മന്ത്രിസഭയിൽ പുതുമുഖങ്ങൾ മാത്രം? വൻപരീക്ഷണത്തിനൊരുങ്ങി സിപിഎം, ലക്ഷ്യം തലമുറ മാറ്റം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെ മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ടു വരാന്‍ ആലോചന. സര്‍ക്കാരിന് ഒരു ഫ്രഷ് ഫേസ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ആലോചന സിപിഎം തലപ്പത്ത് നടക്കുന്നത്.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എസ്.രാമചന്ദ്രന്‍പിള്ള എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഇന്നലെ നടത്തിയ കൂടിയാലോചനയിലാണ് ഒരു ഫ്രഷ് ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടത് എന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കേയാണ് ഇങ്ങനെയൊരു ആലോചന പാര്‍ട്ടി തലപ്പത്ത് പുരോഗമിക്കുന്നതെന്നാണ് സൂചന.

തോമസ് ഐസക്, ജി.സുധാകരന്‍, സിഎന്‍ രവീന്ദ്രനാഥ്, എ.കെ.ബാലന്‍ എന്നീ പ്രമുഖരെ രണ്ട് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തിയ സിപിഎമ്മിന് പിണറായിയുടെ കീഴില്‍ ഒരു പുതുമുഖ മന്ത്രിസഭ കൊണ്ടു വരാന്‍ യാതൊരു തടസവുമില്ലെങ്കിലും കെ.കെ.ശൈലജ ടീച്ചറെ പുതിയ സര്‍ക്കാരില്‍ മാറ്റി നിര്‍ത്തുക എന്നത് എളുപ്പമല്ല.

മട്ടന്നൂരില്‍ നിന്നും 60,000 വോട്ടുകളുടെ ചരിത്രഭൂരിപക്ഷത്തിന് ജയിച്ച ശൈലജ ടീച്ചര്‍ ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി കൂടിയായിരുന്നു. ശൈലജ ടീച്ചറെ മാത്രം നിലനിര്‍ത്തി ബാക്കി മുഴുവന്‍ പുതുമുഖങ്ങള്‍ എന്ന സാധ്യത നേതൃത്വം പരിശോധിക്കുന്നുവെന്നാണ് സൂചന.പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വരുന്നതെങ്കില്‍ എ.സി.മൊയ്തീന്‍, ടി.പി.രാമകൃഷ്ണന്‍ എന്നീ മുന്‍മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാവും.

മന്ത്രിസഭയില്‍ പൂര്‍ണമായും പുതുമുഖങ്ങളെ കൊണ്ടു വരുന്നതിലൂടെ കേരളത്തിലെ സിപിഎമ്മില്‍ സമ്ബൂര്‍ണ തലമുറമാറ്റം സാധ്യമാകും എന്നതാണ് ഇതിലെ സവിശേഷത. 34 വര്‍ഷം അധികാരത്തിലിരുന്ന ബംഗാളില്‍ പാര്‍ട്ടി തകരാന്‍ ഇടയായത് തലമുറ മാറ്റത്തോട് മുഖം തിരിച്ചു നിന്നതാണ് എന്ന പാഠം ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ തലമുറ മാറ്റത്തിന് സിപിഎം ലക്ഷ്യമിടുന്നത്. 99 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം ഒരു പരീക്ഷണത്തിന് സിപിഎമ്മിന് ധൈര്യം നല്‍കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എടുത്ത റിസ്ക് ഫലം കണ്ടതും അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.

പുതുമുഖമന്ത്രിമാരെ കൂടാതെ പുതിയ സര്‍ക്കാരില്‍ സിപിഐയ്ക്ക് പ്രാതിനിധ്യം കുറഞ്ഞേക്കും എന്ന വാര്‍ത്തയും തിരുവനന്തപുരത്ത് നിന്നും വരുന്നുണ്ട്. സിപിഐയ്ക്ക് കഴിഞ്ഞ സര്‍ക്കാരില്‍ കിട്ടിയ ആറ് കാബിനറ്റ് പദവികളില്‍ ഒന്നു കുറയാനാണ് സാധ്യത. കഴിഞ്ഞ തവണ കൈവശം വച്ച ചില വകുപ്പുകളും അവര്‍ക്ക് നഷ്ടപ്പെടും. ജനദാതള്‍ ഗ്രൂപ്പുകള്‍ ലയിച്ചു വന്നാല്‍ ഒരു മന്ത്രിസ്ഥാനം അവര്‍ക്ക് നല്‍കാനാണ് തീരുമാനം.

Next Post

യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി; അയോദ്ധ്യയും മധുരയും കാശിയും കൈവിട്ടു

Tue May 4 , 2021
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം രുചിക്കേണ്ടി വന്ന ശേഷം ബിജെപിക്ക് വീണ്ടും അടുത്ത തിരിച്ചടി. ഇത്തവണ, ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നാണ് ബിജെപിക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിപ്പോന്നിട്ടുള്ളവാരാണസി, അയോദ്ധ്യ, മഥുര എന്നീ മൂന്ന് സ്ഥലങ്ങളിലും പാര്‍ട്ടിക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത് എന്ന് അമര്‍ ഉജാല പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അയോദ്ധ്യയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ […]

You May Like

Breaking News

error: Content is protected !!