവളെ തന്നെ സംരക്ഷിക്കുവാൻ കഴിയുന്നുവോ അന്ന് സ്ത്രീ സ്വതന്ത്രയായി” എന്നതാണെന്നു  ഈ ഭാഷ അറിയാവുന്നവർ വ്യാഖ്യാനിക്കുന്നു.  മനുസ്മൃതിഃ എഴുതുമ്പോൾ എന്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ അല്ലെങ്കിൽ എന്താണ് ശരിക്കും ഉദ്ദേശിച്ചത് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഈ വർഷവും നമ്മൾ മുടങ്ങാതെ വനിതാ ദിനം ആചരിച്ചു, അതിന്റെ ഒരു പശ്ചാത്തലത്തിൽ ഇത് പറയണം എന്ന് തോന്നി. അത്രേയുള്ളൂ.

സ്ത്രീ പുരുഷ സമത്വമോ, സ്ത്രീ സ്വാതന്ത്ര്യമോ ഉച്ഛഭാഷിണിയിലൂടെ ഞാൻ പറയുന്നില്ല. ആവുന്നത്ര ശബ്ദത്തിൽ ഈ വിഷയങ്ങൾ നമുക്ക് ചുറ്റും പല രീതിയിൽ പറയപ്പെടുന്നുണ്ട് , ഉദാഹരണത്തിന്ഈ  അടുത്തിടെ കണ്ട ‘ഡവ് ‘ സോപ്പിന്റെ പരസ്യം! മുഖത്തെ ഒരു മറുകോ , അവളുടെ നിറമോ , തടിയോ ഒന്നുമല്ല അവളുടെ മാറ്റ് നിശ്ചയിക്കുന്നത്, മറിച്ചു ഇത്തരം ചിന്താഗതികൾ നിറുത്തണം എന്ന നല്ല സന്ദേശം കണ്ടപ്പോൾ സന്തോഷം തോന്നി. നൂറു ശതമാനം സാക്ഷരത നേടിയ നമ്മുടെ നാട്ടിലും ഇന്നും ഇതൊക്കെ തന്നെ നിലനിന്നു പോരുന്നുണ്ട് എന്നത് മറച്ചു വക്കാൻ പറ്റാത്ത യാഥാർഥ്യവുമാണ്.   

ഏതൊരു നാഗരികതയുടെയും ഉയർച്ചകളും താഴ്ചകളും  അറിയാൻ ഏറ്റവും നല്ല മാനദണ്ഡം അതിലെ സ്ത്രീകളുടെ സ്ഥാനം മനസ്സിലാക്കുകയാണ് എന്ന് ചരിത്രകാരന്മാർ അഭിപ്പ്രായപ്പെടുന്നുണ്ട് (പൽ, 2019).  അങ്ങനെ നോക്കിയാൽ ഇപ്പോഴത്തെ കാലഘട്ടത്തിൽ എന്തൊക്കെയാണ് സ്ത്രീകൾ തങ്ങളെ പറ്റി തോന്നുന്നത് എന്ന് നോക്കിയാൽ രസമാണ്. മലയാളത്തിലെ ചില സാഹിത്യ പ്രതിഭകളുടെ വാക്കുകൾ താഴെ കുറിക്കുന്നു. തനിക്കു ചുറ്റും പെയ്യുന്ന രാത്രിമഴക്കു “ചുമ്മാതെ കേണും, ചിരിച്ചും, വിതുമ്പിയും, നിർത്താതെ പിറുപിറുത്തും, നീണ്ട മുടിയിട്ടുലച്ചും” ഉള്ള ഒരു യുവതിയാം ഭ്രാന്തിയോടാണ് സുഗതകുമാരി ടീച്ചർ ഉപമിച്ചതു. ‘ഒരുവൾ  നടന്ന വഴിയിൽ’ എന്ന പുസ്തകത്തിൽ സാറാ ജോസഫ് പറയുന്നത് ഇങ്ങനെ.  “ചിലപ്പോൾ എനിക്ക് തോന്നും ഞാൻ തലകുത്തി നടക്കുന്ന ഒരാൾ ആണെന്ന്. എല്ലാവരും ഒരേ വരിയിൽ നടക്കുമ്പോൾ ഞാൻ വരി തെറ്റിക്കുന്നു. എല്ലാവരും ഒരേ താളത്തിൽ കൊട്ടുമ്പോൾ ഞാൻ അവതാളമാകുന്നു.” മാധവിക്കുട്ടിയുടെ ഒരു വാക്യം ഇങ്ങനെ. “ഞാൻ ഇതാണെന്നു പറയാൻ ഞാൻ ആരെ ഭയക്കണം?”  

എന്ത് കൊണ്ട് ഇവർ ഇങ്ങനെ പറഞ്ഞു എന്ന് അവരുടെ ജീവിതാനുഭവങ്ങളിൽ നിന്നും വ്യക്തമാവും. എഴുതപ്പെട്ടിട്ടില്ലെങ്കിലും സ്വിച്ച് ഇട്ടാൽ ഓടുന്ന യന്ത്രം പോലെ ജീവിക്കുന്ന സ്ത്രീകളെ നമുക്കറിയും. സ്ത്രീയെ പുരുഷൻ അംഗീകരിക്കാൻ യുദ്ധം കുറെ കാലമായി നമുക്കിടയിലുണ്ട്. പക്ഷെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ എത്രമാത്രം അംഗീകരിച്ചു കൊടുക്കാറുണ്ട്? പിന്നിൽ കൂടി കുത്താതെയും, നല്ലതു കണ്ടാൽ അഭിനന്ദിച്ചും, ഉയർച്ചയിൽ സന്തോഷിച്ചും എന്നാൽ പരാജയത്തിൽ ഒരു കൈത്താങ്ങായും നില്ക്കാൻ അങ്ങോട്ടും ഇങ്ങോട്ടും ശ്രമിക്കാറുണ്ടോ? ആരോ പറഞ്ഞ വാക്കുകൾ കടമെടുത്തു പറയട്ടെ, മിക്കപ്പോഴും ഒരു സ്ത്രീയുടെ ശത്രുവായി പ്രവർത്തിക്കുന്നത് വേറൊരു സ്ത്രീയാണ്. ചാനലുകളിൽ കാണുന്ന പരമ്പരകളിലും കാണിക്കപ്പെടുന്ന കഥയും മറ്റൊന്നല്ല. ചിന്തിക്കണം , ഇതാണോ നമ്മളെ പറ്റി നമ്മുടെ അടുത്ത തലമുറക്ക് നമ്മൾ പറഞ്ഞു കൊടുക്കുന്ന നമ്മുടെ കഥ?  

ഇത്തിരി ഫിലോസഫി പറഞ്ഞു നിർത്താം.  ജീവിതം ഒന്നേയുള്ളു. അയ്യപ്പപ്പണിക്കരുടെ വാക്കുകളിൽ ചോദിച്ചാൽ “ചിരകാലമിങ്ങനെ ചിതൽ തിന്നു പോയിട്ടും, ചിലതുണ്ടാവുമോ ചിതയിൽ വെക്കാൻ ??” അല്ലെങ്കിൽ പിന്നെ ഓ എൻ വി മാഷിന്റെ വരികളാവാം “വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം!” 

പ്രതീക്ഷകൾ ഒരിക്കലും കൈവിടാൻ ആഗ്രഹിക്കാത്ത  റോഷ്‌നി അജീഷ്.
https://roshnipaulsoulsearches.wordpress.com/
(പൽ 2019,  https://sciendo.com/article/10.2478/mgrsd-2019-0012 )

Next Post

ചെന്നൈ: നിങ്ങളുടെ അമ്മയെ ഞാൻ വെട്ടി കെ‍ാന്നു, ഞാൻ ജയിലിൽ പോകുന്നു;’ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപിച്ചു പിതാവ് പറഞ്ഞ വാക്കുകൾ

Sat Apr 17 , 2021
പാറശാല : വീടു വയ്ക്കാ‍ന്‍ വായ്പയെടുത്ത പണം മദ്യപിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അയിര ചൂരക്കുഴി മേക്കെകര പുത്തന്‍വീട്ടില്‍ മീന (34) ആണ് മരിച്ചത്. ഭര്‍ത്താവ് ഷാജി (40) പാറശാല പെ‍ാലീസില്‍ കീഴടങ്ങി. വ്യാഴം രാത്രി 10.15ന് ആണ് സംഭവം. കഴുത്തിലും തലയിലും വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി രണ്ടു മണിയോടെ മരിച്ചു. വീട് നവീകരണത്തിനായി കഴിഞ്ഞ ദിവസം സ്വകാര്യ ബാങ്കില്‍ […]

You May Like

Breaking News

error: Content is protected !!